ഏതോ ഒരു പകല്‍
അസ്തമിച്ച നേരത്ത്
ക്ഷീണിച്ചു വരുന്ന
വഴിക്കാണ്,
ആരോ ഉപേക്ഷിച്ച അരുമയായ
ഒരു കുഞ്ഞു പൂച്ച
എന്നെകാത്തെന്നപോലെ
ഇടവഴിയോരത്തു നിന്നത്.
കണ്ട മാത്രയില്‍
വാത്സല്യം തോന്നുന്ന കുഞ്ഞുമുഖം.
കാലിനടുത്തു മുഖമുരുമ്മി
കൊഞ്ചി കൊഞ്ചിയങ്ങനെ…
പെരുവഴിയില്‍ ഉപേക്ഷിക്കാന്‍ തോന്നിയില്ല.
വീട്ടിലേക്കു കൊണ്ട് വന്നു
പാല്‍ കൊടുത്തു.
നന്ദി കൊണ്ടോ സ്‌നേഹം കൊണ്ടോ
തൊട്ടുരുമ്മി അടുത്ത് തന്നെ ഉണ്ടായി
എപ്പോഴും.
എന്നും പാല് കിട്ടുന്നതുവരെ
പൂമുഖ വാതില്‍ക്കല്‍
എന്നെയും കാത്തു തന്നെ നില്‍പ്പുണ്ടാകും.
പിന്നെപതുക്കെ പതുക്കെ
എപ്പോഴോ
കിടപ്പു മുറിയിലേക്ക്..
എഴുത്തു മേശയില്‍…
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും
മുട്ടിയിരുമ്മി.
പോകുന്ന ഇടങ്ങളിലെല്ലാം
മുരണ്ടു മുരണ്ടു കൂടെ തന്നെ.
എഴുത്തു മേശയിലെ
മഷികുപ്പി തട്ടി മറിച്ചായിരുന്നു
ആദ്യ കുറുമ്പ്.
മെല്ലെയൊന്നു പരിഭവിച്ചു
അവിടെ നിന്നോടിച്ചു.
പിന്നെ
പൂമുഖത്താരു വന്നാലും
മുരളലായി, പിന്നീന്നു
മാറാതെയായി…
ഇതെന്തു ശല്യമെന്നോര്‍ത്ത്
ഒരുവേള ചാക്കില്‍ കെട്ടി
കളഞ്ഞാലോ എന്നോര്‍ത്തു.
എങ്കിലും,
പാവമല്ലേ
പ്രിയമുള്ളവളല്ലേ
എന്നോര്‍ത്തു.
പക്ഷെ,
പെട്ടെന്നൊരു ദിവസം
അപ്പുറത്തെ
കുറിഞ്ഞി പൂച്ചവന്നതും അവള്‍ക്കിത്തിരി പാല്
കൊടുത്തതും
പൊടുന്നനെ ഇവളെന്നെ
കയ്യില്‍ മാന്തി
ഒരു കടിയും.
പിന്നെ ഒട്ടുഅമാന്തിച്ചില്ല
ചാക്കില്‍ കെട്ടി
നാട് കടത്തി.
അപ്പോഴാണ്
ആരോ പറഞ്ഞതോര്‍മ്മ വന്നത് :
പ്രണയവും പൂച്ചയും
ഒരുപോലെ യത്രെ!
ചാക്കില്‍ കെട്ടി എത്ര ദൂരെയ്ക്കു
അയച്ചാലും
തിരിച്ചു ഉടമസ്ഥന്റെ അടുത്തെത്തുമത്രെ
അതില്‍ പിന്നെ
ഉപേക്ഷിക്കപ്പെട്ട പൂച്ചകള്‍
മടങ്ങിവരുമെന്ന്
അവള്‍ ഭയപ്പെട്ടു :
ഓരോ കാറ്റനക്കവും
വാതിലോ
ജനാലയോ
തുറന്നു വെക്കുമ്പോഴും,
ഒഴിഞ്ഞ ചായക്കപ്പൊ
അടുക്കിവെച്ച പുസ്തകമോ
മറിഞ്ഞു വീഴുമ്പോഴും
ഞെട്ടലോടെ
ഒരു മുരള്‍ച്ചയുടെ സാന്നിദ്ധ്യം
അലോസരപ്പെടുത്തിക്കൊണ്ടിരുന്നു
മുറിയുടെ മൂലകളില്‍
സദാ വീക്ഷിക്കുന്ന
തിളങ്ങുന്ന കണ്ണുകളുണ്ടെന്ന്,
ഇരുട്ടിനെല്ലാം
വിറക്കുന്ന മീശരോമങ്ങള്‍
മുളച്ചിട്ടുണ്ടെന്നും
താനേതോ രഹസ്യ നിരീക്ഷണത്തിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ പെട്ടുപോയെന്നും
അവള്‍
വിശ്വസിക്കാന്‍ തുടങ്ങി.
പൂച്ചകള്‍
തനിക്കെതിരെ
കലാപത്തിനൊരുങ്ങുകയാണെന്നും
അതിനാല്‍ അടിയന്തരാവസ്ഥ
പ്രഖ്യാപിക്കേണ്ട
സാഹചര്യമാണ് നിലവിലുള്ളതെന്നും
അവള്‍
തന്റെ വീടിനോട് രഹസ്യസന്ദേശം
കൈമാറി.
*****
No Comments yet!