Skip to main content

അപ്പൂപ്പന്‍ മഴ

കല്യാണ ആല്‍ബത്തിലെ മരിച്ചുപോയ മനുഷ്യരെക്കുറിച്ച്
ഞാനെപ്പോഴും ആലോചിക്കും.
അവരാ ഫോട്ടോയില്‍ ചിരിച്ച് നില്‍ക്കുന്നു.
ഒരു നിമിഷത്തില്‍ ഐസ് പോലെ ഉറഞ്ഞ മനുഷ്യര്‍.

ഇപ്പോളവരവിടെയില്ലങ്കിലും
ഫോട്ടോയിലവരവിടെ ഉണ്ടെന്നോര്‍ക്കുമ്പോ
എനിക്ക് ചെറിയൊരു ശാന്തി തോന്നും.

എന്നാലും,
അക്കേടെ കല്യാണ ആല്‍ബത്തില് ചിരിച്ച് നിക്കണ
അപ്പൂപ്പന് അവിടെന്നിറങ്ങി ഹണിമലയില്‍ പോയി
ചക്കയിടാന്‍ കൊതിയാവുന്നുണ്ടെന്നനിക്കറിയാം.

ഇടിവെട്ടി പെയ്യുന്ന മഴ നോക്കി
ഉമ്മറത്തെ വരാന്തയിലിരുന്ന്,
വെന്തുടഞ്ഞ ചക്കയും കാന്താരിമുളകും കഴിക്കണന്നുണ്ട്.
അപ്പൂപ്പന്റൊപ്പരം ഇരിക്കുമ്പോ
പാത്രിത്തീന്ന് ഒരു വാ പുഴുക്കെടുത്ത് ഊതി
വായില്‍ വെച്ച് കിട്ടുന്നുണ്ടെനിക്ക്.

മുതലക്കോടത്തുന്ന് ചാലങ്കോടേക്കുള്ള
കൈവഴീക്കൂടെ നടക്കവെ
കൈത്തോട്ടിലിറങ്ങി കാല് നനച്ച്
‘എന്ത് തെളിഞ്ഞ വെള്ളമാ ലക്ഷ്മിയേ,
നീ ധൈര്യായിട്ടിങ്ങിറങ്ങി നോക്ക്…’
എന്നെന്നോട് പറയുന്നുണ്ട്.

ഇ.എ.പി ഹാളിലെ കല്യാണത്തിന്
മാരിച്ചേട്ടന്റെ ജീപ്പില്‍ പോയി,
തിരിച്ച് വരുമ്പോ കൂട്ടുകാരന്‍
മാട്ടേല്‍ കൊച്ചുതമ്പീടെ വീട്ടല്‍ കയറി
കല്യാണ വിശേഷം പറയുന്നുണ്ട്.
എന്റെ കൊതികൊണ്ട് കൊച്ചുതമ്പീടെ വീട്ടീന്ന്
അപ്പൂപ്പന്‍ കുഴലപ്പം പൊതിഞ്ഞ് കൊണ്ടോരും.

ഞായറാഴ്ച നാലേമുക്കാല് കഴിയുമ്പോ
എയ്പ്പിന്റെ തട്ടുകടേ പോയി
അപ്പൂപ്പന്‍ വിത്തൌട്ട് ചായേം പരിപ്പോടേം കഴിക്കുന്നുണ്ട്.
എനിക്കൊരു പരിപ്പുവട പൊതിഞ്ഞ്
വീട്ടിലേക്ക് നടന്നുവരുന്നതെനിക്ക് കാണാം.

എല്ലാ ശനീം രാവിലെ കൊക്കോ പറിക്കണന്നും
ഒമ്പതേ അഞ്ചിന്റെ ബസിന് ടൌണിലെത്തി,
കൊക്കോ വിറ്റ കാശില്‍
തൊടുപുഴ ചന്തേന്ന് അരക്കിലോ വാഴക്കേം ഒരു കിലോ കപ്പേം വാങ്ങി
ചാക്ക് സഞ്ചിയിലിട്ട് അതും കൈയില്‍ തൂക്കി
ലൂണാര്‍ചെരുപ്പിന്റെ ഒച്ചയില്‍ വീട്ടിത്തുന്നുണ്ട്.
എനിക്ക് വേണ്ട മഞ്ചൊരെണ്ണം ഷര്‍ട്ടിന്റെ പോക്കറ്റീന്ന് പുറത്തേക്ക്
നോക്കി അപ്പൂപ്പന്റ ഹൃദയമിടിപ്പറിയുന്നുണ്ടാവുമിപ്പോള്‍.

അപ്പൂപ്പന്‍ മരിച്ചയന്ന് വലിയ മഴ പെയ്തിരുന്നു.
അതിപ്പിന്നെ മഴയെനിക്ക് എനിക്ക് ചാലങ്കോട് വീടിന്റെ
പിന്നാമ്പുറത്തെ വൈകുന്നേരമാണ്.

അപ്പൂപ്പനെ കത്തിച്ചിടത്ത്
ആരും പറയാതെയൊരു നെല്ലിമരം
വളര്‍ന്നു പന്തലിച്ചു.
മഴ കഴിഞ്ഞാലും നെല്ലിമരം
രാത്രി മുഴുക്കെ ഇപ്പോ നിര്‍ത്താതെ കരയും.

മഴ കഴിഞ്ഞ പിറ്റേന്ന് പറമ്പിലൂടെ
ചെരിപ്പിടാത നടക്കുമ്പോഴൊക്കെ
എനിക്കപ്പപ്പൂന്റെ മണം കിട്ടും.

മരിച്ച് പോകുമ്പോ എനിക്ക്
അച്ഛമ്മേടെ സ്‌റ്റൈലില്
വേവിച്ച ചക്കപ്പുഴുക്കും കാന്താരിമുളകും
കാസറോളില്‍ പൊതിഞ്ഞ് എടുക്കണം.
എയ്പ്പിന്റെ കടേന്ന് വൈകുന്നേരത്തെ
ചായേം പരിപ്പുവടേം കൊണ്ടോണം.
അപ്പൂപ്പനവസാനം വിറ്റ കൊക്കോയുടെ
നൂറ്റമ്പ് രൂപ മുറിയിലെ ഡ്രോയിലിപ്പോഴുമുണ്ട്.
ചെലവായ കാശിന് കൃത്യം കണക്കുള്ള അപ്പൂപ്പനിപ്പോഴുമത്
സങ്കടത്തോടെ ഡയറിയില്‍ ചെലവോയിട്ടാവും എഴുതിയിട്ടുണ്ടാവുക.
അതെടുത്ത് കൊണ്ട് കൊടുക്കുമ്പോള്‍ ഉറപ്പായും സന്തോഷാവും.

അവിടേം ചാലങ്കോട് നമ്മുടെ വീടുണ്ടാവും.
‘അവിടെ എത്തുമ്പോ
നമ്മളെല്ലാാം വീണ്ടും ഒരുമിച്ച്
താമസം തുടങ്ങുമായിരിക്കുമല്ലേ…?’

അപ്പൂപ്പാ,
കൊച്ചുമകളും പോകാത്ത ഇടങ്ങളിലേക്ക്
കാണാത്ത ദൂരത്തേക്ക്
അപ്പൂപ്പനെപ്പോലെ യാത്ര തുടങ്ങിയിട്ടുണ്ട്.
പ്രായമാകുന്നു,
അപ്പൂപ്പന്‍ മഴയിപ്പോള്‍ നന്നായി നനയാനാവുന്നു.

 

***

 

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.