Skip to main content

ചാരമണമുള്ള രാത്രികൾ

മഹാനഗരത്തിലെ കോർപ്പറേറ്റ് ഓഫിസിൽ ഉദ്യോഗസ്ഥരായ അവൾക്കും അവനും പിന്നാലെയാണ് എപ്പോഴും അയാളുടെ ഒളിക്കണ്ണുകൾ. അയാൾ അവരെ, അവരറിയാതെ പിന്തുടർന്നു കൊണ്ടിരുന്നു.

ദൂരെ നിന്നും അവൻ വരുന്ന ട്രെയിനിൽ അതേ ഫസ്റ്റ് ക്ലാസ്സ് കമ്പാർട്ട്മെന്റിൽ അഞ്ച് സ്റ്റേഷനുകൾക്ക് ഇപ്പുറത്തു നിന്നാണ് നിത്യവും അവൾ കയറുന്നത്; അയാളും. ട്രെയിനിറങ്ങി ഒന്നിച്ചാണ് അവരുടെ നടത്തം. അയാൾ അവരുടെ കണ്ണിൽപെടാതെ പിന്തുടരും.

ഓഫീസിലേക്ക് കയറും മുമ്പ് തൊട്ടടുത്ത തട്ടുകടയിൽ നിന്നും സിഗരറ്റുകൾ പുകച്ചുകൊണ്ട് ഇരുവരും കുഞ്ഞു ഗ്ലാസ്സിൽ കട്ടിങ് ചായ കുടിക്കും. എത്ര പറഞ്ഞിട്ടും മതിവരാതെ സംസാരിച്ചുകൊണ്ടേയിരിക്കും.

ഓഫീസിൽ കയറിയ ശേഷം ചായക്കൊപ്പം സിഗരറ്റ് പുകച്ച് ഉന്മേഷപെടാൻ ഇടക്ക് അവരിരുവരും പുറത്തിറങ്ങും. ഉണ്ണാനായി ഉച്ചക്കിറങ്ങുന്നതും ഒരുമിച്ചാണ്. വീട്ടിൽ നിന്നും കൊണ്ടുവന്നതവർ പങ്കിട്ടാണ് കഴിപ്പ്.

ഒരുമിച്ചാണവർ വൈകീട്ട് തിരിച്ചു പോകുന്നതും. സിഗരറ്റും പുകച്ച് തട്ടുകടയിലെ കട്ടിങ് ചായ വീണ്ടും കുടിക്കും. പിന്നെ ഇരുവരും നേരെ റെയിൽവേ സ്റ്റേഷനിലേക്ക്. ഒരേ ട്രെയിനിൽ ഒരു കമ്പാർട്ടുമെന്റിൽ അവർ തിരിച്ചുപോകുന്നു, പറഞ്ഞു പറഞ്ഞു തീരാത്ത കഥകളുമായി. അവളിറങ്ങി അഞ്ചു സ്റ്റേഷനുകൾക്കപ്പുറം അവനുമിറങ്ങും.

അവധി ദിനങ്ങളിലൊഴിച്ച് ഇത് ആവർത്തിച്ചുകൊണ്ടിരിക്കും. മടുപ്പൊന്നുമില്ലാതങ്ങിനെ അയാൾ ആ കാഴ്ചകൾ ഉറക്കംവറ്റിയ കണ്ണുകളാൽ കണ്ടുകൊണ്ടേയിരിക്കും.

വീട്ടിൽ തിരിച്ചെത്തി, എല്ലാം മറന്നൊന്ന് ഉറങ്ങാൻ കൊതിച്ച് അയാൾ കിടക്കും. മൗനംഘനീഭവിച്ച കിടപ്പറയിൽ അയാൾക്ക്, പക്ഷെ അന്നും ഉറങ്ങാനാകില്ല. അരികിൽ ചേർന്നു കിടക്കുന്ന അവളുടെ ചുണ്ടിലെ സിഗരറ്റ്ഗന്ധം എന്നത്തേയും പോലെ അന്നും അയാളെ അസ്വസ്ഥനാക്കും…

***

ചിത്രീകരണം : ഇമ ബാബു

No Comments yet!

Your Email address will not be published.