Skip to main content

സ്ഥിതലോകത്തെ വിഴുങ്ങുന്ന കാലപ്രവാഹം

മലയാള കഥയിലെ ജീനിയസ് ഏറ്റവുമധികം തിളങ്ങി വിളങ്ങി നില്‍ക്കുന്നത് ഏതു കഥാകാരനിലാണ്? എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും അത് സക്കറിയയിലാണ്. എല്ലാ വിലക്കുകളേയും അതിവര്‍ത്തിക്കുന്ന ഹൃദയവും ധിഷണയും ഭാവനയും എഴുത്തുകാരനുണ്ടാകണമെന്ന സ്വാതന്ത്ര്യബോധവും വിവിധവും വ്യത്യസ്തവുമായ കഥാലോകങ്ങളിലെ പരിചരണരീതികളെ കുറിച്ചുള്ള പരിചയവും സാഹിതീയഭാഷ അനായാസവും ലളിതവും ആയിരിക്കണമെന്ന തീര്‍ച്ചയും സക്കറിയയുടെ കഥകളെ അനന്യമാക്കുന്നു. ‘എല്ലാം ആഖ്യാനങ്ങളാണ്’ എന്ന് ഉത്തരാധുനികചിന്തകര്‍ പറയുന്നതിനു മുന്നേ ‘എല്ലാം കഥകളാണ്’ എന്ന് ഉറപ്പിച്ചുകൊണ്ട് സക്കറിയ മലയാളത്തില്‍ എഴുതിത്തുടങ്ങിയിരുന്നു. സക്കറിയയുടെ കഥയുടെ പ്രമേയങ്ങള്‍ ലോകത്തിന്റെയും ജീവിതത്തിന്റെയും സകല മൂലകളിലേക്കും കയറിച്ചെല്ലുന്നിടത്തോളം വിശാലമാണ്. ഈ കഥാലോകത്ത് ജീവിതത്തിന്റെ ഒരു കോണുപോലും അന്യമായിരിക്കുന്നില്ല!

 

‘ ‘ഇതാ ഇവിടെവരെ’യുടെ പരസ്യവണ്ടി പുറപ്പെടുന്നു’ എന്ന ശീര്‍ഷകത്തില്‍ ഒരു കഥ സക്കറിയ എഴുതിയിട്ടുണ്ട്. ‘ഇതാ ഇവിടെവരെ’ 1977ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രത്തിന്റെ പേരാണല്ലോ? പത്മരാജന്‍ തന്റെ നോവലിനെ ഉപജീവിച്ചെഴുതിയ തിരക്കഥയെ ആധാരമാക്കി ഐ വി ശശി സംവിധാനം ചെയ്ത ചലച്ചിത്രമാണത്. ഈ ചലച്ചിത്രത്തോടൊപ്പം ‘അവളുടെ രാവുകള്‍’, ‘യവനിക’ എന്നീ മലയാള ചലച്ചിത്രങ്ങളും 1986ല്‍ എഴുതിയ സക്കറിയയുടെ ഈ കഥയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഈ ചലച്ചിത്രങ്ങള്‍ യഥാക്രമം ഐ വി ശശിയും കെ ജി ജോര്‍ജും സംവിധാനം ചെയ്തവയാണ്. അവ 1978ലും 1982ലുമായി പ്രദര്‍ശനത്തിനിറങ്ങി. ഈ കാലസൂചനകള്‍ നമ്മുടെ കഥാനിരൂപണത്തില്‍ പ്രധാനമാണ്. കാലം മായ്ച്ചു കളയുന്ന ജീവിതദൃശ്യങ്ങളെയാണ് ഈ കഥ ആവിഷ്‌ക്കരിക്കുന്നത്. ഇവിടെ, കഥയും ജീവിതവും കാലത്തിന്റെ കളികളാണ്.

ഗ്രാമത്തിലെ മാതാ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങളെ കുറിച്ച് അറിയിക്കുന്ന കാളവണ്ടിയുടെ സഞ്ചാരങ്ങളാണ് ഈ കഥയുടെ പ്രമേയമെന്നു തോന്നാം.


അതിനപ്പുറം ജീവിതത്തിലെ അസ്തിത്വപ്രശ്‌നങ്ങളെ വിവൃതമാക്കുന്ന അതീവഗാംഭീര്യം നിറഞ്ഞ ഒരു ആഖ്യാനമാണിത്. സക്കറിയയുടെ കഥയില്‍ ഒരു സിനിമാക്കണ്ണ് അഥവാ ചലച്ചിത്രക്യാമറ പ്രവര്‍ത്തിക്കുന്നു. ചലച്ചിത്രദൃശ്യങ്ങള്‍ വാക്ദൃശ്യങ്ങളായി എഴുതപ്പെടുന്നതു പോലെയാണ് ഈ കഥ രചിക്കപ്പെട്ടിരിക്കുന്നത്.
ദൃശ്യം1, ദൃശ്യം 2 എന്നിങ്ങനെ വേര്‍തിരിച്ചു പറയാവുന്ന ആറുദൃശ്യങ്ങളെ കുറിച്ച് കഥാകൃത്തു പറയുന്നുണ്ട്. ചെറിയ കാലദൈര്‍ഘ്യം മാത്രമുള്ള ദൃശ്യങ്ങളാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ തിരക്കഥാരൂപത്തിലെ എഴുത്താണ് ഈ കഥയുടെ ആധാരം. കഥാഖ്യാനങ്ങള്‍ ചലച്ചിത്രത്തിനു വേണ്ടിയെന്ന രീതിയില്‍ തിരക്കഥയുടെ രൂപഭാവങ്ങള്‍ സ്വീകരിക്കുന്നുവോയെന്ന് ആശങ്കപ്പെടുന്ന ഇക്കാലത്തു വായിക്കുമ്പോള്‍ പോലും ചലച്ചിത്രദൃശ്യങ്ങളുടേതെന്ന പ്രതീതി ജനിപ്പിക്കുന്ന നൈരന്തര്യമില്ലാത്ത ചില ജീവിതദൃശ്യങ്ങളെ എടുത്തുപറയുക മാത്രം ചെയ്തുകൊണ്ട് മലയാളകഥയെ ആഖ്യാനകലയുടെ പുതിയ മാനങ്ങളിലേക്കു പരിവര്‍ത്തിപ്പിച്ച രചനയാണിത്. അതീവ ജിജ്ഞാസയോടെയും ആദരങ്ങളോടെയും ഇനിയും ഏറെ നാള്‍ വായിക്കപ്പെടുന്ന കഥയുമാണിത്.

ആദ്യദൃശ്യത്തില്‍ പ്രായം ചെന്ന ഒരാള്‍ നെഞ്ചത്ത് വിലങ്ങനെ കെട്ടിയ തോര്‍ത്ത് കൊണ്ടു മാറില്‍ തൂക്കിയ ചെണ്ടയുമായി ഒരു കാളവണ്ടിക്കു മുന്നില്‍ നില്‍ക്കുന്നു. കാളവണ്ടിയില്‍ കാളകള്‍ ഇല്ല. കാളകള്‍ വീട്ടുമുറ്റത്തെ ഒരു കോണില്‍ കിടക്കുന്നത് ഇതേ ദൃശ്യത്തിന്റെ മറ്റൊരു ക്യാമറക്കോണില്‍ കാണാം. അവ എഴുന്നേല്‍ക്കാനാകാതെ കിടക്കുന്നിടത്തു തന്നെ ചാണകമിടുകയും മൂത്രമൊഴിക്കുകയും ചെയ്തിരിക്കുന്നു. അവയുടെ മുഖത്ത് കുലുക്കമില്ല. ഈ ദൃശ്യത്തില്‍ നിന്ന് ഒരു ഫ്‌ലാഷ് ബാക്കിലേക്കാണ് കഥ നീങ്ങുന്നത്. രണ്ടാമത്തെ ദൃശ്യത്തില്‍ ‘ഇതാ ഇവിടെവരെ’യുടെ പരസ്യ ഘോഷയാത്ര തുടങ്ങാന്‍ പോവുകയാണ് എന്ന് തോന്നിക്കുന്നു. പരസ്യവണ്ടിയില്‍ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററില്‍നിന്ന് ജയഭാരതിയും മധുവും സോമനും ലോകത്തെ നോക്കുന്നു. വണ്ടിക്കാരന്‍ കുറേക്കൂടി ചെറുപ്പമാണ്, കാളകള്‍ക്കും. ചെമ്മണ്‍പാതയിലൂടെ കാളവണ്ടി നീങ്ങുന്നു.

കഥാകാരന്‍ പറയുന്ന മൂന്നാമത്തെ ദൃശ്യത്തില്‍ തീയേറ്ററിന്റെ അഴുക്കുപിടിച്ച ഭിത്തിയില്‍ ‘അവളുടെ രാവുകള്‍’ എന്ന ചലച്ചിത്രത്തിന്റെ പരസ്യചിത്രങ്ങള്‍ ഒട്ടിച്ചതായി കാണാം. പരസ്യത്തില്‍ കാണുന്ന സീമ എന്ന യുവനടിയുടെ ചിത്രത്തിന് ലൈംഗികമായ നിഷ്‌കളങ്കതയുണ്ടെന്ന് കഥാകാരന്‍ എഴുതുന്നു. സീമ ആ പരസ്യചിത്രത്തില്‍ നിന്നുകൊണ്ടു ലോകത്തെ നോക്കുകയല്ല. സ്വയം തന്റെ നഗ്‌നതയിലേക്കു നോക്കുന്നു.
കാളവണ്ടിക്കു മുന്നില്‍ ചെണ്ട കൊട്ടുന്ന ഒരാളുണ്ട്.

വണ്ടിക്കാരന്‍ വിതറുന്ന ചെമന്ന സിനിമാനോട്ടീസ് കാറ്റില്‍ പറന്ന് കുട്ടികളുടെ കൈകളിലേക്ക് താഴ്ന്നുവീഴുന്നു. നാലാമത്തെ ദൃശ്യത്തില്‍ തിയേറ്ററിനു മുന്നില്‍ ഇട്ടിരിക്കുന്ന ഒരു ഓട്ടോറിക്ഷ കാണാം. ഓട്ടോറിക്ഷയുടെ പിന്നില്‍ കെട്ടിവച്ചിരിക്കുന്ന പരസ്യപലകയില്‍ ‘യവനിക’ എന്ന ചലച്ചിത്രത്തിന്റെ പരസ്യമുണ്ട്. പഴയ ദൃശ്യങ്ങളിലെ അതേ വളവുകളും പാതവക്കുകളും പിന്നിട്ട് കാളവണ്ടി ചക്രങ്ങളുരുണ്ട അതേ ഇടങ്ങളിലെ കറുത്ത തിളങ്ങുന്ന ടാറിലൂടെയാണ് ഓട്ടോറിക്ഷ ഓടുന്നത്.

അഞ്ചാമത്തെ ദൃശ്യം – കാളവണ്ടിക്കാരന്റെ വീട്ടുമുറ്റമാണ്. കാളവണ്ടിക്കാരന്‍ ഒരു മുറുക്കാന്‍കടയുടെ ഉടമസ്ഥന്‍ ആയിരിക്കുന്നു.കൊട്ടകയിലെ പണി പോയിരിക്കുന്നു. കാളകള്‍ക്കു വയസ്സായിരിക്കുന്നു. അവന്മാരെ കൊണ്ടുപോയി അടിക്കുകയും പട്ടിണിക്കിടുകയും ചെയ്യാതെ കൊല്ലണമെന്നും ആ ഇറച്ചി ഇതിലേയെങ്ങും കൊണ്ടുവരരുതെന്നും പറഞ്ഞ് ഒരാളെ ഏല്‍പ്പിക്കുന്നതു നാം കാണുന്നു. ആറാമത്തെ ദൃശ്യമാകട്ടെ, ഒന്നാമത്തെ ദൃശ്യത്തിന്റെ തുടര്‍ച്ചയാണ്. കാളകള്‍ക്ക് അവ കിടക്കുന്ന സ്ഥലത്തു നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല. അവരെ എഴുന്നേല്‍പ്പിക്കാന്‍ ഉടമസ്ഥന്റെ മകന്‍ വടിയുമായി വരുന്നു. അയാള്‍ മകന്റെ കയ്യില്‍ നിന്നും വടി മേടിച്ചു ദൂരെ എറിയുന്നു. കുറച്ചുകഴിയുമ്പോള്‍, മകനും മറ്റൊരാളും കൂടി വീട്ടിലേക്ക് വരുന്നു. ഒരു പുതിയ ചെണ്ടക്കാരന്‍. അവസാനദൃശ്യത്തിലെ തുടര്‍ച്ചയില്‍ ചെണ്ടക്കാരന്‍ സാവധാനം ചെണ്ടയില്‍ അടിക്കുന്നു.
പിന്നെ, ചെണ്ട ഗര്‍ജ്ജിക്കുന്നു. ഇപ്പോള്‍ കാളകള്‍ എഴുന്നേറ്റു നില്‍ക്കുന്നു. ഒരു സ്വപ്നത്തിലെന്ന പോലെ അത് നടക്കുന്നു. ജയഭാരതിയും മധുവും സോമനും വണ്ടിയില്‍ നിന്ന് അവയെ നിര്‍ന്നിമേഷം നോക്കുന്നു.
കാളകള്‍ക്കു വേണ്ടി മാത്രമാണ് ചെണ്ട മുഴങ്ങുന്നത്.

അവയുടെ മരണമാണ് പരസ്യപ്പെടുത്തുന്നതെന്ന് ജയഭാരതിയുടെ പ്രതിച്ഛായ അറിഞ്ഞുവോയെന്ന് കഥാകാരന്‍ ചോദിക്കുന്നു. പാതയുടെ തിളങ്ങുന്ന ടാറിലൂടെ ‘ഇതാ ഇവിടെവരെ’ എന്ന ചലച്ചിത്രത്തിന്റെ അയഥാര്‍ത്ഥമായ പരസ്യവണ്ടി പുറപ്പെടുകയാണ്. പത്മരാജന്റെ നോവലിന്റെയും ഐ വി ശശിയുടെ സിനിമയുടെയും കാളവണ്ടിയിലെ പരസ്യബോര്‍ഡിന്റെയും ശീര്‍ഷകം – ‘ഇതാ ഇവിടെ വരെ’ ആ കാളകളെ സംബന്ധിച്ചിടത്തോളം മരണത്തിലേക്കുള്ള ദൂരത്തോളം വരുന്ന സൂചനയായി മാറുന്നു. അസ്തിത്വത്തിന്റെ പ്രഹേളികകള്‍ സൂചിതമാകുന്നു.

കാലവും സ്ഥലവും ഈ കഥയില്‍ ഏറെ ശ്രദ്ധയോടെയും കൗശലത്തോടെയും സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു! അസ്തിത്വത്തെ കുറിച്ചുള്ള കഥ കാലപ്രവാഹത്തെ കുറിച്ചുള്ള സൂക്ഷ്മജ്ഞാനത്തില്‍ നിന്നെന്ന പോലെ ഉരുവം കൊള്ളുന്നു. കാലത്തിന്റെ ഒഴുക്കിനെ കുറിച്ച് കഥയില്‍ നേരിട്ടു തന്നെ പറയുന്ന സന്ദര്‍ഭങ്ങളുണ്ട്. കാളകളെയും വണ്ടിക്കാരനെയും ചെണ്ടക്കാരനെയും കാലം അതിന്റെ കാരുണ്യത്തില്‍ വൃദ്ധരാക്കുന്നു. കാളകള്‍ മരണത്തിലേക്കു നടക്കുകയാണ്. ചെണ്ടയുടെ ഗര്‍ജ്ജനത്തില്‍ പ്രേരിതരായി പഴയ ഓര്‍മ്മകളാല്‍ ഉണര്‍ന്ന് യാന്ത്രികമായി ആ ജീവികള്‍ നടന്നു തുടങ്ങുമ്പോള്‍ ചെണ്ടയുടെ മുഴക്കം അവയെ മരണത്തിലേക്കു നയിക്കാനുള്ളതാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു. നശ്വരതയെയും മരണത്തെയും കുറിച്ചുള്ള ബോധത്തിലേക്കും അസ്തിത്വത്തെ കുറിച്ചുള്ള വിചാരങ്ങളിലേക്കും വായനക്കാരെ നയിക്കുന്നതാണത്. അസ്തിത്വത്തെ രേഖപ്പെടുത്താനുള്ള എളുപ്പമാര്‍ഗ്ഗങ്ങളിലൊന്ന് കാലത്തിനനുസരിച്ചുള്ള പരിണാമങ്ങളെ ആവിഷ്‌കരിക്കുകയാണ്. കാലം വ്യത്യാസത്തെ, മാറ്റത്തെ വഹിക്കുന്നു. എല്ലാറ്റിനെയും വിഴുങ്ങുന്ന പെരുമ്പാമ്പായി കാലം കല്‍പ്പന ചെയ്യപ്പെട്ടിട്ടിള്ളതും ഓര്‍ക്കുക! കാലം എല്ലാറ്റിനെയും നശിപ്പിക്കുന്നു. കാലപ്രവാഹത്തിനിടയില്‍ ചില സ്ഥലസ്ഥാനങ്ങളെ ചൂണ്ടിക്കാണിക്കുക, പരിണമിച്ചതെങ്ങനെയെന്ന് കാണിച്ചു നല്‍കുക, മാറിക്കൊണ്ടിരിക്കുന്ന ലോകത്തിലേക്കു ചൂണ്ടുക – അസ്തിത്വനിലയെ ആവിഷ്‌ക്കരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണിത്. സക്കറിയ ഈ മാര്‍ഗ്ഗമാണ് സ്വീകരിക്കുന്നത്. കാലത്തെ നേരിട്ടു സംബോധന ചെയ്യുന്ന രചനാതന്ത്രവുമാണത്.

ഇതിനൊരു മറുവ്യാഖ്യാനവും സാദ്ധ്യമാണ്. വാര്‍ദ്ധക്യത്തിന്റെ എത്രമേല്‍ ക്ഷീണിതമായ അവസ്ഥയില്‍ പോലും എല്ലാ ജീവജാലങ്ങളെയും പ്രചോദിപ്പിക്കുന്ന പഴയകാലത്തെ ജീവിതാനുഭവങ്ങളുണ്ടെന്ന് കഥാകാരന്‍ പറഞ്ഞുവയ്ക്കുന്നു. കാളകളുടെ വാര്‍ദ്ധക്യത്തെ കുറിച്ചു പറയുന്നവന്‍ മനുഷ്യരിലേക്കു ചൂണ്ടുന്ന വിരലും നാം കാണുന്നു. കവികളോട് ‘നിങ്ങള്‍ക്കൊരു ബാല്യമുണ്ടായിരുന്നില്ലേ?’ എന്നു മഹാകവി റില്‍ക്കേ സാന്ത്വനത്തോടെ ചോദിക്കുന്നതു പോലെ നമ്മുടെ കഥാകാരന്‍ ലോകത്തിലെ എല്ലാ വാര്‍ദ്ധക്യങ്ങളോടും നിറഞ്ഞ സാന്ത്വനങ്ങളോടെ ‘നിങ്ങള്‍ക്കൊരു ജീവിതമുണ്ടായിരുന്നല്ലോ?’യെന്നു ചോദിക്കുന്ന കഥയാണിത്. ജീവിതത്തിന്റെ ക്ഷണികതയെയും നിസ്സഹായതകളെയും രൂപകങ്ങളിലൂടെ എഴുതുന്ന കഥ എല്ലാ ജീവികളുടെയും അബോധത്തിലെങ്കിലും അവയുടെ ജീവിതാനുഭവങ്ങളുടെ അക്ഷയമായ ഖനി പ്രചോദനമായും ഉണര്‍ത്തുപാട്ടായും കുടിയിരിക്കുന്നുണ്ടെന്ന് പറഞ്ഞുവയ്ക്കുന്നു.

ചെണ്ടയുടെ ഗര്‍ജ്ജനം കേട്ട് അബോധത്തിലുറച്ച ജ്ഞാനം കൊണ്ടുണര്‍ന്ന കാളകള്‍ വാര്‍ദ്ധക്യത്തെയും ക്ഷീണത്തെയും തോല്‍പ്പിച്ച് എഴുന്നേല്‍ക്കുന്ന ദൃശ്യം ഇതു കൂടി നമ്മോടു പറയുന്നുണ്ട്. നിസ്സാരമെന്നു ഗണിക്കപ്പെടുന്ന ജീവികളുടെ അനുഭവലോകവും ജീവിതവും പോലും സാര്‍ത്ഥകവും സഫലവുമാണെന്ന് ഈ കഥയില്‍ എഴുതപ്പെട്ടിരിക്കുന്നു. അസ്തിത്വദുഃഖം യാഥാര്‍ത്ഥ്യമാണെന്ന പോലെ ഈ പ്രചോദനകേന്ദ്രങ്ങളും യാഥാര്‍ത്ഥ്യമാണ്.

സ്ഥിതമായ സ്ഥലത്തെയും ചലിക്കുന്ന കാലത്തെയും കുറിച്ച് പറയുന്നതിലൂടെ ആനുഭവികമായ കാല,സ്ഥല സങ്കല്പനങ്ങളെയാണ് കഥയില്‍ എഴുതുന്നത്. സംവേദനങ്ങളിലൂടെ നാം ആര്‍ജ്ജിച്ചെടുക്കുന്ന ലോകം
നമ്മുടെ മനസ്സിന്റെ സൃഷ്ടിയാണെന്നാണല്ലോ കാന്റ് പറഞ്ഞത്. സ്ഥലകാലങ്ങളില്ലാതെ നമുക്ക് ഭൗതിക വസ്തുവിനെയോ സംഭവങ്ങളെയോ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. സ്ഥലവും കാലവും ബാഹ്യയാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാണെന്ന് കാന്റ് കരുതിയിരുന്നില്ല. അവ രണ്ടും വസ്തുക്കളെയും സംഭവങ്ങളെയും ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന രീതിയില്‍ നമ്മുടെ മനസ്സില്‍ മുന്നേ നിലനില്‍ക്കുന്ന ഘടനകളായിട്ടാണ് കാന്റ് മനസ്സിലാക്കിയിരുന്നത്. അവ ഗുരുത്വാകര്‍ഷണത്താലും ചലനത്താലും ബാധിക്കുന്നതായായി വ്യാഖ്യാനിക്കുന്ന
ഐന്‍സ്‌റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തം കാന്റിയന്മാരെ ഞെട്ടിക്കുന്ന ആവിഷ്‌കാരമായിരുന്നു. ഐന്‍സ്‌റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തം സ്ഥലത്തെയും കാലത്തെയും ഒരുമിച്ചു ചേര്‍ക്കുകയും സ്ഥല-കാലം എന്നു പറയുകയും ചെയ്തു. ഈ സിദ്ധാന്തത്തോടെ കാലത്തിന്റെ സ്വതന്ത്രവും കേവലവുമായ അസ്തിത്വം തകരുന്നുണ്ട്. നാലു മാനങ്ങളുള്ള സ്ഥലകാലത്തുടര്‍ച്ച എന്ന സങ്കല്പനത്തെ അതു സാദ്ധ്യമാക്കി. സ്ഥലവും കാലവും ദ്രവ്യകണങ്ങളെയും ഊര്‍ജ്ജക്വാണ്ടങ്ങളെയും പോലെ തുടര്‍ച്ചകളില്ലാത്തതാണ് എന്ന സങ്കല്‍പ്പനം താണു പത്മനാഭനെ പോലുള്ള ശാസ്ത്രജ്ഞന്മാര്‍ സ്വീകരിക്കുന്നതും കാണാം. എങ്കിലും സ്ഥല-കാലങ്ങള്‍ മനുഷ്യസംവേദനത്തിനുള്ള സമ്പര്‍ക്കമുഖങ്ങള്‍ മാത്രമാണെന്നും അത് യാഥാര്‍ത്ഥ്യമല്ലെന്നും കരുതുന്ന ചിന്ത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഒഴുകുന്നകാലം എന്നു പറയുമ്പോള്‍ തുടര്‍ച്ചയുടെ രൂപകമാണ് നാം ഉപയോഗിക്കുന്നത്. മനുഷ്യാനുഭവങ്ങളില്‍ കാലം ഒഴുകുകയാണ്, കാലത്തിന് നൈരന്തര്യമുണ്ട്. സാഹിതീയവ്യവഹാരങ്ങളില്‍ ഈ ആനുഭവികകാലം അതിന്റെ എല്ലാ ഊര്‍ജ്ജസ്വലതകളോടെയും പ്രത്യക്ഷമാകുന്നു. സക്കറിയയുടെ കഥയിലും ആനുഭവികകാലത്തിന്റെ മഹാനര്‍ത്തനമാണ് നാം വായിക്കുന്നത്.

ദെല്യൂസിന്റെ ഛായാകാലം (Image Time) എന്ന സങ്കല്‍പ്പനത്തെയും ഈ കഥ നിങ്ങളുടെ മനസ്സിലേക്കു കൊണ്ടുവന്നേക്കാം. ചലച്ചിത്രകലയെ കുറിച്ചു പറയുമ്പോഴാണല്ലോ ദെല്യൂസ് ഈ സംവര്‍ഗത്തെ രൂപപ്പെടുത്തുന്നത്. സക്കറിയ കഥയില്‍ ഒരു ഭാഗത്ത് ഇങ്ങനെ എഴുതുന്നുണ്ട് : ”സമയത്തെ കുറിച്ച് ഒരു വാക്ക്, രണ്ടാമതു കണ്ട ദൃശ്യം നാം ഇനി കാണില്ല.” കഥാകാരന്‍ ആവിഷ്‌ക്കരിക്കുന്ന ഓരോ ദൃശ്യവും ഭൂതകാലം/ഭാവികാലം, സന്ദര്‍ഭം, ബന്ധങ്ങള്‍, വ്യത്യാസം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.

ദെല്യൂസിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ദൃശ്യം ഭവധര്‍മ്മക(Virtual)മായി മാറുന്നു. ശുദ്ധമായ വ്യത്യാസം (pure difference) ദൃശ്യത്തില്‍ ഒളിഞ്ഞിരിക്കുന്നു. കാലത്തിന്റെ ചിത്രണമാണത്. മറിച്ചു പറഞ്ഞാല്‍, കാലത്തിന്റെ ചിത്രണത്തിലൂടെ ശുദ്ധമായ വ്യത്യാസം ദൃശ്യത്തില്‍ തെളിയുന്നു. രണ്ടാമതു കണ്ട ദൃശ്യം നാം ഇനി കാണില്ല. ഓരോ നിമിഷവും പുതിയ ദൃശ്യങ്ങള്‍. മൂന്നാമത്തെ ദൃശ്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നതാണെന്നു പറയുമ്പോള്‍ അത് ഛായാകാലത്തെയല്ല, സ്ഥലത്തെയാണ് സൂചിപ്പിക്കുന്നതെന്നു മനസ്സിലാകും. ദിനങ്ങളും വര്‍ഷങ്ങളും വെയിലിലും മഴയിലും കാറ്റിലും വിയര്‍പ്പിലും കാളകളെയും വണ്ടിയെയും വണ്ടിക്കാരനെയും ആവര്‍ത്തിക്കുന്നുവെന്നും മണ്‍പാതകളും മരങ്ങളും കുടിലുകളും ഒന്നു തന്നെയെന്നും ചലച്ചിത്രങ്ങളുടെ പേരിനും നോട്ടീസുകള്‍ക്കു വേണ്ടി ഓടി വരുന്ന കുഞ്ഞുകൈകള്‍ക്കും മാറ്റം ഉണ്ടെന്നും പറയുമ്പോള്‍ ഛായാകാലത്തിന്റെ വ്യത്യാസവും സ്ഥലദൃശ്യങ്ങളുടെ സ്ഥിതാവസ്ഥയും ഒരുമിച്ചു സൂചിതമാകുന്നു. ആവര്‍ത്തനം സ്ഥിതാവസ്ഥയുടെ, വര്‍ത്തമാനത്തിന്റെ, സാക്ഷാത്കൃതാ(actual)വസ്ഥയുടെ, സ്ഥലത്തിന്റെ ചിത്രണമാണ്. പരസ്യചിത്രത്തിലെ ജയഭാരതിയും മധുവും സോമനും ഈ ലോകത്തെ സ്വയം നിറവേറ്റേണ്ടാത്ത വിധിയെന്ന പോലെ നോക്കുന്നത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു, അത് മാറുന്നതേയില്ല. ആ പരസ്യചിത്രം ഉള്ള കാലത്തോളം അത് അങ്ങനെ തന്നെയായിരിക്കും. സ്ഥലചിത്രം സ്ഥിതമാണെന്നതിന് നല്ല ഉദാഹരണമാണിത്. കാലപ്രവാഹം ഈ സ്ഥിതലോകത്തെയും വിഴുങ്ങും. ഒഴുകുന്നത്, ചലിക്കുന്നത് നിലനില്‍ക്കുമെന്ന്, സ്ഥിതമായതെല്ലാം നശിക്കുമെന്ന് ചലിക്കുന്ന കാലം നമ്മെ ഉദ്‌ബോധിപ്പിക്കുന്നുവോ?

ഇവിടെ ഒരു മറുപാഠം കൂടി മനസ്സില്‍ കരുതണം. ഒരു കലാവസ്തുവിനെ കേവലമായി പ്രത്യക്ഷവസ്തുവെന്നു ഗണിക്കാന്‍ കഴിയില്ലെന്ന കാര്യമാണത്. ചിത്രകാരന്‍ വരച്ച ചിത്രത്തെയോ ചലച്ചിത്രസംവിധായകന്‍ ഭാവനയില്‍ രൂപപ്പെടുത്തിയ ദൃശ്യത്തെയോ പ്രത്യക്ഷവസ്തുവുമായി കേവലം തുലനം ചെയ്യുന്നതില്‍ കലയുടെ മൂല്യങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. പുറത്തേക്കു നോക്കുന്ന ജയഭാരതിയും തന്നിലേക്കു നോക്കുന്ന സീമയും ആ ചലച്ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ച കഥാപാത്രങ്ങളുടെ സ്വഭാവങ്ങളെയാണ് വെളിപ്പെടുത്തുന്നതെന്ന് പറയാമെങ്കിലും വിമര്‍ശനത്തിന്റെയും സ്വയംവിമര്‍ശനത്തിന്റെയും വ്യത്യസ്തപാഠങ്ങളായി അവ കഥയുടെ ആഖ്യാതാവിന്റെ വാക്കുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വിമര്‍ശനവും സ്വയംവിമര്‍ശനവും വഹിക്കുന്ന മൂല്യബോധങ്ങളെ ഈ കഥയുടെ ആത്മാവ് ഉള്‍ക്കൊള്ളുന്നതിന്റെ സൂചനയാണത്. ആഖ്യാനത്തിലെ വിമര്‍ശശബ്ദം സവിശേഷമായി എടുത്തുപറേണ്ടതില്ലാത്തിടത്തോളം സുവ്യക്തമാണ്. കഥ ഒരു യഥാര്‍ത്ഥ സംഭവം തന്നെയാണെന്ന് പലവുരു സൂചിപ്പിക്കുകയും യാഥാര്‍ത്ഥ്യം അടര്‍ത്തിയെടുത്തു കാണിച്ചാല്‍ കലയാവുകയില്ലല്ലോയെന്നു പറയുകയും കഥയ്ക്ക് മാറ്റു കുറഞ്ഞുവോയെന്ന് ആശങ്കപ്പെടുകയും ചെയ്യുന്ന ആഖ്യാതാവ് സ്വയംവിമര്‍ശത്തിന്റെ അന്തരീക്ഷം ഇതരരീതികളില്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് സാഹിതീയമൂല്യങ്ങളെ കുറിച്ചുള്ള വിചാരങ്ങളിലേക്കു കൂടി വായനക്കാരെ ക്ഷണിക്കുന്നു.

സക്കറിയയുടെ കഥ ഇനിയും പുതിയ വ്യാഖ്യാനങ്ങള്‍ക്കായി തുറന്നിരിക്കുന്നു എന്ന അനുഭവം വായനക്കാരില്‍ സൃഷ്ടിക്കുന്നു!

No Comments yet!

Your Email address will not be published.