Skip to main content

പരമേശ്വരിയുടെ മക്കള്‍

‘പരമേശ്വരിയുടെ പൂച്ചകള്‍’ – സലിം ഷെരിഫ് എഴുതിയ ഒരു കഥയുടെ ശീര്‍ഷകമാണ്. പരമേശ്വരിക്ക് രണ്ടു പൂച്ചകളുണ്ട്. സുബ്രുവും മണിയും. പരമേശ്വരിയുടെ മക്കളുടെ പേരാണ് പൂച്ചകള്‍ക്കും. പരമേശ്വരി മരിച്ചിട്ട് ഏറെ നാളായി. പൂച്ചകളെ കാണാതായപ്പോള്‍ ഹൃദയം പൊട്ടി മരിക്കുകയായിരുന്നു. പരമേശ്വരിയെ ഓര്‍ക്കുന്ന കുഞ്ഞുമോന്‍ വലുതായിരിക്കുന്നു. മരിച്ചതു കാരണം പ്രായമേറാതെ അതേപടി തുടരുന്ന പരമേശ്വരിയെ വലുതായ കുഞ്ഞുമോന്‍ തന്റെ ഓര്‍മ്മയില്‍ കാണുന്നു.

ഈ കഥ ഒരു രേഖീയ ആഖ്യാനമല്ല. ആഖ്യാതാവിന്റെ വ്യക്തിപരമായ ഓര്‍മ്മകള്‍, ഭാവന, കുട്ടിക്കളികള്‍, രാഷ്ട്രീയം, സമൂര്‍ത്തമായ ജീവിതാനുഭവം എന്നിവ പല സന്ദിഗ്ദ്ധനിലകളില്‍ സംയോജിക്കുന്ന അനുഭവമാണ് സലിം ഷെരിഫിന്റെ ആഖ്യാനം വായനക്കാര്‍ക്കു നല്‍കുന്നത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ജീവിതാനുഭവം, ഓര്‍മ്മ, ഭാവന എന്നിവയ്ക്കിടയിലുള്ള അതിരുകള്‍ മാഞ്ഞുപോകുന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു. കഥാഖ്യാനശൈലിക്ക് ദ്രവരൂപമാണ്. ബാല്യത്തിന്റെ നിഷ്‌കളങ്കതയ്ക്കും ആഖ്യാതാവിന്റെ ദാര്‍ശനികതയ്ക്കും ഇടയില്‍ അത് തുളുമ്പിക്കൊണ്ടിരിക്കുന്നു. രേഖീയമല്ലാത്ത ആഖ്യാനത്തില്‍ പലേ ഭൂതകാലനിമിഷങ്ങളും വര്‍ത്തമാനവും ഭാവനയിലെ സ്ഥല-കാലവും നിരന്തരം മാറിമാറി പ്രത്യക്ഷപ്പെട്ടുക്കൊണ്ടിരിക്കുന്നു.

പരമേശ്വരിയുടെ മരണവും ആഖ്യാതാവിന്റെ ബോധത്തില്‍ അവള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നതും ഓര്‍മ്മയിലൂടെയാണ് കഥയില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നത്. ഓര്‍മ്മ ഒട്ടും നിഷ്‌ക്രിയമല്ലല്ലോ?. അത് സൃഷ്ടിപരവും രാഷ്ട്രീയവുമായ പ്രവര്‍ത്തനമാണ്. ഗാന്ധി, ഐന്‍സ്‌റ്റൈന്‍, ഹെമിംഗ് വേ, വിര്‍ജീനിയ വൂള്‍ഫ് തുടങ്ങി ചരിത്രവ്യക്തികളോടൊപ്പമാണ് ആഖ്യാതാവ് പരമേശ്വരിയെ ഓര്‍മ്മിക്കുന്നത്. ഈ ചരിത്രവ്യക്തികളെ കുറിച്ചുള്ള ഓര്‍മ്മയില്‍ നര്‍മ്മവും കളിയും യാഥാര്‍ത്ഥ്യവും കൂടിക്കുഴയുന്നുണ്ട്. ചരിത്രവ്യക്തികളുുടെ അറിയപ്പെടുന്ന ജീവിതത്തെ അട്ടിമറിക്കുന്ന ഭാവനയിലെ പ്രവൃത്തികളിലൂടെ അവരുടെ വിധിയെ പുനര്‍നിര്‍മ്മിക്കുന്നതായി കാണിക്കുന്നു. ഓര്‍മ്മകള്‍ക്ക് ചരിത്രം മാറ്റിയെഴുതാനും പ്രബലമായ ആഖ്യാനങ്ങളെ ചെറുക്കാനും ബദല്‍ ലോകങ്ങളെ സൃഷ്ടിക്കാനും കഴിയുമെന്നു പറയുന്നതിന് ചരിത്രവ്യക്തികളെ തന്നെ ഉപയോഗിക്കുന്ന കഥാകാരന്‍ പരമേശ്വരിയുടെ ജീവിതത്തിന്റെ അറിയപ്പെടുന്ന പാഠത്തെ, പൊതുബോധത്തെ, അട്ടിമറിക്കാനാണ് തന്റെ ആഖ്യാനം ശ്രമിക്കുന്നതെന്ന വ്യംഗ്യസൂചനകള്‍ നല്‍കുകയാണെന്നു കരുതണം. പരമേശ്വരിമാരെ വിസ്മൃതിയിലേക്ക് മറയാന്‍ കഥ അനുവദിക്കുന്നില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളുടെയും അഭയാര്‍ത്ഥികളുടെയും തൊഴിലാളികളുടെയും ജീവിതങ്ങളെ പലപ്പോഴും മായ്ച്ചുകളയുന്ന മറവിയുടെ രാഷ്ട്രീയം സലിമിന്റെ ആഖ്യാനത്തില്‍ വെല്ലുവിളിക്കപ്പെടുന്നു. ഇവിടെ ഓര്‍മ്മ രാഷ്ട്രീയപ്രവര്‍ത്തനമാണ്. അതിന് പുതിയ യാഥാര്‍ത്ഥ്യങ്ങളെ കണ്ടെത്താന്‍ കഴിയും.

ശവസംസ്‌കാരച്ചടങ്ങിനിടയില്‍ കുട്ടികള്‍ പരമേശ്വരിയുടെ ജീവിതം കളിക്കാന്‍ തുടങ്ങുന്നു.
അത് ആ ജീവിതത്തിന് പുതിയൊരു വ്യാഖ്യാനം നല്‍കുന്നു. കുട്ടികളുടെ കളികളിലെ നിഷ്‌കളങ്കത കൊണ്ട് മുതിര്‍ന്നവരുടെ പ്രവൃത്തികളും രാഷ്ട്രീയത്തിന്റെ കാപട്യവും അസംബന്ധവും അപനിര്‍മ്മിക്കപ്പെടുന്നു. കുട്ടികളുടെ കളികള്‍ മുതിര്‍ന്നവരുടെ ലോകത്തെ പാരഡി ചെയ്യുകയും തുറന്നു കാണിക്കുകയും ചെയ്യുന്നു. മുതിര്‍ന്നവര്‍ കാപട്യത്തോടെ വിലപിക്കുമ്പോള്‍, ഗോസിപ്പിലും അക്രമത്തിലും മുഴുകുമ്പോള്‍ കുട്ടികള്‍ അതു കളിയില്‍ പകര്‍ത്തുന്നു. അത് മുതിര്‍ന്നവരുടെ ചെയ്തികളിലെ അസംബന്ധത്തെ വെളിപ്പെടുത്തുന്നു. കുട്ടികളുടെ കളികള്‍ മഹത്തായ കലയുടെ ദൗത്യം നിര്‍വ്വഹിക്കുന്നതായി തോന്നും. മുതിര്‍ന്നവരുടെ ആചാരങ്ങള്‍, പോലീസ് അക്രമം, രാഷ്ട്രീയ ഗോസിപ്പുകള്‍, പരമേശ്വരിയുടെ മാവോയിസ്റ്റ് – തമിഴ് പുലി ബന്ധങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ എന്നിവയുടെയെല്ലാം കളങ്കരഹിതവും കുട്ടിത്തം നിറഞ്ഞതുമായ അനുകരണം അധികാരത്തിന്റെയും സമൂഹഘടനയുടെയും വിമര്‍ശമായി മാറുന്നു. ഒരേസമയം ഹാസ്യവും ദുരന്തവും ജനിപ്പിക്കുന്നതാണത്. അധികാരം കളികളിലേക്കു പോലും ആഗിരണം ചെയ്യപ്പെടുന്നുവെന്ന് ഇത് കാണിക്കുന്നുണ്ട്. എന്നാല്‍, കുട്ടികളുടെ ഭാവന പോലും അധികാരത്തെ ദുര്‍ബലപ്പെടുത്തും! പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരില്‍ പോലും – കുട്ടികള്‍, സ്ത്രീകള്‍, അഭയാര്‍ത്ഥികള്‍ – പലപ്പോഴും അധികാരഘടനകളും അധികാരത്തിന്റെ ഇടപെടലുകളും ആന്തരികവല്‍ക്കരിക്കപ്പെടുന്നതും ചിലപ്പോള്‍ ചെറുക്കപ്പെടുന്നതും പ്രത്യക്ഷപാഠങ്ങളായി കുട്ടികളുടെ കളികളില്‍ മാറിത്തീരുന്നുണ്ട്.

സലിം ഷെരിഫിന്റെ കഥാഖ്യാനം കുട്ടികളുടെ കാഴ്ച കൊണ്ട് മനുഷ്യലോകത്തെ ഹൃദയമുള്ളവരെന്നും ഹൃദയമില്ലാത്തവരെന്നും വിഭജിക്കുന്നു. തന്റെ ഇമ്മയുടെ പ്രാര്‍ത്ഥനയില്‍ നിന്നും പ്രാക്കില്‍ നിന്നുമാണ് കുഞ്ഞുമോന് മനുഷ്യഹൃദയത്തെ കുറിച്ചുള്ള ജ്ഞാനം ലഭിക്കുന്നത്. തന്റെ ഉപ്പയെപ്പോലുള്ള പുരുഷന്മാര്‍ ഹൃദയശൂന്യരാണെന്നും അവര്‍ ഇമ്മയെയും തന്നെയും പോലുള്ള മനുഷ്യരെ പുറന്തള്ളുന്നവരാണെന്നും അവന്‍ മനസ്സിലാക്കിയിരിക്കുന്നു. സ്ത്രീകള്‍ക്കു ഹൃദയമുണ്ട്. സ്ത്രീകളുടെ ഹൃദയങ്ങള്‍ വലുതും വിശാലവും ദുഃഖത്തിനും പ്രതിരോധശേഷിക്കും കഴിവുള്ളതുമാണ്. അനുതാപമുള്ളവരെയും ക്രൂരരെയും ഹൃദയത്തിന്റെ സാന്നിദ്ധ്യം കൊണ്ടും അസാന്നിദ്ധ്യം കൊണ്ടും കുഞ്ഞുമോന്‍ വേര്‍തിരിക്കുന്നു. കുഞ്ഞുമോന്‍ മനസ്സില്‍ പേറുന്ന ഹൃദയത്തിന്റെ വിവിധ രൂപങ്ങള്‍ – ദുര്‍ബലം, പളുങ്കുപോലുള്ളത്, പൊട്ടാവുന്നത്, ശൂന്യം – കഥയുടെ മനുഷ്യമൂല്യത്തിന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നത് വായനക്കാര്‍ക്ക് സ്പര്‍ശനമെന്ന പോലെ അനുഭവിക്കാം. പരമേശ്വരിയുടെ പൊട്ടിത്തകര്‍ന്ന ഹൃദയം ദുരന്തത്തിന്റെയും ബഹിഷ്‌കൃതരായ സ്ത്രീകളുടെ കഷ്ടപ്പാടിന്റെയും രൂപകമായി മാറുന്നു.

സിലോണില്‍ നിന്നുള്ള ഒരു തമിഴ് അഭയാര്‍ത്ഥി എന്ന നിലയില്‍ പരമേശ്വരിയുടെ സ്വത്വം ചരിത്രപരമായ ഭാരമുള്ളതാണ്. 1980 കളുടെ തുടക്കത്തില്‍ പരമേശ്വരി എരുമടയിലെ തേയിലത്തോട്ടകോളനിയില്‍ എത്തുന്നു, സിലോണിലെ വര്‍ദ്ധിച്ചുവരുന്ന വംശീയ സംഘര്‍ഷവും ആഭ്യന്തരയുദ്ധവും മൂലം നിരവധി തമിഴ് കുടുംബങ്ങള്‍ കുടിയിറക്കപ്പെട്ട കാലഘട്ടമായിരുന്നു അത്. ഒരു കൂട്ടം തമിഴരോടൊപ്പം അവര്‍ വരുന്നു. പരമേശ്വരി വ്യക്തിതാല്‍പ്പര്യം കൊണ്ട് കുടിയേറുകയല്ല. ഭരണകൂടം കെട്ടഴിച്ചുവിട്ട അക്രമങ്ങളും യുദ്ധവും വംശീയപീഡനങ്ങളും മൂലം പിഴുതെറിയപ്പെട്ട ഒരു സമൂഹത്തിന്റെ ഭാഗമാണ്, അവര്‍. അവരുടെ കുടിയേറ്റം ഒരു വിജയകരമായ കടന്നുകയറ്റമല്ല. മറിച്ച് ഒരു വിനാശകരമായ വിള്ളലാണ്. ഇന്ത്യയിലേക്കുള്ള അപകടകരമായ കടല്‍യാത്രയ്ക്കിടെ അവളുടെ മക്കളായ സുബ്രുവും മണിയും മുങ്ങിമരിക്കുന്നു. സുരക്ഷിതത്വം തേടിയുള്ള യാത്രയില്‍ മക്കളെ നഷ്ടപ്പെടുന്ന ഒരു അമ്മയുടെ തകര്‍ന്ന ഹൃദയത്തിലാണ് ഭരണകൂടയുദ്ധങ്ങളും തിരസ്‌ക്കരണങ്ങളും ഏറ്റവും വലിയ മുറിവായി തീരുന്നത്.

യാത്രക്കിടയില്‍ കടലില്‍ വച്ച് മക്കള്‍ നഷ്ടപ്പെടുന്നതും പിന്നീട് തന്റെ മക്കളുടെ പേരിട്ടു രണ്ടു പൂച്ചകളെ അവര്‍ വളര്‍ത്തുന്നതും പരമേശ്വരിയോട് വായനക്കാര്‍ക്ക് പെട്ടെന്ന് സവിശേഷമായ അനുകമ്പയുണ്ടാക്കുന്നു.
പ്രവാസം പൂര്‍ണ്ണതയെക്കാള്‍ പകരത്തെ സ്വീകരിക്കാന്‍ അതിന്റെ ഇരകളോട് നിര്‍ബന്ധിക്കുന്നു. ജീവിതങ്ങളെ ശിഥിലമാക്കുന്നു. തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന പ്രവാസി സ്ത്രീകളുടെ അനിശ്ചിതാവസ്ഥയും പരമേശ്വരി നേരിടുന്നുണ്ട്. അവരുടെ മാവോയിസ്റ്റ് – എല്‍ടിടിഇ ബന്ധങ്ങളെക്കുറിച്ച് ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ ദുര്‍ബ്ബലസമൂഹങ്ങളെ അധികാരം എങ്ങനെയാണ് അപകീര്‍ത്തികരമായി പരിചരിക്കുന്നതെന്നു കാണിക്കുന്നതാണ്. വ്യക്തിപരവും രാഷ്ട്രീയവുമായ കാര്യങ്ങള്‍ പരസ്പരം കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നത് കഥ കാണുന്നു. പരമേശ്വരിയുടെ ശവസംസ്‌കാരദൃശ്യം കുഞ്ഞുമോന്റെ ഇമ്മയുടെ ദുഃഖനിമിഷങ്ങളുടേതല്ല – അതിലുപരി ഗോസിപ്പുകള്‍ക്കും ഭരണകൂടത്തിന്റെ നിരീക്ഷണത്തിനും ചരിത്രപരമായ ആഘാതങ്ങളുടെ ആവിഷ്‌കാരത്തിനുമുള്ള ഒരു വേദിയാണത്. കഥയിലെ പരമേശ്വരിയുടെ ജീവിതവും മരണവും ആഴത്തില്‍ രാഷ്ട്രീയമാനങ്ങള്‍ ആര്‍ജ്ജിക്കുന്നതു നാം കാണുന്നു. പരമേശ്വരിയെ പോലുള്ള സാധാരണസ്ത്രീകളുടെ ജീവിതങ്ങള്‍ പോലും അഭയാര്‍ത്ഥിത്വം, ദേശീയത, ഭരണകൂടഅതിക്രമങ്ങള്‍ തുടങ്ങി നിരവധി വിശാലരാഷ്ട്രീയപ്രമേയങ്ങളില്‍ നിന്ന് വേര്‍തിരിക്കാനാവാത്തതാണെന്ന് സലിം ഷെരിഫിന്റെ കഥാഖ്യാനം ഊന്നിപ്പറയുന്നു. നിസ്വരെന്നു ഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതം പോലും എത്രമാത്രം രാഷ്ട്രീയത്താല്‍ നിര്‍ണ്ണീതമാകുന്നുവെന്നു വിചാരപ്പെടാന്‍ ഈ കഥ പ്രേരിപ്പിച്ചേക്കും. മരണത്തില്‍ പോലും പരമേശ്വരിക്കു സ്വാസ്ഥ്യം ലഭിക്കുന്നില്ല. ശവശരീരത്തിനു മുന്നില്‍ പോലും കിംവദന്തികള്‍ ആവര്‍ത്തിക്കുന്നു. അഭയാര്‍ത്ഥി സമൂഹങ്ങളെ ചുറ്റിപ്പറ്റിയുള്ള വ്യാപകമായ സന്ദേഹത്തെയാണ് ഇതു കാണിക്കുന്നത്. ഹൃദയം തകര്‍ന്ന, ദുര്‍ബലയായ സ്ത്രീ ഭരണകൂടത്തിന്റെ കണ്ണില്‍ ശത്രുവാണ്.

ആഖ്യാനത്തെ സവിശേഷതലത്തിലേക്കു രൂപപ്പെടുത്തുന്ന രണ്ടു പൂച്ചകള്‍ കഥയില്‍ ഓര്‍മ്മയുടെ പ്രതീകങ്ങളായി പ്രത്യക്ഷപ്പെടുന്നു. പൂച്ചകളോടുള്ള പരമേശ്വരിയുടെ മാതൃനിര്‍വ്വിശേഷമായ ബന്ധം അവളുടെ മുങ്ങിമരിച്ച കുട്ടികളെ നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. അത് ഓര്‍മ്മയെ ദുഃഖവുമായും ആശ്വാസവുമായും ബന്ധിപ്പിക്കുന്നു. സുബ്രുവിനെയും മണിയെയും പകരക്കാരായ പൂച്ചയുടെ ശരീരങ്ങളില്‍ ജീവനോടെ നിലനിര്‍ത്തുന്നതിലൂടെ, തന്റെ കുട്ടികളുടെ ജീവിതങ്ങള്‍ ചരിത്രത്തില്‍ മറക്കപ്പെടാന്‍ അവള്‍ അനുവദിക്കുന്നില്ല. പൂച്ചകളെ കാണാതാവുമ്പോള്‍ വീണ്ടും ദുരന്തം വരികയാണ്. ഇപ്പോള്‍, അവളുടെ ഹൃദയം പൊട്ടുന്നു. പരമേശ്വരി മരിക്കുന്നു. ഫിഷ്ടാങ്കിനു ചുറ്റുമുള്ള പൂച്ചകള്‍ വര്‍ത്തമാനത്തിനു ചുറ്റും ഭൂതകാലം പതിയിരിക്കുന്ന തോന്നല്‍ സൃഷ്ടിക്കുകയും പരമേശ്വരിയെ കുറിച്ചുള്ള ഓര്‍മ്മയിലൂടെ പഴയകാലചരിത്രത്തിന്റെ ഭാരങ്ങളെയും അസ്വസ്ഥതകളെയും പുനരാനയിക്കുകയും ചെയ്യുന്നു.

സലിം ഷെരിഫ് എഴുതിയ കഥ വികാരജനകമാണ്. എന്നാല്‍ വൈകാരികപ്രകടനങ്ങളുടെ ഘോഷമല്ല, അത്. ഒരു ഗ്രാമത്തില്‍ നടക്കുന്ന ശവസംസ്‌കാരത്തിന്റെ സൂക്ഷ്മരൂപചിത്രണത്തിലൂടെ അത് അധികാരഘടനയിലെ പല പ്രമേയങ്ങളെ പരിശോധിക്കുന്നു. എങ്കിലും, പരമേശ്വരിയുടെ ഹൃദയം തകര്‍ന്ന മരണത്തിന്റെയും കുഞ്ഞിമോന്റെ സ്വന്തമായി ഹൃദയം ഉണ്ടാകാനുള്ള ആഗ്രഹത്തിന്റെയും ചിത്രണത്തിലൂടെ ആര്‍ദ്രതയുടെ മുഹൂര്‍ത്തങ്ങളെ ഉണര്‍ത്തിയെടുക്കുന്നു. കുട്ടികള്‍ മുതിര്‍ന്നവരെ അനുകരിച്ച് സ്വാതന്ത്ര്യം അവകാശപ്പെടുന്നതിലും ഇതു കാണാം. ദുഃഖത്തെ പാരഡിയുമായി ഇഴചേര്‍ക്കുന്ന കഥ ദുരന്തത്തിന്റെ കാന്തിയുള്ള സമാപനത്തിലേക്കു നീങ്ങുന്നില്ല. അതിനെ നിരസിക്കുന്നു എന്നു പറയണം. മറിച്ച്, ഓര്‍മ്മയുടെ സ്ഥൈര്യത്തിലും പുറത്താക്കപ്പെട്ടവരുടെ പ്രതിരോധശേഷിയിലും അസംബന്ധമായി മാറിയിരിക്കുന്ന രാഷ്ട്രീയത്തിന്റെ തിന്മയെ വിവൃതമാക്കുന്നതിലും അത് ഊന്നിനില്‍ക്കുന്നു. കഥ പരമേശ്വരിയുടെ മരണത്തെക്കുറിച്ചെന്നതിലുപരി ഓര്‍മ്മയുടെ രാഷ്ട്രീയത്തെക്കുറിച്ചായി മാറുന്നു.

ആരെയാണ് ഓര്‍മ്മിക്കുന്നത്? അവര്‍ എങ്ങനെ ഓര്‍മ്മിക്കപ്പെടുന്നു? – എന്നിവയെല്ലാം പ്രധാനമാണെന്ന് കഥ വ്യംഗ്യമായി ഉന്നയിക്കുന്നു. ഓര്‍മ്മ പ്രതിരോധത്തിന്റെ ആയുധമായി മാറുന്നതിനെ കുറിച്ചുള്ള വിചാരങ്ങളെ ഉണര്‍ത്തുന്നു. എങ്കിലും കഥാകാരന്‍ ഓര്‍മ്മയെ സൃഷ്ടിപരമായതെങ്കിലും അസ്ഥിരമായ ശക്തിയായി തിരിച്ചറിയുന്ന സന്ദര്‍ഭം കഥയിലുണ്ട്. ‘ഓര്‍മ്മ പൂച്ചക്കാട്ടം പോലെയാണ്, കാര്യം കഴിഞ്ഞാല്‍ അത് മണ്ണില്‍ മൂടുന്നതാണ് നല്ലത്, പക്ഷേ ഇടയ്ക്കിടെ അത് തുറക്കുന്നത് അത്ര നല്ലതല്ല’ എന്ന് അദ്ദേഹം പറയുന്നു. യാഥാര്‍ത്ഥ്യം ഇതുതന്നെയാകാം. ഇവിടെ, ഓര്‍മ്മ അസ്വസ്ഥവും, നുഴഞ്ഞുകയറുന്നതും, ചിലപ്പോള്‍ വേദനാജനകവുമാണ് – എങ്കിലും കഥയില്‍ പരമേശ്വരിയെ ജീവനോടെ നിലനിര്‍ത്തുന്നത് അതാണ്.


പരമേശ്വരിയുടെ പൂച്ചകള്‍
രചന : സലിം ഷെരീഫ്
ചിത്രീകരണം : സചീന്ദ്രന്‍ കാറഡുക്ക
ചിത്രങ്ങള്‍ക്ക് കടപ്പാട് : സമകാലിക മലയാളം ഓണപ്പതിപ്പ് | 2024 സെപ്തംബര്‍

One Reply to “പരമേശ്വരിയുടെ മക്കള്‍”

  1. ഓർമ്മകൾ മൂടിവെക്കുന്നതാണ് നല്ലത്
    കുഴി വെട്ടി മൂടുക വേദനകൾ..
    മരിച്ച അച്ഛനോട് സ്നേഹം കൊണ്ട്
    മോതിരം ഊരിയെടുത്തു മൃദ ദേഹം സംസ്കരിക്കുക എന്ന പോലെ.
    ഭരണകൂടം നീതി എല്ലാം ദുർബല ജനതക്ക് കെണിയാണ് എന്ന് പൊതു ബോധം നിർമ്മിക്കുന്നുണ്ട്. കരുണ അപര ബോധം
    അഹം ബ്രഹ്മാസ്മി എല്ലാം തെളിയുന്നുണ്ട്. കുട്ടികളാണ് അധീശ ബോധത്തിന്റെ ഇരകൾ.
    ക്രിട്ടിക്കൽ thinking വായന എല്ലാം പരിശീലിപ്പിക്കപ്പെടണം എന്ന് വായിക്കാൻ കഴിയുന്നുണ്ട്. മനോഹരം.

Leave a Reply to Provint Cancel reply

Your Email address will not be published.