മൂടാം നിലാവിന്‍
ശവക്കച്ചയാല്‍, വിശ-
പ്പാല്‍ച്ചത്ത കുഞ്ഞിന്‍ ശരീരം…
പാടാം ഗസല്‍, നൊന്തു
പാടുന്ന ഗാസ തന്‍
വ്രണിതമാം ശ്യാമശാരീരം…
വീടറ്റൊരഭയാര്‍ത്ഥി-
ദുഃഖം കണക്കിതാ
മഞ്ഞാല്‍ ചിരിക്കുന്നു ശിശിരം…
യുദ്ധച്ചതിത്തീയില്‍
വെന്തോരു ബാലന്റെ
കൈ പോലനാഥമീശിഖരം…
നീറും വ്രണം പോലെ
രാവിന്‍ മരുക്കാട്ടി-
ലെരിയുന്നൊരേകാന്ത താരം…
ചകിതം ഗസല്‍,
നൊമ്പരപ്പാട്ടിരമ്പവേ
പുഴ പോലെയൊഴുകുന്നു രുധിരം…
തകരുന്നു തബല, ഹാര്‍മ്മോണിയം കേഴുന്നു,
തീ പിടിച്ചോടുന്നു നഗരം…
തകരുന്നു നീഡം,
ചിതറുന്നു പക്ഷികള്‍,
അകലെയെങ്ങാ ശാന്തിതീരം…
മൃതവാസരത്തിന്റെ
പൊന്‍കുഞ്ഞിനായ് രാത്രി,
ചീവീട് പാടുന്നു രാരീരം…
***







🙏👌👌👌👌👌💞💞💞