“യെറുശലേം പുത്രിമാരേ നിങ്ങൾ എന്നെയോർത്തല്ല,
നിങ്ങൾ നിങ്ങളെയും നിങ്ങളുടെ
സന്തതികളെയുമോർത്തു
വിലപിക്കുവിൻ”…
****
ഒലീവ് മരച്ചില്ലകളിലഗ്നിയും
ചോരയും വിശപ്പും മൃത്യുവും
പടരുന്നൊരു കാലം
യെരുശലേമിലെ നാരികളുടെ
കണ്ണുനീർത്തുള്ളികളിൽ
വെടിയുപ്പും ഗന്ധകവും
കുതിരുന്ന കാലം
വട്ടമിട്ടു പറക്കുന്ന ബോംബർ
വിമാനങ്ങൾ ഭൂമിയിലെ
നന്മകളുടെ
പ്രാണനെടുക്കുന്ന കാലം..
വെള്ളം വീഞ്ഞാക്കിയ നാഥാ
ലാസറിനെ ശവക്കുഴിയിൽ
നിന്നുമുയർത്തെണീൽപ്പിച്ച നീ
ഒരു ദിവസമെങ്കിലും
ഗാസയിലെ കുഞ്ഞുങ്ങളുടെ
ദെയ്വമാകുമോ..
മിശിഹാ ഇനിയും പിറന്നില്ലെന്ന്
വിശ്വസിക്കുന്ന യെഹൂദരുടെ
ദെയ്വമേ ഫറോവോന്റെ
തിന്മകളിൽ നിന്ന്
കാനോൻ ദേശത്തേക്ക്
വഴികാട്ടിയായ നാഥാ നീ
വിശപ്പിനാലും മുറിവുകളാലും
അരക്ഷിതത്വത്തിന്റെ
ആഴമുള്ള ഭീതിയാലും
ചത്തൊടുങ്ങുന്നയീ
പിഞ്ചുമക്കളെ കാണുന്നില്ലയോ…
ഈസാ നബിയെ
കുരിശേറ്റുവാൻ വിട്ടുകൊടുത്തില്ലെന്ന്
വിശ്വസിക്കുന്നവരുടെ
പരമകാരുണികനായ അല്ലാഹുവേ
നീ കല്പിച്ചോരീവ്രതശുദ്ധിയുടെ പുണ്യമാസത്തിലും
കുഞ്ഞുങ്ങളുടെ
കൂട്ടക്കുരുതിക്കറുതി
വരുത്തുമോ ദെയ്വമേ …
സർവ്വസ്വവും നഷ്ടപ്പെട്ട
മനുഷ്യ പുത്രൻമാരും
സ്ത്രീകളും കുഞ്ഞുങ്ങളും
കണ്ണീരു കുടിച്ചു വിശപ്പും
ദാഹവുമകറ്റുന്ന
അഭയാർത്ഥി ക്യാമ്പുകളിൽ വീണ്ടും
കൂട്ട മരണം വിതക്കുന്നവർ
വിതച്ചത് കൊയ്യുന്ന നാൾ
വരുത്തേണമേ നാഥാ..
ശവ വണ്ടികൾ
വരികില്ലയീ മരുഭൂമിയിൽ
അതൊക്കെയുമിനിയിവിടെ
ആർഭാടങ്ങൾ..
കുന്തിരിക്കവും മൂറും
ചരമ ശുശ്രൂഷകളും സ്വപ്നം
കാണാത്തവരുടെ ജീവൻ
കഴുകുകൾ കൊത്തിവലിക്കുമ്പോൾ
അതിരുകൾക്കപ്പുറം
ലോകസന്തുഷ്ടരിലെ
അഞ്ചാം സ്ഥാനക്കാരായവർ
ഭൂമിയിൽ നിൽക്കാനൊരിടമില്ലാതെ അഭയാർത്ഥികളായിവിടെ
വന്നവരല്ലയോ
വരത്തരായ വിരുന്നുകാർക്ക്
അധിനിവേശശക്തികളുടെ
കയ്യൂക്കിനാൽ
അവിശുദ്ധമായൊരു രാജ്യം
കൈവരുത്തിയ ദെയ്വമേ
വിശന്നു മരിക്കുന്നയീ
കുഞ്ഞുങ്ങളുടെ ദെയ്വം
ആരെന്ന് നിരൂപിക്കുമോ…
കണ്ണുനീര് കുടിച്ചു
വിശപ്പും ദാഹവുമകറ്റുന്ന
കുഞ്ഞുങ്ങളുടെ നാൾ വരുവാൻ
പ്രിയപ്പെട്ട യെറുസലേമേ,
നിന്റെ മടിയിൽ
തീക്കാറ്റുകളൂതുന്ന മരുഭൂമികളിൽ
പിറന്ന വിശ്വമതങ്ങളുടെ
മിനാരങ്ങളിൽ
സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ
ചത്തൊടുങ്ങുമ്പോൾ
ദെയ്വവും മരിച്ചുവെന്ന്
അഥവാ കൊല്ലപ്പെട്ടുവെന്ന്
ഞങ്ങൾ കരുതട്ടെയോ….
***







No Comments yet!