കാപ്പി
കപ്പ
കുരുമുളക്
കാട്ടുപന്നി
കാട്ടാന
കാമം
കാട്ടരുവി
കാടുകയറിപ്പോയ
വല്യുപ്പാന്റെ
ഒരു നോട്ടുബുക്കെനിക്ക്
ഉമ്മുമ്മാന്റെ അലമാരേന്ന്
കണ്ടുകിട്ടി
വല്യുപ്പാടെ
അതിജീവനത്തിന്റെ
നാളുകളെ കുറിച്ചുള്ള
എഴുത്തുകളായിരുന്നു
പുസ്തകം നിറയെ
കാപ്പിപ്പൂവിന്റെ മണമുള്ള രാത്രീല്,
ലാവെട്ടത്ത്,
മദാമ്മയുമായി നടന്നതും,
രാജവെമ്പാലേടെ
വായച്ചൂരിന്
വാട്ടിയ കപ്പേടെ വാടയാണെന്നും,
കാട്ടുപന്നീടെ
കാമവും, പേറും
ഒളിച്ചിരുന്ന് കണ്ടതും,
കുരുമുളകിന്റെ
എരുവുള്ള
മദാമ്മപ്പെണ്ണിന്റെ ചുംബനവും-
അങ്ങനെയങ്ങനെ
കുറെ എഴുത്തുകള്‍
ഓരോ എഴുത്തിനു ചോട്ടിലും
‘ക’യെന്നൊരക്ഷരം
അത് വല്യുപ്പാന്റെ
ഒപ്പായിരുന്നെന്ന് ഉമ്മുമ്മ
കറുത്ത മഷിപ്പേന കൊണ്ട്
ഏറെ അക്ഷരതെറ്റുള്ള
കുനുകുനാ കുറിപ്പുകള്‍
കാടുകാണാന്‍ വന്ന
ഏതോ സായിപ്പും മദാമ്മയും
കൊടുത്തിട്ടുപോയ
പാര്‍ക്കര്‍ പെന്നും,
മഷിയും, നോട്ടുബുക്കും
ഉമ്മുമ്മാന്റെ ഓര്‍മ്മയില്‍
ഞാനതിന്റെ
തെറ്റുകള്‍ തിരുത്തി,
ടൈപ്പുചെയ്ത്
ചിലവരികളും
നുണകളും
കൂട്ടി ചേര്‍ത്ത്
കവിതയെന്ന്
പേരിട്ടു.
*****
‘ക’ കന്യകാത്വമുള്ള കവിതകള്‍
സമര്‍പ്പണം : കാടറിഞ്ഞ, കാടിനെയറിഞ്ഞ വല്യുപ്പാക്ക്…
No Comments yet!