വായിച്ചിട്ടേ ഉറങ്ങുള്ളൂ
എന്ന ശാഠ്യത്തിന്റെ വാലറ്റത്തിൽ പിടിച്ച്
വാരികയെടുത്ത് വായിക്കാനിരുന്നു !
സിനിമാക്കഥ കവിതയാക്കിയതിന്റെ
മുഴുരൂപവും വായനയിൽ കുരുങ്ങി,
കലങ്ങിമറിയുന്നതിന്റെ രസക്കൂട്ടിനൊപ്പം
യവനികക്കുള്ളിൽ നിന്ന് ഏഴുരഥത്തില്‍ കയറി വന്ന
കുഞ്ഞുറക്കത്തിന്റെ
ആലസ്യത്തിൽ നിനക്കു ഞാനുണ്ടെന്ന്
മരിച്ചു പോയ അമ്മ !
മരണത്തിനു മുൻപ് ഉടുത്ത അതേ നീലസാരിയിൽ
അമ്മയുടെ മുഖം !
വിശ്വസിക്കാൻ വയ്യാത്ത ഞെട്ടലിൽ,
വഴുതിമാറിയ ഉറക്കച്ചടവിൽ വീണ്ടും
തോൽക്കാനാവാതെ,
തുടരുന്ന വായന !
അനിത തമ്പിയുടെ
“ബേലാ താറിന്റെ ഉള്ളിരിപ്പിലൂടെ “
വീണ്ടും നടന്നു.
“വഴിയിൽ വണ്ടി നിറയെ
അഴിഞ്ഞാടുന്ന ജിപ്സികൾ
അവയുടെ ഒച്ചയും ബഹളവും
പാലിങ്കവാങ്ങാൻ വന്ന
പരിചയക്കാരൻ “അയാളുടെ ലോകാവസാന
പയ്യാര വാക്കുകൾ
കറുത്ത മുനകളായി
കണ്ണിനെ കുഴക്കി ;
ശരീരത്തെ വീണ്ടും ജയിച്ച ഉറക്കത്തിൽ
അപ്പൻ ചിരിക്കുന്നു;
ഒരു പക്ഷേ ഉറക്കത്തിലും കൈവിടാത്ത
എന്റെ വായന കണ്ടാവാം !
പിന്നെ ഞാൻ ഉറങ്ങിയതേയില്ല !
മുഴുവൻ വായിച്ചു തീർന്ന
സന്തോഷത്തിനൊപ്പം,
മറ്റൊരു സന്തോഷം.
വായനക്കിടയിലെ പൂച്ചയുറക്കത്തിൽ
രണ്ടു പേരും ഒരുമിച്ചു വന്നതെന്തിനാവാം?
(വിഖ്യാതഹംഗേറിയൻ ചലച്ചിത്രകാരൻ ബേലാ താറിന്റെ ചലച്ചിത്രത്തെക്കുറിച്ചെഴുതിയ അനിത തമ്പിയുടെ “ബേലാ താറിന്റെ ഉള്ളിലിരുപ്പ്”)
No Comments yet!