
എഴുതിത്തെളിയുമ്പോഴേക്കും
ഭാഷ കാലഹരണപ്പെട്ടു.
കാണുവാനൊരുങ്ങുമ്പോഴേക്കും
കാഴ്ച തിമിരപ്പെട്ടു.
കേട്ടു തുടങ്ങുമ്പോഴേക്കും
ചെവിച്ചിറകുകള്‍ ചിതറപ്പെട്ടു.
ഒന്നുറക്കെ പറയുവാന്‍ കഴിയാതെ
പാടുവാനാകാതെ
സ്വനതന്തുക്കള്‍ ഞെരിക്കപ്പെട്ടു.
ആശയങ്ങളുടെ ഭ്രൂണഹത്യകള്‍
വാക്കുകള്‍ ചാപിള്ളകള്‍.
കന്മതിലുകളോട് കഥപറഞ്ഞു പറഞ്ഞ്…
കല്ലറയില്‍ സ്വന്തം കവിത രചിക്കുന്നു.
ആത്മചരിതമായ് അലിയുന്നു.
ഇരുള്‍ ഗഹ്വരങ്ങളില്‍ നിന്ന്
കാലത്തെ അടര്‍ത്തിമാറ്റി
മൂല്യം മരിക്കാത്ത അമൂല്യനാണയമായ്
ആശയങ്ങളുടെ അന്നവാഹിനിയായ്…
വിമോചിത വരാനിരിക്കുന്നു.
ഉള്ളിലെ അഗ്‌നിയെ ജ്വലിപ്പിക്കുവാനായ്
ചാരം മൂടിക്കിടപ്പുണ്ട്.
കൊടുങ്കാറ്റിനാല്‍ വെളിപ്പെടുവാനായ്
മണല്‍മുഖിയായ് മറയുന്നുണ്ട്.
ഇളം തെന്നലുകളേ ചേര്‍ക്കപ്പെടുക.
ചെറുനാളങ്ങളേ കൂട്ടപ്പെടുക!
***







No Comments yet!