യാത്രയിൽ
രാത്രിയിൽ
ചുറ്റുപാടുമുള്ളതൊക്കെ ഇരുട്ടിൽ മയങ്ങിക്കിടക്കുമ്പോൾ
വെളിച്ചം കാണിച്ച്
പൂർവ്വ ജന്മ സ്മൃതികളുണർത്തുന്നയീയിടമേതാണ്?
നാടകശാലയാണെന്നു തോന്നുന്നു
അതി വൈകാരിക മുഹൂർത്തങ്ങൾ
തന്മയത്വത്തോടെ അഭിനയിച്ച്
കാണികളുടെ കയ്യടിയേറ്റു വാങ്ങി
അനേകമനേക വേദികളിൽ
നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു ഞാൻ
ഒരുപക്ഷേ അഭിനയമധ്യേ തന്നെ
അരങ്ങൊഴിഞ്ഞവൾ
ഒരിക്കൽക്കൂടി…
ഒരിക്കൽക്കൂടിയെന്ന മോഹത്തിന്റെ ചൂണ്ട കൊളുത്തി വലിക്കലാകാം
അവിടം കടന്നുപോകുമ്പോഴും ഉള്ളിലങ്ങനെ…
അല്ലാത്ത പക്ഷം ഞാനൊരു
നർത്തകിയായിരുന്നോ?
മനോഹരമായ നൃത്തച്ചുവടുകളാൽ
അനന്യമായ നൃത്യ പാടവത്താൽ
കാണികളെ ത്രസിപ്പിച്ചവൾ ?
അരങ്ങിൽ കണ്ടുമതിയാവാഞ്ഞ്
അണിയറയിലെത്തിയ
ആസ്വാദകരുടെ ആരാധനയിൽ കുതിർന്നവൾ
ഏതിടവും നൃത്തവേദിയാണെന്ന തോന്നലുണ്ടായിരുന്നവൾ?
നഷ്ടപ്രണയക്കപ്പലിന്റെ വിളക്കുകളാണോ അവ?
ഓരോ സന്ധ്യയിലും
പ്രിയപ്പെട്ടവനെ നോക്കിനോക്കിയിരുന്നവളോ ഞാൻ?
ദൂരെക്കണ്ട പ്രകാശത്തിലേക്കു പറന്ന് ചിറകൊടിഞ്ഞു വീണ ഈയാംപാറ്റ ?
മരണം കൊണ്ടുപോകുമ്പോഴും
പ്രതീക്ഷയുടെ നേർക്കു
കൺമിഴിച്ചു കൊണ്ടിരുന്നവൾ?
രാവേറെച്ചെല്ലുമ്പോൾ
സഹയാത്രികരെല്ലാം
ഉറങ്ങിക്കഴിയുമ്പോൾ
സഞ്ചരിക്കുന്ന വണ്ടി
നീലമലകളും വൃക്ഷച്ചാർത്തുകളും താണ്ടി
കിതച്ചുകൊണ്ടോടുമ്പോൾ
അങ്ങകലെക്കാണാം കുന്നിൻനിറുക
അവിടെയുണ്ടാവും
ഒരു കൊച്ചു വീട്
അതിന്റെ മരയഴിയിട്ട ചുവരിനുള്ളിലൂടെ
സങ്കടപ്പെട്ടെന്നപോലെ
ഒരു നുള്ളു വെളിച്ചം
കൈനീട്ടും
ആരോ തട്ടിക്കളഞ്ഞ കിണ്ണം
മാനത്ത്
തൈരുകൂട്ടിക്കുഴച്ച ചോറുരുളകൾ
അമ്മ നഷ്ടപ്പെട്ട
വിശന്നുതളർന്ന് മയങ്ങിപ്പോയ കുഞ്ഞിന്റെ തേങ്ങൽ
അവനുണരുമ്പോൾ
ഒറ്റക്കാണെന്ന് തിരിച്ചറിയുമ്പോൾ
വീണ്ടും കടുത്ത നിസ്സഹായതിൽ വിതുമ്പുമ്പോൾ
അപ്പോൾ മാത്രമാണ്
ഭൂമിയിലില്ലെന്നു മറന്ന്
ആ വെട്ടം തേടി ഇറങ്ങിയോടിയത്
നടിയോ നർത്തകിയോ കാമുകിയോ ആയിരുന്നോ എന്നു ചിന്തിക്കാതെ.
No Comments yet!