
മലയാളകഥയുടെ തുടക്കകാലത്തു തന്നെ ഒരു മൃഗവേട്ടയുടെ കഥ എഴുതപ്പെടുന്നുണ്ട്. സി .എസ് ഗോപാലപ്പണിക്കര്‍ എഴുതിയ ‘ഒരു മുതല നായാട്ട്’ എന്ന കഥയാണത്. 1081 വൃശ്ചികമാസത്തില്‍ രസികരഞ്ജിനിയിലാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. കഥയുടെ പേരു സൂചിപ്പിക്കുന്നതു പോലെ അത് ഒരു മുതലയെ നായാടുന്നതിന്റെ വിവരണമാണ്. ഭീമച്ചന്‍ എന്ന പേരാണ് മുതലയ്ക്ക്.
![]()
നൂറ്റിയിരുപതോളം വര്‍ഷങ്ങള്‍ക്കു ശേഷം എന്‍ എസ് മാധവന്‍ എഴുതിയ ‘ഭീമച്ചന്‍’ എന്ന കഥയിലേക്കു വരെ നീളുന്ന ബന്ധങ്ങള്‍ ഈ ആഖ്യാനത്തിനുണ്ട്. മൃഗസംരക്ഷണത്തിന്റെയോ മൃഗങ്ങളോടുള്ള സ്‌നേഹത്തിന്റെയോ ആഖ്യാനമല്ല, മലയാളത്തിലെ ആധുനികകഥാരൂപത്തില്‍ ആദ്യം എഴുതപ്പെട്ടതെന്നു പറയണം. എന്നാല്‍, മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധം മലയാളകഥാഖ്യാനങ്ങളില്‍ ഒരിക്കലും ഏകസ്വഭാവത്തിലുള്ളതായിരുന്നില്ല. ജീവിതത്തില്‍ അങ്ങനെയല്ലാതിരിക്കെ, ആഖ്യാനങ്ങളിലും അത് അസാദ്ധ്യമായിരുന്നു. വളരെ സങ്കീര്‍ണ്ണമായ ഒരു ബന്ധവ്യവസ്ഥയാണല്ലോ അത്. മൃഗയാവിനോദങ്ങള്‍, കാര്‍ഷികസമൂഹത്തിലെ സഹവര്‍ത്തിത്വങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, വണ്ടി വലിക്കുകയും ചുമടെടുക്കുകയും ചെയ്യുന്ന മൃഗങ്ങള്‍, കൂട്ടാളി, മതത്തിന്റെയും കുലത്തിന്റെയും ചിഹ്നങ്ങള്‍, ഒറ്റപ്പെട്ട മനുഷ്യന്റെ മാനസികാശ്രയം, സഞ്ചാരത്തിനുള്ള വാഹനങ്ങള്‍, സര്‍ക്കസിലെ ഉപകരണങ്ങള്‍, വന്യജീവികളുമായുള്ള സംഘര്‍ഷങ്ങള്‍, സാഹിത്യത്തിലെ രാഷ്ട്രീയരൂപകങ്ങള്‍, ഭയത്തിന്റെയും അജ്ഞാതത്തിന്റെയും രൂപകങ്ങള്‍ എന്നിങ്ങനെ വിഭിന്നതലങ്ങളില്‍ മാറിയും മറിഞ്ഞുമിരിക്കുന്ന
ബന്ധങ്ങളുടെ ചരിത്രമായിരിക്കും നമ്മുടെ മുന്നില്‍ തെളിഞ്ഞുവരുന്നത്. തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥ വായിക്കുമ്പോള്‍ മനുഷ്യ-മൃഗബന്ധത്തിലെ സ്‌നേഹവും സംഘര്‍ഷവും ചേര്‍ന്ന ദ്വന്ദ്വചരിത്രം വ്യക്തമാകുന്ന കഥയെന്ന നിലയില്‍ അതിന്റെ അനന്യത ആദ്യമേ ശ്രദ്ധയില്‍ വരും. മലയാളത്തിലെ കഥാസാഹിത്യഭൂപടത്തില്‍ തകഴിയുടെ ഈ ആഖ്യാനത്തിന് വളരെ നിര്‍ണ്ണായകമായ ഒരു ഇടമുണ്ട്.

‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥ സാമൂഹികയാഥാര്‍ത്ഥ്യവും സൗന്ദര്യാത്മകമായ ആവിഷ്‌കാരവും ഒന്നുചേരുന്ന മലയാളസാഹിത്യത്തിലെ പ്രധാന സൃഷ്ടികളില്‍ ഒന്നാണെന്ന കാര്യം സുവിദിതമാണ്. കഥ എഴുതപ്പെട്ട കാലഘട്ടത്തിന്റെ സാമൂഹികഘടനയോട് സമകാലികമായ അനുഭവങ്ങള്‍ക്കു പോലും ജീവത്തായ സംഭാഷണം സൃഷ്ടിക്കാന്‍ കഴിയുന്ന ആഖ്യാനമാണിത്. സാമൂഹികമാനങ്ങള്‍ മാത്രമല്ല, കഥയുടെ ആവിഷ്‌കാരസൗന്ദര്യം കൂടി ഇങ്ങനെ പറയാന്‍ കാരണമാണ്. പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലം മാത്രമല്ല, മറിച്ച് സാമൂഹികാസമത്വങ്ങളുടെ മറഞ്ഞിരിക്കുന്ന ഘടനകളെ പുറത്തെടുക്കുന്ന ഈ ആഖ്യാനത്തിന്റെ ആന്തരികശക്തിയും സവിശേഷം എടുത്തുപറയണം. കഥയിലെ നായ ഒരു വളര്‍ത്തുമൃഗമെന്നതിലുപരി പാഠാന്തരസമൃദ്ധിയുള്ള രൂപകമായി പ്രവര്‍ത്തിക്കുന്നു. മനുഷ്യരുള്‍പ്പെടെ, പ്രാന്തവല്‍ക്കരിക്കപ്പെട്ട മുഴുവന്‍ ജീവജാലങ്ങളെയും അത് പ്രതീകവല്‍ക്കരിക്കുന്നു. മറ്റൊരു ദിശയില്‍ മനുഷ്യരുടെ ‘സ്വാര്‍ത്ഥമായ രക്ഷാപ്രവര്‍ത്തനങ്ങള്‍’ക്കിടയില്‍ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായി നായ നിലകൊള്ളുന്നു. മനുഷ്യരില്‍ നഷ്ടപ്പെട്ട കരുണയും നിഷ്‌കളങ്കതയും നായയില്‍ നിലനില്‍ക്കുന്നതായി കഥ നിര്‍ദ്ദേശിക്കുന്നു. മനുഷ്യനെക്കാള്‍ മനുഷ്യത്വം പ്രകടിപ്പിക്കുന്ന സാന്നിദ്ധ്യം (അയ്യപ്പപ്പണിക്കര്‍), സമൂഹത്തിലെ ഭ്രഷ്ടരായവരുടെ പ്രതീകം (സുകുമാര്‍ അഴീക്കോട്), സമൂഹഘടനയും മൃഗവല്‍ക്കരണവും തമ്മിലുള്ള ബന്ധം (കെ.കെ. കൊച്ച് ) എന്നീ നിലകളില്‍ കഥയിലെ നായയെ കാണുന്ന വായനകള്‍ ഈ രൂപകഗാംഭീര്യത്തെ ഇതിനകം തിരിച്ചറിയുകയോ വിമര്‍ശിക്കുകയോ ചെയ്തിട്ടുണ്ട്. ഈ കഥ ഒരേയൊരു വികാരധാരയില്‍ ഒഴുകുന്നില്ല. സമൂഹം, പരിസ്ഥിതി, ഓര്‍മ്മ, നൈതികത എന്നിവയുടെ പല തലങ്ങളിലൂടെ പടരുന്ന ഒരു സാഹിതീയജലവ്യൂഹം പോലെയാണത്.

കഥയില്‍ കാലം രേഖീയമല്ല. അത് ചാക്രികമായി അനുഭവപ്പെടുന്നു. പ്രളയം സംഭവിച്ചു കഴിഞ്ഞ ഒരു സംഭവം മാത്രമല്ല. വായനക്കാരുടെ ജീവിതത്തിലെ അനുഭവങ്ങളുമായി ഒന്നുചേര്‍ന്ന് അതു വീണ്ടും സംഭവിക്കാവുന്ന, വീണ്ടും അനുഭവിക്കേണ്ടുന്ന, വീണ്ടും ഓര്‍മ്മയില്‍ ഉയര്‍ന്നുവരുന്ന ഒരു ചക്രത്തെ നിര്‍മ്മിക്കുന്നു. അതുകൊണ്ട് കഥ വായിക്കുമ്പോള്‍ വായനക്കാരന്‍ ചരിത്രം വായിക്കുന്നില്ല, ഒരു ചാക്രികാനുഭവത്തിലൂടെ കടന്നുപോകുകയാണ്.
കഥയിലെ നായ മനുഷ്യനു നേരെ ഒരു നീതിക്കണ്ണാടി ഉയര്‍ത്തുന്നു. സ്വയം ജീവന്‍ രക്ഷിക്കാനുള്ള മനുഷ്യന്റെ തത്രപ്പാടില്‍ സ്വാഭാവികതയുണ്ടെങ്കിലും അതിനൊപ്പം വരുന്ന മറവിയെ കഥ ചോദ്യം ചെയ്യുന്നു. രക്ഷപ്പെടുന്ന മനുഷ്യന് നൈതികമായ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാകുമോയെന്ന പ്രശ്‌നം നായയുടെ ദുരന്തത്തിലൂടെ കഥ ഉയര്‍ത്തിയെടുക്കുന്നു. തകഴിയുടെ കഥയിലെ വാക്കുകളില്‍ നിന്നും നായയെ രക്ഷിക്കാതെ സ്വയം രക്ഷപ്പെട്ടവന്റെ കുറ്റബോധത്തിന്റെ ശബ്ദം നാം കേള്‍ക്കുന്നില്ല. എന്നാല്‍, അതിനെ കുറിച്ചുള്ള വിചാരങ്ങളിലേക്ക് വായനക്കാരന്‍ നയിക്കപ്പെടുന്നുണ്ട്. മനുഷ്യനു പ്രകൃതിയുടെ മേല്‍ കേവലമായ നിയന്ത്രണമുണ്ടെന്ന ധാരണയെ കഥ പ്രശ്‌നവല്‍ക്കരിക്കുന്നു. പ്രകൃതിദുരന്തങ്ങളെ സാമൂഹികനീതിയുടെ പ്രശ്‌നങ്ങളുമായി ബന്ധിപ്പിക്കുന്നു. തകഴിയുടെ കഥയെ അപനിര്‍മ്മിച്ചുകൊണ്ട് കെ കെ കൊച്ച് മുന്നോട്ടുവയ്ക്കുന്ന നിരീക്ഷണങ്ങളെ സമീപിച്ചുകൊണ്ടേ ഇനി നമുക്കു ചലിക്കാനാകൂ.
”അവന്റെ തമ്പുരാന്‍ മൂന്നായി പ്രാണനും കൊണ്ട് കരപറ്റിയിട്ട്.” സ്വന്തം പ്രാണനും കൊണ്ട് ജന്മി രക്ഷ നേടിയിരിക്കുന്നു. ജന്മി എങ്ങനെ ചേന്നനെ ഉപേക്ഷിച്ചുവോ അപ്രകാരം ചേന്നനും പട്ടിയെ മറന്നുവെന്നാണ് തകഴി എഴുതുന്നതെന്ന് ബാലചന്ദ്രന്‍ വടക്കേടത്തിനെ വിമര്‍ശിച്ചുകൊണ്ട് കെ കെ കൊച്ച് പറയുന്നുണ്ട്. തകഴിയുടെ കഥയില്‍ ദളിത് പരിപ്രേക്ഷ്യം വായിച്ചെടുക്കാനാവില്ലെന്നും കെ കെ കൊച്ച് എഴുതുന്നു. മറിച്ച്, ഇത് ദളിത് സാമുദായികസ്വത്വനിരാസമാണെന്ന് കൊച്ച് കാണുന്നു. കൊച്ച് ഇങ്ങനെ എഴുതുന്നു: ”ഭ്രഷ്ടനും യജമാനഭക്തനും സംഘര്‍ഷങ്ങള്‍ പേറുന്നവനുമായ പട്ടി തിരസ്‌കരിക്കപ്പെടുകയും ദുരന്തമുണ്ടായപ്പോള്‍ തമ്പുരാനെപ്പോലെ ജീവനും കൊണ്ട് രക്ഷപ്പെട്ടവനുമായ ചേന്നന്‍ സ്വീകരിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഈ തിരസ്‌കാര-സ്വീകരണങ്ങള്‍ തകഴിയുടെ ദലിത് വീക്ഷണത്തിന്റെ പ്രതിഫലനമാവുന്നത് സമുദായവും വര്‍ഗവുമായുള്ള വൈരുദ്ധ്യത്തിലാണ്. ഒരു വിഭാഗം ചരിത്രത്തിന് അന്യമാകുമ്പോള്‍ (പട്ടി/സമുദായം) മറ്റേവിഭാഗം വര്‍ത്തമാനത്തിലേക്ക് (ചേന്നന്‍/വര്‍ഗം) കടന്നു വരുന്നു. ദളിതുകളെ വിഭജിച്ചു ചരിത്രത്തില്‍ നിന്നും പുറത്താക്കുന്ന രചനാധര്‍മ്മമാണ് ‘വെള്ളപ്പൊക്കത്തില്‍’ നിര്‍വഹിച്ചിരിക്കുന്നത്.”

”ചേന്നന്റെ മറവി യാദൃച്ഛികമായിരുന്നുവോ?”എന്നൊരു ചോദ്യം കെ.കെ.കൊച്ച് ഉന്നയിക്കുന്നുണ്ടെങ്കിലും ആ ദിശയില്‍ കഥയിലൂടെ ഒരു അന്വേഷണം നടത്തുന്നില്ല. ‘അയ്യോ! എന്റെ പട്ടി അതിലകപ്പെട്ടല്ലോ’ എന്നൊരു വാക്യം തകഴിയുടെ കഥയില്‍ എഴുതപ്പെടുന്നില്ല. അങ്ങനെയൊരു വാക്യം ചേന്നന്റെ മറവിയെ ജൈവികമായ പ്രശ്‌നമായും സാമൂഹികമാനങ്ങളില്ലാത്ത യാദൃച്ഛികപ്രശ്‌നവുമാക്കി മാറ്റുമായിരുന്നു. ഇതിന്റെ അഭാവം കെ കെ കൊച്ചിന്റെ അപനിര്‍മ്മാണത്തിനു ശക്തി പകരുന്നുണ്ട്. എന്നാല്‍, കഥയുടെ സൂക്ഷ്മമായ വായനയില്‍ ഈ രണ്ടു വാക്യങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍ വരണം.
”കിടാങ്ങളേയും പെണ്ണാളിനേയും പട്ടിയേയും പൂച്ചയേയും പുരയുടെ വാരിക്കിടയില്‍ കൂടി ഓരോന്നായി ചേന്നന്‍ വലിച്ചു വെളിയിലിട്ടു.”
”ചേന്നന്‍ നീന്തിത്തുടിച്ചു പട്ടിയെ അന്വേഷിച്ചു കൊട്ടിലിലേക്കു വരികയാണ് ”
ആദ്യവാക്യം പട്ടിയേയും രക്ഷിക്കണമെന്ന ചിന്തയിലാണ്
ചേന്നന്‍ പ്രവര്‍ത്തിക്കുന്നതെന്നു കാണിക്കുന്നുണ്ട്. എന്നാല്‍, വള്ളത്തിലേക്കു കയറുന്ന സന്ദര്‍ഭത്തില്‍, ധൃതിയില്‍ ”പടിഞ്ഞാറെച്ചെരുവില്‍ അവിടെയും ഇവിടെയും മണപ്പിച്ചു നടക്കുന്ന” ”പട്ടിയുടെ കാര്യം ആരും ഓര്‍ത്തില്ല.” ഇവിടെ ചേന്നന്റെ മറവി യാദൃച്ഛികമാണെന്നു കാണാം. എന്നാല്‍, ദളിത് രൂപകമാകുന്നതായി കരുതുന്ന നായയുടെ പ്രവൃത്തിയാണ് അതിന്റെ രക്ഷയ്ക്കു വിഘാതമാകുന്നതെന്ന വായനയ്ക്ക് ഇത് അവസരം നല്‍കുന്നുമുണ്ട്. രണ്ടാമത്തെ വാക്യം ചേന്നന്റെ നായയോടുള്ള സ്‌നേഹത്തിന്റെയും കുറ്റബോധത്തിന്റെയും പ്രകടനമാണെന്നു കാണണം.
തകഴിയുടെ ആഖ്യാനം തീര്‍ച്ചയുടെ സ്വരമല്ല, സന്ദിഗ്ദ്ധതകളുടെ സ്വരമാണ് കേള്‍പ്പിക്കുന്നതെന്നേ നിരൂപിക്കാന്‍ കഴിയൂ. യഥാര്‍ത്ഥത്തില്‍, തകഴിയുടെ ആഖ്യാനത്തില്‍ പ്രകടമാകുന്ന ഈ സന്ദിഗ്ദ്ധതകള്‍
ദളിത് – വര്‍ഗ്ഗ ഐക്യത്തെ കറിച്ച് നമ്മുടെ സമൂഹത്തില്‍ സൈദ്ധാന്തികതലത്തിലും പ്രായോഗികതലത്തിലും രൂപം കൊണ്ടിരിക്കുന്ന സന്ദിഗ്ദ്ധതകളുടെ ആദ്യപ്രകടനങ്ങളിലൊന്നായി കരുതുകയാകും ഉചിതം.
വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പ്രയോക്താക്കള്‍ക്ക് ഇനിയും വ്യക്തത വന്നിട്ടില്ലാത്ത കാര്യമാണിത്. ദലിത് രാഷ്ട്രീയത്തിന്റെ സവിശേഷമാനങ്ങളെ അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ അതു വിസമ്മതിക്കുന്നു. വര്‍ഗ്ഗവും വര്‍ണ്ണവും ഒന്നുചേരുന്നയിടങ്ങളെ അംഗീകരിക്കാന്‍ പലപ്പോഴും ദലിത് രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കും കഴിയുന്നില്ല. ഏകപക്ഷീയവും തീവ്രവാദപരവുമായ വീക്ഷണങ്ങള്‍ ദളിത് – പ്രൊലറ്ററിയേറ്റ് ഐക്യത്തെ കുറിച്ചുള്ള പ്രതീക്ഷകളെ പെട്ടെന്നു തന്നെ അപ്രസക്തമാക്കും. ഈ ലേഖനം അങ്ങനെയൊരു വീക്ഷണത്തിലും സമീപനത്തിലും നില്‍ക്കുന്നതാണ്.
കഥയുടെ സാമൂഹികഭൂപടം കുട്ടനാട് പ്രദേശത്തിന്റെ ജീവിതാനുഭവങ്ങളില്‍ നിന്നാണല്ലോ രൂപം കൊള്ളുന്നത്. കഥയിലെ പ്രകൃതിദൃശ്യങ്ങള്‍ കേവലം പശ്ചാത്തലം മാത്രമല്ല. ജീവന്റെ ഉറവയായി പ്രവര്‍ത്തിക്കുന്ന വെള്ളം ചിലപ്പോള്‍ ആക്രമണത്തിന്റെയും നാശത്തിന്റെയും സാന്നിദ്ധ്യമായി മാറുന്നു. കുട്ടനാടിന്റെ ജലഭൂപ്രകൃതി അവിടുത്തെ മനുഷ്യജീവിതത്തെ എങ്ങനെ നിര്‍ണ്ണയിക്കുന്നുവെന്നത് കഥയുടെ ഏറ്റവും കാതലായ ഘടകമാണ്. വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശത്തിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ പശ്ചാത്തലം കഥാതന്തുവിനെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നതുമാണ്. വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വള്ളം ജീവരക്ഷയ്ക്കുള്ള സഹായമാണെങ്കിലും സമൂഹത്തിലെ അധികാരശ്രേണിയുടെ തലത്തിലെ സവിശേഷമായ അവകാശമായി കൂടിയാണ് പ്രത്യക്ഷപ്പെടുന്നത്. ദുരന്തസമയത്ത് ആരെ രക്ഷിക്കും, ആരെ വിട്ടുകളയും എന്നത് പലപ്പോഴും പ്രകൃതിയുടെ തീരുമാനമല്ല. അത് സാമൂഹികഘടനയുടെ തീരുമാനമാണെന്ന യാഥാര്‍ത്ഥ്യത്തെ കഥ സൂക്ഷ്മമായി തുറന്നു കാണിക്കുന്നു.
കുട്ടനാട്ടില്‍ വെള്ളപ്പൊക്കം പ്രകൃതിദുരന്തം മാത്രമായല്ല പ്രത്യക്ഷപ്പെട്ടിരുന്നത്. അത് സമൂഹത്തിലെ അധികാരബന്ധങ്ങളെയും ജാതിവ്യവസ്ഥയുടെ ഭേദങ്ങളെയും തുറന്നുകാട്ടുന്ന പ്രകരണം കൂടിയായി മാറിത്തീര്‍ന്നിരുന്നുവെന്നാണ് നാം കണ്ടത്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വിഭവങ്ങളും അവസരങ്ങളും സമൂഹത്തില്‍ ഒരുപോലെ വിതരണം ചെയ്യപ്പെട്ടിട്ടില്ല. സമൂഹത്തിന്റെ അതിരുകളിലേക്കു തള്ളിനീക്കപ്പെട്ട ദളിത് സമൂഹങ്ങളുടെ ജീവിതം ദുരന്തകാലങ്ങളില്‍ എത്രത്തോളം അപകടാവസ്ഥയിലാണെന്ന് കഥ സൂചിപ്പിക്കുന്നു. ദളിത് സമൂഹങ്ങള്‍ സാധാരണയായി താഴ്ന്നപ്രദേശങ്ങളില്‍, പ്രളയഭീഷണി കൂടുതലുള്ള ഇടങ്ങളില്‍, സ്ഥിരസുരക്ഷയില്ലാത്ത ആവാസങ്ങളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായിരുന്നതിന്റെ സാമൂഹികചരിത്രം കഥയുടെ സൂക്ഷ്മതയില്‍ രേഖപ്പെട്ടിട്ടുണ്ട്. സാമാന്യമായി, ദളിത് ജീവിതം രേഖിതമാകാത്ത അനുഭവചരിത്രമാണ്.
എന്നാല്‍, ഈ കഥയില്‍ ദളിത് ജീവിതം ദുരന്തകാലത്തെ ജീവിതദൃശ്യങ്ങളിലൂടെയാണെങ്കിലും എഴുതപ്പെടുന്നുണ്ട്.
അങ്ങനെ കഥ സാഹിതീയരൂപത്തിലുള്ള ഒരു സോഷ്യല്‍ ആര്‍ക്കൈവായി മാറുന്നു. പൊതുമണ്ഡലത്തിലോ ചരിത്രത്തിലോ ഹാജരാകാത്തവരിലൂടെ മാത്രം നിര്‍മ്മിക്കപ്പെട്ടിരുന്ന ദളിത്ജീവിതത്തിന് ഒരു രൂപകത്തിന്റെ ശക്തിയിലൂടെ തകഴി എഴുതിയ കഥയില്‍ സ്ഥാനം ലഭിക്കുന്നു. കഥയിലെ ചേന്നന്റെ ജീവിതവും അവന്റെ വീടിന്റെ നാശവും ദളിത് ജീവിതത്തിന്റെ അസ്ഥിരതയെയും നിസ്സഹായാവസ്ഥയെയും കാണിക്കുന്നതാണ്. പ്രകൃതിദുരന്തം ഇവിടെ സാമൂഹികദുരന്തം കൂടിയാണ്. അങ്ങനെ, വെള്ളപ്പൊക്കം തകഴിയുടെ ആഖ്യാനത്തില്‍ പ്രകൃതിയുടെ ക്രൂരത മാത്രമായിട്ടല്ല; സാമൂഹികാസമത്വങ്ങളുടെ പരീക്ഷണവേദിയായി കൂടി പ്രത്യക്ഷപ്പെടുന്നു.
ദുരന്തകാലങ്ങളില്‍ ദുരിതങ്ങളിലേക്കും യാതനകളിലേക്കും ആദ്യം വലിച്ചെറിയപ്പെടുന്നത് സമൂഹത്തിലെ ദുര്‍ബ്ബലരായ ജനവിഭാഗങ്ങളാണ്. ദളിതജീവിതത്തിന്റെ ചരിത്രപരമായ നിസ്സഹായതയുമായി ഇതിനെ ബന്ധിപ്പിക്കാവുന്നതാണ്. സാമൂഹികമായി അംഗീകരിക്കപ്പെടാത്തവര്‍ അനുഭവിക്കുന്ന ബഹിഷ്‌ക്കരണത്തെ നായയുടെ ഏകാന്തതയും പ്രതീകാത്മകമായി കാണിക്കുന്നുണ്ട്. ഇവിടെ നായ ഉപേക്ഷിക്കപ്പെട്ട ശരീരവും കേള്‍ക്കപ്പെടാത്ത ശബ്ദവും രക്ഷപ്പെടാന്‍ അവകാശമില്ലാത്ത ജീവനുമായി മാറുന്നത് ഇതരരൂപത്തില്‍ കീഴാളജീവിതത്തിന്റെ സാഹിത്യാവിഷ്‌കാരമായിരിക്കുന്നു.

കഥയുടെ ശില്‍പ്പഘടന വളരെ ലളിതമാണെങ്കിലും അതു സൃഷ്ടിക്കുന്ന വികാരപ്രവാഹം ഏറെ ആഴമുള്ളതാണ്. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സാമൂഹികചരിത്രവും ഒരു നായയുടെ അനുഭവത്തിലൂടെ അവതരിപ്പിക്കുന്നത് കഥയുടെ കലാപരമായ മികവിന്റെ തെളിവാണ്. ഭാഷയുടെ ലാളിത്യവും അതു വായനാമനസ്സില്‍ സൃഷ്ടിക്കുന്ന ദൃശ്യങ്ങളുടെ ശക്തിയും ദീര്‍ഘകാലപ്രതിദ്ധ്വനി ഉളവാക്കുന്നതത്രെ. കാലം മാറുമ്പോഴും ഈ കഥ പുതിയ അര്‍ത്ഥങ്ങള്‍ നേടുന്നു. അതുകൊണ്ടുതന്നെ ഇതൊരു ചരിത്രരേഖയല്ല; മനുഷ്യാവസ്ഥയുടെ നിത്യപ്രതിബിംബമായിരിക്കുന്നു. കേരളം സമീപകാലത്ത് അനുഭവിച്ച പ്രളയങ്ങള്‍ക്കു ശേഷം സമകാലികവായനയില്‍ കഥക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ ലഭിക്കുകയും കൂടുതല്‍ ശക്തമായ അനുഭവമായി മാറുകയും ചെയ്യുന്നുണ്ട്.
മലയാളകഥാചരിത്രത്തില്‍ രേഖിതമായ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹ – ദ്വേഷ ബന്ധത്തിന്റെ ആഖ്യാനങ്ങളുമായി തകഴിയുടെ കഥയെ ബന്ധപ്പെടുത്തുക. ഒരു മുതലനായാട്ട് (സി എസ് ഗോപാലപ്പണിക്കര്‍), ശബ്ദിക്കുന്ന കലപ്പ (പൊന്‍കുന്നം വര്‍ക്കി), മാണിക്കന്‍ (ലളിതാംബിക അന്തര്‍ജ്ജനം), മാവോയിസ്റ്റ് (എസ് ഹരീഷ്), ഭീമച്ചന്‍ (എന്‍ എസ് മാധവന്‍) എന്നിങ്ങനെ നിരവധി കഥകളോട് ഈ ആഖ്യാനത്തെ കണ്ണിചേര്‍ത്തു നിരൂപിക്കാന്‍ കഴിയും. സാഹിത്യത്തില്‍ മുദ്രിതമാകുന്ന മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധം പലപ്പോഴും ലോകത്തോടുള്ള മനുഷ്യനോട്ടത്തിന്റെ ഏകപക്ഷീയതകളെ തിരിച്ചറിയാനും സ്വജീവിതത്തെ വിമര്‍ശനത്തോടെ കാണാനും പ്രേരിപ്പിക്കുന്നതാണ്. മനുഷ്യന്റെ കരുണ, അധികാരം, ക്രൂരത, ആശ്രയം, കുറ്റബോധം… എന്നിവയെല്ലാം ഈ ബന്ധത്തില്‍ കടന്നുവരുന്നുണ്ട്. ആത്മം അപരത്തോട് എങ്ങനെയാണ് കണ്ണിചേര്‍ക്കപ്പെടുന്നതെന്നു നിര്‍വ്വചിക്കാന്‍ ശേഷിയുള്ള ബന്ധമാണത്. ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയെ ഈ ദീര്‍ഘകാലബന്ധത്തിന്റെ ചരിത്രവുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ അത് സാധാരണമെന്നോണം പറയുന്ന ദുരന്തകഥയെന്ന നിലയില്‍ നിന്നു മുക്തമാകുകയും മനുഷ്യ-മൃഗസഹവര്‍ത്തിത്വത്തിന്റെ സങ്കീര്‍ണ്ണമായ നൈതികരാഷ്ട്രീയരേഖയായി മാറുകയും ചെയ്യുന്നു. ജൈവബന്ധത്തിന്നപ്പുറത്ത് സാമുഹികവും സൈദ്ധാന്തികവുമായ നിരവധി ചോദ്യങ്ങളിലേക്ക് അതു തുറന്നിരിക്കുന്നു.







No Comments yet!