ജലമാറാട്ടം
ദൈവമേ നീ ജലമോ?
ജലമേ നീ ദൈവമോ?
ദൈവികം നിന്റെ രൂപാന്തരങ്ങൾ
ഭാവാന്തരങ്ങൾ
നാദാന്തരങ്ങൾ
സ്‌നേഹജലഹിന്ദോളരാഗവിസ്താരം
ജലവിസ്മയസപ്തസ്വരം
ജലതരംഗം
ജലമനോധർമ്മം
തനിയാവർത്തനം
നർത്തനം
ജലത്തിന്റെ നിരവൽ
നിവരൽ
സകലവാദ്യവും മുഴങ്ങുന്നു നിന്നിൽ
വഴങ്ങുന്നു നിന്നിൽ
ജലതായമ്പക
മുഴങ്ങും ജലച്ചെണ്ട
മുറുകും ജലമദ്ദളം.
ജലത്തിന്നിലത്താള, മിടയ്ക്ക
ജലപഞ്ചാരി, പാണ്ടി
‘കുഴൽ’പോൽ നീളുന്നു കുഴലിൽ
വളയുന്നു കൊമ്പുപോൽ
ജലമാന്ത്രികം.
ചുറ്റും പച്ചക്കുട പിടിക്കുന്നു
കാവടിയാടുന്നു.
ചാമരം വീശുന്നു
ആലവട്ടമുയർത്തുന്നു
പൂങ്കുലകളിലകൾ
ചില്ലകൾ
ഇളകിയാട്ടമിടയിൽ തുമ്പിയാട്ടം.
അത്യുന്നതങ്ങളിൽ
ദൈവത്തോടു കുശലംപറയാൻ
കുതിച്ചുയരുന്ന
കൊതിച്ചുയരുന്ന,
പൊക്കമേറിയാലും
പൊങ്ങച്ചമേറാത്ത
അമരത്വത്തിലേയ്ക്കു
വിത്തുവിതയ്ക്കുന്ന വരങ്ങൾ.
തടാകത്തിലോ ജലമഹാനിശ്ചലത
തുറന്നുവിട്ടാലോ ജലതാണ്ഡവം.
നീരവം തടാകത്തിൽ
തുറന്നാൽ മഹാരവം
സ്‌നേഹത്തിൻ വന്യമാം സ്ഖലനം.
മഹാമർദ്ദത്തിൽനിന്ന്
മർദ്ദനത്തിൽനിന്ന്
നിർദ്ദയം
നിർഭയം
സ്വാതന്ത്ര്യത്തിലേയ്ക്ക്
ചിതറിയോടുന്നു
വിതറിയോടുന്നു
ഇരമ്പുന്നു തടാകത്തടവിനോട-
മർഷാരവം.
മഹിമയിൽ നിന്നെളിമയിലേയ്ക്ക്
ആപൽക്കരമായ് ചാടും
സഹാസം ജലസാഹസം.
ഉയർച്ചയാക്കും വീഴ്ചയെ
നൃത്തമാക്കും പതനത്തെ
വിരിയിക്കും കണ്ണുനീരിൽ മഴവിൽച്ചിരി.
ചീറ്റുന്നു മുരളുന്നു
പരക്കംപായുന്നു
കുതിക്കുന്നു വെള്ളക്കുതിരപോൽ വെള്ളം.
ജീവനില്ലെങ്കിലും നിനക്കേതു
ജീവിയേക്കാളും സജീവത.
ജനിക്കുന്നു മരിക്കുന്നു നിന്നിൽ ജീവികൾ.
ജീവന്നാദിഗർഭാലയം നീ, ലയം നീ.
മിന്നലായ് മിന്നുന്നു നീ
ഇടിയായ് മുഴങ്ങുന്നു നീ
കലങ്ങുന്നു, തെളിയുന്നു
നിറയുന്നു, വറ്റുന്നു
വാറ്റുന്നു ലഹരിയായ് നിന്നെ
വയലിൽ വിളയിക്കുന്നു നീ വറ്റിനെ
ഹാ ജലമേ
തുറക്കുന്നു വിസ്മയജാലകം.
പ്രാപഞ്ചികോമന്മാദം
യോജിപ്പിന്റെ വിയോജിപ്പിന്റെ ജലവൈഭവം
വീണിടം വിഷ്ണുലോകം
ജലമേ പ്രമാണം.
ജലമേ പ്രണാമം.
ജലമർമ്മരം
ജലഭാവാന്തരങ്ങൾ, ജലനാദാന്തരങ്ങൾ, ജലതരംഗം, ജലമനോധർമ്മം , ജലതായ മ്പക, ജലച്ചെണ്ട, ജലത്തിന്നിലത്താളം,ജലപഞ്ചാരി, ജലസാഹസം, ജലവൈഭവം,ജലപ്രണാമം
നമോസ്തു ഹന്ത ഹന്തക്കിന്തപ്പട്ട് ജലസാഹസം ന്നച്ചാ അതന്യാ ന്നങ്ങട് പറയാ ജലം തന്നെ ആധാരം അല്ലാആരാങ്ങാട് പറയണ്ടല്ലോ വെളിച്ചാണ് ആധാരം ന്ന് ഹല്ല പിന്നെ സംശയം സംശയം —-