Skip to main content

കൈകള്‍

എനിക്കെന്‍ മെയ്യിനെ
കൈകളിലൊതുക്കാനാവും
കൈകളാഗ്രഹിക്കുമ്പോള്‍-
പ്രിയപ്പെട്ടവളേയും.
സത്യത്തില്‍, ചന്ദ്രനെപ്പോലും
കൈയ്യിലെടുക്കണമെന്നുണ്ട്.

പക്ഷേ, ഇപ്പോള്‍
ജയില്‍ മുറിയുടെ ഈ ഇരുട്ടില്‍
കൈകള്‍
കൈകളാണെന്ന തോന്നലുണ്ടാക്കുന്നില്ല.
അവ താഡനങ്ങളായാണനുഭവപ്പെടുന്നത്.
എനിക്ക് പരാതിയില്ല,
പലപ്പോഴും, ഈ ഇരുമ്പഴികളുടെ സ്പര്‍ശംപോലും
സുഖദായകമാകുന്നു.

പെട്ടന്നൊരു സുഹൃത്ത്
എന്റെ മുന്നിലേക്ക് കടന്നുവരുമ്പോള്‍
ഞാനറിയാതെത്തന്നെ
കൈകള്‍ ചുരുട്ടിയ മുഷ്ടികളായി
അന്തരീക്ഷത്തില്‍ അലയടിക്കുന്നു.
അവന് കൈ കൊടുക്കുമ്പോള്‍
നിയമങ്ങള്‍ തേങ്ങിയമരുന്നു.

കൈകളുടെ ഈ നിരന്തരതയെ
ആര്‍ക്കും തട്ടിപ്പറിക്കാനാവില്ല.
പകല്‍ തന്റെ കൈ പിന്‍വലിക്കുമ്പോള്‍
രാത്രി കൈകള്‍ നീട്ടുന്നു.
വാതിലിന്റെ ഈ അഞ്ച് ഇരുമ്പഴികള്‍
സ്‌നേഹാര്‍ദ്രമായ അഞ്ചു കൈകളായി മാറുന്നു.

അവയിലൊന്ന് എന്റെ ഗ്രാമത്തിലെ
കാരണവരായ തുളിസിബാബയുടേതാണ്.
വര്‍ഷങ്ങള്‍ കോര്‍ത്തു കോര്‍ത്ത് വിരലുകള്‍
ക്ഷീണിച്ചുപോയതുകൊണ്ട്
പലപ്പോഴും അദ്ദേഹം ഉറുദു പഠിപ്പിക്കുമ്പോള്‍
അറിയാതെ ‘അലഫ്’ ‘ത’ യായി മാറുമായിരുന്നു.
എനിക്കും ട്രൗസര്‍ തയ്പിച്ചു തരുന്നതിനു പകരമായി
എന്റെ ചെവികള്‍ തിരുമ്മുകയും
ഞാന്‍ എതിരായി പ്രവര്‍ത്തിക്കുമെന്നറിഞ്ഞുകൊണ്ടുതന്നെ
കന്നുകാലികളോടൊപ്പം
കുളത്തിലിറങ്ങി
കുതിരയും വരനും കളിക്കരുതെന്ന്
ഉപദേശിക്കുമായിരുന്നു…

***

കടപ്പാട് : സാംസ്‌കാരിക മാസിക, 1988 ഡിസംബര്‍

 


 

വിവര്‍ത്തനം : ഡോ. ഷണ്‍മുഖന്‍ പുലാപ്പറ്റ

No Comments yet!

Your Email address will not be published.