Skip to main content

സ്ഥല-കാല കല്പനകളുടെ ‘തല’സ്ഥാനം

തിരുവനന്തപുരം

സുബീഷ് തെക്കൂട്ട്

ചാക്കയില്‍ ബസ്സിറങ്ങി
രണ്ടുകവര്‍ പാല്‍ വാങ്ങി
വീട്ടിലേക്ക് മടങ്ങുന്നു
തിരുവനന്തപുരം
അഞ്ചരമണിവെയില്‍ക്കിറ്റില്‍
ആട്ടമാവും പുളിയുള്ള തൈരും

ശംഖുമുഖത്തേക്കുള്ള
വളവ് തിരിയുന്നു
9 സി ഓറഞ്ച്
കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ്

അവളോടിക്കുന്ന ബൈക്കില്‍
ഇറുക്കിപ്പിടിച്ചവന്‍ പിന്നില്‍,
ഒന്നയഞ്ഞാല്‍
പിടിവിട്ട് താഴുമീ സന്ധ്യ
നോമ്പുതുറയ്ക്ക്
മുറിച്ചുവെച്ചപോലൊരു
പാതി സൂര്യന്‍
കടലില്‍

മുളകുബജ്ജിയുടെ
മണമുള്ള
കടലോരം

കടുപ്പം കുറച്ചൊരു കാപ്പിയിട്ട്
സൊറ പറഞ്ഞിരുന്നു
സ്‌പെന്‍സര്‍ ജംഗ്ഷനിലെ
പഴയ കോഫീ ഹൗസ്
പഴക്കം വരാത്തൊരു
പ്രണയകഥയ്ക്ക്
പാട്ടുമൂളി നിശാഗന്ധി

സംസമില്‍ ഒരു കോഴി
കമ്പിക്കാലില്‍
തലങ്ങും വിലങ്ങും തിരിഞ്ഞപ്പോള്‍
രാത്രിയായി

മലബാറില്‍ ബര്‍ത്തുറപ്പിച്ച്
മടക്കയാത്രക്ക്
രസവട പൊതിഞ്ഞു
തമ്പാനൂര്‍

കോട്ടയ്ക്കകത്ത്
അനന്തശായിക്ക് അത്താഴപൂജ,
വെട്ടുകാട് പാതിരാമണലില്‍
മാതാവിന്റെ
കോരുവല കുടഞ്ഞിട്ട പോല്‍ മാനത്ത്
വെള്ളിമീന്‍കൂട്ടം.

 

(കടപ്പാട് : True Copy Think)

***************************

 

സ്ഥല-കാലകല്പനകളുടെ ‘തല’സ്ഥാനം

‘നല്ല ഹൈമവതഭൂവില്‍’ എന്നു തുടങ്ങുന്നു മലയാളത്തിലെ അതിപ്രശസ്തമായ ഒരു കാവ്യം. ആ സ്ഥല സൂചനയിലുണ്ട് കൃതിയില്‍ സന്നിഹിതമായ ഭാവപ്രപഞ്ചം. ഉല്‍ഫുല്ല ബാലരവി പോലെ കാന്തിമാനായ ദിവാകരന്റെ ഔന്നത്യവും ആത്മീയ പ്രഭയും സൂചിതമാക്കാന്‍ സ്വാഭാവികമെന്ന് തോന്നുന്ന ഒരു സ്ഥലകല്പന കൊണ്ട് കുമാരനാശാന് കഴിഞ്ഞു.
ആ കൃതിയില്‍ തന്നെ ‘അഞ്ചുവട്ടമിഹ പൂത്തുകാനനം’ എന്ന കാലസൂചനകൊണ്ട് പുഷ്പ-ഫലസമൃദ്ധിയും സുഗന്ധവും വ്യഞ്ജിപ്പിക്കുന്നതും കാണാം. കവിത സ്ഥല-കാല കല്പനകളെ സൂക്ഷ്മ രൂപത്തില്‍ സന്നിഹിതമാക്കുന്നു; ഫിക്ഷന്റെ സ്ഥൂല ഘടനയില്‍ നിന്ന് ഭിന്നമായി. യാന്ത്രികമാകാതെ ഭാവുകന്റെ വൈകാരിക – വൈചാരിക തലങ്ങളെ സ്വാധീനിക്കുന്നിടത്ത് ഈ കല്പനകള്‍ക്ക് മിഴിവേറുന്നു. ആ അര്‍ത്ഥത്തില്‍ കവിത വൈചാരിക – വൈകാരിക ഭാഷയുടെ, ആഖ്യാനത്തിന്റെ തന്നെ ‘തല’സ്ഥാനമാകുന്നു. സ്ഥല-കാല സങ്കല്പങ്ങളിലുള്ള മിഖായേല്‍ ബാക്തി ന്റെ ചിന്തകള്‍ സാഹിത്യ പാഠത്തെ അര്‍ത്ഥ – ഭാവതലത്തില്‍ നിര്‍ണയിക്കാന്‍ പ്രേരകമായിട്ടുണ്ട്.
അന്‍വര്‍ അലിയുടെ ‘മെഹബൂബ് എക്‌സ്പ്രസ്സ്’ എന്ന കവിതാസമാഹാരത്തിലുള്ള ‘അടാട്ട്’ എന്ന കവിത സാന്ദര്‍ഭികമായി ഓര്‍ക്കുന്നു.

‘നേരം വെളുക്കുന്നടാട്ട്
കോള്‍പ്പടവിന്റെ കിഴക്ക്
ട്രാക്ടറുകള്‍ ചേര്‍ത്തു പൂട്ടും
ചേറ്റുപാടം പോലുഷസ്സ്
മൂത്തു വെയില്‍ ചൂടടാട്ട്’

‘കണ്ണീര്‍പാട’ത്തിന്, വൈലോപ്പിള്ളിക്ക് സമര്‍പ്പിച്ച ഈ കവിത സ്ഥലകല്പനയിലൂടെ കാലത്തേയും കാവ്യഭാഷയേയും അപനിര്‍മ്മിക്കുന്നതും മറ്റൊരു തലത്തില്‍ ആണെന്ന് മാത്രം.

ട്രൂ കോപ്പി തിങ്കില്‍ പ്രസിദ്ധീകരിച്ച സുബീഷ് തെക്കൂട്ടിന്റെ ‘തിരുവനന്തപുരം’ എന്ന കവിത കേരളത്തിന്റെ തലസ്ഥാനനഗരിയിലെ ചിലയിടങ്ങളെ സമയബന്ധിതമായി ആവിഷ്‌കരിക്കുന്നു. തിരക്കുപിടിച്ചതോ, യന്ത്രികമോ ആയി സാധാരണ കാഴ്ചയില്‍ കടന്നുവരുന്ന സ്ഥലങ്ങള്‍ക്ക് മനുഷ്യപ്പറ്റിന്റെ സൂക്ഷ്മാവബോധം പകര്‍ന്നുകൊണ്ടാണ് കവിത ഒരു ഇന്‍സ്റ്റലേഷന്‍ ആഖ്യാനമായി മാറുന്നത്. ഡി.വിനയചന്ദ്രന്റെ സമസ്ത കേരളം പി.ഒ, കെ.ജി.എസിന്റെ ‘കൊച്ചിയിലെ വൃക്ഷങ്ങള്‍’ എന്നീ രചനകള്‍ ആവിഷ്‌കരിക്കുന്ന സ്ഥലകല്പനയില്‍ നിന്ന് വ്യതിരക്തമായ ബിംബ-ഭാവ നിര്‍ണയം ഈ കവിത സാധ്യമാക്കുന്നുണ്ട്. ഒരു സായാഹ്നത്തില്‍ തുടങ്ങി രാത്രിയില്‍ ഒടുങ്ങുന്ന നഗരക്കാഴ്ചകളില്‍ വ്യാപരിക്കുന്ന ജീവിത ചിത്രത്തെ കയ്യടക്കത്തോടെ കൊണ്ടുവന്ന കവിത, സമയ സൂചനയുടെ കൃത്യത രേഖപ്പെടുത്തുന്നതും ശ്രദ്ധേയം.

ചതുര്‍ബാഹുവായി വിരാജിച്ച വിഷ്ണുവിനെ കിടത്തിക്കളഞ്ഞ ‘തിരോന്തര’ത്തുകാരെപ്പറ്റിയുള്ള മലബാറുകാരുടെ ഉള്ളിലിരിപ്പുകള്‍… ഫലിതമായും കാര്യമായും കടന്നുവരുന്ന തെക്കന്‍ വിമര്‍ശനങ്ങള്‍… അങ്ങനെ വെളിപ്പെടുന്ന, ഒരു മിത്തായി ഉറച്ചുപോയ തിരോന്തരം നോട്ടങ്ങള്‍… ശ്രീപത്മനാഭന്റെ ചക്രവും ആ പ്രലോഭനത്തില്‍ തെക്കുവടക്കും വടക്കുതെക്കുമായി ആവര്‍ത്തിക്കുന്ന യാത്രകള്‍, അധികാര-ഭരണകൂട-ഉപജാപക വ്യവഹാരങ്ങളിലൂടെ ലേബല്‍ ചെയ്യപ്പെട്ട തലസ്ഥാനവാങ്മയങ്ങള്‍ ഏറെ. എന്നാല്‍ ഈ കവിത നാളിതുവരെ രേഖപ്പെടുത്താത്ത ജീവിത വ്യവഹാരങ്ങളെ കേന്ദ്ര സ്ഥാനത്ത് കൊണ്ടുവരുന്നു; അത്രമേല്‍ സ്വാഭാവികമായി. ആരുടേതാണ് തിരുവനന്തപുരം? ബഹു കാര്യവ്യഗ്രരായി തമ്പടിച്ചവരുടേതോ? പത്മനാഭന്റെ നാല് ചക്രം കിട്ടാന്‍ സ്വന്തം ഇടം വിട്ട് മറ്റ് ജില്ലകളില്‍ പണിയെടുക്കുന്ന ക്ലാസ് ഫോര്‍ ജീവനക്കാര്‍ തൊട്ടുള്ളവര്‍ക്ക് വീക്കെന്‍ഡ് ഇടവേളകള്‍ കനിഞ്ഞരുളുന്ന താല്‍ക്കാലിക ജന്മസൗഖ്യങ്ങളുടെ ഇടമോ? നഗരവട്ടത്തില്‍ ചേക്കേറി ഇടവേളകളില്‍ ഒത്തുകൂടുന്ന ടെക്കികളുടെ ആവര്‍ത്തിത പോക്കുവരവിടങ്ങളോ? ആരുടേതാണ് തിരുവനന്തപുരം? അല്ലെങ്കില്‍ ഏതേതിടങ്ങളാണ് ഒരാള്‍ക്കുള്ളത് ആരൂഢമായി എന്ന ചോദ്യവും നിര്‍ദോഷമെന്നു തോന്നുന്ന അസ്തിത്വപ്രഹേളികയുടെ ആവിഷ്‌കാരവും കവിതയില്‍ സ്ഥാനപ്പെടുന്നു.

വടക്കുനിന്ന് ബസ്സില്‍ വരുന്നവര്‍ക്ക് തിരുവനന്തപുരം നഗരത്തിലെത്താനുള്ള പ്രധാന വഴിയാണ് ചാക്ക. ഒരു റസിഡന്‍ഷ്യല്‍ ഏരിയ കൂടിയാണത്. ചാക്കയില്‍ ബസ്സിറങ്ങി രണ്ട് പാക്കറ്റ് പാലും ആട്ടമാവും പുളിയുള്ള തൈരും വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന ഒരാളെ തിരുവനന്തപുരത്തില്‍ ദൃശ്യപ്പെടുത്തുന്നു. സാധനങ്ങള്‍ നിറച്ച മഞ്ഞക്കിറ്റിനെക്കുറിച്ച് പറയുമ്പോള്‍ അഞ്ചര മണി വെയില്‍കിറ്റ് എന്ന സമയ സൂചന കൂടി കൊടുത്തയക്കുന്നു. വേളിയിലേക്കും ശംഖുമുഖത്തേക്കും ടൗണ്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ്സും അവളോടിക്കുന്ന ബൈക്കില്‍ പിന്നിലിരുന്ന് ഒന്നയഞ്ഞാല്‍ പിടിവിട്ട് താഴെ വീഴുന്ന സന്ധ്യയുമായി പാഞ്ഞുപോകുന്ന സായാഹ്ന സവാരികള്‍… നോമ്പുതുറക്ക് മുറിച്ചുവെച്ച പോലെ കടലില്‍ പാതിസൂര്യന്റെ ചിത്രണം… നിശ്ചലമായും ചലച്ചിത്രവേഗമായും രൂപപ്പെടുന്ന ദൃശ്യഭാഷ കൊണ്ട് കവിത സ്ഥല-കാലങ്ങളില്‍ സഞ്ചരിക്കുന്നത് അപൂര്‍വമായ ആവിഷ്‌കാരം. കാവ്യഭാഷ, സകല കലാഭാഷകള്‍ക്കും മേലെ ആധിപത്യം സ്ഥാപിക്കുന്നതിന്റെ സൂക്ഷ്മ വിന്യാസം പ്രത്യേകം പരാമര്‍ശിക്കേണ്ടത് തന്നെ. ശംഖുമുഖത്ത് മാത്രമല്ല, സായാഹ്നത്തില്‍ പലതരം ബജ്ജികളുടെ മണമായി തിരുവനന്തപുരം മദിപ്പിക്കുന്നതും സ്‌പെന്‍സര്‍ ജംഗ്ഷനിലെ കോഫി ഹൗസ് സൊറ പറച്ചിലും കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിന്നുള്ള സായഹ്ന പ്രണയ സംഗീത ധാരയും സംസം എന്ന പ്രഖ്യാതമായ അറേബ്യന്‍ ഫുഡ് കിട്ടുന്ന ഹോട്ടലും… ആയി നഗരവട്ടത്തിലെ ആവര്‍ത്തന വ്യവഹാരങ്ങളുടെ ചിഹ്ന വ്യവസ്ഥയ്ക്കകത്തു പെട്ടുപോകുന്ന ജീവിതത്തെക്കൂടി കവിത മുന്നിലേക്ക് നിര്‍ത്തുന്നു. ഗ്ലോബല്‍ – ലോക്കല്‍ ഭിന്നിപ്പുകളുടെ കലക്കങ്ങള്‍ കവിതയിലുണ്ട്. സംസമില്‍ അതേ രുചിയോടെയാണ് കടപ്പുറത്തെ മുളക് ബജ്ജിയേയും സ്വീകരിക്കുന്നത്. യാത്ര, ഭക്ഷണം, മതവിശ്വാസം തുടങ്ങിയ വ്യവസ്ഥകള്‍ നഗരവര്‍ത്തമാനത്തില്‍ വട്ടം ചുറ്റി വരുന്നതും കാണാം.
യാത്ര-സ്വിഫ്റ്റ് ബസ്, ട്രെയിന്‍, ബൈക്ക്, ഭക്ഷണം – പാല്‍, ബജ്ജി, ഷവര്‍മ, മതവിശ്വാസം –
വെട്ടുകാട് മാതാവ്, കോട്ടയ്ക്കകത്തെ അനന്തശായി – മധ്യവര്‍ഗ ജീവിതത്തെ നിയന്ത്രിക്കുന്ന, വട്ടം കറക്കുന്ന ദൈനംദിന വ്യവഹാര മണ്ഡലം കൂടിയാണ് ഇത്.

കവിതയിലെ സമയ സൂചനയില്‍ മറ്റൊരട്ടിമറി സംഭവിക്കുന്നത്

‘സംസമില്‍ ഒരു കോഴി
കമ്പിക്കാലില്‍
തലങ്ങും വിലങ്ങും തിരിഞ്ഞപ്പോള്‍
രാത്രിയായി’
എന്ന സവിശേഷ സൂചനയിലാണ്. മലബാര്‍ എക്‌സ്പ്രസ്സില്‍ മടക്കയാത്ര ഉറപ്പിക്കുന്ന ഒരു തിരുവനന്തപുരത്ത് കാരന്റെ നഗര വ്യവഹാരങ്ങള്‍ ചില ഇടങ്ങളിലൂടെ ബിംബാത്മകമായി ധ്വനിപ്പിച്ച് ഇടങ്ങള്‍ നഷ്ടപ്പെട്ടവരുടെ, വിട്ടുപോകേണ്ടി വരുന്നവരുടെ, ഉള്‍ക്കനങ്ങളെ നിഴല്‍ രൂപത്തില്‍ രേഖപ്പെടുത്തുന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരവും കടല്‍ത്തീരത്തോട് ചേര്‍ന്ന വെട്ടുകാട് മാതാവിന്റെ പള്ളിയും പത്മനാഭസ്വാമി ക്ഷേത്രവും കടും നിറത്തില്‍ അവതീര്‍ണമാകുമ്പോള്‍ നിഴല്‍ പോലെ ഇല്ലാതായിത്തീരുന്ന വ്യവഹാര സഞ്ചാര ലോകങ്ങളുടെ ഇരുള്‍ ചിത്രം ഗ്ലോബല്‍ – ലോക്കല്‍ വൈവിധ്യങ്ങളുടെ മെട്രൊ നരേഷനായി അടയാളപ്പെടുന്നു. കവിതയുടെ പരിസമാപ്തിയില്‍

‘മാതാവിന്റെ
കോരുവല കുടഞ്ഞിട്ട പോല്‍ മാനത്ത്
വെള്ളിമീന്‍കൂട്ടം’
എന്ന നക്ഷത്രാലംകൃതമായ പ്രതീക്ഷയുടെ വിദൂര ലോകവും സ്ഥാനപ്പെടുത്തുന്നു. പഴയ അലങ്കാരശാസ്ത്രത്തിന്റെ കണക്കില്‍ സ്വഭാവോക്തിയായി ഗണിക്കാവുന്ന ആഖ്യാനം. സൂക്ഷ്മ സ്വഭാവം വര്‍ണിക്കുന്നതാണല്ലോ സ്വഭാവോക്തി.
വസ്തു, വ്യക്തി എന്നീ സാധാരണ അലങ്കാര ചിത്രണങ്ങളില്‍ നിന്ന് കവിത മോചിതമാകുന്നത് സ്ഥലത്തിന്റെ സൂക്ഷ്മ സ്വഭാവ കല്പനയിലാണ്, സാംസ്‌കാരിക-സാമൂഹിക ഇടങ്ങളെ പകര്‍ത്തി വെക്കുന്നതിലൂടെയാണ്. സ്ഥലം, വ്യക്തി, സംസ്‌കാരം എന്നിവയുടെ സൂക്ഷ്മസ്വഭാവം കാവ്യാത്മകമായി പല അടരായി വിതാനിക്കുന്നതും കവിതയിലെ വേറിട്ട ആഖ്യാനം.

സുബീഷ് തെക്കൂട്ടിന്റെ പുതിയ പുസ്തകം

വിഷാദവും ഏകാന്തതയും സമയവേഗവും ശമിപ്പിക്കാന്‍ ആധുനിക നാഗരികത, ഔദാര്യം പോലെ തന്ന ആത്മീയ-വിനോദ ഇടങ്ങളിലൂടെ വായനക്കാരെ കറക്കി വിട്ട് അപൂര്‍വ്വ ബിംബ – ഭാവ കല്പനകള്‍ കൊണ്ട് വ്യവസ്ഥാപിത കവിതയിലെ ചിഹ്ന – ആഖ്യാന വ്യവസ്ഥകളില്‍ നിന്ന് വേറിടുകയാണ് സുബീഷ് തെക്കൂട്ടിന്റെ ‘തിരുവനന്തപുരം’എന്ന കവിത.

One Reply to “സ്ഥല-കാല കല്പനകളുടെ ‘തല’സ്ഥാനം”

Your Email address will not be published.