
ഒരു കൈപ്പിടിയിലൊതുങ്ങാവുന്നത്ര എല്ലും തൊലിയും;
അതിലേയ്ക്ക്
ഒരൗണ്‍സ് രക്തവും മാംസവും ഒഴിക്കുക;
പ്രളയകാലത്തെ സമുദ്രംപോലെ
സ്‌നേഹനിര്‍ഭരമായ
ഒരു ഹൃദയം ചേര്‍ക്കുക;
സമുദ്രംപോലെ അഗാധവും പാപമുക്തവുമായ
ഒരു മനസ്സുകൂടി ചേര്‍ക്കുക;
രണ്ട് ആനച്ചെവികള്‍ ഉറപ്പിക്കുക;
അനുരാഗപൂര്‍ണമായ രണ്ട് കണ്ണുകളും.
അമ്മയുടെ മാറില്‍ പറ്റിച്ചേര്‍ന്ന് കിടക്കുന്ന
ശിശുവിന്റെ മന്ദഹാസത്താല്‍ ചായംപൂശുക,
ഹിമവല്‍ശിഖരം പോലുള്ള
ഒരാത്മാവ് അതിലടക്കം ചെയ്യുക;
തേനിനേക്കാള്‍ മധുരമുള്ള
വാക്കുകള്‍ ചൊരിയുന്ന ഒരു നാവും.
ഉള്ളില്‍ നിറയ്‌ക്കേണ്ടതെന്തെല്ലാം?
ആട്ടിന്‍പാലും സോയാബീനും ഈത്തപ്പഴങ്ങളും.
അതിനുശേഷം നിറഞ്ഞുകവിയുവോളം
മനുഷ്യദുരിതത്തിന്റെ വര്‍ഷങ്ങള്‍ കൊണ്ട് മൂടുക;
രണ്ട് പതിറ്റാണ്ടുകാലം ഈ വിഭവത്തെ
ജയിലില്‍ വെച്ച് ചുട്ടെടുക്കുക.
ചൂളയില്‍നിന്നെടുത്ത ശേഷം
പതിതസഹോദരങ്ങളെക്കൊണ്ട്
അലങ്കരിക്കുക.
ഒരു കീറത്തുണിത്തുണ്ടില്‍ പൊതിഞ്ഞ്
ഒരു മെലിഞ്ഞ മുളംകമ്പിന്റെ
ഊന്നുകൂടിക്കൊടുത്താല്‍
വിഭവം വിളമ്പാന്‍ തയ്യാര്‍…
ലോകരക്ഷകനായ നമ്മുടെ ബാപ്പു എന്നത്രേ
അതിന് പേര്!
***
The Recipe / T.P. Kailsam -From the book ‘Light of Inida’ by M.S.Deshpande
കൈലാസം (ത്യാഗരാജ പരമശിവ കൈലാസം 1884-1946) | കന്നഡ സാഹിത്യകാരന്‍ ടി.പി. കൈലാസം

വിവ: സജയ് കെ.വി.







No Comments yet!