Skip to main content

പക്ഷികള്‍ പ്രധാനികള്‍, പക്ഷിമയമാക്കി ഹെക്കി ബണക്ക് മേളക്ക് പക്ഷിയിറക്കത്തോടെ സമാപ്തി.

പക്ഷികള്‍ വെറും പക്ഷികളല്ലെന്നും നമ്മുടെ അതിജീവനത്തിന്റെ തുടര്‍ കണ്ണികളാണ് എന്ന സന്ദേശത്തോടെ പക്ഷി മേളക്ക് പരിസമാപ്തി. മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍. ബാദുഷയും, കേരള ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍,ഡോ.എ. ബിജുകുമാറും ചേര്‍ന്ന് കൊടിയിറക്കി അടുത്ത വര്‍ഷത്തെ മേളക്കായി പതാക, ഹ്യൂം ഡയറക്ടര്‍ സി.കെ. വിഷ്ണുദാസിനും, പക്ഷി മേള ക്യൂറേറ്റര്‍ ഡോക്ടര്‍.ടി.ആര്‍. സുമക്കും കൈമാറി. ഹ്യൂo സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി നടത്തുന്ന പക്ഷിമേള കൊടിയിറങ്ങിയത് സമൂഹത്തിന് പാരിസ്ഥിതിക സന്ദേശം നല്‍കിയാണ്.

സാലിം അലി

കാട്ടുനായ്ക്കര്‍ ഭാഷയില്‍ നിന്നും എടുത്ത ഹെക്കി ബെണക് എന്ന് പേരിട്ടിരിക്കുന്ന മേള 14 ന് എം എല്‍ എ സിദ്ധിഖ് ഔപചരികമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ പക്ഷി മനുഷ്യനായ ഡോ. സാലിം അലിയുടെ ഓര്‍മ ദിവസമായ നവംബര്‍ 12 മുതല്‍ പരിപാടികള്‍ ആരംഭിച്ചു. പരിപാടിയുടെ പേര് പോലെ തന്നെ വ്യത്യസ്തമായ പേരുകളാണ് സംഘടകര്‍ വേദികള്‍ക്കുമിട്ടിരിക്കുന്നത്. അംബുക്കാരാളന്‍ എന്ന രെജിസ്‌ട്രേഷന്‍ കൗണ്ടറില്‍ തുടങ്ങി ബൈതരാ എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശന സ്റ്റാളുകളും അങ്ങനെ പേരുകള്‍ നീളുന്നു.14 ഭാഗങ്ങളിലായി അമ്പുകരാളന്‍, ബൈതേര, ബാളെ സൂഴിക, ഹെര, കുറുമോട്ടി, മൂട്ട്, ഗീതാഞ്ജലി, കൂട്, യൂണിക, മോണാര്‍ക്ക്, ഹൂട്ട്, കൂട്ടപ്പുര, കേബൂഥ എന്നീ വ്യത്യസ്ത പേരുകളില്‍ ഉള്ള വേദികളില്‍ നടന്ന 300 ഓളം ഡെലിഗേറ്റുകളടക്കം നൂറി കണക്കിനാളുകള്‍ മേളയില്‍ പങ്കാളികളായി.

ഇന്ത്യയിലെ പ്രധാന സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകര്‍ പ്രേബന്ധങ്ങള്‍ അവതരിപ്പിച്ചു.ഈ പേരുകളെല്ലാം തന്നെ വയനാട്ടിലെ ആദിവാസി ഭാഷകളില്‍ നിന്നും കടം കൊട്ടിട്ടുള്ള പക്ഷികളുടെയും പക്ഷിലോകത്തിന്റെയും വിവിധ പേരുകളാണ്. കിളി പേച്ച് എന്ന പേരില്‍ഓപ്പണ്‍ ഫോറംഗളില്‍ വ്യത്യസ്ത ചര്‍ച്ചകളും, പക്ഷി പ്രേമികള്‍ക് അതുല്യ വിരുന്നൊരുക്കി 25 ഫോട്ടോഗ്രാഫര്‍മാര്‍ ഒരുമിച്ച് 65 ലധികം അപൂര്‍വം മാത്രം കാണുന്ന പക്ഷി ഇനങ്ങളുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.

ഹൂട്ട് എന്ന വേദിയില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ നടക്കുന്ന ശബ്ദകല ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശനം പക്ഷി മേളയുടെ പ്രധാന ആകര്‍ഷണമായിരുന്നു. ശബ്ദങ്ങള്‍ കൊണ്ട് വ്യത്യസ്തമായ അനുഭവം തീര്‍ക്കുന്ന ഇന്‍സ്റ്റലേഷന്‍ പ്രകൃതി ശബ്ദങ്ങളുടെ പാഠങ്ങളും താളങ്ങളും പങ്കെടുത്തവരുടെ ശ്രദ്ധ പിടിച്ചു പറ്റി. ബേര്‍ഡ് ട്രെയിന്‍സ് എന്ന പക്ഷി നിരീക്ഷണ യാത്ര കാണികള്‍ക്ക് വ്യത്യസ്ത അനുഭവങ്ങള്‍ കൊടുത്തു.എല്ലാ ദിവസവും വേദി ഗീതാഞ്ജലിയില്‍ ആകര്‍ഷണീയമായ രീതിയില്‍ വിവിധ കള്‍ച്ചറല്‍ പരിപാടികളും നടത്തി.

കുടിക്കൂട്ടല്‍

 

ഗുബിണി എന്ന മൂങ്ങ കല്‍പ്പറ്റ നഗരം ചുറ്റി നടത്തിയ കലാ പര്യടനത്തിലൂടെയാണ് ഹെയ്ക്കി ബണക്ക് ആളുകളെ വരവേറ്റിരുന്നത്. മനു ജോസിന്റെ നേതൃത്വത്തില്‍ ആല കള്‍ച്ചറല്‍ സെന്റര്‍ ആണ് ഗുബിണി യെ ഒരുക്കുന്നത്..

ബലെ സൂഴിക

ബാലേ സൂഴികയില്‍ നിങ്ങള്‍ പക്ഷികളെ കുറേകൂടി അടുത്തറിയും. അവയുടെ നിറം, രൂപം, ശരീരം അങ്ങിനെ അങ്ങിനെ. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ പക്ഷിനിരീക്ഷക സംഘങ്ങളും സ്ഥാപനങ്ങളും അവരുടെ ചിത്രങ്ങളുമായി പ്രദര്‍ശനത്തിനായെത്തും. കേരളത്തിലെ വിവിധ ആവാസ വ്യവസ്ഥകളില്‍ കണ്ടുവരുന്ന പക്ഷി വിഭാഗങ്ങളെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ ഇടങ്ങളായിരിക്കും ഓരോ സ്റ്റാളുകളും.

ഹെയ്‌റ

ഹെയ്‌റ നമ്മുടെ കോഴിവേഴാമ്പലാണ്. ഹെയ്‌റ വയനാടിന്റെ പക്ഷിലോകത്തെ പരിചയപ്പെടുത്താന്‍ ഏവരെയും ക്ഷണിക്കുകയാണ്. ഇവിടെ വയനാടിന്റെ പക്ഷി വൈവിധ്യവും ഇവിടുത്തെ പരിസ്ഥിതിയും പക്ഷികളും തമ്മിലുള്ള ബന്ധത്തെ പറ്റിയും നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം വയനാട് ബേര്‍ടേഴ്സ് പ്രദര്‍ശിപ്പിക്കുന്നു.

കുറുമൂട്ടി

കുറുമൂട്ടി നമ്മുടെ പഴക്കൊതിയനായ ഇരട്ടത്തലച്ചിയാണ്. നിങ്ങള്‍ക്ക് പക്ഷിനിരീക്ഷണത്തില്‍ താല്പര്യമുണ്ടെങ്കില്‍ പ്രഗത്ഭരായ പക്ഷിനിരീക്ഷകരോട് വര്‍ത്തമാനം പറയുന്നതിനും അവരുടെ യാത്രകളെപ്പറ്റി മനസിലാക്കുന്നതിനുമുള്ള അവസരമാണ് കുരുമുടിയില്‍ ഒരുക്കുന്നത്. ഈ ഇടത്തില്‍ നിന്ന് നിങ്ങളില്‍ പക്ഷിനിരീക്ഷരാകണം എന്ന തോന്നല്‍ ജനിക്കുകയാണെങ്കില്‍ തുടര്‍ച്ചയായ നിരീക്ഷണങ്ങളിലൂടെ നമ്മുടെ ലോങ്ങ് ടെം ബേര്‍ഡ് മോണിറ്ററിങ്ങിന്റെ കൂടെ ഭാഗമാകാനുള്ള അവസരം കൂടി നിങ്ങള്‍ക്ക് ലഭിക്കും. വേദിയ്ക്കടുത്തുള്ള പ്രദേശങ്ങളില്‍ വിദഗ്ധരുടെ കൂടെ പക്ഷിനിരീക്ഷണ യാത്രയ്ക്കുള്ള അവസരവും ലഭ്യമാണ്.

മൂട്ട്

പക്ഷിനിരീക്ഷകര്‍ക്കും പക്ഷിശാസ്ത്രഞ്ജര്‍ക്കും പൊതുജനങ്ങള്‍ക്കും പക്ഷികളെ സംബന്ധിച്ച അറിവുകള്‍ കൈമാറുന്നതിനുള്ള ഒരിടമായാണ് കൂട്ടം എന്ന് പേരിട്ടിരിക്കുന്ന അക്കാദമിക് സെഷനുകളെ വിഭാവനം ചെയ്തിരിക്കുന്നത്. ഇന്നും അജ്ഞാതമായിരിക്കുന്ന പക്ഷിലോകത്തെയും, പക്ഷിശാസ്ത്രത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളെയും സംബന്ധിച്ച വിവിധ വിഷയങ്ങള്‍ ഇവിടെ കൈകാര്യം ചെയ്യും.

കിളികളാവുക നാം… മണ്‍മറഞ്ഞുപോയ കിളിയൊച്ചകള്‍ കാതോര്‍ക്കാം

”കിളികളാവുക നാം” നമ്മള്‍ കണ്ടിട്ടില്ലാത്ത വംശനാശം സംഭവിച്ച പക്ഷികളുടെ കഥകളാണ്, കഥ പറച്ചിലാണ്. മണ്മറഞ്ഞുപോയ പക്ഷികളെയും അവയുടെ ശബ്ദങ്ങള്‍ നിറങ്ങള്‍ രൂപം ജീവിതം നമുക്കൊന്ന് സങ്കല്‍പ്പിച്ചു നോക്കാം. കിളികളായി കഥപറച്ചിലുകാര്‍ വരും അവ ജീവിച്ചിരുന്ന കാലഘട്ടത്തെയും ഭൂമിശാസ്ത്രത്തെയും പരിചയപ്പെടുത്തും പിന്നെ നമ്മളൊരുമിച്ചു അവിടെയ്‌ല് യാത്ര ചെയ്യാം.

‘കഴുകുകളെ പാതുകാപ്പാം’

‘കഴുകുകളെ പാതുകാപ്പാം’ (Kazhukukale Pathukappom) തമിഴ് നാട്ടില്‍ കഴുകന്മാരുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന അരുളകം ഒരുക്കുന്ന തെരുവ് നാടകം. കഴുകന്മാരുടെ വംശനാശ ഭീഷണി യുടെ കഥ പറയുന്നു. അവയുടെ പരിസ്ഥിതീക പ്രാധാന്യം സംരക്ഷണ പ്രാധാന്യം എന്നിവയാണ് ഉള്ളടക്കം. പ്രകൃതിയുടെ ശുചീകരണം ഉറപ്പാക്കുന്ന ഇവരെ നമുക്കെത്ര അടുത്തറിയാം…അവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ നമുക്കെന്തു ചെയ്യാനാകും?? അരുളകം നമ്മോടു ചോദിക്കുന്നു.

കൂട്: ജീവനും അതിജീവനവും

ജീവന്റെ നിലനില്‍പ്പ് ഉറപ്പാക്കുന്ന സൂക്ഷ്മമായ നിര്‍മ്മിതി കളാണ് ഓരോ പക്ഷികളുടെയും കൂടുകള്‍. ജൈവവൈവിധ്യത്തിന്റെ ചരിത്രവും നിലനില്‍പ്പിന്റെ സമരവും സൗന്ദര്യവുമാണ് ഒരു കൂടിന്റെ ജീവിതത്തിലെ ഓരോ നിമിഷവും. നമുക്ക് കുറച്ചു കൂടുകള്‍ കാണാം. മരക്കൊമ്പില്‍, ഇലകളില്‍, താഴെ തറയില്‍ അങ്ങിനെ.. മുട്ടകള്‍, കുഞ്ഞുങ്ങള്‍, തീറ്റിക്കല്‍, പറപ്പിക്കല്‍ അങ്ങിനെ .. കൂടാതെ പ്രമുഖ പക്ഷിനിരീക്ഷകര്‍ കൂടുകളെക്കുറിച്ചുള്ള പഠനത്തിന്റെ പ്രാധാന്യം, നൈതികത, ശാസ്ത്രീയമായ രീതികള്‍ എന്നിവയെ പറ്റി കൂടു വര്‍ത്തമാനത്തില്‍ സംവദിക്കുന്നു.

നമുക്ക് പക്ഷികളായി കണ്ടു നോക്കാം

പക്ഷികള്‍ നിങ്ങളെ നോക്കിയിരിക്കുന്നത് അവരെ പറ്റി നിങ്ങള്‍ എഴുതുകയോ വരയ്ക്കുകയോ ചെയ്യുകയാണെന്ന് കരുതിയിട്ടായിരിക്കുമോ? ആണെങ്കിലും അല്ലെങ്കിലും ഹെക്കിബണക്കില്‍ നമുക്ക് പക്ഷികള്‍ ലോകത്തെ എങ്ങിനെ കാണുന്നു എന്ന് സങ്കല്‍പ്പിച്ചു നോക്കാം. അവര്‍ നമ്മളെ വരച്ചാലോ എഴുതിയാലോ എങ്ങനിരിക്കും… മുകളില്‍ മരക്കൊമ്പില്‍ നിന്നും നോക്കുമ്പോള്‍. താഴെ മണ്ണില്‍ നിന്നും നോക്കുമ്പോള്‍. കാപ്പിച്ചെടിയില്‍ ഇരിക്കുമ്പോള്‍, മരപ്പൊത്തിലാണെങ്കില്‍, പറക്കുമ്പോള്‍….. കാഴ്ചയുടെ ആ വൈവിധ്യം .. സങ്കല്പിച്ചു നോക്കൂ എന്ത് രസമായിരിക്കും.

കൂടൊരുക്കാം – വീട് വയ്ക്കാം

പക്ഷികളുടെ കൂടുകളെപ്പറ്റി നമുക്കെന്തറിയാം. അവര്‍ എങ്ങിനെയാണ് ഒരു വീട് വയ്ക്കുന്നത്. അവര്‍ എന്തൊക്കെ ഭാവനചെയ്യുന്നുണ്ടാകും … തിരയുന്നുണ്ടാകും .. ഏതൊക്കെ കരുതുന്നുണ്ടാകും … അവര്‍ക്കുള്ള അനന്ദാനുഭവങ്ങള്‍ എന്തൊക്കെ ആയിരിക്കും. സ്വയം ഒരു പക്ഷിയായി ചിന്തിക്കുകയും ചുറ്റുപാടിലുള്ള നാരും വേരും ഇലയും ഉപയോഗിച്ച് ഒരു കൂട് നിര്‍മ്മിക്കുകയും ചെയ്യുകയാണ് കൂടൊരുക്കാം. ശാസ്ത്രജ്ഞരോടും കലാകാരന്മാരോടുമൊപ്പം ചേര്‍ന്നൊരുക്കുന്ന ഈ പ്രവര്‍ത്തനം വ്യത്യസ്തമായ ഒരു കലാ അനുഭവമായിരിക്കും. ചിന്തിക്കുക, അന്വേഷിക്കുക, ശേഖരിക്കുക, രൂപപ്പെടുത്തുക എന്നീ പ്രക്രിയയിലൂടെ കടന്നുപോയി ഒരു കൂട് നെയ്‌തൊരുക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

ലിസണിങ് എറര്‍

ലിസണിങ് എറര്‍ – നിശബ്തത പക്ഷികളും പ്രകൃതിയും നമ്മളും തമ്മിലുള്ള സംഭാഷണമാക്കി മാറ്റാനുള്ള ശ്രമമാണ്. സ്ഥലവും കാലവും പ്രകൃതിയും ചേര്‍ന്നൊരുക്കുന്ന ശബ്ദങ്ങള്‍ അനുഭവിയ്ക്കാനുള്ള അവസരം. നാം കേള്‍ക്കാത്ത എന്നാല്‍ നമുക്കുചുറ്റും ഉള്ള ശബ്ദങ്ങള്‍ കേള്‍ക്കാനും അത് വഴി നമ്മെ ശബ്ദത്തിന്റെ ഇടത്തില്‍ അടയാളപ്പെടുത്താനും ഉള്ള അവസരം. ഒച്ചയുടെ ഒരു കീറ് ഒരു ക്ഷണം ഒരു മാത്ര ഓര്‍മ്മയായി, ശരീരത്തിന്റെ ഭാഗമായി നിങ്ങള്‍ക്കു ഇവിടുന്നു കൊണ്ടുപോകാന്‍ കഴുയുമോ …. പിന്നെ മെല്ലെ അത് നിങ്ങളെ നിങ്ങളുടെ നൈസര്‍ഗ്ഗീക ശബ്ദലോകത്തിലേക്കു ചേര്‍ത്തുവയ്ക്കുമോ … മെല്ലെ .. പതിയെ… ശ്രദ്ധിച്ചു … കേള്‍ക്കാം … വരൂ ഹൂട്ടിലേക്കു, ഇത് ഒരു മൂങ്ങയുടെ വിളിയാണ് ..

മിംഗേയ്: ചിറകുകള്‍ കൊരുക്കാം

മിംഗെ എന്ന ജപ്പാനിലെ ജനങ്ങള്‍, വരയ്ക്കുക എന്നീ വാക്കുകല്‍ചേര്‍ന്നുണ്ടായതാണ്. എല്ലാവരും ചേര്‍ന്ന് ഒരു കലാസൃഷി ഉണ്ടാക്കുന്നതിനെ ആണ് ഇങ്ങനെ വിളിക്കുന്നത്. ഹെക്കി ബണക്കിലെ മിഗെ ചിത്രം വരയ്ക്കാന്‍ വിളിക്കുന്നു . ഇവിടെ നമ്മള്‍ സങ്കല്‍പ്പിക്കുന്നത് സര്‍വ ചരാചരങ്ങളെയും ഒന്നായികാണാന്‍ കഴിയുന്ന ഒരു ലോകത്തെയും ഭാവനയെയും ആണ്. ആ അനുഭവത്തിന്റെ ആവിഷ്‌ക്കാരം ആണ് ഇവിടെ നടക്കേണ്ടത്. അതിര്‍ത്തികള്‍ മായ്ചുകൊണ്ടു സഹവര്‍ത്തിത്വത്തിന്റെ രേഖാചിത്രം തീര്‍ക്കാന്‍ എല്ലാവരും ഒന്ന് ചേരാം.. നിങ്ങള്‍ എന്താണ് കോറിയിട്ടത് ഇവിടെ അത് ലോകത്തെ കൂടുതല്‍ വലുതാക്കുന്നില്ലേ.. അത് കൂടുതല്‍ തെളിച്ചവും ആനന്ദവും നിറഞ്ഞതല്ലേ.

ബേര്‍ഡ്സ് ഓണ്‍ പ്ലേറ്റ്

പക്ഷികളും മനുഷ്യരുമായുള്ള ബന്ധത്തില്‍ പ്രധാനപ്പെട്ട ഒന്ന് ഭക്ഷ്യശൃംഖല വഴിയുള്ളതാണ്. മനുഷ്യരുടെ സാംസ്‌കാരിക പരിണാമം ചരിത്രത്തിലുടനീളം പക്ഷികളെ വേട്ടയാടലിന്റെയും ആഹരിക്കലിന്റെയും കൂടി ആണ്. മനുഷ്യരുടെ ആഹാരത്തില്‍ മാംസ്യത്തിന്റെ ഒരു പ്രധാന ഉറവിടം പക്ഷികള്‍ ആണ്. അവ നമ്മുടെ രുചി സംസ്‌കാരവും ആരോഗ്യവും കൂടി ആണ്. മനുഷ്യരുടെ വേട്ടയാടല്‍ മൂലം മാത്രം വംശനാശം വന്ന പക്ഷികളും ഉണ്ട്. പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ഭാഗമായി വേട്ടയാടല്‍ നിരോധിക്കപെട്ടപ്പോള്‍ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന പല സമൂഹങ്ങളുടെയും ഭക്ഷ്യ സുരക്ഷയെ അത് ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ലോകത്തു ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഉത്സര്‍ജ്ജനം ചെയ്യുന്ന വ്യവസായങ്ങളില്‍ ഒന്ന് പക്ഷി വളര്‍ത്തലും അവയുടെ മാംസ വിപണനവും ആണ്. ..

പ്രകൃതിയും സംസ്‌കാരവും

പാട്ടുകള്‍ എല്ലാ കാലത്തും അറിവ് കൈമാറ്റം ചെയ്യുന്നതിനുള്ള മാധ്യമമായി മാറിയിട്ടുണ്ട്. കേരളത്തിലെ ആദ്യ ബാവുള്‍ ഗായികയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശാന്തിപ്രിയ, പാര്‍വതി ബാവുളിന്റെ ശിഷ്യയാണ്. ബാവുള്‍ സംഗീതം പഠിക്കുകയും പാടുകയും ചെയ്യുന്നവര്‍ കേരളത്തില്‍ വളരെ കുറവാണ്. ബാവുല്‍ ഗീതങ്ങള്‍ ബംഗാള്‍ ബംഗ്‌ളാദേശ് ഭൂമികയില്‍ നിന്നും പിറവികൊണ്ടവയാണ്. കബീര്‍, ബുള്ളെ ഷാ, ഗുരു നാനാക്ക്, അക്ക മഹാദേവി, എന്നിവരുടെയൊക്കെ പാട്ടുകളാണവ. ബാവുല്‍ ഗീതങ്ങള്‍ എഴുതപ്പെടാത്ത എന്നാല്‍ വാമൊഴിയായി കൈമാറ്റം ചെയ്യുന്ന പാട്ടുകളാണ്. ഈ പാട്ടുകള്‍ കാണികള്‍ക്ക് പുതിയൊരനുഭവമായിരിരുന്നു.

വട്ടക്കളി

പണിയ വട്ടക്കളി വയനാട്ടിലെ പണിയ വിഭാഗക്കാരുടെ ഒരു തനതു കലാരൂപമാണ്.അവരുടെ ജീവിതത്തെയും പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധത്തെയും വിളിച്ചോതുന്നതാണ് ഈയൊരു കലാരൂപം. തുടി, ചീനി എന്നീ സംഗീതോപകരങ്ങളുടെ അകമ്പടിയോടെ വട്ടത്തില്‍ നിന്നാണ് വട്ടക്കളി കളിക്കുക.ഈ ഉപകരണങ്ങള്‍ വായിക്കുക സമുദായത്തിലെ ആണുങ്ങള്‍ ആണെങ്കിലും സ്ത്രീകളും കുട്ടികളും എല്ലാവരും ചേര്‍ന്നാണ് നൃത്തമാടാറ്. വേണാടിലേക്കെത്തുന്ന പക്ഷിപ്രേമികള്‍ക്ക് ദൃശ്യ ശ്രാവ്യ അനുഭവമായിരിക്കും പണിയ വട്ടക്കളി സമ്മാനിക്കുക.

കൂനാട്ട

വയനാടിലെ കാട്ടുനായ്ക്ക വിഭാഗത്തിന്റെ തദ്ദേശീയ കലാരൂപമാണ് കൂനാട്ട .സമുദായത്തിനുള്ളില്‍ നടക്കുന്ന പ്രധാനപ്പെട്ട ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായാണ് പൊതുവെ ഈ കലാരൂപം അവതരിപ്പിക്കപ്പെടുന്നത്. കാട്ടുനായ്ക്ക വിഭാഗത്തിന്റെ സാംസ്‌കാരികവും ആത്മീയവുമായ ജീവിതത്തിന്റെ പ്രതിഫലനമാണ് ഈ കലാരൂപം. സമുദായത്തിലെ മരണാനന്തര ചടങ്ങുകള്‍ക്കും മറ്റും ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്. ജോദ്മാര, തമ്പാട്ടെ, കൊലാള്‍ ഗജ്ജെ എന്നീ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയുള്ള അവതരണങ്ങള്‍ തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരിക്കും സമ്മാനിക്കുക.

 

വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ കടന്ന് പോയ രാജ്യത്തെ പ്രഥമ ത്രിദിന പക്ഷി മേള കൊടിയിറങ്ങുമ്പോള്‍ കിളിയിടങ്ങള്‍ ശൂന്യമാകാതെ പ്രകൃതി ആവാസ വ്യവസ്ഥയുടെ പരിപാലനത്തിനും നമ്മുടെ സുസ്ഥിരമായ നിലനില്പിനും ഒന്നായി പ്രവര്‍ത്തിക്കാം എന്ന സന്ദേശമാണ് നല്‍കിയത്…. കിളിയിടങ്ങള്‍ ശൂന്യമാകാതെ നമുക്ക് കാക്കാം.

No Comments yet!

Your Email address will not be published.