ആ പെണ്‍കുട്ടി ഈ നാടകം കണ്ടിരുന്നെങ്കില്‍!
‘ഇവിടെ എവിടെയാ നാടകം നടക്കുന്ന സ്ഥലം?’
‘അറിയില്ല’
ഇന്നലെ രാത്രി ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നീട്ടിയെറിഞ്ഞ ചോദ്യത്തിന് അപരിചിതമായ ഒരു വീട്ടിലെ കോലായയില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിച്ചുകൊണ്ടിരുന്ന മുതിര്‍ന്ന പെണ്‍കുട്ടി മറുപടി പറഞ്ഞു. അവിടുന്ന് ഇരുനൂറ് മീറ്റര്‍ താഴെയാണ് നടന്‍ പ്രകാശ് രാജ് നിര്‍മ്മിച്ച് അരുണ്‍ലാല്‍ സംവിധാനം ചെയ്ത ‘കൂ..ഹൂ’ എന്ന നാടകത്തിന്റെ അവതരണംനടന്നത്.!
നാടകം ആരംഭിക്കുന്നതിന് മുമ്പ് സംവിധായകന്റെ ആമുഖവാക്യങ്ങള്‍ കേട്ടുകൊണ്ടാണ് തീവണ്ടിയിലേക്ക് കയറിപ്പറ്റിയത്. അതെ; തീവണ്ടിയെ പ്രതീകമാക്കിക്കൊണ്ട് നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും പല കഥകള്‍ പറഞ്ഞ് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അടരുകളിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള അമച്വര്‍നാടകം. അതാണ് കൂ…ഹൂ. കുറേ ഇരുമ്പുപെട്ടികള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു നാടകം കളി. അരങ്ങിലേക്ക് പെട്ടിയുമായി കടന്നുവരുന്ന ഓരോരുത്തരും അതിനുമുകളില്‍ കൈ കൊണ്ട് ഉറക്കെ താളം പിടിച്ച് കാര്യങ്ങളുടെ പാളങ്ങളിലേക്ക് ബഹുഭാഷണങ്ങളുടെ ചൂളം വിളികളുമായി തീവണ്ടിയെ പായിച്ചു കൊണ്ടാണ് കൂ..ഹൂ തുടങ്ങിയത്. ഒന്നിനെ മറ്റൊന്നായിക്കാണാനുള്ള കാവ്യാത്മകമായ നോട്ടങ്ങള്‍കൊണ്ട് സമ്പന്നമായ കാഴ്ചകളാണ് പിന്നീടുള്ള ഓരോ നിമിഷവും അരുണ്‍ലാല്‍ എന്ന സംവിധായകന്‍ നമുക്കു മുന്നില്‍ പെട്ടികളിലൂടെ തുറന്നുവെക്കുന്നത്. ഇന്ത്യയിലൂടെയും ലോകത്തിലൂടെയും ഓടിക്കൊണ്ടിരിക്കുന്ന, ഓടിക്കൊണ്ടിരുന്ന തീവണ്ടികളില്‍ നിന്ന് മറവിയിലാണ്ടുപോയ്‌ക്കൊണ്ടിരിക്കുന്ന ചരിത്രത്താളുകളോരോന്നായി ഇങ്ങനെ തുറന്നുവെക്കുമ്പോള്‍ നമുക്കറിയാത്ത ഭൂപടങ്ങളുടെയും കൂടി ചുരുളുകളഴിയുകയാണ്. ഒന്നര മണിക്കൂറില്‍ അരങ്ങില്‍ വസ്തുക്കളും ശരീരവും കൊണ്ട് സൃഷ്ടിക്കുന്ന മാന്ത്രികതയ്‌ക്കൊപ്പം അഭിനേതാക്കളുടെ മൊഴിയാട്ടവും കൂടിയാവുമ്പോള്‍ അനുഭൂതികളിലാണ്ടുപോയ ഒരു കാണിക്ക് ഭാവനയെ വാഴ്ത്തുകയല്ലാതെ മറ്റെന്തുചെയ്യാനുണ്ട്.!
രാഷ്ട്രീയം പറയുമ്പോള്‍ത്തന്നെ പാട്ടിന്റെയും നൃത്തത്തിന്റെയും ചടുലതാളങ്ങളെ ചേര്‍ത്തുവെച്ച് സൃഷ്ടിക്കുന്ന സൗന്ദര്യാനുഭവം അരങ്ങിന് കൂടുതല്‍ മാറ്റേകുന്നതായിരുന്നു. പതിവു കളികള്‍ക്ക് സാക്ഷിയാകുന്ന അപൂര്‍വ്വസന്ദര്‍ഭങ്ങളുണ്ടെങ്കിലും ചലച്ചിത്രത്തിന്റെയും ഡോക്യുമെന്ററിയുടെയും സാധ്യതകള്‍ ഉപയോഗിക്കുന്ന നവീനമായ ഒരരങ്ങിടത്തിന് ഈ നാടകം നമ്മെ സാക്ഷികളാക്കുന്നുണ്ട്. സത്യജിത് റേ പഥേര്‍ പാഞ്ചാലിയില്‍ കാണിച്ച ട്രെയിന്‍ ദൃശ്യങ്ങള്‍ പശ്ചാത്തലമായി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് രബീന്ദ്ര സംഗീതത്തിന്റെ സാന്നിദ്ധ്യത്തില്‍ അപ്പുവിനെയും ദുര്‍ഗയെയും അരങ്ങില്‍ പുനരാവിഷ്‌കരിക്കുന്ന മനോഹരമായ ദൃശ്യങ്ങളും വിഭജനകാലത്തെ ചോരപ്പുഴയൊഴുകിയ ഇന്ത്യയില്‍ നിന്നും ലക്ഷക്കണക്കിന് മനുഷ്യരെയും കൊണ്ട് പാക്കിസ്ഥാനിലേക്കും അവിടെനിന്ന് തിരിച്ച് ഇന്ത്യയിലേക്കും ഓടിയ തീവണ്ടികളുടെ ദൃശ്യങ്ങളും ഇതിനുദാഹരണമാണ്. ചില നിമിഷങ്ങളില്‍ കൂറ്റന്‍ സ്‌ക്രീനുകളില്‍ ചരിത്രം പ്രദര്‍ശിപ്പിക്കുന്ന ബിനാലെക്കാഴ്ചകളെ ഓര്‍മ്മിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു കൂ…ഹൂവിന്റേത്.
കൂ..ഹൂ എന്ന ആന്തോളജിയില്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രവും രാഷ്ട്രീയവും പറയുമ്പോള്‍ത്തന്നെ നിഗൂഢതയില്‍ താല്‍പര്യമുള്ളവര്‍ക്ക് കൗതുകമുണ്ടാക്കുന്ന ചില അമാനുഷിക സാന്നിധ്യം കൊണ്ട് ചരിത്രം നിറച്ച കഥകളും സംവിധായകന്‍ പറഞ്ഞുവെക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് പശ്ചിമബംഗാളിലെ ഒരു റെയില്‍വേസ്റ്റേഷന്റെ കഥ. നിഗൂഢമായ കഥകളുടെ ബലം കൊണ്ട് 42 വര്‍ഷത്തിലധികം അടച്ചിട്ട ബെഗുങ്കോഡര്‍ റെയില്‍വേസ്റ്റേഷന്‍. 1967 ല്‍ റെയില്‍വേ ട്രാക്കില്‍ മരണപ്പെട്ട പെണ്‍കുട്ടിയുടെ ആത്മാവ് ഇപ്പോഴും ഭയപ്പെടുത്തുന്ന സാന്നിദ്ധ്യമായിട്ടാണ് അവിടുത്തെ ആളുകള്‍ അനുഭവിക്കുന്നത്. ഇടയ്ക്കിടയ്ക്കുണ്ടാകുന്നെന്ന് പറയപ്പെടുന്ന ട്രാക്കിലുള്ള പ്രേതസാന്നിദ്ധ്യം കൊണ്ടാണ് അവിടെയുണ്ടയിരുന്ന സ്റ്റേഷന്‍ മാസ്റ്ററും കുടുംബവും പിന്നീട് മരണപ്പെട്ടതത്രെ! അതിനു ശേഷം ഒരു ജീവനക്കാരനും അവിടെ ജോലിക്കെത്തുകയുണ്ടായില്ല എന്നത് മറ്റൊരു ചരിത്രം.!
അതുകൊണ്ട് 2009 വരെ ഈ ‘പ്രേതസ്റ്റേഷന്‍’ യാത്രക്കാരില്ലാതെ അടച്ചിടുകയായിരുന്നു. ഇങ്ങനെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ അനേകം റെയില്‍വേസ്റ്റേഷനുകളിലൂടെയും സംഭവങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ പലതായി ചിതറിക്കിടക്കുന്ന ചരിത്രസ്മൃതികളെ ഒന്നിച്ചുണര്‍ത്താന്‍ കഴിയുന്ന നിലയിലാണ് അരുണ്‍ലാല്‍ ഈ നാടകശില്‍പം പണിതു വെച്ചിരിക്കുന്നത്.
ഒന്നര മണിക്കൂറില്‍ കുറഞ്ഞത് ഒന്നര നൂറ്റാണ്ടിന്റെയെങ്കിലും ചരിത്രം പറയാന്‍ ശ്രമിക്കുന്ന ഈ നാടകം മര്‍ദിതന്റെയും പീഡിതന്റെയും ചോരയും മാംസവും കൊണ്ട് പടുത്തുയര്‍ത്തിയ സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളെയാണ് അരങ്ങില്‍ ചേര്‍ത്തുപിടിക്കുന്നത്. സ്വാതന്ത്ര്യസമരവും, സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളും, വാഗണ്‍ ട്രാജഡിയും, ഗാസയും, സിറിയയും മണിപ്പൂരുമൊക്കെ നിറയുന്ന ഈ അരങ്ങ് യഥാര്‍ത്ഥത്തില്‍ വര്‍ത്തമാനത്തില്‍ നിന്ന് ചരിത്രത്തിലേക്കും ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനത്തിലേക്കും തുറന്നുവെച്ച ഒരു പാഠപുസ്തകമാണ്. ഇക്കാലം എല്ലാവരും വായിച്ചിരിക്കേണ്ട പാഠങ്ങള്‍. കൂ…ഹൂ അവസാനിക്കുമ്പോള്‍ നാം ഓര്‍ത്തുവെക്കേണ്ട പ്രധാന വാക്യം ഇതാണ്. ‘വിഭജനത്തിന്റെ നാളുകള്‍ അവസാനിച്ചിട്ടില്ല. സമാധാനത്തിന്റെ വണ്ടി വൈകി ഓടിക്കൊണ്ടിരിക്കുകയാണ്’. പോയകാലത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ടുമാത്രമല്ല കൂ..ഹൂ പിന്‍വാങ്ങുന്നത്. മറിച്ച് ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ സംഗീതം കേള്‍പ്പിച്ചുകൊണ്ടുകൂടിയാണ്. അരങ്ങില്‍ നിന്ന് കേള്‍ക്കുന്ന അവസാന വാക്യം ഇങ്ങനെയാണ്.
‘തീവണ്ടി ഒരു പ്രതീകമാണ്. നമ്മള്‍ പല ബോഗികളിലാണ് പല ക്ലാസുകളിലാണ്. എന്നാല്‍ നാമെല്ലാം ഒരേ വേഗത്തില്‍ ഒരേ താളത്തില്‍ ഒരേ ദിശയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് എന്ന സത്യം തീവണ്ടി കൂകിവിളിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്നു.’ ശേഷം സംവിധായകന്‍ തന്റെ ശ്രമത്തെ അരങ്ങില്‍ ഈവിധം സാധ്യമാക്കിയ നടീനടന്‍മാരെ പരിചയപ്പെടുത്തിക്കൊണ്ട് പിന്‍വാങ്ങുമ്പോള്‍ ഒരു രാത്രി അതിന്റെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളില്‍ അലിഞ്ഞുചേര്‍ന്നപോലെ.!
ലോകത്ത് രണ്ടു തരം കലാകാരന്‍മാരുണ്ട്. എന്നും ഒരേ സ്ഥലത്തേയ്ക്ക് നടക്കുന്നവരും എന്നും ഒരു പുതിയ സ്ഥലം കണ്ടെത്തുന്നവരും. തീര്‍ച്ചയായും രണ്ടാമത്തെ പാതയിലാണ് അരുണ്‍ ലാലെന്ന് നിസംശയം പറയാം. അതുകൊണ്ടാവാം കോഴിക്കോട് ജില്ലയിലെ എടച്ചേരിയില്‍ നടക്കുന്ന ബിമല്‍ നാടകോത്സവത്തില്‍ ‘കൂ…ഹൂ’ കാണാന്‍ പയ്യന്നൂരില്‍ നിന്നും തലശേരിയില്‍ നിന്നും മലപ്പുറത്തുനിന്നുമൊക്കെ നാടകസ്‌നേഹികളെത്തിയിട്ടുണ്ടാവുക. അരങ്ങിലെ പുതിയ വഴികളെക്കുറിച്ച് ഇനി അവരും സംസാരിക്കുമായിരിക്കും.
നാടകം കഴിഞ്ഞപ്പോള്‍ മലപ്പുറത്തുനിന്നും ബൈക്കില്‍ വന്ന കുടുംബത്തിലെ തെച്ചി എന്ന പെണ്‍കുട്ടിയെ പരിചയപ്പെട്ടപ്പോള്‍ തൊട്ടപ്പുറത്തെ വീട്ടില്‍ നാടകം കാണാതെ, നാടാകെയൊട്ടിച്ച നാടകത്തിന്റെ ഒരു പോസ്റ്റര്‍ പോലും ശ്രദ്ധിക്കാതെ വളരുന്ന ആ പെണ്‍കുട്ടിയെ പിന്നെയും ഓര്‍ത്തു. ആ പെണ്‍കുട്ടി കൂ..ഹൂ..കണ്ടിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു. കൂ…ഹൂ സാധ്യമാക്കിയ നടന്‍ പ്രകാശ് രാജിനും സംവിധായകന്‍ അരുണ്‍ലാലിനും ഒരു ബിഗ് സല്യൂട്ട്.
*****
No Comments yet!