
കഥ, കവിത, സാഹിത്യം… സവിശേഷമാകുന്നത് അവയുടെ പ്രമേയപരമായ ഉള്ളടക്കത്തിലല്ല, ഭാഷയിലും സര്‍ഗ്ഗചാതുരിയിലുമാണെന്ന് കരുണാകരന്‍ കരുതുന്നുണ്ട്. ‘കണ്ടെന്റ് റൈറ്റേഴ്‌സ്’ എന്ന് പരിഹാസത്തോടെ ഈ കഥാകാരന്‍ പറഞ്ഞ സന്ദര്‍ഭങ്ങളുണ്ട്. കഥ ആഖ്യാനഭാഷ തന്നെയെന്ന് അദ്ദേഹം പറഞ്ഞേക്കും. ഇങ്ങനെയാണെങ്കിലും പ്രമേയരഹിതമായ കഥകളല്ല അദ്ദേഹം രചിക്കുന്നത്. ആഖ്യാനനിര്‍മ്മാണവൈദഗ്ദ്ധ്യം ഏറെ പ്രകടമാക്കുന്ന മട്ടില്‍ ഭാഷയും പ്രമേയവും പരസ്പരം കൂടിച്ചേര്‍ന്ന് സംലയിക്കുന്ന സന്ദര്‍ഭങ്ങളെ അദ്ദേഹത്തിന്റെ കഥകളില്‍ നാം കണ്ടുമുട്ടുന്നു. ‘ചന്ദ്രലേഖ’ എന്ന കഥയും അങ്ങനെ തന്നെ.
ആരുടെ മനസ്സിലേക്കും പ്രകാശം കടന്നുചെല്ലുന്നിടത്തോളം സുതാര്യവും ലളിതവുമായ ഭാഷയില്‍ കരുണാകരന്‍ എഴുതുന്നു. സംഭാഷണങ്ങള്‍ക്കും പരസ്പരബന്ധങ്ങളെ വിവരിക്കുന്നതിനും വേണ്ടി ആകര്‍ഷണീയമായ ചെറിയ ചെറിയ വാക്യങ്ങളെ നിര്‍മ്മിക്കുന്നു. ഈ വാക്യങ്ങളുടെ സുതാര്യതയിലും ലാളിത്യത്തിലും ഭാഷയില്‍ സൗന്ദര്യം ഉണര്‍ന്നുവരുന്നത് നാം അനുഭവിക്കുന്നു. ‘ചന്ദ്രലേഖ’ എന്ന കഥയിലും ഇതു തന്നെ സംഭവിക്കുന്നു.
കാലാനുസൃതം പറഞ്ഞാല്‍, ഇന്ത്യയുടെ സന്ദേശവിനിമയശൃംഖലകളുടെ ചരിത്രകേന്ദ്രമായ മുംബൈയിലെ ഒരു പോസ്റ്റ് ഓഫീസിനു മുന്നിലാണ് ‘ചന്ദ്രലേഖ’ എന്ന കഥ തുടങ്ങുന്നത്. പോസ്റ്റ് ഓഫീസുകള്‍ സാധാരണ ഉദ്യോഗസ്ഥസ്ഥാപനങ്ങളേക്കാളുപരിയായി മനുഷ്യവികാരങ്ങളെ അതിദീര്‍ഘദൂരങ്ങളോളം നയിച്ച സ്ഥലങ്ങളായിരുന്നു. കത്തുകള്‍ സ്‌നേഹവും ദുഃഖവും ആഗ്രഹങ്ങളും പ്രണയവൂം വഹിച്ചു. മുപ്പതുവര്‍ഷം മുമ്പ് മുംബൈയിലെ ജനറല്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ കത്തെഴുതി കൊടുക്കാനാരിക്കുന്ന മിനാറിന്റെ മുന്നിലെത്തുന്ന ഒരു ലൈംഗികത്തൊഴിലാളിയെ നാം കാണുന്നു. മുംബൈയിലെ ചുവന്ന തെരുവായ കാമാത്തിപ്പുരയില്‍ നിന്നാണ് അവള്‍ വരുന്നത്. കഥാശീര്‍ഷകം അവളുടെ നാമം തന്നെ. അന്നേവരെ തനിക്കു പരിചയമില്ലാതിരുന്ന മിനാറിനോട് താന്‍ പറയുന്ന വാക്കുകള്‍ കത്തായി എഴുതാന്‍ ചന്ദ്രലേഖ ആവശ്യപ്പെടുമ്പോള്‍, അത് ആഴത്തിലുള്ള വിശ്വാസത്തിന്റെ ഒരു മാനുഷികനിമിഷമായി മാറുന്നു. ചന്ദ്രലേഖക്കു വേണ്ടി മിനാര്‍ ആദ്യമായി കത്തെഴുതുന്ന രംഗം കരുണാകരന്‍ ആകര്‍ഷകമായി വിവരിക്കുന്നു. പിന്നെ, ഒരു പകലില്‍ ചുവന്ന തെരുവിലെ അവളുടെ വീട്ടില്‍ ചന്ദ്രലേഖക്കൊപ്പം മിനാര്‍ പോകുന്നുണ്ട്. ചന്ദ്രയുടെ പ്രിയപ്പെട്ട കത്തെഴുത്തുകാരനെ ഏഴു യുവതികള്‍ ചേര്‍ന്ന് സ്വീകരിക്കുന്നു. മുപ്പതു വര്‍ഷത്തിനുശേഷം ചന്ദ്രലേഖ മിനാറിന്റെ വീട്ടില്‍ എത്തുന്നു. ഇപ്പോള്‍, അവളുടെ കൈകളില്‍ മൊബൈല്‍ ഫോണ്‍ ഉണ്ട്. പക്ഷേ, മിനാര്‍ അവള്‍ക്ക് ഒരു കത്തെഴുതി കൊടുക്കണം.

ചന്ദ്രലേഖയുടെ മകള്‍ പഠിക്കുന്ന കോളേജിലെ രജിസ്ട്രാറുടെ പേരില്‍ മിനാറിനെ കൊണ്ട് അവള്‍ എഴുതിക്കുന്ന കത്തില്‍ ഇങ്ങനെയൊരു വാക്യമുണ്ടെന്ന് മിനാറിന്റെ മകന്‍ ദ്വേഷത്തോടെ പറയുന്നുണ്ട്.
”ഒരുപക്ഷേ താങ്കള്‍ തന്നെയായിരുന്നു എന്റെ ആ ദിവസത്തെ പുരുഷന്‍ എന്നിരിക്കട്ടെ. ഞാന്‍ താങ്കളുടെ മതമോ ജാതിയോ ചോദിച്ചിരിക്കില്ല. താങ്കളെ ആനന്ദിപ്പിക്കുക മാത്രമേ ചെയ്തിരിക്കൂ.”
ബാബയ്ക്ക് അതു തിരുത്തികൊടുക്കാമായിരുന്നുവെന്ന് വികാസ് കോപിക്കുന്നു. ചന്ദ്രലേഖ പറഞ്ഞതിലോ ബാബ എഴുതിയതിലോ ഒരു തെറ്റുമില്ലെന്ന്, തെറ്റ് അവരുടേതാണെന്ന്, ആരുടേതാണെന്ന് വിവേകത്തോടെ ആലോചിക്കുന്ന ആര്‍ക്കും അറിയാനാകുമെന്ന് മിനാറിന്റെ കൂട്ടുകാരി ഭാരതി മകനോടു പറയുന്നു. ചന്ദ്രലേഖ എഴുതിച്ച വാക്കുകളില്‍ അവളുടെ സ്വത്വബോധവും സ്വാഭിമാനവും സത്യസന്ധതയും തെളീയുന്നുണ്ട്. അധികാരകേന്ദ്രങ്ങള്‍ക്കില്ലാത്ത സ്വഭാവഗുണങ്ങളാണിവ. ചന്ദ്രലേഖ തടങ്കലിലാണ്. മിനാറിന്റെ മൊഴിയെടുക്കാന്‍ പോലീസുകാര്‍ എത്തുന്നു.
ഇന്ത്യയുടെ ആഴത്തില്‍ വേരൂന്നിയ സാമൂഹിക ശ്രേണികളെ പ്രതിഫലിപ്പിക്കുന്ന ചില പ്രകരണങ്ങളിലേക്കാണ് കരുണാകരന്റെ ആഖ്യാനം നീങ്ങുന്നത്. ചന്ദ്രലേഖ എന്തു പറഞ്ഞുവെന്നതിനെ ചൊല്ലിയല്ല, ആരാണെന്നതിനെ ചൊല്ലിയായിരിക്കണം അവള്‍ തടങ്കലിലായിരിക്കുന്നത്. അവള്‍ ഒരു വേശ്യ. അവളുടെ തൊഴില്‍ ചന്ദ്രലേഖയെ അപമാനിക്കപ്പെടേണ്ടവളായി മുദ്രകുത്തുന്നു. അവളെ കുറിച്ചുള്ള സദാചാരപരമായ മുന്‍വിധി ചന്ദ്രലേഖയുടെ വാക്കുകളുടെ അര്‍ത്ഥത്തെ നശിപ്പിക്കുന്നതാണ്. അവള്‍ ധര്‍മ്മബോധത്തെ കുറിച്ചോ നീതിയെ കുറിച്ചോ പറയാന്‍ യോഗ്യയല്ലെന്ന് പൊതുബോധം ഉറപ്പിച്ചിരിക്കുന്നു. വേശ്യയുടെ ചാരിത്രപ്രസംഗം എന്ന വാക്യം തന്നെ രൂപപ്പെടുന്നത് ഈ പൊതുബോധത്തില്‍ നിന്നാണല്ലോ ? ലൈംഗികതൊഴിലാളികള്‍ നേരിടുന്ന അരികുവല്‍ക്കരണം അവരുടെ മനുഷ്യാന്തസ്സിനെ ഇല്ലാതാക്കുന്നിടത്തോളമെത്തുന്നതാണ്.
ഒരാളുടെ വാക്ക് എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നതു നിര്‍ണ്ണയിക്കപ്പെടുന്നത് പലപ്പോഴും അതിന്റെ ഉള്ളടക്കം പരിഗണിക്കാതെയാണ്. ജാതിയും മതവും തൊഴിലും ഉള്‍പ്പെടെയുള്ള സന്ദര്‍ഭാനുസൃതമല്ലാത്ത ഘടകങ്ങള്‍ മാനകങ്ങളായി തീരുന്ന വിപര്യയവുമാണിത്. മുന്‍വിധിയും സംശയവും ആശയവിനിമയത്തെ വിഴുങ്ങുന്നു. വാക്കുകള്‍ അവയുടെ ഉദ്ദേശ്യാര്‍ത്ഥത്തില്‍ നിന്നും വ്യതിചലിപ്പിക്കപ്പെട്ട് ആയുധങ്ങളാക്കി മാറ്റപ്പെടുന്നു. പ്രത്യേകിച്ച് അയോഗ്യരെന്ന് ഉറപ്പിക്കപ്പെട്ടവര്‍ ഉച്ചരിക്കുമ്പോള്‍. ഇത് ഒരു സാഹിത്യപ്രമേയമല്ല, മറിച്ച് ഒരു സാമൂഹിക യാഥാര്‍ത്ഥ്യമാണ്. സമൂര്‍ത്തമായ സാമൂഹികയാഥാര്‍ത്ഥ്യം കഥയുടെ രൂപത്തില്‍ എഴുതപ്പെടുകയാണ്. ചന്ദ്രലേഖയുടെ അനുഭവം മറ്റു പലരുടെയും സമൂര്‍ത്തമായ ജീവിതാനുഭവമാണ്.
അമ്മമാരെന്ന നിലയില്‍ തങ്ങള്‍ അനുഭവിച്ച ദുഃഖത്തെയും പ്രശ്‌നങ്ങളെയും ലൈംഗികതൊഴിലാളികള്‍ അവരുടെ ജീവിതകഥയില്‍ വിവരിക്കുന്നുണ്ട്. ലൈംഗികതൊഴിലാളികള്‍ക്ക് വളര്‍ത്താന്‍ പെണ്‍മക്കളുണ്ടാകും. സഹായിക്കാന്‍ ആരുമുണ്ടാകില്ല. ലൈംഗികതൊഴിലില്‍ നിന്നാണ് അവരെ പോറ്റാനുള്ള പണം ലഭിക്കുന്നത്. സമൂഹം അവരെ കുറ്റപ്പെടുത്തും. പക്ഷേ സമൂഹം ഒരിക്കലും അവരുടെ കുട്ടികളെ സഹായിക്കില്ല. ഇവരുടെ പെണ്‍മക്കള്‍ സ്‌കൂളുകളില്‍ ‘വേശ്യയുടെ കുട്ടികള്‍’ എന്ന് പരിഹസിക്കപ്പെടുന്ന അനുഭവങ്ങളുണ്ട്. കരുണാകരന്റെ കഥയിലെ ചന്ദ്രലേഖയും സമാനാനുഭവത്തെയാണ് നേരിടുന്നത്. തന്റെ മക്കള്‍ മിക്ക ദിവസവും കരഞ്ഞുകൊണ്ടാണ് സ്‌കൂളില്‍ നിന്നും തിരിച്ചുവന്നതെന്ന് തനിക്ക് എന്നും അവരെ ആശ്വസിപ്പിക്കേണ്ടിവന്നുവെന്നും പറയുന്ന ലൈംഗികതൊഴിലാളികളുണ്ട്.. അവര്‍ സമൂഹത്തോടു ചോദിക്കുന്നു – ഇതിന് അവര്‍ എന്ത് പാപമാണ് ചെയ്തത്?
പോലീസ് റെയ്ഡ് നടത്തുമ്പോഴെല്ലാം, അവരുടെ ഏറ്റവും വലിയ ഭയം പെണ്‍മക്കളെ നഷ്ടപ്പെടുന്നതിനെ കുറിച്ചാകും. ഈ ഭയം ചന്ദ്രലേഖയേയും മൂടിയിരിക്കണം.
2010 ലെ ഡിഎംഎസ്സി റിപ്പോര്‍ട്ടില്‍ ലൈംഗികത്തൊഴിലാളിയായ ഒരു അമ്മ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.
”എന്റെ മകള്‍ക്ക് അറിവ് വില്‍ക്കാന്‍ കഴിയുന്ന തരത്തില്‍ ഞാന്‍ ലൈംഗികത വില്‍ക്കുന്നു. അവള്‍ എന്നെപ്പോലെ ഒരു മുറിയില്‍ ഒളിച്ചിരിക്കുകയല്ല, ബഹുമാനത്തോടെ ഒരു ഓഫീസില്‍ ഇരിക്കുകയെന്നതാണ് എന്റെ സ്വപ്നം.”
ലൈംഗികതൊഴിലാളികള്‍ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുന്നത് തങ്ങളുടെ തൊഴില്‍മേഖലയ്ക്കു പുറത്ത് മക്കള്‍ക്ക് ബദല്‍ ഭാവി സൃഷ്ടിക്കുന്നതിനാണ്. പക്ഷേ, അവരുടെ കുട്ടികള്‍ക്ക് പലപ്പോഴും സ്‌കൂളുകളില്‍ പ്രവേശനം നിഷേധിക്കപ്പെടുകയോ ബഹിഷ്‌കരണം നേരിടേണ്ടി വരികയോ ചെയ്യുന്നു. പെണ്‍മക്കള്‍ പലപ്പോഴും ലൈംഗികതൊഴിലിലേക്കു തന്നെ നയിക്കപ്പെടുന്നു. ഇതിന്റെ കാരണങ്ങള്‍ ഘടനാപരമാണ്. സാമൂഹികമായ തിരസ്‌കാരം ഇവിടെ പ്രധാന പങ്കു വഹിക്കുന്നു. ഇത് തൊഴിലിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട കാര്യമല്ല. എന്നാല്‍, ജാതിവ്യവസ്ഥയുടെ ദുര്‍ഭൂതം വേശ്യാവൃത്തിയെയും പാരമ്പര്യമെന്നു ഗണിച്ചേക്കും. ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും നിര്‍മ്മിച്ച പുത്തന്‍ സന്ദേശവിനിമയസംവിധാനങ്ങള്‍ വ്യാപകമായിരിക്കുമ്പോഴും അരികുവല്‍ക്കരിക്കപ്പെട്ട ശബ്ദങ്ങളെ നീതിപൂര്‍വ്വം കേള്‍ക്കാനോ ഉള്‍ക്കൊള്ളാനോ സമൂഹത്തിനു കഴിയുന്നില്ല.
ഇന്ത്യയിലെ സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലിന്റെ ബഹുലമാനങ്ങള്‍ ചന്ദ്രലേഖയുടെ കാര്യത്തില്‍
പ്രതിദ്ധ്വനിക്കുന്നതു കാണാം. ഇവിടെ ലിംഗഭേദം, ജാതി, തൊഴില്‍മാന്യത എന്നിവയെല്ലാം പരസ്പരം കൂടിച്ചേര്‍ന്ന് ദുര്‍ബ്ബലതലങ്ങള്‍ സൃഷ്ടിക്കുന്നു. ലൈംഗിക തൊഴിലാളികള്‍ക്ക് നിയമപരവും സാമൂഹികവുമായ സംരക്ഷണം നിഷേധിക്കപ്പെടുന്നത് നീതിസങ്കല്‍പ്പനങ്ങളിലുപരി സദാചാരസങ്കല്‍പ്പനങ്ങളില്‍ ഊന്നിനില്‍ക്കുന്ന നിയമപരിപാലനവ്യവസ്ഥയിലും കോടതികളിലും ഏറെ സാധാരണമാണ്. അവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സാമൂഹികാന്തസ്സ് അവകാശപ്പെടാന്‍ കഴിയില്ലെന്ന പൊതുബോധം ശക്തമാണ്. ജാതിക്കും മതത്തിനും അതീതമായി പൗരാവകാശത്തിനും സാമൂഹികാന്തസ്സിനും തുല്യപരിചരണങ്ങള്‍ക്കും വേണ്ടി വാദിക്കുന്നതാണ് ചന്ദ്രലേഖ കോളേജിന്റെ രജിസ്ട്രാര്‍ക്ക് അയക്കുന്ന കത്ത്.
ചന്ദ്രലേഖയുടെ മകള്‍ കൂടി ഈ ചക്രത്തിന്റെ കീഴില്‍ അരയുന്നവളായി മാറുന്നു. വേശ്യയുടെ മകള്‍ എന്ന അപമാനത്തിലാണ് അവള്‍ കോളേജില്‍ ജീവിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികളുടെ വ്യക്തിഗതയോഗ്യത പരിഗണിക്കപ്പെടാതിരിക്കുകയും കളങ്കിതരായി മുദ്ര കുത്തപ്പെടുകയും ചെയ്യുന്നു. ചന്ദ്രലേഖയുടെ കത്ത് ഒരു ധാര്‍മ്മികദര്‍ശനത്തെ ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍, സമൂഹം അതിനെ അശ്ലീലമോ അപമാനകരമോ ആയി കാണുന്നു. അതിനെ തല കീഴാക്കി വായിക്കുന്നു. തന്റെ മകളുടെ അന്തസ്സിനായി പോരാടുന്ന ഒരു അമ്മയായി അവളെ കാണാന്‍ പൊതുബോധം വിസമ്മതിക്കുന്നു. സാമാന്യബോധത്തിന്റെ സദാചാരവായന അവളെ ഒരു വേശ്യയായി മാത്രമേ കാണുന്നുള്ളൂ. വേശ്യ ഉച്ചരിക്കുന്ന വാക്കിന് ധാര്‍മ്മികഭാരമില്ലെന്ന് പൊതുബോധം നേരത്തെ ഉറപ്പിച്ചിട്ടുണ്ട്.

കരുണാകരന്റെ കഥ ദീര്‍ഘകാലമായി തുടരുന്ന ഒരു ഫെമിനിസ്റ്റ് ചര്‍ച്ചയിലേക്ക് നമ്മെ ക്ഷണിക്കുന്നുണ്ട്.
കാതറിന്‍ മക്കിന്നണ്‍, ആന്‍ഡ്രിയ ഡ്വര്‍ക്കിന്‍ തുടങ്ങിയവര്‍ വേശ്യാവൃത്തി എല്ലായ്‌പ്പോഴും അപമാനകരവും ചൂഷണപരവുമാണെന്നു കാണുന്നവരാണ്. അത് പുരുഷാധികാരത്തിനു കീഴില്‍ സ്ത്രീശരീരങ്ങളെ ചരക്കായി മാറ്റുന്നുവെന്ന് അവര്‍ പറയും. എന്നാല്‍, കെംപാഡുവിനെ പോലുള്ള ഫെമിനിസ്റ്റുകള്‍ വേശ്യാവൃത്തി എന്നത് ജോലിയാണ്, മറ്റു താഴ്ന്ന പദവിയിലുള്ള ജോലികളേക്കാള്‍ അതിനെ കൂടുതല്‍ അപമാനകരമായി കാണേണ്ടതില്ലെന്ന സമീപനം സ്വീകരിക്കുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സാമൂഹ്യകളങ്കം ആരോപിക്കുമ്പോഴും സംരക്ഷണത്തിന്റെ അഭാവത്തിലുമാണെന്ന് അവര്‍ പറയും. മാര്‍ത്ത നസ്‌ബോമിന്റെ ഇടപെടലാകട്ടെ, ലൈംഗികസേവനങ്ങള്‍ വില്‍ക്കുന്നത് ധാര്‍മ്മികമായി അപമാനകരമാണെന്ന് കാണുന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നതായിരുന്നു. ലൈംഗികതൊഴില്‍ മറ്റു തൊഴിലുകള്‍ പോലെയല്ലെന്ന് – ഗാര്‍ഹികജോലി, കരകൗശലതൊഴിലുകള്‍, ശാരീരികസേവനങ്ങള്‍ എന്നിവ പോലെയല്ലെന്ന് – പൊതുസമൂഹം കാണുന്നു. ശാരീരികസേവനങ്ങള്‍ക്കു പണം വാങ്ങുന്നത് സാധാരണമാണ്. അത്ലറ്റുകള്‍ അവരുടെ ശരീരം ഉപയോഗിക്കുന്നു. ശസ്ത്രക്രിയാ വിദഗ്ദ്ധര്‍ അവരുടെ കൈകള്‍ ഉപയോഗിക്കുന്നു. ഗായകര്‍ അവരുടെ വോക്കല്‍ കോഡുകള്‍ ഉപയോഗിക്കുന്നു. അപ്പോള്‍, ലൈംഗികതയെ ഒറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണ്?
വിപണികളുടെ സാമൂഹികമായ അര്‍ത്ഥം പ്രധാനമാണെന്ന് നസ്‌ബോം പറയുന്നു. സമൂഹത്തിന്റെ വ്യാഖ്യാനരീതി മൂലം ചില വിപണികള്‍ ആളുകളെ താഴ്ത്തിക്കെട്ടുന്നു. ഇത് ധാര്‍മ്മികതയുടെ പ്രശ്‌നമെന്നതിലുപരി പൊതുബോധം സൃഷ്ടിക്കുന്ന സാമൂഹികകളങ്കവുമായി ബന്ധപ്പെട്ടതാണ്. ലൈംഗികതൊഴിലിനെ കളങ്കമായി കാണുന്ന രീതി ഒരു സാമൂഹികനിര്‍മ്മിതിയാണ്. ലൈംഗിക തൊഴിലാളികളെ മറ്റു തൊഴിലാളികളേക്കാള്‍ മാന്യത കുറഞ്ഞവരാക്കുന്ന,
അവരില്‍ സാമൂഹ്യകളങ്കം ചാര്‍ത്തുന്ന രീതിയെ വെല്ലുവിളിക്കണമെന്നും ഉഭയസമ്മതത്തോടെയുള്ള ലൈംഗികജോലിയെ കുറ്റകൃത്യമാക്കരുതെന്നും ലൈംഗികമായ ബലപ്രയോഗത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും സംരക്ഷിക്കണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു. പെണ്‍പ്രാതിനിധ്യത്തെ നിഷേധിച്ചുകൊണ്ട് ലൈംഗികതൊഴിലിനെ പൂര്‍ണ്ണമായും അപലപിക്കുന്നത് അവരെ സംരക്ഷിക്കുന്നതിന്റെ മറവില്‍ പുരുഷാധിപത്യത്തെ പുനര്‍നിര്‍മ്മിച്ചേക്കാമെന്ന് തിരിച്ചറിയണമെന്നും നിര്‍ദ്ദേശിക്കപ്പെടുന്നു. ശരിയായ പ്രതികരണം ലൈംഗികതൊഴിലിനെ കുറ്റകരമാക്കുന്നതല്ല, മറിച്ച് സ്വേച്ഛയോടും സ്വയംഭരണത്തോടും ബഹുമാനം പ്രകടിപ്പിക്കുന്നതും പൊതുബോധം സൃഷ്ടിക്കുന്ന സാമൂഹികകളങ്കത്തെ ഇല്ലാതാക്കുന്നതും യഥാര്‍ത്ഥ ദോഷങ്ങള്‍ക്കെതിരെ സംരക്ഷണം നല്‍കുന്നതുമാണ്.
മിനാര്‍ കത്തെഴുതി കൊടുത്തതിനുശേഷം പോലീസ് അദ്ദേഹത്തെയും അന്വേഷിച്ചുവരുന്നുണ്ട്. നിങ്ങളാണോ ഈ കത്തെഴുതി കൊടുത്തതെന്നു ചോദിക്കുന്നു. ആര്‍ക്കാണ് എഴുതിക്കൊടുത്തതെന്നു ചോദിക്കുന്നു. അവളെ എത്രകാലമായി അറിയാമെന്നു ചോദിക്കുന്നു. ഇവിടെ, കഥാകാരന്‍ സൃഷ്ടിക്കുന്ന ഒരു സന്ദര്‍ഭം സമകാലത്തു നടന്ന രാഷ്ട്രീയപ്രക്ഷോഭത്തിലെ സവിശേഷസംഭവത്തെ എന്റെ ഓര്‍മ്മയിലേക്കു കൊണ്ടുവന്നു.
”മുപ്പതു വര്‍ഷമായിട്ട് അറിയാം ”
രണ്ടാമത്തെ പോലീസുകാരന്‍ ആദ്യത്തെ പോലീസുകാരനെ നോക്കി ചിരിച്ചു.
അയാള്‍ ഭാരതിയെ നോക്കി.
”ഇവളും അവിടെനിന്നാണോ?” എന്ന് ചോദിച്ചു.
മിനാര്‍ ഒരു ഞെട്ടലോടെ ആ ചെറുപ്പക്കാരനെ നോക്കി.
ഭാരതി പോലീസുകാരനെ നോക്കി പുഞ്ചിരിച്ചു.
”ഞാന്‍ നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഓരോ ചായ എടുക്കാം” എന്നു പറഞ്ഞു.
പോലീസുകാരന്‍ പെട്ടെന്ന് തല താഴ്ത്തി.
പോലീസുകാരന്റെ അധികാരപ്രകടനസ്ഥിതിയില്‍ സഹതാപം തോന്നിയിട്ടാണോ ഭാരതി ഈ വാക്കുകള്‍ പറയുന്നതെന്ന് ആലോചിക്കണമെന്നില്ല. എന്നാല്‍, അവളുടെ വാക്കുകള്‍ അധികാരഗര്‍വ്വിനു വലിയ പ്രഹരമായി തീരുന്നുണ്ട്. ഡല്‍ഹിയിലെ പൗരത്വപ്രക്ഷോഭങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്കെതിരെ ലാത്തിയുമായി നില്‍ക്കുന്ന പോലീസ് ഓഫീസര്‍ക്കു റോസാപ്പൂ നല്‍കിയ കലാലയവിദ്യാര്‍ത്ഥിനിയെ ഭാരതി വീണ്ടും ഓര്‍മിപ്പിച്ചു.
മിനാറിന്റെയും ഭാരതിയുടെയും മാനസികാവസ്ഥ അവരുടെ മകന്‍ വികാസിനു പോലും മനസ്സിലാകുന്നില്ല. നമ്മുടെ രാജ്യം തന്നെ വിവേകത്തില്‍ നിന്നും അകലുന്നതായി കഥാകാരന്‍ പറയുന്നു. വികാസ് ചന്ദ്രലേഖയെക്കുറിച്ച് ‘അവള്‍’ എന്നു പറയുമ്പോള്‍ ഭാരതി മകനെ തിരുത്തുന്നുണ്ട്. ആ കത്തിലെ വരികള്‍ നഗരത്തെ കത്തിക്കുമെന്നാണ് വികാസ് പറയുന്നത്. മിനാര്‍ മകനോട് ശാന്തനാവാന്‍ പറയുന്നു. സാക്ഷരനാവാനല്ല, വിവേകിയാവാനാണ് പ്രയാസമെന്ന് അമ്മയ്ക്ക് മകനോട് പറയേണ്ടി വരുന്നു. ജീവിതത്തിലെ വലിയ ദുഃഖമാണ് ഇപ്പോള്‍ മുറിയില്‍ നിറയുന്നതെന്നു വിചാരിക്കുന്നുണ്ട്, മിനാര്‍. മിനാറിന്റെ ദുഃഖം കഥയുടെ ഏറ്റവും പ്രധാനഭാഗമാണ്. എളുപ്പത്തില്‍ പേരിടാന്‍ കഴിയാത്ത ഒരു സങ്കടത്തിന്റെ ഭാരം മിനാര്‍ അനുഭവിക്കുന്നു. ഏറ്റവും വലിയ ദുരന്തങ്ങള്‍ അക്രമത്തിലല്ല, മറിച്ച് അന്തസ്സ് നിശബ്ദമായി ശ്വാസംമുട്ടുമ്പോഴാണ്.
ഈ കഥയില്‍ ഒരു സ്വപ്നരംഗമുണ്ട്. മിനാര്‍ ഒരു സ്വപ്നം കാണുന്നു. ഓടിയോടി മിനാര്‍ പോസ്റ്റ് ഓഫീസ് കെട്ടിടത്തിനു മുന്നിലെത്തുമ്പോള്‍ ആ വലിയ കെട്ടിടം ഒരു വെള്ളത്തുണികൊണ്ട് മുഴുവനായി മൂടിയിരിക്കുന്നു.
ഒരു ശവത്തിലേക്കെന്ന പോലെ കെട്ടിടത്തിലേക്ക് ഉറുമ്പുകള്‍ അരിച്ചുകയറുന്നു. മനുഷ്യരെ, അങ്ങകലെയുള്ളവരെ പോലും പരസ്പരം ബന്ധിപ്പിച്ചിരുന്ന രാജ്യത്തിന്റെ സ്ഥാപനം മൃതമാക്കപ്പെട്ടിരിക്കുന്നു. രാജ്യം പരസ്പരം വിശ്വാസത്തിന്റെയും ബന്ധങ്ങളുടെയും ലോകത്തു നിന്ന് അകലുകയാണെന്ന്, അത് വൈരത്തിലേക്കും വിദ്വേഷത്തിലേക്കും നീങ്ങുകയാണെന്നു സൂചിപ്പിക്കുന്ന ദൃശ്യമത്രേ ഇത്.
പ്രതിഷേധജാഥകളെ പരാമര്‍ശിച്ചുകൊണ്ടാണ് കഥ ആരംഭിക്കുന്നത്. ജനതയ്ക്ക് പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങേണ്ടി വരുന്ന കാലത്താണ് ചന്ദ്രലേഖ കത്തെഴുതിക്കാന്‍ മിനാറിന്റെ വീട്ടിലെത്തുന്നത്. ഭരണകൂടം നേരിട്ട് നമ്മളെ എല്ലാവരെയും സന്മാര്‍ഗവും മര്യാദയും അടക്കവും പഠിപ്പിക്കുന്ന കാലമാണത്, ഇതും. ഭരണകൂടത്തിന് എല്ലാം അറിയാം – നിയമവും ശാസ്ത്രവും സാഹിത്വവും തത്ത്വചിന്തയും കലയും സംഗീതവും ചരിത്രവും എല്ലാം. പൗരജനങ്ങള്‍ ഭരണകൂടത്തെ കണ്ടും കേട്ടും അറിഞ്ഞും പഠിക്കുകയെന്നത് അലിഖിതനിയമവാഴ്ചയാകുന്ന കാലം. ഭരണകൂടം അടക്കവും മര്യാദയും സന്മാര്‍ഗ്ഗവും സ്ഥാപിക്കാന്‍ പ്രതിബദ്ധരാണ്. ഇതിനു വഴങ്ങാത്തവര്‍ ‘ദുര്‍ഗ്ഗമ’സ്ഥാനിലേക്കു പൊയ്‌ക്കൊള്ളണം! നമ്മുടെ രാജ്യത്തിന്റെ സമകാലാവസ്ഥയെ ഈ കഥ പല രൂപങ്ങളില്‍ കണ്ടെടുക്കുന്നു.
അവസാനം, കരുണാകരന്റെ കഥ നമ്മോട് നമ്മെക്കുറിച്ചും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. വാക്കുകളുടെ യാഥാര്‍ത്ഥ്യത്തിനായി അവയെ നാം കേള്‍ക്കുന്നുണ്ടോ? അതോ മുന്‍വിധിയോടെ അര്‍ത്ഥം നിര്‍ണ്ണയിക്കുകയാണോ ചെയ്യുന്നത്? ഈ കഥ ഉള്‍പ്പെടുന്ന സമാഹാരം കേരളസാഹിത്യഅക്കാദമിയുടെ ജൂറിയ്ക്കു മുന്നില്‍ പുരസ്‌കാരനിര്‍ദ്ദേശത്തിനായി വന്നിരുന്നു. ഈ കഥയും കൃതിയും പുരസ്‌കൃതയോഗ്യമായി അക്കാദമിയുടെ ജഡ്ജിമാര്‍ക്ക് അനുഭവപ്പെട്ടില്ല. ആ വര്‍ഷം പുരസ്‌കരിക്കപ്പെട്ട കൃതി ഏതെന്ന് സഹൃദയര്‍ അന്വേഷിച്ചു നോക്കേണ്ടതാണ്.
കരുണാകരന്‍
കഥാകൃത്ത്, നോവലിസ്റ്റ്, കവി. പ്രസിദ്ധീകരിച്ച കൃതികള്‍: മകരത്തില്‍ പറയാനിരുന്നത്, പായക്കപ്പല്‍, ഏകാന്തതയെക്കുറിച്ചു പറഞ്ഞുകേട്ടിട്ടല്ലേയുള്ളൂ, കൊച്ചിയിലെ നല്ല സ്ത്രീ, അതികുപിതനായ കുറ്റാന്വേഷകനും മറ്റു കഥകളും (കഥകള്‍), പരസ്യജീവിതം, ബൈസിക്കിള്‍ തീഫ്, യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും (നോവല്‍), ജനാധിപത്യത്തിന്റെ മനുഷ്യാനുഭവങ്ങള്‍ (കെ. വേണുവുമായി ദീര്‍ഘ സംഭാഷണം). വിദേശജോലി അവസാനിപ്പിച്ച് ഇപ്പോൾ തൃശ്ശൂരിൽ താമസം.
ചന്ദ്രലേഖ
രചന : കരുണാകരന്‍
പ്രസാധനം : ഡി.സി ബുക്‌സ്
വില : 150 രൂപ







കഥാ നിരൂപണം നന്നായിട്ടുണ്ട്. ഇക്കഥ മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ചു വന്ന കാലത്തും വായിച്ചു നന്നായി തോന്നിയിട്ടുണ്ട്. ചിരപ്രതിഷ്ഠിത സങ്കൽപങ്ങളെ മുറിച്ചു കടക്കുന്ന ഭാഷയുടെ ഒരു കരുതൽ ആഖ്യാനത്തിനു പുതുമയും നൽകുന്നുണ്ട്. അതിലേയ്ക്കു ശ്രദ്ധയെ നയിക്കാൻ പര്യാപ്തമാണ് നിരൂപണവും.
കഥയുടെ ഉടലും ഉള്ളും അറിഞ്ഞു കൊണ്ടെഴുതിയ ആസ്വാദനം. കഥ മാതൃഭൂമി ആഴ്ചപ്പതിയിൽ വായിച്ച ഉടനെ ഞാനിത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. എന്നെ അങ്ങിനെയൊരു കാര്യം ചെയ്യിച്ചത് എന്തായിരുന്നു എന്നിപ്പോൾ മനസ്സിലാകുന്നു.