Skip to main content

വീട്ടകങ്ങള്‍ പൊളിക്കുമ്പോള്‍

‘കച്ചവടം’ എന്ന ശീര്‍ഷകത്തില്‍ ആറ്റൂര്‍ രവിവര്‍മ്മ ഒരു കവിത എഴുതിയിട്ടുണ്ട്. വീടിന്റെ കച്ചവടമാണ് പ്രമേയം.
കവിത പൂര്‍ണ്ണമായും എഴുതുന്നതാകും നല്ലത്.

”മുന്നൂറ്ററുപതു സര്‍വ്വേ നമ്പറി-
ലാറ് (എ)പട്ടികയില്‍ കാണും
നാലതിരുകളും
മേലാകാശവു-
മുള്ളൊരു ഭൂമി
വിലയ്ക്കു തരുന്നു
താങ്കള്‍ക്കീ ഞാന്‍
കൊല്ലം മാസം തീയതി
സാക്ഷിക,ളൊപ്പ്.
താങ്കള്‍ക്ക് വിലയ്ക്കു തരുന്നു
പഴയൊരു വീട്,
നട്ടുനനച്ചു വളര്‍ത്തിയ
ഫലവൃക്ഷങ്ങള്‍ –
മാവും പ്ലാവും പുളിയും തെങ്ങും-
പിന്നെ താനേപൊട്ടിമുളച്ചുണ്ടാവും
പടുവൃക്ഷങ്ങള്‍
വീട്, പടിപ്പുര, പത്തായപ്പുര
കുളവും കിണറും കാവും.

എന്നാല്‍ താങ്കള്‍ക്ക്
തരുന്നില്ല ഞാന്‍
ഈ വീട്ടിനുള്ളം”

ഏതാണ് കവിതയിലെ വാക്കെന്ന് പെട്ടെന്ന് ആര്‍ക്കും മനസ്സിലാകും. വീട്ടിനുള്ളം. ആ വാക്കില്‍ കവിത മുഴുവനുമുണ്ട്. ‘തരുന്നില്ല വീട്ടിനുള്ളം’ എന്ന ചൊല്ലില്‍ കവിതയുടെ മുഴുവന്‍ സത്തയും ഉണ്ട്.
പടിപ്പുര, പത്തായപ്പുര, പുളി, മാവ്, കുളം, കിണര്‍ എല്ലാം വില്‍ക്കുന്നു. ഇവയൊന്നും ഒരിക്കലും തന്റേതു മാത്രമായിരുന്നില്ല എന്ന നിസ്സംഗതയോടെ. എല്ലാവര്‍ക്കും അവകാശപ്പെട്ടതായിരുന്നതു മാത്രമേ വില്‍ക്കുന്നുള്ളൂ. തനിക്കുമാത്രമായുള്ളത് വില്‍ക്കുന്നില്ല. അത് വീട്ടിനുള്ളം. ഒട്ടൊക്കെ അദൃശ്യമാണത്. കവിക്കു മാത്രം അനുഭവത്തില്‍ വരുന്നത്. തന്റേതു മാത്രം.

സച്ചിദാനന്ദന്റെ ‘വീടുവില്‍പ്പന’ എന്ന കവിതയില്‍ ആറ്റൂരിന്റെ വാക്കുകളെ പൊലിപ്പിച്ചെടുക്കുന്ന രീതിയില്‍ :
”താങ്കള്‍ക്കു തരുന്നു ഞാനെഴുത്തുമുറി, തരു-
ന്നില്ലതിലിരമ്പിയ തിരമാലകള്‍…

താങ്കള്‍ക്കു തരുന്നു ഞാന്‍ കിടപ്പുമുറി തരു-
ന്നില്ലതില്‍ പകുത്തോരു കാട്ടുതേന്‍, കരിവിഷം
ഞങ്ങളൊറ്റയ്‌ക്കേ പോയ വിപിനപഥങ്ങള്‍…

താങ്കള്‍ക്ക് തരുന്നു ഞാനീയടുക്കള, തരു-
ന്നില്ലതിന്‍ പുകയുടെ നീലമേഘങ്ങള്‍ അതി-
ലെന്‍ പ്രിയ ചൊരിഞ്ഞതാം വിയര്‍പ്പിന്‍ മഴകള്‍ എ-
ന്നുണ്ണികള്‍ കളിച്ചെത്തി സ്വര്‍ണ്ണവിഗ്രഹങ്ങളായി
കുഞ്ഞുരുളകള്‍ തൈരുമുപ്പും ചേര്‍ത്തുണ്ണുമ്പൊഴാ- കണ്‍കളില്‍ വിരിഞ്ഞ നക്ഷത്രങ്ങള്‍…”
എന്നിങ്ങനെ എഴുതുന്നതു കാണാം.

വീടിന്റെ ഉള്ളത്തെ വിവരിക്കുകയാണ്, സച്ചിദാനന്ദന്‍. ചങ്ങാതിയുടെ കാല്‍പ്പാടുകള്‍ മുതല്‍ വള്ളിയില്‍ കൂടുകൂട്ടിയ കിളി വരെ വീട്ടിനുള്ളിലെ വസ്തുക്കളെ സച്ചിദാനന്ദന്‍ എഴുതുന്നുണ്ട്. വീടു വില്‍ക്കുമ്പോഴും വീട്ടിനുള്ളം വില്‍ക്കുന്നില്ലെന്ന് സച്ചിദാനന്ദനും പറയുന്നു. വീട് വീടല്ല, വീട്ടിന്നുള്ളമാണെന്ന്, അത് നാം നിര്‍മ്മിച്ചെടുത്ത് നമുക്കു മാത്രമായുള്ളതെന്ന് ഇരുകവികളും പറയുന്നു.

എസ് ഹരീഷ് എഴുതിയ ‘തൂണിലും തുരുമ്പിലും’ എന്ന കഥയിലെ ‘അയാളോ’ട് സുഹൃത്തായ ജുവാന്‍ പറയുന്നതും വീടെന്നു പറഞ്ഞാല്‍ അതിന്റെ ഉള്ളം ആണെന്നാണ്. അത് നാം നമ്മുടെയുള്ളില്‍, വീടിനുള്ളിലെ വസ്തുക്കളുമായി ചേര്‍ന്നു നിര്‍മ്മിക്കുന്നതാണെന്ന രീതിയില്‍ ജുവാന്‍ സംസാരിക്കുന്നു. ‘അയാള്‍’ വീട് വില്‍ക്കാന്‍ ഒരുങ്ങുകയായിരുന്നു. സുഹൃത്തായ ജുവാനോട് വീടു വില്‍ക്കുന്നതിനുള്ള സഹായം അയാള്‍ ആവശ്യപ്പെടുന്നുണ്ട്. ജുവാന്‍ ചോദിക്കുന്നു, എന്തിനാണ് വീട് വില്‍ക്കുന്നതെന്ന്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലം ആ ചോദ്യത്തിന് ഉത്തരം പറയാതെ അയാള്‍ ഒഴിഞ്ഞുമാറുകയാണ്. അയാള്‍ക്ക് സുഹൃത്തിനോടു മനസ്സു തുറക്കാന്‍ കഴിയുന്നില്ല. എല്ലാം അയാളുടെ ഉള്ളിലാണ്. ഉള്ളില്‍ കാറും കോളും നിറഞ്ഞ് ഒരു മഹാസാഗരം ഇരമ്പുന്നത് അയാളുടേയും കഥാകാരന്റേയും മൗനങ്ങള്‍ക്കിടയിലും നമുക്ക്, വായനക്കാര്‍ക്കു കേള്‍ക്കാം. ജുവാനാണ് വീടിന്റെ അകം പൊളിച്ച് പുതിയ രൂപത്തില്‍ നിര്‍മ്മിക്കാമെന്നു പറയുന്നത്. അയാള്‍ സമ്മതിക്കുന്നു. ഉള്ളം പുതുക്കണമെന്നതാണ് അയാളുടെയും ആവശ്യമെന്ന് ആരും പറയാതെ നമുക്കു മനസ്സിലാകുന്നുണ്ട്. പക്ഷേ, നാം ഒരു സന്ദിഗ്ദ്ധതയിലാണ്. അയാളുടെ ഉള്ളമോ വീട്ടിനുള്ളമോ പുതുക്കേണ്ടത് ?

ജുവാന്‍ അയാളെ കണ്ടുമുട്ടുന്ന സന്ദര്‍ഭത്തില്‍ ചോദിക്കുന്നുണ്ട് ”ഗ്രേസ് എവിടെ ?നിന്നെ ഞാനങ്ങനെ തനിച്ചു കണ്ടിട്ടേയില്ലല്ലോ” എന്ന്. ഗ്രേസ് ആരാണെന്ന് കഥയില്‍ പറയുന്നില്ല. ഈ കഥയില്‍ ആ വാക്കിന്റെ അര്‍ത്ഥമെന്താണെന്നത് നമുക്കു പ്രധാനമാണ്. ഗ്രേസ് അനുഗ്രഹമാകാം. സൗന്ദര്യമാകാം. ദയയോ കരുണയോ ആകാം. അയാളുടെ കൂട്ടുകാരിയോ, പങ്കാളിയോ സഹധര്‍മ്മിണിയോ ആകാം. അത് അയാളുടെ ജീവിതത്തിന്റെ ലാവണ്യമായിരുന്നെന്ന്, ദൈവത്തെ പോലെ ആ വീടിന്റെ തൂണിലും തുരുമ്പിലും അതുണ്ടായിരുന്നെന്ന്, ഇപ്പോള്‍ അതിനെന്തോ സംഭവിച്ചിരിക്കുന്നെന്ന് അത്/അവള്‍ ഇപ്പോള്‍ കൂടെയില്ലെന്ന് നമുക്കു തോന്നുന്നുണ്ട്.

അയാള്‍ ഒന്നും തുറന്നു പറയുന്നില്ലെങ്കിലും കഥാകാരന്‍ പാതിമൗനത്തിലാണെങ്കിലും കഥയിലുടനീളം നിറഞ്ഞിരിക്കുന്ന സൂചകങ്ങള്‍ നമ്മളോടു പലതും സംസാരിക്കുന്നുണ്ട്. അസന്നിഹിതയായ ഗ്രേസ് വസ്തുക്കളില്‍ എങ്ങനെയൊക്കയോ സംഭരിക്കപ്പെട്ടിരിക്കുന്നു. വസ്തുക്കള്‍ നമ്മോടു സംവദിക്കുന്നു. അയാളുടെ നിശബ്ദതയും ആഖ്യാതാവിന്റെ അര്‍ദ്ധ-നിശബ്ദതയും വീട്ടിലെ വസ്തുക്കളെ സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നു.
വീടിനുള്ളില്‍ പ്രവേശിക്കുന്നയുടനെ ഈ വീടിന്നകം നന്നായി പരിപാലിക്കപ്പെട്ടിരുന്നുവല്ലോയെന്ന് ജുവാന് തോന്നുന്നുണ്ട്. ഇത്രയും നന്നായി പരിപാലിക്കപ്പെടുന്ന വീട് എന്തിനാണ് വില്‍ക്കുന്നതെന്ന്, പൊളിക്കുന്നതെന്ന് അയാള്‍ക്കു തോന്നുന്നുണ്ട്.

നാം പിന്നീട് കാണുന്നത് ജുവാനും പണിക്കാരും അയാളും കൂടി വീടിനുള്ളിനുള്ളില്‍ നിന്നും വസ്തുക്കള്‍ നീക്കം ചെയ്യുന്നതും കുറെയെല്ലാം പൊളിച്ചു മാറ്റുന്നതുമാണ്. വീട്ടിന്നകം മാത്രമല്ല, മുന്‍കാലജീവിതവും പൊളിച്ചുമാറ്റുന്നു. അവിടെ ഒരു വലിയ ഭക്ഷണമേശയുണ്ടായിരുന്നു. ജുവാന്റെ വീട്ടിലെ ചെറിയ മുറിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തിടത്തോളം വലുത്. ആ വീട്ടിലെ കട്ടില്‍ വളരെ വലിയതായിരുന്നു. ഇപ്പോള്‍ അതിനു മുകളിലിരുന്നു ഭക്ഷണം കഴിക്കുന്ന പണിക്കാര്‍ക്ക് അത്ഭുതം തോന്നുന്നിടത്തോളം വലുത്. അടുക്കളയില്‍ പാത്രങ്ങള്‍ വൃത്തിയാക്കുന്നിടത്തെ സിങ്കിനു പോലും നല്ല തിളക്കം ഉണ്ടായിരുന്നു. വലിപ്പമേറിയ കിടക്കയും ഡൈനിംഗ് ടേബിളും ഇരുവരും ചേര്‍ന്നു നിര്‍മ്മിക്കുകയോ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്ത വലിയ ജീവിതത്തെ സൂചിപ്പിക്കുന്നു. ഇപ്പോള്‍ അത് ശൂന്യമാകുകയാണ്. കിടക്കയുടെ ശവമഞ്ചരൂപകത്തിലേക്കുള്ള പരിണാമം ആ ബന്ധത്തിന്റെ മരണത്തെയോ പൂര്‍ണ്ണമായ തകര്‍ച്ചയെയോ തന്നെയാണ് കാണിക്കുന്നത്.
വീട്ടിനുള്ളിലെ ഓരോന്നും നീക്കം ചെയ്യുമ്പോള്‍, ഓരോന്നും പുറത്തേക്കെടുത്തു മാറ്റുമ്പോള്‍ തനിക്കു മാത്രം അനുഭവിക്കാന്‍ കഴിയുന്നത് അയാള്‍ അനുഭവിക്കുന്നുണ്ട്. വാര്‍ഡ്‌റോബിനുള്ളില്‍ നിന്നും വസ്ത്രങ്ങളുടെ വലിയ കൂന സ്വയം എടുത്തു നീക്കുമ്പോള്‍ ഏതോ പരിചിതമായ ഗന്ധം അയാളെ പിടികൂടുന്നു. മഞ്ഞപൂക്കളുള്ള ഉപ്പുപാത്രത്തില്‍ നിന്നും ഉപ്പെടുത്തതിന്റെ കൈപ്പാടുകള്‍ അയാള്‍ കാണുന്നു.
ആ വീട്ടിലെ ചെറിയ തൊടിയില്‍ വളര്‍ന്ന തക്കാളി നിറം നഷ്ടപ്പെട്ട് ഫ്രിഡ്ജിനുള്ളിലിരിക്കുന്നതും അയാള്‍ കാണുന്നു. നിറം മങ്ങിയ തക്കാളി ക്ഷയാവസ്ഥയെ തന്നെ സൂചിപ്പിക്കുന്നു. അവ നീക്കം ചെയ്യുന്നത് പുനര്‍ജീവിതത്തിന് ആവശ്യമാണ്. അപ്പോള്‍, തങ്ങളുടെ വീട്ടില്‍ തക്കാളി കൃഷി ചെയ്യാന്‍ ശ്രമിച്ചു പരാജയപ്പെട്ട കഥ ജുവാന്‍ പറയുന്നുണ്ട്. വലിയ കട്ടിലിന്റെ കാലൊടിച്ചു മാറ്റിയാണ് പുറത്തു കടത്തുന്നത്. അത് ശവമഞ്ചം എന്നു വിളിക്കപ്പെടുന്നു, അപ്പോള്‍. ആ വീട്ടിന്നുള്ളം എന്തായിരുന്നുവെന്നും അയാള്‍ക്കു നഷ്ടപ്പെടുന്ന അനുഗ്രഹവും ലാവണ്യവും എന്താണെന്നും നാം മനസ്സിലാക്കുന്നത് ഈ സൂചകങ്ങളിലൂടെയാണ്. ഉള്ളം തകര്‍ന്ന ഒരു വീടിനെ, അയാളെ, അയാള്‍ക്കു നഷ്ടപ്പെട്ട അനുഗ്രഹത്തെയാണ് ഹരീഷ് എഴുതുന്നത്.

എന്നാല്‍, ദൂഃഖവും വേദനയും നിറഞ്ഞ സന്ദിഗ്ദ്ധാവസ്ഥയെ മാത്രമാണ് കഥ ആവിഷ്‌ക്കരിക്കുന്നതെന്നു പറയാന്‍ കഴിയില്ല, ഗ്രേസിന്റെ അഭാവം ആഖ്യാനത്തിനുടനീളം ദുഃഖച്ഛായ നല്‍കുന്നുവെങ്കിലും. ദുഃഖഭാരത്തിനിടയിലും വീട്ടിന്നകം പൊളിക്കണമെന്നും അതു പുതുക്കണമെന്നും അയാള്‍ നിശ്ചയിച്ചിട്ടുണ്ട്. അകം പൊളിക്കാനുള്ള തീരുമാനത്തോടൊപ്പം പുതിയ അകങ്ങള്‍ നിര്‍മ്മിക്കാനുള്ള തീരുമാനം കൂടിയുണ്ടെന്നു കരുതണം. തിങ്ങുന്ന വേദനയ്ക്കിടയിലും പ്രതീക്ഷാഭരിതമായ മനസ്സുണ്ട്, അത് മൂകവും ശൂന്യവുമാണെങ്കിലും.
സത്തായ സ്ഥാനത്തിനു മുന്നേയുള്ള അനിവാര്യഘട്ടമായി ഈ ശൂന്യതയെ കാണാവുന്നതുമാണ്. അവശിഷ്ടങ്ങളില്‍ ജീവിക്കുക, അല്ലെങ്കില്‍ അവയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക, പുനര്‍നിര്‍മ്മിക്കുക – സാദ്ധ്യതകള്‍ ഇവ മാത്രം. കരണീയം പുനര്‍നിര്‍മ്മാണമത്രേ. അതാണ് ജീവിതത്തിന് ഇനി അര്‍ത്ഥം നല്‍കുക! ജീവിതാര്‍ത്ഥം അന്തര്‍ലീനമാണോ അതോ നിര്‍മ്മിക്കപ്പെടുന്നതാണോ എന്നറിയാന്‍ നമ്മെ പ്രേരിപ്പിക്കുന്ന സന്ദര്‍ഭങ്ങളെയാണ് കഥാകാരന്‍ സൃഷ്ടിക്കുന്നത്.

വീട്ടിന്നകം പൊളിക്കല്‍ പൂര്‍ത്തിയാക്കി ജുവാനും പണിക്കാരും പോകുമ്പോള്‍ അവരോടൊപ്പം ഇറങ്ങുന്ന അയാള്‍ ഒരു മദ്യശാലയില്‍ കയറുന്നുണ്ട്. മോശം സംഗീതത്താലും മോശം ജീവിതത്താലും നിറഞ്ഞയിടം. പറഞ്ഞുതീരുന്ന നിമിഷങ്ങളില്‍ തന്നെ മറന്നുപോകുന്ന സംസാരങ്ങളുള്ളവര്‍, മദ്ധ്യവയസ്‌ക്കര്‍, കണ്ണുകളില്‍ ശൂന്യത മാത്രമുള്ളവര്‍, വിളറിയവര്‍ മാത്രമുള്ളിടം. മദ്ധ്യവയസ്‌ക്കര്‍ കൂടുന്നിടത്തെ പെട്ടെന്നു മറന്നുപോകുന്ന സംസാരങ്ങളും കണ്ണുകളിലെ ശൂന്യതയും നമ്മുടെ സാമൂഹികമായ മരവിപ്പിന്റെ സൂചകങ്ങളാണ്. പൊള്ളയായ ആ ഇടത്തുനിന്നും അയാള്‍ രക്ഷപ്പെടണമെന്നാഗ്രഹിക്കുന്നു. സമൂഹം കീഴ്‌പ്പെട്ടിരിക്കുന്ന ആ ലഹരിയെ അയാള്‍ ഉപേക്ഷിക്കുന്നു, മദ്യപിക്കാതെ വീട്ടിലേക്കു തിരിച്ചുചെല്ലുന്നു. അകം പൊളിച്ച വീടിന്റെ ശൂന്യതയിലേക്കാണ് എത്തിപ്പെടുന്നതെങ്കിലും അയാള്‍ അവിടേക്കു തന്നെ പോകുന്നു, ഉറച്ച ചുവടുകളോടെ. അവിടെ, ഒരിക്കല്‍ മറ്റൊരാളോടൊപ്പം താന്‍ സൃഷ്ടിച്ചെടുത്ത വീട്ടിന്നകത്ത് എല്ലാം പൊളിച്ചു കളഞ്ഞതിന്റെ ബാക്കിയില്‍ ശൂന്യത മാത്രം അയാള്‍ അനുഭവിക്കുന്നു.

കഥയുടെ ശക്തി അതിന്റെ അവ്യക്തതയിലാണ്, സന്ദിഗ്ദ്ധതയിലാണ്. പാശ്ചാത്യനാടുകളില്‍ വീട്ടിന്നകം പുതുക്കുന്നതിനെയും നാം പഴയ വസ്തുക്കള്‍ ശേഖരിച്ചുവച്ച് വീടിനെ വീണ്ടും പഴഞ്ചനാക്കുന്നതിനെയും കുറിച്ചുള്ള പരാമര്‍ശവും അകം പൊളിക്കാനുള്ള നിര്‍ദ്ദേശവും സഹായവും – ജൂവാനെ അയാളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന കൂട്ടുകാരനായി കാണാന്‍ പ്രേരിപ്പിക്കുന്നതാണ്. ജുവാന്‍ അയാളില്‍ ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുന്നു. പുതിയ ഒന്നിനു വഴിയൊരുക്കാന്‍ വീട്ടിന്നകം പൊളിക്കുന്നത് പഴയ ജീവിതത്തില്‍ നിന്നുള്ള രൂപകാത്മകമായ പിന്‍വാങ്ങലും സ്വയം പുതുക്കലുമായി മാറുന്നു.

എന്നാല്‍, വീട്ടിന്നകങ്ങള്‍ പൊളിച്ചു തുടങ്ങുന്ന കാലത്താണ് ഈ കഥ എഴുതപ്പെടുന്നത്. നിരന്തരം വീട്ടിന്നകങ്ങളുടെ രൂപകല്‍പ്പനകള്‍ മാറ്റി പുതുക്കുന്ന കാലം മാത്രമല്ല, വിവാഹമോചനങ്ങളുടെയും വേര്‍പിരിയലുകളുടെയും പുതിയവയെ തേടി കണ്ടെത്തുന്നതിന്റെയും കാലം കൂടിയാണിത്.
വീട്ടിന്നകം പൊളിക്കാവുന്നതാണെന്നു പറയുന്ന കഥയാണിത്. വേദനാജനകമെങ്കിലും അതാകണം ഉചിതമെന്ന തീരുമാനം അയാളിലുണ്ടെന്നു തോന്നുന്നു. അത് അനുഗ്രഹനഷ്ടമോ സൗന്ദര്യനഷ്ടമോ ആണെന്നു കരുതപ്പെടുന്നെങ്കിലും അതാണ് കരണീയമെന്ന് അയാള്‍ മനസ്സിലാക്കിയിരിക്കുന്നു. അവളും മനസ്സിലാക്കിയിരിക്കണം. അവള്‍ അയാളോടൊപ്പമില്ല. അവള്‍ വേര്‍പെട്ടു പോയതാകണം.

എസ്. ഹരീഷ് നമ്മുടെ കാലത്തിന്റെ കഥയെഴുതിയിരിക്കുന്നു. ഇതൊരു സംക്രമണകാലമാണെന്നു ധ്വനിപ്പിക്കുന്നു. എല്ലാ പരിവര്‍ത്തനഘട്ടങ്ങളുടെയും വേദനകളില്‍ കുടി, പുതുക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായ പൊളിക്കലിലൂം തകര്‍ക്കലിലും കുടി നാം കടന്നുപോകേണ്ടിയിരിക്കുന്നുവെന്ന് കഥയിലെ ‘അയാളെ’ ചൂണ്ടിപ്പറയുന്നു. ഈ കാലം ദിവ്യാനുഗ്രഹത്തെ വെടിഞ്ഞ് ജീവിതാനുഗ്രഹത്തെ തേടിത്തുടങ്ങുകയാണെന്നും പറയുന്നു. കേവലമൂല്യസങ്കല്‍പ്പനങ്ങളില്‍ നിന്നകന്ന് യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ ക്ഷണിക്കുന്നു. എങ്കിലും കഥയില്‍ അസന്നിഹിതമായ ഗ്രേസ് – മണവും കൈപ്പാടുകളും മാത്രമായി സന്നിഹിതയാകുന്നവള്‍ – സ്‌ത്രൈണതയുടെ നഷ്ടത്തെ കാണിച്ചുകൊണ്ട് നമ്മെ വീണ്ടും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഉറയ്ക്കുന്നത്, പുതുക്കപ്പെടുന്നത് പുരുഷാധിപത്യത്തിന്റെ മൂല്യങ്ങളോയെന്ന സന്ദേഹത്തെ ഉയര്‍ത്തുന്നു. അങ്ങനെ, നമ്മുടെ വീട്ടിന്നകങ്ങളിൽ നിന്നും നീക്കം ചെയ്യേണ്ട പ്രതിലോമമൂല്യങ്ങളെ കുറിച്ചുള്ള ചർച്ചകളിലേക്കും ഈ കഥ എത്തിനോക്കുന്നു

 


 

കഥ : തൂണിലും തുരുമ്പിലും
രചയിതാവ് : എസ് ഹരീഷ്
ചിത്രീകരണം : ദേവപ്രകാശ്
(സമകാലിക മലയാളം ആഴ്ചപ്പതിപ്പില്‍ 2025 മെയ് 26ന് വന്ന കഥ)

No Comments yet!

Your Email address will not be published.