എൻ്റെ കുരുന്നു മാലാഖമാരേ,
നിങ്ങളറിഞ്ഞുവോ
നിങ്ങളുടെ പേരുകൾ
ആയിരം കാതമകലെ
ആരൊക്കെയോ
ഓർത്തെടുക്കുകയും
ഉരുവിടുകയും ചെയ്തുവെന്ന്?
നിങ്ങളുടെ ഓർമ്മ ഞങ്ങളെ
നിരുദ്ധകണ്ഠരാക്കുന്നുവെന്ന്?
കണ്ണീരിനേക്കാൾ അഗാധം
ഈ കൊടിയ നോവ്;
ഹൃദയത്തിൻ്റെ
ഉള്ളിനുമുള്ളിലെ
ശരണാലയത്തിലേയ്ക്ക്
തുളച്ചുകയറുന്നത്.
എങ്ങനെ സഹിക്കുന്നു,
ഗസ്സയിലെ ഉമ്മമാർ ഈ നോവ്?
തകർന്ന താരാട്ടുകൾക്കിടയിലൂടെ,
ഒരിക്കൽ ചിരിയും സ്നേഹവും
ജീവിതവും നിറഞ്ഞിരുന്ന
തകർന്ന വീടുകൾക്കിടയിലൂടെ,
കുഞ്ഞിക്കാലടി മേളങ്ങൾ മിടിച്ചിരുന്ന
ഇടങ്ങളിലൂടെ നിങ്ങൾ എങ്ങനെ ശ്വസിക്കുന്നു?
അവരുടെ കുഞ്ഞുങ്ങൾ,
കുഞ്ഞുകുസൃതികൾ,
കുഞ്ഞുവിസ്മയങ്ങൾ,
കുഞ്ഞുനിമിഷങ്ങൾ,
കുഞ്ഞോർമ്മകൾ –
എല്ലാം നിലച്ചു.
ഇനിയൊരിക്കലും തിരിച്ചു വരാത്ത
കുഞ്ഞുങ്ങൾക്കായി അവരെങ്ങനെ
ഇഷ്ടമുള്ള ഇങ്കു കുറുക്കും?
സ്വപ്നങ്ങളിൽക്കൂടി ചോര വാർന്നൊലിക്കുമ്പോൾ
അവരെങ്ങനെഒന്നു കണ്ണടയ്ക്കും, കിനാവ് കാണും?
ഓരോ വീർപ്പിലും മുള്ളും മൂകതയും
നിറഞ്ഞു മുറ്റുമ്പോൾ
അവരെങ്ങനെ വാഴും?
ബലഹീനരായ വാക്കുകൾ
തങ്ങളുടെ പോരായ്മയോർത്ത്
ആ നേരിനു മുന്നിൽ
മുട്ടുമടക്കുന്നു.
***







No Comments yet!