Skip to main content

അൻപ്

തൂമഞ്ഞു തൂവുന്ന കണ്ണീർക്കണങ്ങൾക്ക്,
തുമ്പിച്ചിറകുകളുടെ തുള്ളാട്ടങ്ങൾക്ക്,
ഉയരങ്ങൾ തേടുന്ന പറവക്കൂട്ടങ്ങൾക്ക്‌,
വീണുവാടുന്ന ഇലനൊമ്പരങ്ങൾക്ക്,
പയ്യെ വീശുന്ന കാറ്റിന്റെ നെടുവീർപ്പിന്,
അരുവികളുടെ പതം പാട്ടുകൾക്ക് –
ജീവന്റെ മിന്നായമൊഞ്ചിനൊരു ഗീതം
ജീവിതം തെന്നിനീങ്ങുന്നതിൻ മൃദുമർമ്മരം.

തകർന്നവർക്ക്‌,
മുറിവേറ്റവർക്ക്,
കാലത്തിനടിയിൽപെട്ടു ചതഞ്ഞവർക്ക്,
ഉള്ളു പൊള്ളിയവർക്ക്, ഉരിയാടാത്തവർക്ക്,
ഇരുളാഴങ്ങളിൽ പിടയും
മുറിവുകളുടെ മൂകതയ്ക്ക്,
പിടിതരാതെ തിരിയുന്ന ഭൂലോകത്തിൻ്റെ വന്യതയ്ക്ക് –
അവിടെ
സുഖവും ദു:ഖവും,
ഇരുളും വെളിച്ചവും,
പ്രണയവും പതനവും
ഊടും പാവുമിട്ട
കരൾത്തുടിപ്പോരോന്നിന്റേയും
മഹേന്ദ്രജാലത്തിന്.

അൻപ്‌ –
കാലദേശങ്ങളെ കവച്ചുകടന്ന്
കേവലം വാക്കുകൾക്ക്‌ എത്താക്കൊമ്പത്ത്‌
വിടർന്ന പൂവ്, പേരൻപ്.

***


Translated to Malayalam by Prasanna Varma

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “അൻപ്”

  1. സ്നേഹിക്കുകയെന്നാൽ നമ്മൾ അയാളാവുക തന്നെയാണ്.
    കാലദേശങ്ങളെ കവച്ചുകടന്ന് ആത്മാവിനെ തൊടുന്ന സ്നേഹമാണ് പേരൻപ് ❤️

Your Email address will not be published.