ആകാശചാരിയായ ഏതോ ദുർമന്ത്രവാദിനിയുടെ കൈപ്പിടിയിൽനിന്നു രക്ഷപ്പെട്ട് വട്ടംകുളത്തിൽ പതിച്ച കവിയുടെ പുസ്തകം ഞാൻ വായിച്ചുകൊണ്ടിരിക്കുന്നു. സ്വപ്നത്തിലും യാഥാർത്ഥ്യത്തിലും കഴിയുന്ന ഉഭയജീവിതത്തിന്റെ ‘പേ ക്രോ’മെന്ന് ആ കൃതി സ്വയം പരിചയപ്പെടുത്തുന്നു. ആ പരിചയവും പരിചരണവും എനിക്ക് ഇഷ്ടമായി.
ഇടശ്ശേരിനാട്ടിലെ കൗതുകകരമായ ഭാവനാ സഞ്ചാരം നാൽപ്പത്തിയാറു കവിതകളിലും വിസ്മയം തളിക്കുന്നു. കാണുന്ന ഓരോന്നിലും ഒളിഞ്ഞിരിക്കുന്ന എന്തോ ഒന്നുണ്ട്. വാക്കുകൾപോലെ പരിണാമിയായ അർത്ഥധാതുവാണത്. ഓരോരോ സന്ദർഭവും ഓരോരോ സൂചിതത്തെ വെളിവാക്കുന്നു. നനഞ്ഞ പാടപുസ്തകത്താളുപോലെ, തെറി പാറ്റിപ്പോകുന്ന കുഴൽവെള്ളംപോലെ, വിശ്വരൂപം കാണിക്കുന്ന അഴുക്കുചാൽപോലെ, തലോടിയുണർത്താവുന്ന തുരുമ്പു കൂട്ടിലടച്ച ഭൂതത്തെപ്പോലെ, മലയാളമല്ലുവിന്റെ ഉടൽവടിവുപോലെ, പെയ്യാതെ നിലംപതിച്ച കാർമേഘംപോലെ അത് കൗതുകം പകരുന്നു.
വാക്കുകൾ വഴങ്ങി നിൽക്കുന്നു. ഓരോ ദളമായി അതു വിടർന്നു വരുന്നു. മേശക്കടിയിൽ ചുരുണ്ടു കിടക്കുന്ന നദിപോലെ അത് മെരുക്കപ്പെടുകയും പ്രതിനിധാനങ്ങൾക്കിടയിലെ മുഴുവൻ സാന്നിദ്ധ്യം പോലെ ഉണർത്തപ്പെടുകയും ചെയ്യുന്നു. ഒന്നുതന്നെയാകുന്നു ശരീരിയും അശരീരിയും. കവിതയുടെ മന്ത്രവാദി ഞാൻ എന്ന ഒറ്റത്തടിയിൽ നമ്മൾ എന്ന അനേകം ചില്ലകൾ വിടർത്തിക്കാണിക്കുന്നു. ജീവിതത്തിന്റെ വാസ്തവവും കവിതയുടെ വാസ്തവവും ഇഴചുറ്റിക്കലരുന്നു.
‘ദാഹിച്ചു വരണ്ട ഭിക്ഷുവിന്റെ നാവ്
ജാതി ചോദിച്ചില്ല.
നടന്നു വലഞ്ഞ അഭയാർത്ഥിയുടെ കാല്
രാജ്യവും.’ (നോവുകടൽ)
ഉടലിൽനിന്ന് ഇറങ്ങി നടക്കുന്ന കവിയും കവിതയും ഉടലിലേക്ക് തിരിച്ചെത്തുന്നു. ആ സഞ്ചാരത്തിന്റെ രസധ്വനികൾ കേൾപ്പിക്കുന്നു. വിരാമത്തെ തോൽപ്പിക്കുന്നു. വാക്കെന്റെ വിലാസമെന്ന് സഞ്ചാരക്കുറിപ്പെഴുതുന്നു.
‘ഈയിലയെന്റെ തിരിച്ചറിവോല.
ഇതിലുണ്ടെന്നുടെയുൽപ്പം; നിന്റെയു-
മുലകത്തിന്റെയുമൊപ്പം.’ (ഉല്പം)
വാക്കു മുറിച്ച് ശബ്ദത്തെ, അക്ഷരങ്ങളെ തുറന്നു വിടുകയും അവ കൊത്തിവരുന്ന ഉൾക്കതിരുകളെയും അവയുടെ രൂപഗ്രഹണത്തെയും അതിസൂക്ഷ്മമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു കവി. ഈ ശസ്ത്രക്രിയ രചനയുടെ സവിശേഷതയാണ്. കമ്പിത്താൻ എന്ന കവിത തുടങ്ങുന്നതിങ്ങനെ:
താ യുടെ തലമണ്ട-
യ്ക്കടിച്ചു വീഴ്ത്തി
കാ യുടെയിടംചെവി-
യരിഞ്ഞു വീഴ്ത്തി
മു വിന്റെ മുലഞെട്ടു
കടിച്ചുതുപ്പി
ധ യുടെ നിതംബത്തിൽ
മുറിവു ചാർത്തി
റ യുടെ നടുനോക്കി-
ത്തുളച്ചിറക്കി
ട യെന്ന കുടൽമാല
പറത്തു ചാടി
മതിയായില്ലിവനൊട്ടും
കൊതി തീർന്നില്ല
മലയാള മല്ലുവിന്റെ-
യുടൽവടിവ്.
കാഴ്ച്ചാപ്രപഞ്ചത്തെ പല ഫ്രെയ്മുകളാക്കി വ്യത്യസ്താന്വയങ്ങളിൽ കൂടുതൽ ദീപ്തമാക്കി മറ്റൊരു പ്രപഞ്ചത്തെ സൃഷ്ടിക്കാൻ അധിക നേരമോ ഉപകരണമോ ആവശ്യമില്ല കവിക്ക്. ലഘുവായ കവിതകളുടെ വാവട്ടത്തുണ്ട് ലോകങ്ങളേതും. ഇതൊരു വിശേഷപ്പെട്ട ചിന്തയും അഭ്യാസവുമാണ്. പി പി രാമചന്ദ്രന്റെ കവിതകളിലേക്ക് കയറിയാൽ നമുക്ക് നമ്മുടെ ലോകം നഷ്ടപ്പെട്ടേക്കും.
പേക്രോമിനെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നാൽ അതുതന്ന ഉന്മാദത്തിന്റെ അയവിൽ പറഞ്ഞുകൊണ്ടേയിരിക്കും. അത് ഈ പേജിന് താങ്ങാനാവില്ലല്ലോ. അതിനാൽ തൽക്കാലം ഇത്രയും. രാമചന്ദ്രന്റെ കവിതകൾ എനിക്കു പ്രിയങ്കരം. ഈ പുസ്തകവും സുന്ദരം.
ഃഃഃഃഃഃഃഃ
അസാദിൻ്റെ ‘പേക്രോം ‘വായന കാവ്യാത്മകം. ഉൾനോട്ടപ്പാടുണ്ട്. കുറുകിയ മൊഴിക്കൂട്ടുകൾ. തുടങ്ങിയാൽ ഒടുക്കത്തിലേ നില്ക്കൂ .