‘തെങ്ങു കയറുന്നതിനെക്കുറിച്ച് അച്ഛനും
കല്ല് ചുമക്കുന്നതിനെ കുറിച്ച് അമ്മയും പറയാറുള്ളത് പോലെ കവിതയെഴുതുന്നതിനെക്കുറിച്ച്
എനിക്ക് എന്നാണ് പറയുവാന്‍ കഴിയുക?’
(വഴി -ഷിബിന്‍ ചെമ്പരത്തി )
കവിത തന്നെ കവിതയ്ക്ക് വിഷയമാകുന്നു എന്നത് പുതു കവിതയുടെ പ്രധാന സവിശേഷതയാണ് .എന്നുടെ ഒച്ച വേറിട്ട് കേട്ടുവോ എന്ന പ്രസിദ്ധമായ ഉത്കണ്ഠയുടെ ആധിക്യം പുതു കവിതയെ ഭാവരൂപങ്ങളില്‍ ഏറെ നവീകരിച്ചിട്ടുണ്ട്. മലയാള കവിതയില്‍ ആഖ്യാനത്തിലും പ്രമേയത്തിലും ഇത്രമേല്‍ വൈവിധ്യമുള്ള ഒരു കാലം കാവ്യചരിത്രത്തില്‍ ഇല്ല . 1990കള്‍ക്കു ശേഷമുള്ള മലയാള കവിതാചരിത്രത്തില്‍ ഇടം നേടിയത് വ്യത്യസ്ത മൊഴികളുടെ ആവിഷ്‌കാരം കൊണ്ടാണ്. പാരമ്പര്യ രീതികളും ആധുനികതയുടെ മുക്തഛന്ദസും തനത് മലയാളത്തിന്റെ നാട്ടുവഴക്കങ്ങളും മാത്രമല്ല രാഷ്ട്രീയവും സൈബര്‍ ഭാഷയുടെ ചുണയും ലോക കവിതയില്‍ നിന്ന് സ്വാംശീകരിച്ച പരീക്ഷണ വ്യഗ്രതയുംകളിമട്ടിലുള്ള ഫലിത മൊഴികളും ചേര്‍ന്ന് കവിത ഒരു ഫ്രെയിമിലും ഒതുങ്ങാതെ ഭാവുകത്വത്തെ പ്രഹേളികയാക്കുന്നു. റഫീക്ക് അഹമ്മദ്, പി .പി രാമചന്ദ്രന്‍, കെ .ആര്‍ ടോണി, പി.എന്‍ ഗോപീകൃഷ്ണന്‍, പി. രാമന്‍, വിഷ്ണുപ്രസാദ്, എല്‍. തോമസ്‌കുട്ടി, അന്‍വര്‍ അലി, പവിത്രന്‍ തീക്കുനി, വി. എം. ഗിരിജ, പി.എ. നസിമുദ്ദീന്‍, വീരാന്‍ കുട്ടി, സെബാസ്റ്റ്യന്‍, അനിതാ തമ്പി, മാധവന്‍ പുറച്ചേരി, കുഴൂര്‍ വിത്സണ്‍, ആര്‍. ശ്രീലതാവര്‍മ്മ, എസ്. കലേഷ്, ശ്രീജിത്ത് അരിയല്ലൂര്‍, ജയചന്ദ്രന്‍ പൂക്കരത്തറ, പി.ആര്‍. രതീഷ്, എം. ആര്‍. വിഷ്ണുപ്രസാദ്, സോമന്‍ കടലൂര്‍, ഇ. സന്ധ്യ, ലതീഷ് മോഹന്‍, അമ്മു ദീപ, ദുര്‍ഗാ പ്രസാദ്, വിജില, സുബിന്‍ അമ്പിത്തറയില്‍ എന്നിവരുടെ കവിതാസമാഹാരങ്ങള്‍ ശ്രദ്ധിച്ചാല്‍ അറിയാം ഒന്നിനൊന്ന് വ്യത്യസ്തമായി കവിത വാക്കുകളെ സ്വതന്ത്രമാക്കുന്നത്.
നിള, നദി, മയില്‍പീലി, വളപ്പൊട്ട് ഇത്യാദികള്‍ കൊണ്ട് കവിതയെഴുതാമായിരുന്നു എന്ന് റഫീക്ക് അഹമ്മദ് ഒരു കവിതയില്‍ സൂചിപ്പിക്കുന്നുണ്ട്. പില്‍ക്കാലത്ത് വൃത്തം എടുത്തു കളഞ്ഞു കുറച്ചു രക്തം, ഇത്തിരി വെടിയുപ്പ്, എന്നിവ ചേര്‍ത്ത് താളിച്ചാല്‍ കവിതയാകുമായിരുന്നു. പക്ഷേ, അന്നും ഇന്നും മൗനത്തെ എഴുതാനാണ് പാട് എന്ന് കാവ്യശിക്ഷ എന്ന കവിതയിലൂടെ റഫീക്ക് അഹമ്മദ് കാവ്യവിചാരം നിര്‍വഹിക്കുന്നുണ്ട്. (കാവ്യ ശിക്ഷ-റഫീക്ക് അഹമ്മദ്, പ്രഭാതരശ്മി മാസിക, 2018 ജനുവരി )
നിശ്ശബ്ദതയുടെ ആഴങ്ങള്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നതിലൂടെ കവിത ഹ്രസ്വവും ധ്വന്യാത്മകവും ആകുന്നതിന്റെ സാക്ഷ്യം ആണല്ലോ ഹൈക്കു. ഇക്കാലത്ത് മഹാകാവ്യങ്ങള്‍ രൂപപ്പെടാത്തതിന് പിന്നിലും അതിദീര്‍ഘ ഭാഷാവ്യവഹാരങ്ങള്‍ ആവിഷ്‌കാരത്തെ വഞ്ചിക്കും എന്ന തോന്നലാകാം. കുറച്ചുപറഞ്ഞ് വായനക്കാര്‍ക്ക് കൂടുതല്‍ കരുതലോടെ ലഭ്യമാകാന്‍ കവിത സ്വയം സജ്ജമാകുന്നതിന്റെ സൂചനകള്‍ പുതു കവിതയെ സൂക്ഷ്മതയുടെ സൗന്ദര്യശാസ്ത്രത്തിലേക്ക് നയിച്ചിട്ടുണ്ട്.
ചുരുക്കെഴുത്തിന്റെ മൂര്‍ച്ചയും ഉശിരുമുള്ള കവിതകള്‍ എഴുതി വേറിട്ടുനില്‍ക്കുന്ന കവിയാണ് ഷിബിന്‍ ചെമ്പരത്തി. തന്റെ അനുഭവലോകങ്ങള്‍ ആവിഷ്‌കരിക്കാന്‍ യാതൊരുവിധ പ്രതിസന്ധിയും ചുരുക്കെഴുത്തുകൊണ്ട് നേരിടുന്നില്ല. പ്രണയം, തിരസ്‌കാരം, ആത്മബോധം, സാമൂഹിക ധാരണ എന്നിവ രേഖപ്പെടുത്താന്‍ കവിതയാണ് കൃത്യമായ മാധ്യമമെന്ന് ഷിബിന്‍ ചെമ്പരത്തിയുടെ ‘മീസാന്‍ കല്ലിലെ ചെമ്പരത്തി’ ( പ്രസാധനം: വെയില്‍ ബുക്‌സ്, വടകര 2016)
‘ആശാ മരത്തിന്റെ വിത്തുകള്‍’ (പ്രസാധനം: വെയില്‍ ബുക്‌സ്, വടകര, 2018 )എന്നീ കവിത സമാഹാരങ്ങള്‍ ഉറപ്പിക്കുന്നു .എന്റെ കവിതയുടെ ഭൂപടത്തില്‍ മറ്റാര്‍ക്കും എത്തിച്ചേരാന്‍ ആവാത്ത ഒരു പവിഴദ്വീപ് ഉണ്ടെന്നും അവിടെ ഉടഞ്ഞുപോയ ശിലാലിഖിതങ്ങളില്‍ ഒരു പുരാതന കാമുകിയുടെ പേരുണ്ടെന്നും പറയുമ്പോള്‍ ഷിബിന്‍ ചെമ്പരത്തിയുടെ കവിത ആത്മഭാവങ്ങളെ വ്യത്യസ്തമായ പ്രതലത്തില്‍ സ്ഥാപിക്കുന്നത് കാണാന്‍ കഴിയുന്നു. തന്റെ കവിതകളെ ആശാ മരത്തിന്റെ വിത്തുകളായി രൂപപ്പെടുത്തുകയാണ് ഷിബിന്‍ ചെമ്പരത്തി. കവിതയിലെ വിതയ്ക്ക് പ്രക്ഷിപ്തമാകുന്ന സ്വയം ന്യൂനീകരണത്തിന്റെയും നിത്യസംശയങ്ങളുടെയും വിങ്ങല്‍ ആശാമരം, വിത്തുകള്‍ എന്നീ പ്രതീകങ്ങളില്‍ ഉണ്ട്. തണല്‍ വിരിച്ചും ഇലപൊഴിഞ്ഞും മുറിവേറ്റും നില്‍ക്കുന്ന ഒരു മരത്തിന്റെ നിഴല്‍ ഷിബിന്റെ പല കവിതകളിലും കാണാം.
‘എന്റെ വാക്കുമരത്തിന്റെ കാതല്‍
നീയറിയുന്നു
നിന്റെ
മൗനനദിയുടെ വിങ്ങല്‍ ഞാനും
എന്നിട്ടുമെന്താണ് ജന്മ ശത്രുവേ..
നമ്മളൊരിക്കലും മിത്രങ്ങളാകാത്തത്..?’
(കാതല്‍)
ത്യാഗത്തിന്റെയും സമരത്തിന്റെയും പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന സ്വാതന്ത്ര്യത്തിന്റെ ശാഖിയായാണ് ആഗസ്റ്റ് 15നെ ചുരുങ്ങിയ വാക്കുകളിലൂടെ കവിത അടയാളപ്പെടുത്തുന്നത്.
‘ഇലകളില്ലെങ്കിലും മൂന്നുവര്‍ണത്തോടെ
ആ മരം പൂക്കുന്നത് സമരം ചെയ്തവരുടെ ഹൃദയത്തില്‍ ആയതുകൊണ്ടാണ്’
(ഓഗസ്റ്റ് 15)
പ്രകൃതി ഇത്രമേല്‍ സ്‌നേഹിച്ചിട്ടും മനുഷ്യന്‍ പൂക്കളോട് കലഹിക്കുന്നത് എന്തുകൊണ്ടാവാം എന്ന് കവി ആകുലപ്പെടുന്നുണ്ട്. പിടികിട്ടായ്മയുടെ, തിട്ടപ്പെടുത്താനാകാത്ത അസ്വസ്ഥതകളുടെ, ആരും മനസ്സിലാക്കാത്തതിന്റെ അസംഖ്യം മുറിവുകള്‍ ഓരോ നിരീക്ഷണത്തിലും വിങ്ങുന്നുണ്ട്.
‘പ്രണയ ബാങ്കില്‍ നിന്ന് ഞാനൊരു നിലാവ് പോലും കടമെടുത്തിട്ടില്ല
പിന്നെന്തിനാണ് ഹൃദയലേഖനമയച്ച് നീയെന്നെ ജപ്തി ചെയ്യുന്നത്..?’
(മത്സ്യകന്യകയില്ലാത്ത കടല്‍)
വൈകാരികഭാവങ്ങള്‍ പോലും വില്പന വസ്തുവാകുന്ന, ഓരോ മനുഷ്യനും കോര്‍പ്പറേറ്റ് നാട്യങ്ങളുടെ അണിയറയായി മെരുങ്ങുന്ന, ജൈവികത ചോര്‍ന്നുപോയ സമകാലത്ത് വ്യസനം കൊണ്ട് കലഹിക്കുന്നു കവി.
‘വിശക്കുന്നവനെ
ഭക്ഷണക്കെണിവെച്ച് പിടിച്ച്
ഒരിറ്റു പ്രാണവായു കൊടുക്കാതെ
ചതിച്ചു കൊല്ലുന്നവന്റെ കര്‍മ്മത്തിന്റെ ഫലം
ഉപ്പും മുളകും തേച്ചുപൊള്ളിച്ച്
എത്ര ആസ്വദിച്ചിട്ടുണ്ട് നമ്മള്‍’
(ചൂണ്ടക്കാരന്‍)
കര്‍മ്മഫലത്തെക്കുറിച്ചുള്ള വേട്ടയുടെ നിര്‍വചനവും ആസ്വാദനവുംഇരയെ അപ്രത്യക്ഷമാക്കിയാണ്, കെണിയൊരുക്കി കൊണ്ടാണ് എന്നെഴുതാന്‍ കവിത പ്രതീകങ്ങളും നാളിതുവരെ എഴുതപ്പെട്ട ധര്‍മ്മ പാഠങ്ങളുടെ ചില അടരുകളും വാക്കിലൊതുക്കി ധ്വന്യാത്മകമാകുന്നു.
കാവ്യപാരമ്പര്യത്തിലെ ചില അടരുകളെ പുനര്‍ നിര്‍ണയിക്കുന്ന പുതുകാവ്യ സവിശേഷതകളും കവിതകളിലുണ്ട്. ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം, മറ്റൊരു തരത്തില്‍ പാലത്തിനടിയിലെ ദാസിയാണ് നിള എന്ന കല്‍പ്പനയിലൂടെയും മഴുവിന്റെ കഥ എന്ന് മറ്റൊരു കവിതയുടെ തലക്കെട്ട് കൊണ്ടും കാവ്യചരിത്രത്തെ ആലോചനകളിലേക്ക് എത്തിക്കുന്നു.
‘ആനമലയില്‍
നിന്നമ്പാരിയോടെ വന്നിറങ്ങി
ഇന്നിതാ കുറ്റിപ്പുറം ചുമക്കുന്നൊരു ദാസിയായി’
(നിള)
മൗലികമായ നിരീക്ഷണങ്ങളാല്‍ സമ്പന്നമാണ് ഷിബിന്റെ കവിതകള്‍. മഴയെക്കുറിച്ച് കവി പറയുന്നത് ഓല വീടിന്റെ ആണ്ടു ബലിക്ക് മുടങ്ങാതെ വന്നു പോകാറുള്ള പെരുങ്കള്ളന്‍ എന്നാണ്. ‘കാര്‍മുകിലേ നിന്റെ കവിളില്‍ നുള്ളിയതാരാണ്, ഇങ്ങനെ ചിണുങ്ങാന്‍ ‘എന്നും ചോദിക്കുന്നുണ്ട്. മിന്നാമിനുങ്ങിനോട് വീട് ചോദിക്കുക എന്ന് ഏറെ വിസ്മയിപ്പിക്കുന്ന ഒരു പ്രയോഗം കടന്നു വരുന്നുണ്ട് കവിതയില്‍. ‘ഇരുട്ട് കീറുന്ന വജ്രസൂചിയില്‍’ നിന്നും ഏറെ വിഭിന്നവും എന്നാല്‍ തെളിമയുമുണ്ട് ഈ നിരീക്ഷണത്തിന്. കറുപ്പിന്റെ സൗന്ദര്യ പദ്ധതിയുമായി ചരിത്രത്തില്‍ ഇടപെടാന്‍ പൗരാണിക സൂചനകളെ വിചാരണ ചെയ്യുന്നുണ്ട്. ഐരാവതത്തെ എഴുന്നള്ളിച്ച ഒരു പൂരവും ചരിത്രത്തില്‍ ഇല്ല എന്ന പ്രകോപനം നിറഞ്ഞ സൂചന, ഫാസിസ്റ്റ് കാലത്തെ വര്‍ണ്ണവെറിയെ നേരിടുന്നുണ്ട്.
കവിത യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നതിന്റെ ധ്വനികള്‍ ഏറെ സവിശേഷമായി ഷിബിന്റെ കവിതയില്‍ അടയാളപ്പെടുന്നു. ഉപരി വീക്ഷണങ്ങളെ തമസ്‌കരിക്കുന്ന പ്രക്ഷുബ്ധമായ വീണ്ടെടുക്കലുകള്‍ കവിതകളിലുണ്ട്. ഇലകളെയും കായ്കളേയും പൂക്കളെയും മുന്‍നിര്‍ത്തി വസന്തത്തെ വരവേല്‍ക്കുന്ന സമ്പ്രദായിക ബോധത്തെ തിരസ്‌കരിക്കുന്നുണ്ട്.
‘ഇലകള്‍ക്കിടയിലല്ല വേരിലാണ്
എന്റെ വസന്തം
വിരുന്നുവന്നത്’
(ഋതുഭേദങ്ങള്‍)
നിലവിലുള്ള സൗന്ദര്യശാസ്ത്രത്തെ പരിക്കേല്‍പ്പിക്കല്‍ കൂടിയാണ് ഈ ഒരു പ്രഖ്യാപനം.
‘ഇനി ഏതു ചില്ലയില്‍ ചുംബിച്ചാലാണ്
നിന്റെ വേരിലൊരു വസന്തം വിരുന്നുവരുന്നത്?’ എന്ന് ‘അടയാളങ്ങള്‍’ എന്ന കവിതയില്‍.
എന്റെ ഓര്‍മ്മയ്ക്ക് നീ നട്ടുവളര്‍ത്തിയ ചുംബന മരങ്ങളും അവയില്‍ നിന്ന് സാധ്യമാകുന്ന വിത്തുകളും പാരസ്പര്യത്തിന്റെ, അനുരാഗത്തിന്റെ ഉര്‍വരതകളില്‍ ഉള്ള് പൊട്ടിമുളയ്ക്കുമെന്ന പ്രത്യാശയുടെ ഹരിതബോധം ഒരിക്കലും പാഴാവുകയില്ല. ആശാമരത്തിന്റെ വിത്തുകള്‍ ആര്‍ദ്രമായ ആന്തരിക ഭാവ സ്ഥലികളില്‍ ഓരില ഈരിലയായ് പടര്‍ന്നു പന്തലിച്ച് തണല്‍ ഒരുക്കുക തന്നെ ചെയ്യും. വെയിലു കൊണ്ട് വിളറിയവര്‍ക്ക് അഭയമായി മാറുകയാണ് ഈ കവിതയുടെ തണല്‍.

ഇടം
ഷിബിന്‍ ചെമ്പരത്തി
ഒരുപാട്
ആനക്കവിതകളുള്ള
ഉത്സവപ്പറമ്പാണിത്.
അതിനിടയിലൂടെ സ്വപ്നഭാരം പേറി
എന്റെ ആമക്കവിതകള്‍ ഇഴഞ്ഞു വരുന്നുണ്ട്.
നെറ്റിപ്പട്ടവും
പൊന്‍കോലവും വേണ്ടാ.. ആലവട്ടവും വെണ്‍ചാമരവും വേണ്ടാ.. മുത്തുക്കുടയും
പൂമാലയും വേണ്ടാ…
ഹൃദയത്തിലേക്ക്
ഇത്തിരി വഴി…
അവരങ്ങ് ഇഴഞ്ഞു വന്നോളും.
അവിടെയെത്തുമ്പോള്‍ ‘മതം പൊട്ടിയെന്നു പറഞ്ഞ് നിങ്ങളതിനെ ജാതി മരത്തില്‍ തളയ്ക്കാതിരുന്നാല്‍
മതി’
— — — – – – – – –
അലച്ചില്‍
ഷിബിന്‍ ചെമ്പരത്തി
ഒട്ടും അടങ്ങിയിരിക്കാത്ത ഒരു കുരുത്തംകെട്ട കുട്ടിയാകണം കവിത .
ഏത് സദസ്സില്‍ ചെന്നാലും കലഹിക്കണം
ആരുടെ ഹൃദയത്തിലെത്തിയാലും പൊള്ളലോ പോറലോ
ഏല്‍പ്പിക്കാതെ
തിരികെ വരാന്‍
അതിനാവരുത്
അഥവാ… മൂകമായി തിരികെ വന്നാല്‍
നല്ല നാലടി
വാക്കിനിട്ട് കൊടുത്ത് തിരിച്ചോടിക്കണം.
പോയ്‌ക്കോട്ടെ…
പോയി നാടുമുഴുവന്‍
തെണ്ടി നടക്കട്ടെ…
No Comments yet!