
റിവേഴ്സ്
പണ്ട് കണ്ടു പിരിഞ്ഞുവെന്ന് ഒരാൾ
ഇന്നലെ വിളിക്കുന്നു
അന്ന് പിരിഞ്ഞത് എന്തിന്?
ചോദിക്കുന്നു
ഞാൻ
അയാളെ ഓർക്കുന്നില്ല
എന്ന് പറയുന്നു
അപ്പോഴേക്കും അയാൾ
എന്റെ പഴയ ഓർമ്മയിൽ
പോയി നിൽക്കുന്നു
നമ്മൾ ഒന്നും മിണ്ടിയിട്ടില്ല
അയാൾ പറയുന്നു
ചിലപ്പോൾ പരസ്പരം
കണ്ടിട്ടുമുണ്ടായിരിക്കില്ല
പലരെയും കണ്ടും ഇടഞ്ഞും
കഴിഞ്ഞ
മനുഷ്യകാലങ്ങളിലേതെങ്കിലുമൊന്നിൽ നിന്ന്….
എന്റെ അപരബോധങ്ങളിൽ
ഞാനായിത്തന്നെ വന്ന പലരിൽ നിന്ന്
ഒരുപക്ഷേ
കൂട്ടത്തോടെ ഒലിച്ചു പോയിരിക്കാം
ഞാൻ ഒരു ന്യായം കണ്ടെത്തി
ലോകം
പലപ്പോഴായി
പലർക്കും നിഷേധിക്കുന്ന
നിയമങ്ങളൊന്നിൽ
അയാൾ ഉണ്ടായിരുന്നിരിക്കാം
അകാരണമായി
ചിലർ വരികയും
പോവുകയുമാകാമല്ലോ!
മനുഷ്യരെ മാത്രം കണ്ടു മറക്കുന്ന
ഒരപൂർവ്വ ജീവിയാണ് ഞാൻ എന്ന്
അറിയാത്ത ഒരാളാവാം അയാൾ
ഒന്നുകിൽ അയാൾ
എന്നെ പിരിഞ്ഞു എന്ന് പറയുന്ന
സ്ഥലം കാലം ദേശം
ഒന്നും എനിക്ക് ഓർമ്മയില്ലെന്നതുകൊണ്ട് അയാൾ അതിന്റെ തെളിവ് തരേണ്ടതുണ്ട്
അല്ലെങ്കിൽ എന്നെ ഓർമയെ
കുറേക്കൂടി കനപ്പെട്ട
മറ്റൊരു പ്രതലത്തിലേക്ക്
ചേർത്ത് വെച്ചെടുക്കേണ്ടതുണ്ട്
അല്ലെങ്കിൽ നേരിൽ വന്ന് അന്നയാൾ ഉണ്ടായിരുന്നതിന്റെയും
പിന്നീട് ഇല്ലാതായതിന്റെയും
കാരണങ്ങൾ നിരത്തേണ്ടതുണ്ട്
അയാൾ മൗനത്തിലേക്ക് പോയി
” നിറയെ മറവികളുള്ള
ഒരു മനസ്സാണ് എന്റേത്
ചിലപ്പോൾ അന്ന് കണ്ടതും
പിരിഞ്ഞു പോയതും
നിങ്ങളെയാവില്ല ക്ഷമിക്കുക ”
എന്ന് പറഞ്ഞ്
എന്റെ കേൾവിയിൽ നിന്നയാൾ പിരിഞ്ഞുപോകുന്നു
തൊട്ട നിമിഷം
ഓർമ്മയിൽത്തെളിയുന്നു
ഒരിക്കൽ
അയാളുടെ മരണമെഴുതിയ
കവിത…
***
ഒന്നിനും ഒരു വ്യവസ്ഥ ഇല്ലെന്നതുപോലെ
ജീവിതം
ഒരേ വെളിച്ചത്തിൽ തെളിയുന്നു
ഒരുപാട് ഇതളുള്ള പൂവിലേക്ക്
വസന്തം പിഴിഞ്ഞൊഴിക്കും പോലെ
കാണുന്നതെല്ലാം
സത്യമെന്നു കരുതല്ലേയെന്ന
വെളിച്ചത്തിന്റെ വാക്ക് പോലെ
ആവാമത്
വെളിച്ചം കാണിച്ചുതരുന്നത്
വെളിച്ചത്തിലും
ഇരുള് ചൂണ്ടുന്നത്
ഇരുട്ടിലും വായിക്കൂ
ജീവിതത്തെക്കുറിച്ച്
അക്കമിട്ട് എഴുതുന്നത്
ഇനി വായിക്കരുത്
കണ്ണും ചെവിയും നോക്കും
ഒരു ഞൊടിയിടയിൽ
ഒരു ആകാശവാഹിനിയാകും
വാക്കുകളില്ലാത്ത
ഭാഷ പഠിക്കൂ..
മരണത്തിൽ നിന്ന്
കരകയറാനത് ഉപകരിക്കും
മേൽപ്പറഞ്ഞ കാര്യങ്ങൾ
ആവർത്തിച്ചു വായിക്കാതിരിക്കുക
സമയം മുന്നോട്ടു പോകുന്നു
ജീവിതവും ഒന്നിനുമൊരു
വ്യവസ്ഥയില്ലാത്തതുപോലെ…
***







No Comments yet!