എലിമെന്ററി സ്‌കൂളിൽ ഭൂമിശാസ്ത്രം എനിക്കൊട്ടും മനസ്സിലായില്ല. ബ്ലാക് ബോർഡിൽ ഇന്ത്യയുടെ ഭൂപടം നിവർത്തി തൂക്കിയിട്ട് ചാക്കുണ്ണി മാസ്റ്റർ പേര് വിളിച്ചു. ബനാറസ് തൊട്ടുകാണിക്കുക, എനിക്കാകെ പരിഭ്രമം. ഭൂപടത്തിനു മുന്നിൽ ഞാൻ മിഴിച്ചുനിന്നു. കാഴ്ചയും മങ്ങി. കണ്ണിലൊരു മൂടൽ വന്നുപെട്ടതുപോലെ. ചൂരൽപ്രയോഗം ചാക്കുണ്ണി മാസ്റ്റർക്കില്ല. ക്ലാസിൽ തറയിൽ പൂഴിയുണ്ട്, ഒന്നാം തരം മണൽ ഒരു നുള്ള് പൂഴിയോടെ മാസ്റ്ററുടെ വിരലുകൾ എന്റെ കുപ്പായക്കയ്യിനുള്ളിലൂടെ കൈത്തണ്ടയിലരിച്ചു.
ഇക്കിളിയുണ്ട് തരിപ്പും ഉണ്ട്.
എടാ മണ്ടൂസെ…
എനിക്കാകെ ചുട്ടുനീറി. പൂഴിക്കൂട്ടിത്തിരുമ്മി തൊലിയും മാംസവും ഞെരിഞ്ഞു.
പഠിച്ചില്ല എങ്കിൽ നിന്റെ തോളിൽ കുഞ്ഞിക്കാവമ്മ കരയും.
ജീപ്പും ട്രക്കറും മറ്റും അക്കാലത്തുണ്ടായിരുന്നില്ല. ഗ്രാമാന്തരങ്ങളിൽ റോഡുകളും ഇല്ല. നെടുവരമ്പുകളും കണ്ടനിടവഴികളുമായിരുന്നു സഞ്ചാരപഥങ്ങൾ. രണ്ടുമീറ്ററോളം നീളം വരുന്ന മുളയുടെ പാളി ചെത്തി ഉഴിഞ്ഞ് സുന്ദരമാക്കിയ പണിയായുധമായിരുന്നു കാവ്. കുട്ടികൾക്ക് കുഞ്ഞിക്കാവ്, നീളം കുറഞ്ഞത്. കാവിന്റെ രണ്ടറ്റത്തും ചുമട് തൂക്കി തോളിലെടുത്ത് നെടുവരമ്പുകളിലൂടെ ഇടവഴികളിലൂടെ ചുമട്ടുകാർ തിക്കുംപൊക്കും തളർന്നുനടന്നു. പഠിച്ചില്ല എങ്കിൽ ചുമട്ടുതൊഴിലാളിയാകേണ്ടി വരും എന്നായിരുന്നു ശാപം – നിന്റെ തോളിൽ കുഞ്ഞിക്കാവമ്മ കരയും.
കാൺപൂർ അലഹബാദ് പാറ്റ്‌ന…ചാക്കുണ്ണി മാസ്റ്റർ ഭൂപടത്തിൽ ആവശ്യപ്പെട്ട ഏതെങ്കിലും ഒരു സ്ഥലം തൊട്ടുകാണിച്ചിട്ടുള്ളതായിട്ട് എനിക്കോർമ്മയില്ല. ശാപം ഫലിക്കണമല്ലൊ. കാവ് ഞാൻ വേണ്ടത്ര ചുമക്കുകയും ചെയ്തു. കുഞ്ഞിക്കാവമ്മയിൽ ശ്ലോഷാലങ്കാരവും ഉണ്ടായിരുന്നു എന്ന് പിന്നീടെ മനസ്സിലായുള്ളൂ. എന്റെ ഗ്രാമത്തിൽ ഒരു കുഞ്ഞിക്കാവ് ഉണ്ടായിരുന്നു. അവർ നേത്യാരമ്മയോ തമ്പുരാട്ടിയോ ആയിരുന്നു, കഞ്ഞിക്കാവമ്മ. അവരെക്കുറിച്ച് കഥകളും കേട്ടു. അവർ കുറിയേടത്ത് താത്രിയോളം പ്രഗൽഭയായിരുന്നോ, എന്തോ!. കുഞ്ഞിക്കാമ്മയുടെ ഭർത്താവ് വൈരക്കല്ല് വിഴുങ്ങി ആത്മഹത്യ ചെയ്തു എന്നായിരുന്നു കഥ.. കഥകൾ മനസ്സിൽ കിടക്കുന്നു, കിളർന്നു വന്നില്ല.. എന്റെ തോളിൽനിന്ന് കുഞ്ഞിക്കാവമ്മ കരഞ്ഞിറങ്ങിയിട്ടില്ല.
വിനീതശിഷ്യൻ നിറയുന്ന നന്ദിയോടെ ഗുരുനാഥനെ സ്മരിക്കുന്നു. ഭൂപടത്തിൽ തൊട്ടുകാണിക്കാൻ അദ്ദേഹമാവശ്യപ്പെട്ട നഗരങ്ങൾ പലതും ഇന്ത്യയുടെ വിസ്തൃത ഭൂതലത്തിൽ അയാൾ കണ്ടു. നഗരപ്രാന്തങ്ങളിൽ പട്ടാളത്താവളങ്ങളിൽ അയാൾ ജീവിച്ചു. അയാളുടെ കൂട്ടുകാർ സഹജീവികൾ സഹപ്രവർത്തകർ ഇന്ത്യക്കാരായിരുന്നു, ഇന്ത്യൻ യുവാക്കൾ. ഒരു വസ്തത ഇവിടെ അയാൾ കണ്ടെത്തി, ഇന്ത്യയിൽ ആസേതുഹിമാചല കുടുംബബന്ധങ്ങൾ സമാനമാകുന്നു. ഇന്ത്യയിൽ നില നിന്നുപോരുന്ന കുടുംബബന്ധങ്ങൾ ഋഗ്വേദ കാലത്തോളം പഴക്കമുള്ളതാകുന്നു. മകന് മക്കൾ പിറന്നു കാണണം എന്നാണല്ലൊ ഇന്ത്യയിലെ മാതാപിതാക്കൾ ഇന്നും മോഹിക്കുന്നത്. മോഹം സഫലമായിക്കാണാൻ വഴിപാടുകളും നേരുന്നു. മകന് മക്കൾ പിറക്കുന്നതുവരെ അവന്റെ മാതാപിതാക്കളായ ഞങ്ങൾ മരിച്ചുപോകാൻ ഇടവരുത്തരുതേ എന്ന പ്രാത്ഥന ഋഗ്‌വേദത്തിലേ ഉണ്ട്.
”ഇന്ത്യയിൽ, യൂറോപ്പിലെപ്പോലെ, പരമ്പരാഗത സമൂഹഘടനയെ മാറ്റിമറിക്കുവാൻ പര്യാപ്തമായ വ്യാവസായികവിപ്ലവം സംഭവിക്കുകയുണ്ടായില്ല” എന്ന് സാമൂഹ്യചരിത്ര പണ്ഡിതൻ രേഖപ്പെടുത്തുന്നു. വിതയ്ക്കുക, കൊയ്യുക, ആഹരിക്കുക, വീണ്ടും വിതയ്ക്കുക എന്ന വേദകാല ജീവിത സാഹചര്യം ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്നു.
ഈയാൾ ഹിമാലയത്തിലും താമസിച്ചിട്ടുണ്ട്. പ്രാണവായു ശോഷിക്കും തോറും ഉറക്കം കെട്ടുപോകുന്ന ഹിമാലയത്തിലെ രാവുകൾഭ്രമകല്പനകളുടെ മഹാപ്രവാഹങ്ങളിൽ വിസ്മയാവഹങ്ങളായിരുന്നു. The Great Himalayan Ranges എന്ന ഭൂപടത്തിൽ രേഖപ്പെടുത്തുന്ന ഉത്തുംഗപർവ്വത ശൃംഖലയുടെ ബഹുദീർഘ ദൃശ്യവും കാക്ക പറക്കുന്ന കണക്കിൽ രണ്ടുകിലോ മീറ്റർ അകലെനിന്നും കാഞ്ചന ഗംഗ കൊടുമുടിയുടെ പ്രതിക്ഷണഭിന്നങ്ങളായ ഭാവങ്ങളും വേഷവും കണ്ട് എന്നോ ഐശ്വരം എന്നോ വ്യവഹരിക്കപ്പെടുന്ന സംജ്ഞകളുടെ സാരസ്യം ഈയാൾക്കു ബോധ്യപ്പെട്ടിട്ടുണ്ട്. ഹിമാലയത്തിൽ താമസിക്കുമ്പോൾ. പഠിച്ചുമറന്ന ഇന്ത്യൻ ക്ലാസിക്കുകൾ വീണ്ടും ഇയാൾക്കോർമ്മവന്നു. പാലാഴി എന്ന മുഗ്ദ്ധസങ്കല്പനം മിഥ്യയല്ല. പാൽക്കടലിന്റെ സമ്മോഹനദൃശ്യം നിങ്ങൾക്കനുഭവിക്കാം, ഹിമാലയത്തിൽ.
ഇന്ത്യയുടെ ഭൂമിശാസ്ത്രം-ഭൂപരമായ സവിശേഷതകൾ- സാഹിത്യത്തെ സാരമായി സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യ എന്ന പേരിൽ അറിയപ്പെടുന്ന അംഗീകരിക്കപ്പെടുന്ന ഭൂഭാഗത്തേക്കാൾ എത്രയോ വിശാലമായിരുന്നു. ‘ജംബു ദ്വീപസമൂഹത്തിൽപെട്ട ഭാരത വർഷം’എന്നു നിങ്ങൾ ഓർക്കുമല്ലൊ.
രാമായണവും മഹാഭാരതവും സമതലങ്ങളുടെ സംഭാവനയാകാനേ വൈക്കൂ. കുടുംബകലഹങ്ങൾ അതിർത്തിത്തർക്കങ്ങൾ കുടിപ്പകകൾ പടയോട്ടം- എല്ലാം സമതലനിവാസികൾക്കു ചേരുന്ന ശീലസ്വഭാവങ്ങളാകുന്നു ഉപനിഷത്തുകൾ ഹിമാലയത്തിൽ, ഹിമാലയപ്രാന്തങ്ങളിൽ സാക്ഷാത്കരിക്കപ്പെട്ടതാകാം. പർവതം ഉയരത്തിലേക്കു കയറിപ്പോകുമ്പോൾ കാമം നശിക്കുന്നു, തമസ്സ് അകന്നുപോകുന്നു. ശൈത്യവും കാഠിന്യങ്ങളും അതിജീവിക്കാനാവാം, ഹിമാലയത്തിൽ കാണായ കൃമികീടങ്ങളും ഷഡ്പദങ്ങളും സമതലങ്ങളിൽ ഉരുവപ്പെട്ടു കാണുന്നവയെക്കാൾ എട്ടും പത്തും ഇരട്ടിവലിപ്പമുള്ളവയാകുന്നു. പൈങ്കിളിപ്രായങ്ങളായ കൊച്ചുവർത്തമാനങ്ങൾ ഇവിടെ പ്രസക്തമേ അല്ല. മനുഷ്യന്റെ മനസ്സും പർവതത്തോളം വളരുന്നു വലിപ്പം വെക്കുന്നു. പ്രപഞ്ചത്തിന്റെ സർവസാര രഹസ്യങ്ങളും ആരായുന്ന വലിയ മനസ്സ് ഇന്ത്യയിൽ ഹിമാലയത്തിൽ മാത്രമേ പ്രതീക്ഷിക്കാൻ കഴിയൂ.
ഭാരതീയ സാഹിത്യം കാളിദാസനിലെത്തുമ്പോൾ ഇന്ത്യയിൽ നാഗരികതകൾ വളന്നു കഴിഞ്ഞു. അടിസ്ഥാന സ്വഭാവത്തിൽ ഇന്ത്യൻ മനസ്സ് നാഗരികമല്ല. നാഗരികനായിട്ടും കാളിദാസചേതനയുടെ നിതാന്തഭാവം ഗ്രാമാതുരതയാകുന്നു. കാളിദാസകവിത ചിരംജീവിയായിത്തീർന്നതിന്റെ രസതന്ത്രവും ഈ ഗ്രാമാതുരത തന്നെ.
അറിയപ്പെടുന്ന ഭാരതീയ സാഹിത്യം ഋഗ്‌വേദ സംഹിതകളിൽ ആരംഭിക്കുന്നു. ”മാനവരാശിയുടെ ഏറ്റവും പ്രാചീനമായ ഈ സാഹിത്യകൃതി” സാമാന്യസഹൃദയർക്കല്ലാം ഇന്നും അന്യമാണെന്ന വസ്തുത ഖേദപൂർവം രേഖപ്പെടുത്തട്ടെ. ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രം അറിയപ്പെടുന്ന ഏതെങ്കിലും ഒരു കാലബിന്ദുവിൽനിന്നാരംഭിക്കുന്ന തന്ത്രം നമ്മെ ഒരിടത്തും കൊണ്ടെത്തിക്കുകയില്ല. ആര്യൻ അധിനിവേശം ആര്യ ദ്രാവിഡ സംഘർഷം എന്നീ ആശയങ്ങൾ ഹരം പകരുന്നവ തന്നെ. സഹസ്രാബ്ദങ്ങളിലൂടെ സഞ്ചയിക്കപ്പെട്ട വേദസംഹിതയിലൊരിടത്തും ആര്യൻ എന്ന പദം ഇല്ലത്രെ. മാടുകൾക്കു മേയാൻ മേച്ചിൽപുറങ്ങളന്വേഷി ച്ചലയുന്ന ഗോത്രങ്ങളോ, പടയോട്ടമോ അധിനിവേശമോ ഉണ്ടായിട്ടുണ്ട് എന്ന സൂചനയോ ഋഗ്വേദത്തിൽ ഇല്ലത്രെ. (കമ്പോടുകമ്പ് ഋഗ്വേദം വായിച്ചെത്തി ക്കാൻ ഈയാൾക്കും സാധിച്ചിട്ടില്ല.) വേദകാലത്തെ മനുഷ്യൻ വിശാലഭൂസ്ഥലികളിൽ സ്ഥിരവാസക്കാരായിരുന്നു, വിശുദ്ധകർഷകരും. വൈദിക ജനസമൂഹം സമ്പന്നമായിരുന്നു എന്നും വേലയും വിശ്രമവേളകളും അവർ ആസ്വദിച്ചുപോന്നു എന്നും ഊഹിക്കാവുന്നതേ ഉള്ളൂ. ദരിദ്രവും അസ്വസ്ഥവുമായ ഒരു ജനസമൂഹം യജ്ഞനിഷ്ണാതരായിത്തീരുമായിരുന്നില്ല. പശുക്കളും കുതിരകളും അവരുടെ വീട്ടു മൃഗങ്ങളായിരുന്നു. പശുക്കളെപ്പോലും കലപ്പയ്ക്കു കെട്ടിയിരുന്നു. പശുക്കളെ കൂട്ടത്തോടെ കവർന്നുകൊണ്ടുപോകുന്നതരം കൊള്ളകളും ഉണ്ടായിരുന്നു. ഈ കൊള്ളക്കാർ ദസ്യുക്കളോ അസുരന്മാരോ ആയിരുന്നു. ഗോത്രങ്ങൾ തമ്മിൽ രക്തരൂക്ഷിതമായ സംഘർഷങ്ങളും ഉണ്ടായിരുന്നു.
ശത്രു എന്ന സങ്കൽപനം അതിശക്തമായിട്ടുതന്നെ വേദസംഹിതയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. വൈദികജനതയുടെ വീരനായകൻ ഇന്ദ്രനായിരുന്നു. ശംബരൻ, വലലൻ, വൃത്രൻ എന്നീ വമ്പൻ ശത്രുക്കളെ ഇന്ദ്രൻ നിഗ്രഹിച്ചു. ജന്മനാ ശത്രുക്കളായിരുന്ന ഗോത്രങ്ങളുണ്ടായിരുന്നു എങ്കിലും ഗോത്രങ്ങൾ തമ്മിൽ ഉച്ചനീചത്വം അക്കാലത്തുണ്ടായിരുന്നില്ല.
വൃത്രനെ വധിച്ച ഇന്ദ്രനിൽ ബ്രഹ്‌മഹത്യാപാപം ആരോപിക്കപ്പെട്ടു. പുത്രൻ ശത്രുവും വധ്യനുമായിരുന്നു. പക്ഷേ ബ്രാഹ്‌മണനായിരുന്നു! അലക്‌സാണ്ട റോട്ട് യുദ്ധത്തിൽ പരാജയപ്പെട്ട് ബന്ദിയായിത്തീർന്ന പുരുഷോത്തമൻ സമാനനായ ചക്രവർത്തി എന്ന നിലയിൽ തന്നോടു പെരുമാറണം എന്ന് ജേതാവിനോടാവശ്യപ്പെട്ടു എന്ന ചരിത്രകഥയും ഇതോടൊപ്പം സ്മരിക്കാം. അസുര ഗോത്രത്തിൽ പിറന്നവനെങ്കിലും മികവുറ്റവൻ ബ്രാഹ്‌മണൻ എന്നാവാം ആദിമ വൈദിക സമൂഹം കരുതിപ്പോന്നത്. ഇതേ വൈദികസമൂഹം പിൽക്കാലങ്ങളിൽ ചാതുർവർണ്യ വ്യവസ്ഥയിലേക്കും പരിണമിച്ചു. വിരാട് പുരുഷന്റെ മുഖം ബ്രാഹ്‌മണനും കൈകൾ ക്ഷത്രിയനും തുടകൾ വൈശ്യനും പാദങ്ങൾ ശുദ്രനുമാണെന്ന് പുരുഷസൂക്തം ഘോഷിക്കുന്നു.
മനുഷ്യപീഢനത്തിലഭിരമിച്ച മഹാദുഷ്ടരെ ചരിത്രം പരിചയപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തടവുകാരെ മലർത്തിക്കിടത്തി ജീവനോടെ നെഞ്ച് പിളർന്നു ഹൃദയം പറിച്ചെടുത്ത് സൂര്യന് കാണിക്കയർപ്പിച്ചുപോന്ന ആസ്‌തെക് ഗോത്രങ്ങൾ ഈ ഭൂമുഖത്തുണ്ടായിരുന്നു. അടിമകൾക്കു നേരെ സിംഹങ്ങളെ തുരത്തിവിട്ട് മനുഷ്യന്റെ മരണക്കളി കൺകളിർക്കെ കണ്ടുനിന്ന ഗ്രീക്കുകാരെയും കേട്ടിട്ടുണ്ട്. വൈദികസമൂഹം ഒട്ടും മോശക്കാരായിരുന്നില്ല. ‘മേധം’ അവരുടെ സംഭാവനയാകുന്നു. അജമേധം, അശ്വമേധം, നരമേധം ശൂനശ്ശേഫനെ സ്മരിക്കാം. ദാരിദ്ര്യം മൂലമാണത്രെ, അച്ഛൻ മകനെ വിറ്റു. കൈമാറ്റങ്ങൾക്കു ശേഷം മകൻ യാഗശാലയിൽ യൂപത്തിലേക്കാണ് എത്തിയത്. മുഹൂർത്തമടുക്കുകയാണ്. ഏതു നിമിഷത്തിലും കത്തി കഴുത്തിൽ വീഴാം. അവൻ അറഞ്ഞു നിലവിളിച്ചു. വായിൽനിന്നും നരയും പതയും ഒഴുകി. പട്ടി മോങ്ങും പോലെ ശൂനശ്ശേഫൻ മോങ്ങിക്കൊണ്ടേ കിടന്നു. ശൂനശ്ശേഫന്റെ വിലാപവും വേദസംഹിതയിൽ സഞ്ചയിക്കപ്പെട്ടിട്ടുണ്ട്.
ഐസൻ ഹോവറെക്കുറിച്ച് പ്രസിദ്ധമായൊരു കഥയുണ്ട്. കൊല്ലും കൊലയും കൊള്ളിവെപ്പും യുദ്ധത്തിൽ ധർമ്മനീതിയാണല്ലൊ. രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കത്തിൽ ഫ്രാൻസും കിഴക്കൻ യൂറോപ്പും നാസി ജർമ്മനി കയ്യേറിത്തീർത്തു. ഹിറ്റ്‌ലർക്കെതിരെ പൊരുതി നിൽക്കാൻ മൂവടി മണ്ണുപോലും സഖ്യകക്ഷികളുടെ അധീനതയിൽ യൂറോപ്പിൽ ഉണ്ടായിരുന്നില്ല. ഫ്രാൻസിന്റെ തീരങ്ങളിൽ പാരച്യൂട്ടിൽ സൈനികരെ ഇറക്കാൻ തീരുമാനിച്ചു. ജനറൽ ഐസൻഹോവറായിരുന്നു പടനീക്കത്തിന്റെ കമാന്റർ. ഇംഗ്ലണ്ടിൽ ഡോവർ തുറമുഖത്തിനടുത്തായിരുന്നു കമാന്റ് പോസ്റ്റ്, സമരസന്നദ്ധരായ അയ്യായിരം ഭടന്മാർ പറക്കാൻ തയ്യാറായി നിന്നു. സായംസന്ധ്യക്കുമുമ്പ് അഞ്ചുമണിക്ക് പട പുറപ്പെടും. അവരെ സഹായിക്കാൻ ഫൈറ്റർ ബോംബർ വിമാനങ്ങളും തയ്യാറായി നിൽപ്പുണ്ട്. പുറപ്പാടിന്റെ കൽപ്പന ഐസൻ ഹോവർ കൊടുക്കണം. മൂവ്, താൻ തന്നെ നേതൃത്വം കൊടുത്ത് തയ്യാറാക്കിയ വാർപ്പാൻ വീണ്ടും പഠിച്ച് ജനറൽ ഐസൻഹോവർ ടെന്റിൽ നിന്നിറങ്ങി. അയ്യായിരം ഭടന്മാർ തന്റെ കൽപന കാത്തുനിൽക്കുന്നു. അയ്യായിരം മനുഷ്യർ എന്ന് ജനറൽ മനസ്സിൽ തിരുത്തി. അയ്യായിരം കുടുംബങ്ങൾ മാതാപിതാക്കൾ മക്കൾ അമ്മമാർ കാമിനിമാർ. ഡെക്കോട്ടയുടെ വാതിൽക്കൽ നിന്നും താഴോട്ടുചാടുന്ന ഓരോ ഭടനും ഭൂമിയിലിറങ്ങി ഒന്നു കരണം മറിഞ്ഞ് എണീറ്റു നിൽക്കും വരെ ഗർഭസ്ഥശിശുവിനെപ്പോലെ നിസ്സഹായനാകുന്നു. കണ്ടെത്തിപ്പെട്ടാൽ പിഴക്കാത്ത ടാർഗറ്റാകുന്നു. അവർക്കു നേരെ തീതുപ്പുന്ന നാസിപ്പടയുടെ മെഷീൻഗണ്ണുകൾ… അയ്യായിരം പിഴക്കാത്ത ടാർഗറ്റുകൾ. ജനറൽ വിവശനായിരുന്നു. ടെന്റിന്റെ മുന്നിൽ കൈകൾ പിന്നാക്കം കെട്ടിയും, ഇടക്കൊക്കെ വാച്ചിൽ നോക്കിയും ശിരസ്സു താഴ്ത്തി ജനറൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. മുഹൂർത്തവുമായി… മൂവ്. …..കേട്ടുനിന്നവർ പറയുന്നു. ജനറൽ നിരുദ്ധകണ്ഠനായിരുന്നു.
കണ്ടുനിന്നവർ പറയുന്നു, ഐസൻഹോവറുടെ കണ്ണുകൾ നിറഞ്ഞുനിന്നു.
ഭൂതദയയും കാരുണ്യവും വൈദികസമൂഹത്തിൽ തൊട്ടുതുളിച്ചിട്ടുപോലും ഇല്ല എന്നേ കരുതാൻ വൈക്കൂ. ബുദ്ധന്റെ പ്രസക്തിയും ചരിത്രപരമായ അനിവാര്യതയും സാധൂകരിക്കപ്പെടുന്നു. വൈദികസാഹിത്യം സഹസ്രാബ്ദങ്ങളിലൂടെ തമസ്‌ക്കരിച്ചു നിർത്തിയ ജനതതികൾ ജനലക്ഷങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നും ബുദ്ധനോടൊപ്പം നാമറിയുന്നു. തമസ്‌കരിക്കപ്പെട്ട ജനതതികളും അവരുടെ വാമൊഴികളും ബൗദ്ധദർശനം സംസ്‌കൃതികളോടൊപ്പം സജീവമായിത്തീർന്നു. സാമ്പ്രദായിക പശ്ചാത്തലത്തിൽ ബുദ്ധമതം ഇന്ത്യയിൽ പരാജയപ്പെട്ടിട്ടുണ്ടാകാം. ബൌദ്ധദർശനം ഇന്നും സജീവമാകുന്നു. മലയാളത്തെ സംബന്ധിച്ചേടത്തോളം ഈ നിരീക്ഷണം തികച്ചും സാധുവാണെന്നും കാണാം. മലയാള സാഹിത്യത്തിൽ നവോത്ഥാനം കുറിച്ച ആശാൻ കവിതയുടെ വേരോട്ടം ബൗദ്ധദർശനങ്ങളിലേക്കായിരുന്നല്ലൊ. ബൌദ്ധസംസ്‌കാര പാരമ്പര്യവും ശ്രീനാരായണ ദർശനങ്ങളും കമ്യൂണിസ്റ്റാശയങ്ങൾ സ്വാംശീകരിക്കാൻ കേരളിയരെ പ്രചോദിപ്പിച്ചിട്ടുണ്ട് എന്നും സാമൂഹ്യചിന്തകന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കായിക്കരയിൽ ആശാൻ സ്മാരകത്തിന്റെ തിരുമുറ്റത്ത് ഇയാൾ കണ്ട തീർഥങ്കരപ്രതിമ നൽകുന്ന സൂചനയും മറെറാന്നല്ല, തൊട്ടടുത്ത് ഒരു കുളം ചളി നീക്കി വെടിപ്പാക്കുമ്പോഴാണത്രെ പ്രതിമ കണ്ടുകിട്ടിയത്. നൂറ്റാണ്ടുകൾ മുമ്പ് കായിക്കരയിലും ജൈന-ബൌദ്ധ സംസ്‌കൃതി വേരോടിയിട്ടുണ്ട്, കുമാരനാശാന്റെ കോശങ്ങളിൽ പാരമ്പര്യത്തിന്റെ ജീനുകൾ സജീവമായിരുന്നു എന്നും വിശ്വസിക്കാം.
ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തിൽ അറിയപ്പെടുന്ന ആദ്യത്തെ വിപ്ലവകാരി ശ്രീബുദ്ധനാകുന്നു. കാഷായവസ്ത്രവും സന്ന്യാസത്തോടടുത്ത ലാളിത്യവും ഇന്ത്യൻ മനസ്സിൽ സ്വാധീനം ചെലുത്തുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ സന്ന്യാസത്തിലേക്ക് എന്നല്ല, സന്യസ്ത ജീവിതത്തിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിലേക്കും എന്ന കർമ്മശൈലിയാണ് ഇന്ത്യയിൽ എന്നും വിജയിച്ചുപോന്നത്. ഒരുപക്ഷേ ഏഷ്യയുടെത്തന്നെ കർമ്മശൈലിയും ഇതുതന്നെയാകാം. ഇന്ത്യയിൽ ശ്രീബുദ്ധനും സമീപകാലങ്ങളിൽ മഹാത്മാ ഗാന്ധിയും ജയപ്രകാശ് നാരായണനും, ചൈനയിൽ മാവൊസെതൂങ്ങും ഇന്തോചൈനയിൽ ഹോചിമീനും ജനകീയ നേതാക്കളും ആചാര്യന്മാരുമായിരുന്നല്ലൊ. മാനവീയതയ്ക്ക് സമൂർത്തമായ ഭാഷ്യം രചിച്ച മഹാമനീഷികൾ, ഋഷികൾ എന്നു വാഴ്ത്തപ്പെടട്ടെ.
എഐഎല്‍ആര്‍സി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കോവിലൻ സംസാരിക്കുന്നു. കോവിലന്റെ പ്രസംഗം ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തുന്ന കെ. എ. മോഹൻദാസ്, എഐഎല്‍ആര്‍സി സെക്രട്ടറി കെ.വി.രമണറെഡ്ഡി എന്നിവരെ കാണാം.
——-
ഇന്ത്യയിൽ, വിപ്ലവ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്ന വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക സംഘടനകളുടെ പൊതുവേദിയായിരുന്നു AlLRC അഥവാ All India League for Revolutionary Culture. അവിഭക്ത ആന്ധ്രാപ്രദേശിലെ എഴുത്തുകാരുടെ സംഘടനയായ വിപ്ലവ രചയിതലു സംഘത്തിന്റെയും (വിരസം) രംഗകലാ പ്രവർത്തകരുടെ സംഘടനയായ ജനനാട്യ മണ്ഡലിയുടെയും മുൻകൈയിലാണ് 1980 ൽ എഐഎല്‍ആര്‍സി രൂപം കൊള്ളുന്നത്. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്ന വിപ്ലവ സാംസ്കാരിക സംഘടനകൾ അതിന്റെ ഘടകങ്ങളായി. കേരളത്തിൽ പ്രവർത്തിക്കുന്ന ജനകീയ കലാസാഹിത്യ വേദി 1989 ൽ എഐഎല്‍ആര്‍സിയുടെ ഘടക സംഘടനയായി.. 1990 ഒക്ടോബർ 19-21 തിയ്യതികളിലാണ് എഐഎല്‍ആര്‍സിയുടെ ദശവാർഷിക സമ്മേളനം തൃശൂരിൽ വച്ചു നടക്കുന്നത്. തേക്കിൻകാട് മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ മൂന്നു ദിവസം നടന്ന സമ്മേളനത്തിൽ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി നൂറുകണക്കിനു കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തിരുന്നു. സമ്മേളനത്തിനു തുടക്കം കുറിച്ചു കൊണ്ട് എഐഎല്‍ആര്‍സിയുടെ സെക്രട്ടറി കെ.വി.ആർ (കെ.വി. രമണറെഡ്ഡി) എഐഎല്‍ആര്‍സിയുടെ പതാക ഉയർത്തി. ആതിഥേയ സംഘടനയായ ജനകീയ കലാസാഹിത്യ വേദിയുടെ പതാക ഉയർത്തിയത് കോവിലനായിരുന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതും കോവിലൻ തന്നെ. സമ്മേളനത്തിന്റെ ഭാഗമായി തൃശൂർ നഗരത്തിൽ നടന്ന സാംസ്കാരിക റാലിയിൽ പതിനായിരക്കണക്കിനാളുകൾ പങ്കെടുത്തു.
എഐഎല്‍ആര്‍സി സമ്മേളനത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന സാംസ്കാരിക റാലിയിലെ മുൻനിര സഖാക്കൾ കഞ്ചൻ കുമാർ (ഡൽഹി), രാജ് കിഷോർ (ബീഹാർ), കെ.വി.ആർ (ആന്ധ്ര), മരുതയ്യൻ (തമിഴ് നാട്), വരവരറാവു (ആന്ധ്ര), അസിത് കുമാർ (മദ്ധ്യപ്രദേശ്), പി കെ വേണുഗോപാലൻ തുടങ്ങിയവരെ കാണാം.
എഐഎല്‍ആര്‍സി സമ്മേളനത്തിനു തുടക്കം കുറിച്ച് ജനറൽ സെക്രട്ടറി കെ.വി.രമണറെഡ്ഡി പതാകയുയർത്തുന്നു. കഞ്ചൻകുമാർ (ഡൽഹി), വരവരറാവു , കെ.എ. മോഹൻദാസ്, കോവിലൻ തുടങ്ങിയവരെ കാണാം..
എഐഎല്‍ആര്‍സി സമ്മേളന നഗരിയിൽ എഴുത്തുകാരനായ കോവിലൻ ജനകീയ കലാസാഹിത്യവേദിയുടെ പതാകയുയർത്തുന്നു. ചിത്രത്തിന്റെ വലത്തെ അറ്റത്ത് ജനകീയ കലാസാഹിത്യ വേദി സംസ്ഥാന പ്രസിഡന്റ് കെ എ മോഹൻദാസിനെയും എഐഎല്‍ആര്‍സി ജനറൽ സെക്രട്ടറി കെ.വി.രമണറെഡ്ഡിയെയും കാണാം.
എഐഎല്‍ആര്‍സി സമ്മേളന വേദിയിൽ ഗദ്ദറിന്റെ കലാപ്രകടനം. (1990 ഒക്ടോബർ 19 )
എഐഎല്‍ആര്‍സി സമ്മേളന വേദിയിൽ വരവരറാവു സംസാരിക്കുന്നു.ഖഗേൻദാസ് (പശ്ചിമ ബംഗാൾ), കെ.എ. മോഹൻദാസ് എന്നിവർ സമീപം (1990 ഒക്ടോബർ 19)
0000000
No Comments yet!