Skip to main content

മരിച്ചവളുടെ മുറി

 

മരിച്ചവളുടെ മുറിയിൽ
കയറുമ്പോൾ
വിയർക്കരുത്.
ചുട്ടുപഴുത്ത
അനേകം ചിന്തകൾ
അവിടെ
ഇന്നും
പല്ലിളിക്കുന്നുണ്ടാകാം.
അടുക്കിവെച്ച
തുണിത്തരങ്ങളിൽ
അവളുടെ മണം
തിരയരുത്
നൊമ്പരങ്ങളുടെ
വിങ്ങലുകളിൽ
അവയെല്ലാം
എന്നോ
മാഞ്ഞുപോയിരിക്കാം.
പൂർത്തിയാകാതെ
എഴുതിവെച്ച
വരികളിലൂടെ
അവളെ അറിയാൻ
ശ്രമിക്കരുത്
ഒരിക്കൽ
ആരും കാണാതെ പോയ
സങ്കടം
വീണ്ടും
ആളിക്കത്തിയേക്കാം.
ഒരിക്കലെങ്കിലും
ചേർത്തുപിടിക്കാൻ
കഴിയാതെ പോയതോർത്ത്
തല താഴ്ത്തരുത്.
കാരണം
മരിച്ചവരുടെ മുറികളിൽ
ഓർമ്മകൾ
ഇന്നും
നിശ്ശബ്ദമായി
ശ്വാസം വിടുന്നുണ്ട്.

***

No Comments yet!

Your Email address will not be published.