മലയാളത്തിലെ ആധുനികതാവാദവും അതു സൃഷ്ടിച്ച സര്‍ഗാത്മകരചനകളും ഭാവുകത്വത്തെ സംബന്ധിച്ച പുതിയ അവബോധങ്ങളിലും സങ്കല്പ്പനങ്ങളിലും നില്‍ക്കുന്നതായിരുന്നു. ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’വും ആനന്ദിന്റെ ‘ആള്‍ക്കൂട്ട‘വും സക്കറിയയുടെ കഥകളും മലയാളഭാഷയുടെ വായനക്കാർക്കു ലഭിച്ച പുത്തൻ സൗന്ദര്യശിക്ഷണങ്ങളായിരുന്നല്ലോ

സാഹിത്യത്തിന്റെ വര്‍ണ്ണപ്പൊലിമയില്‍ ആഘോഷിക്കപ്പെട്ടില്ലെങ്കിലും ഏറെ പ്രശസ്തരായില്ലെങ്കിലും അവരിൽ ചിലര്‍ക്കെങ്കിലും സഹൃദയലോകത്തിന് അത്ഭുതാദരങ്ങളോടെ നോക്കിക്കാണേണ്ട ചില രചനകൾ നിർവ്വഹിക്കാൻ കഴിഞ്ഞിരുന്നു. ജയനാരായണനും വിക്ടര്ലീനസും മറ്റും അങ്ങനെ എഴുത്തിന്റെ ലോകത്തിലേക്കു കടന്നുവന്നവരായിരുന്നു. വിക്ടർ ലീനസിന്റെ ‘ജ്ഞാനികളുടെ സമ്മാനം’ എന്ന കഥ സൗന്ദര്യാത്മകഭാവനയുടെ പുതിയ ലോകങ്ങൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവൻ എഴുതിയ ആഖ്യാനമായിരുന്നു. സാഹിതീയസൗന്ദര്യം ഭാഷയുടെയും ശൈലിയുടെയും സാരള്യത്തില്‍ മാത്രമാണെന്ന് വിക്ടർ ലീനസ് കരുതിയിരുന്നുവെന്ന് ഈ കഥ വായിക്കുമ്പോള്‍ നമുക്കു തോന്നും.
1972 ഡിസംബർ രണ്ടാം വാരത്തിൽ പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ‘സമ്മാനം’ എന്ന പേരിൽ ഈ കഥ പ്രസിദ്ധീകൃതമാകുന്നത്. വളരെ സരളമായ ഒരു പ്രമേയത്തെ അത്രയും തന്നെ ലളിതമായ ഭാഷയിലും ശൈലിയിലും എഴുതുന്ന കഥയാണിത്. അനിയത്തിയും അച്ഛനും മുത്തശ്ശിയും അയാളും മാത്രം കഥാപാത്രങ്ങളാകുന്ന കഥയാണിത്. കഥ എന്തിനെക്കുറിച്ചാണ്? പിതൃഅധികാരവും അതിന്റെ നനുത്ത വിമര്‍ശവും കഥയില്‍ കടന്നുവരുന്നുണ്ട്. പാരമ്പര്യത്തിന്റെ വിവിധ നിലകളെ കുറിച്ചുള്ള അന്വേഷണമുണ്ട്. കാലത്തിന്റെ കുത്തൊഴുക്കിൽ മാറിമറിയുന്ന മൂല്യലോകങ്ങളെക്കുറിച്ചാണ് ഈ കഥയെന്നും പറയാം. നിര്ണ്ണയവാദത്തോടെന്ന പോലെ സൂക്ഷ്മതലത്തില്‍ ആദര്‍ശവാദത്തോടും വിക്ടര്‍ ലീനസിന്റെ കഥ കലഹിക്കുന്നുണ്ട്. അതിനെല്ലാമപ്പുറത്ത് സാഹോദരബന്ധത്തിലെ അതിശക്തമായ സ്നേഹവിശ്വാസങ്ങളുടെ ആവിഷ്ക്കരണത്തെ ഈ ആഖ്യാനം ലക്ഷ്യമാക്കുകയും ചെയ്യുന്നു.

കഥയിലെ അച്ഛനും മകനും ഇടയില്‍ പൊരുത്തക്കേടുകളും ഭിന്നതകളും പരിഭവങ്ങളുമുണ്ട്. ഇത് അവരുടെ മൂല്യലോകങ്ങളുടെയും വീക്ഷണങ്ങളുടെയും വ്യത്യസ്തതകളിൽ നിന്നും ഉരുവം കൊള്ളുന്നതാണ്. ഈ വ്യത്യസ്തതകളെ അറിയുമ്പോഴും അവർ ഹൃദയം കൊണ്ട് ഏറെ അകന്നു നിൽക്കുന്നവരല്ലെന്ന്, അവർക്കിടയിൽ ശക്തമായ സ്നേഹം പ്രവർത്തിക്കുന്നുണ്ടെന്ന് നാം മനസ്സിലാക്കുന്നു. ആ സഹോദരര്ക്കിടയിലെന്ന പോലെ, മുത്തശ്ശിക്ക് പേരക്കുട്ടിയോടെന്ന പോലെ അഭിപ്രായഭേദങ്ങൾക്കിടയിലും കഥയിലെ അച്ഛനും മകനും ഇടയിൽ ശക്തമായ സ്നേഹം പ്രവർത്തിക്കുന്നുണ്ട്. അവർക്കിടയിലെ ഭിന്നതകള്‍ ജ്ഞാനാന്വേഷകര്ക്കിടയിലെ തർക്കം പോലെ നമുക്കു തോന്നിയേക്കാം.
വളരെ നാളുകൾക്കു ശേഷം മുത്തശ്ശിയെ കാണാനായി എത്തിച്ചേരുന്ന മകനെ അച്ഛന് ദൃഷ്ടികൾ കൊണ്ട് കേശാദിപാദം ഉഴിയുന്നുണ്ട്. അവന്റെ ഫാഷനെ കുറിച്ചുള്ള അച്ഛന്റെ ചോദ്യത്തിന് താൻ ഇതിഷ്ടപ്പെടുന്നുവെന്നു മാത്രമേയുള്ളൂവെന്ന് മകൻ മറുപടി നൽകുന്നു. അച്ഛനു മൂല്യവത്തായത് തനിക്ക് അത്രത്തോളം മൂല്യമുള്ളതായി തോന്നുന്നില്ലെന്നു മാത്രമേയുള്ളൂവെന്ന് സംയമനത്തോടെ മകൻ പറയുന്നു. നമുക്ക് രണ്ടുപേർക്കും തെറ്റിയിട്ടില്ലെന്ന മകന്റെ വാക്കുകളിൽ അച്ഛനു ദ്വേഷം വരുന്നുണ്ട്. നിനക്ക് തെറ്റിയെന്നു തന്നെ ഞാൻ കരുതുന്നുവെന്ന് അച്ഛന്. തനിക്ക് സരളമായ ജീവിതമാണ് വേണ്ടിയിരുന്നതെന്ന് മകൻ. ‘അത് നിനക്ക് കിട്ടിയല്ലോ’ എന്ന് അച്ഛൻ.
പേരക്കുട്ടി മുത്തശ്ശിയെ കാണുമ്പോൾ കീറിപ്പറിഞ്ഞു തുടങ്ങിയ ഒരു ഭഗവത്ഗീത അവര്‍ അവനു സമ്മാനിക്കുന്നുണ്ട്. മുത്തശ്ശിയുടെ മുത്തശ്ശി വായിച്ചിരുന്നതാണത്. പാരമ്പര്യസ്വത്ത്. അച്ഛന്റെ ധർമ്മത്തിൽ ഗീതയ്ക്കു സ്ഥാനമില്ലെന്നു പറയുന്ന മുത്തശ്ശി തന്റെ പേരക്കുട്ടിയുടെ ജീവിതത്തിൽ അതിനു സ്ഥാനമുണ്ടെന്ന് സൂചിപ്പിക്കുകയാണോ? മടങ്ങിപോകാനിറങ്ങുന്ന മകന് ടേപ്പ് റിക്കാര്‍ഡറുകളും ടേപ്പുകളും സമ്മാനമായി നൽകുന്ന അച്ഛനെ നാം വായിക്കുന്നു. നിനക്ക് ഇത് തരുമ്പോൾ എനിക്കു സന്തോഷമുണ്ടെന്ന്, എനിക്കു തന്നെ അത്ഭുതം തോന്നുന്നുവെന്ന് അച്ഛൻ പറയുന്നു. മുത്തശ്ശിയോടു കാണിച്ച കരുണ തന്നോടും കാണിക്കണമെന്ന് അയാൾ മകനോട് അപേക്ഷിക്കുന്നു.
അണുകുടുംബവ്യവസ്ഥയ്ക്കുള്ളിലെ സ്നേഹതീവ്രതകളെ ആവിഷ്ക്കരിക്കുന്ന, കുടുംബബന്ധങ്ങളെ ആദർശവൽക്കരിക്കുന്ന ഒരു മൂലകം കഥയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബവ്യവസ്ഥയെ നിരന്തരം വിമർശിക്കുകയും അതിന്റെ തകർച്ചയെ അഭിലഷിക്കുകയും ചെയ്യുന്ന സമകാലിക സമൂഹത്തിന്റെ ധിഷണാലോകത്തിനു പുറത്താണ് ഈ കഥ നില്‍ക്കുന്നത്. എന്നാല്‍, കുടുംബവ്യവസ്ഥയുടെ വിമർശം സൂക്ഷ്മതലത്തിൽ ഈ കഥയിലും സംഭവിക്കുന്നുണ്ടെന്ന കാര്യം അനിഷേധ്യവുമാണ്. പിതൃഅധികാരം സൃഷ്ടിക്കുന്ന ഭിന്നതകളും അഭിപ്രായഭേദങ്ങളും നേർത്തസ്വരത്തിൽ കുടുംബവ്യവസ്ഥയുടെ വിമര്‍ശനമായി തന്നെ മനസ്സിലാക്കണം. കോപാകുലമാകുന്ന പുതുതലമുറയുടെ പ്രതിനിധിയായിട്ടല്ല, തന്റെ വഴികൾ വിഭിന്നമാണെന്നു സമന്വയഭാവത്തോടെ പറയുന്ന ഒരു നായകനെയാണ് വിക്ടര്‍ ലീനസ് അവതരിപ്പിക്കുന്നത്. കൂടുതൽ സമതുലിതമായ ഒരു വീക്ഷണം രൂപപ്പെടുത്തുന്നതിന് സഹായകമാകു
അയാൾക്കു മുത്തശ്ശി നൽകുന്ന സമ്മാനം; ഭഗവത്ഗീത, ആ വൃദ്ധയുടെ ജ്ഞാനം നിര്‍ദ്ദേശിക്കുന്ന സമ്മാനമാണ്.
ഗാന്ധിജി അനാസക്തിയോഗത്തിന്റെ മൂല്യങ്ങൾ ആ ഗ്രന്ഥത്തില്‍ വായിച്ചെടുത്ത കാലത്തിന്റെ സംസ്കാരത്തെയാകണം മുത്തശ്ശി ഉള്‍ക്കൊണ്ടിരുന്നത്. പുസ്തകം കീറിപ്പറഞ്ഞിരിക്കുന്നുവെന്ന സൂചന മുത്തശ്ശിയുടെ കാലത്തിന്റെ ഗീതാവ്യാഖ്യാനപാഠത്തിനു സംഭവിച്ചിരിക്കുന്ന അപചയത്തെയോ നാശത്തെയോ സൂചിപ്പിക്കുന്നതാകണം. ഗാന്ധിജി നിഷ്കാമകര്‍മ്മത്തിന്റെ മഹത്ത്വത്തെയാണല്ലോ ഭഗവത്ഗീതയില്‍ നിന്നു കണ്ടെത്തിയത്. കഥയിലെ യുവാവിന്റെ അനാസക്തിയിൽ ഗാന്ധിജിയുടെ അനാസക്തിദര്ശനം തിളങ്ങുന്നുണ്ടെന്നു കൂടി പറയണം. അതുകൊണ്ടായിരിക്കണം ഭഗവത്ഗീത തന്റെ പേരക്കുട്ടിക്കു യോജിച്ചതാണ്, അവന്റെ അച്ഛനു യോജിച്ചതല്ലെന്ന നിരീക്ഷണത്തിലേക്ക് മുത്തശ്ശി നയിക്കപ്പെടുന്നത്. എങ്കിലും കഥയിലെ ഈ സന്ദര്‍ഭം ബാഹ്യരാഷ്ട്രീയയാഥാര്ത്ഥ്യത്തി
അച്ഛന് മകനു സമ്മാനമായി നൽകുന്ന സംഗീതം പുറപ്പെടുവിക്കുന്ന യന്ത്രം എന്തിന്റെ സൂചകമാണ്? യാന്ത്രികമായി തന്റെ ശരികള്‍ക്കു വേണ്ടി വാദിക്കുമ്പോഴും സ്നേഹത്തിന്റെ സംഗീതം ഉള്ളില്‍ പേറുന്ന ഒരു മനസ്സിന്റെ രൂപകമായി സംഗീതം പൊഴിക്കുന്ന ആ യന്ത്രത്തെ കാണണം. തന്റെ നിലപാടുതറയിൽ ഉറച്ചുനിൽക്കുന്നുവെന്ന അച്ഛന്റെ പ്രഖ്യാപനം കൂടിയാണ് ആ സമ്മാനം. അത് അയാള്‍ ആര്‍ജ്ജിച്ച ജ്ഞാനം നിര്‍ദ്ദേശിക്കുന്ന സമ്മാനമാണ്. പ്രകൃതിയിലേക്കു മടങ്ങുകയല്ല, യാന്ത്രികയുഗത്തിലാണ് എത്തിപ്പെട്ടിരിക്കുന്നതെങ്കിലും
രണ്ടു ജ്ഞാനികളുടെ സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നവന് ”ഞാൻ മാത്രം ചേട്ടന് ഒന്നും തന്നില്ലല്ലോ” എന്നു ഖേദപ്പെടുന്ന സഹോദരിയോട് ”എല്ലാം തരുന്ന നീ” എന്നു പ്രതികരിക്കുന്നു. ജ്ഞാനികളുടെ സമ്മാനങ്ങൾക്കപ്പുറത്ത് യഥാർത്ഥ സമ്മാനം സ്നേഹവും കാരുണ്യവുമാണെന്ന് ലീനസിന്റെ കഥ പറഞ്ഞുവയ്ക്കുന്ന മുഹൂര്‍ത്തം കൂടിയാണിത്. എനിക്കു നിന്നോട് ഒരുപാട് സംസാരിക്കാനുണ്ടെന്നു പറയുന്ന സഹോദരനെയും ചേട്ടനോടു മാത്രം പറയാന്‍ കഴിയുന്ന എന്തെല്ലാം തനിക്കുണ്ടെന്നു പറയുകയും ചേട്ടനെ പോലെ ജീവിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന സഹോദരിയെയും വിക്ടര്‍ലീനസ് എഴുതുന്നു. ഈ സ്നേഹത്തെ എഴുതാനുള്ള തനതായ ഒരു മലയാളഭാഷാശൈലിയെ കഥാകാരന് രൂപപ്പെടുത്തിയിരിക്കുന്നു.
അനായാസം ലളിതമായ ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്ന കഥയില്‍ പാഠാന്തരത്വത്തിന്റെയും വ്യാഖ്യാനത്തിനും സംവാദത്തിനുമുള്ള സാദ്ധ്യതകളുടെയും നിരവധി മൂലകങ്ങള്‍ നിറഞ്ഞിരിക്കുന്നത് നാം കാണുന്നു. ആധുനികോത്തരതയുടെ പുത്തന്‍ പ്രമേയങ്ങള്‍ക്കും ഏറെ നവീകരിക്കപ്പെട്ട രചനാതന്ത്രങ്ങള്‍ക്കും ഇടയിലും
വിക്ടര്‍ലീനസിന്റെ കഥ ഇപ്പോഴും തിളങ്ങിക്കൊണ്ടിരിക്കുന്നു.

വിക്ടര്‍ ലീനസിന്റെ കഥകള്‍
പ്രസാധനം : ഡി.സി. ബുക്സ്, കോട്ടയം
വില : 125 രൂപ







No Comments yet!