Skip to main content

കുറ്റം, കുടുംബം, സമൂഹം : അഡോളസൻസ് സീരീസിലെ സംഘർഷങ്ങൾ

കുറ്റം/വിചാരണ/കുടുംബം/സ്കൂൾ/സമൂഹം എന്ന സ്ഥിരം സ്ഥാപനങ്ങളിലൂടെ രൂപപ്പെടുന്ന അതി ഭീകരമായ സംഘർഷങ്ങൾ വളരെ ഓപ്പൺ എൻഡഡ് ആയി തുറന്നു വെച്ചു എന്നതാണ് ഫിലിപ് ബറാൻടിനി സംവിധാനം ചെയ്ത റിയൽ ലൈഫ് ഇൻസ്പിറേഷൻ ആയ ‘അഡോളസൻസ്’ എന്ന ബ്രിട്ടീഷ് മിനി സീരീസിന്റെ ഏറ്റവും വലിയ പ്രത്യേകത ആയി എനിക്ക് തോന്നിയത്. ഏറ്റവും അവസാനം ആ പിതാവ് കരഞ്ഞു കൊണ്ട് ഉപേക്ഷിച്ചു പോകുന്ന ഒരു പാവയുടെ ഷോട്ടിൽ ആ സീരീസ് അവസാനിക്കുമ്പോഴും ഒരു ഉത്തരത്തിലേക്ക് എത്താതെ ഈ ഡ്രാമ സീരീസ് ശരിക്കും ഞെട്ടിച്ചു കൊണ്ട് അതിനു ശേഷവും പിന്തുടരും. ഭരണകൂടത്തിന്റെ, പൊലീസിങിന്റെ വിചാരണ/സൈക്കളോജിക്കൽ ‘എൻക്വയറി’ തുടങ്ങിയ ടോർച്ചറുകളുടെ കൂടെ പോലും ഓടി കിതയ്ക്കുന്ന ഒരു ഒറ്റ ഷോട്ട് കാമറ ആണ് ഈ സീരീസിന്റേത് എന്നു ചിലപ്പോൾ തോന്നിപ്പോവുകയും ചെയ്യും. അപ്പോഴും കുട്ടികളെ/അഡോളസൻസുകളെ ‘എങ്ങനെ വളർത്തണം’/’കുട്ടികൾ നശിച്ചു പോയി’ എന്ന കേരള മോഡൽ സോഷ്യൽ മീഡിയ കാപ്സ്യൂൾ തെറാപ്പി പോലുള്ള അലമ്പ് പരിപാടിയിലേക്കും ഈ മിനി സീരീസ് പോകുന്നില്ല. അത്രക്കും സംഘർഷാത്മകമായ എന്തു ‘വികസിത’മാണെങ്കിലും സമൂഹത്തിന്റെ/സിസ്റ്റത്തിന്റെ ചുഴിയിൽ പെട്ട് വിചാരണ നേരിടേണ്ടി വരുന്ന അഡോളസൻസുകളുടെ ദൃശ്യത അടുത്ത കാലത്തൊന്നും ഈ സീരീസ് കണ്ട എന്നെ വിട്ടു പോകില്ല. കാരണം ഒട്ടും ഡിജിറ്റൽ അല്ലാത്ത കാലത്തെ അഡോളസൻസിൽ ജീവിച്ച ഞങ്ങളുടെ കാലത്തും ഭീകരമായ വംശീയമായ വിചാരണകൾ നേരിട്ട ഒരു തലമുറ ആയിരുന്നു ഞങ്ങളുടെതും.

കൌമാരങ്ങൾ തങ്ങളുടെ ഹൈഡ് ഔട്ട് കണ്ടെത്തുന്നത് രീതികൾ തന്നെ ഒരു പക്ഷേ സിസ്റ്റങ്ങളോട് ഒക്കെ സംഘർഷപ്പെട്ടു കൊണ്ടാകാം/മൊറാലിറ്റികളോട് വിഘടിച്ചു കൊണ്ടാകാം/നടു വിരൽ കാണിച്ചു കൊണ്ടാകാം/കളിയാക്കി കൊണ്ടാകാം. അവരുടെ ലൈംഗീകത, സൌഹൃദങ്ങൾ, ബന്ധങ്ങൾ എന്നിവയുടെ തിങ്കിങ് തന്നെ ചിലപ്പോൾ പരുവപ്പെടുന്നത് ഈ സിസ്റ്റത്തോടുള്ള ചില പൊട്ടിത്തെറികളിലൂടെ ആയിരിക്കാം. അതിനു പുറമേയും പല തരം വൈബ്രേഷനുകൾ ഉണ്ടായിരിക്കാം. ഈ സീരീസിലെ അത്രക്കും ടെറിഫിക് ആയ അധികാര ഭീകരത നില നിൽക്കുന്ന ഒരു സ്കൂളിൽ അത്തരം പല തരം ദൃശ്യങ്ങൾ കാണാം. പിള്ളേരെ തല്ലാതെയും സ്കൂളുകൾ ടോർച്ചർ സ്പേസ് ആകാം. പോലീസുകാരൻ അന്വേഷണവുമായി ഒരു ക്ലാസ് റൂമിലേക്ക് കയറി ചെല്ലുമ്പോൾ അതിനെ പോലും ചിരിച്ചു തള്ളുന്ന ഗ്രൂപ്പുകൾ ആ സ്കൂൾ ക്ലാസിൽ തന്നെ രൂപപ്പെടുന്നുണ്ട്. അത് വിപ്ലവമായാലും, കളിയാക്കൽ ആയാലും, അരാജകമായാലും എന്തു തന്നെ ആയാലും അത്തരം പ്രതി പ്രവർത്തനങ്ങൾ ഈ കുട്ടികൾ രൂപപ്പെടുത്തുന്നു എന്നതാണ്. ഒരു പക്ഷേ ഇത്തരം ചിരികളിലൂടെ അവർ പലതും അപരമായി രൂപപ്പെടുത്തുന്നുമുണ്ടാകാം. അവർ തന്നെ അവരുടെ ലേറ്റ് നൈറ്റ് കമ്മ്യൂണിക്കേഷനുകളിലൂടെയും, ഇൻസ്റ്റാഗ്രാമിലൂടെയും ബന്ധങ്ങളിലൂടെയും സമൂഹത്തിന്റെ പല തരം ഗ്രാമറുകളെയും പൊളിച്ചു കളയുകയും ചെയ്യുന്നു. സമൂഹത്തിന്റെ മോറൽ സ്പേസിന് പുറത്തു കടക്കുന്നു. ഇതിലേക്ക് എക്സ്പോസ്ഡ് ഈ കുട്ടികളെ മനസ്സിലാക്കാൻ പറ്റുന്നില്ല/കുട്ടികൾ കുട്ടികൾ ആണ് എന്ന സമൂഹങ്ങളുടെ ദാരിദ്ര്യം പറച്ചിലാണ് ദുരന്തം. എൺപതുകളിൽ ആയാലും രണ്ടായിരത്തി ഇരുപത്തി അഞ്ചിൽ ആയാലും അഡോളസൻസിന് ഒരു പക്ഷേ അവരുടേതായ ഒരു ലോകം തന്നെ ഉണ്ടായിരിക്കാം. അത് പല തരം വിഘടനങ്ങളിലൂടെ ആയിരിക്കാം രൂപപ്പെടുന്നത്. അതിനെ ലീനിയർ ആയ തിയറെറ്റിക്കൽ ഫ്രെയിമിൽ നിർവചിക്കാൻ ശ്രമിക്കുന്നവരോടൊക്കെ എന്തു പറയാനാണ്. കൌമാരം/ലൈംഗീകതയിൽ വഴി തെറ്റിപ്പോവുക എന്ന ഭീതി തുടങ്ങിയ സമവാക്യങ്ങളിൽ നിന്നു വേറിട്ടു കൊണ്ട് ഈ സീരീസ് ബിഹേവ് ചെയ്യുന്നുണ്ട് എന്നും തോന്നുന്നു.

ചൈൽഡ് സൈക്കളോജിസ്റ്റുമായി സംസാരിക്കേണ്ടി വരുന്ന ഒരു കൌമാരക്കാരനായ ‘തടവുകാരൻ’ ആയ ഈ വെബ് സീരീസിലെ കുട്ടി ശരിക്കും ഞെട്ടിക്കും. എഎ സംസാരം തന്നെ അയാൾക്ക് ടോർച്ചർ പോലെ ഇടക്ക് തോന്നുന്നുമുണ്ട്. സമൂഹത്തിന്റെ സൈക്കളോജിക്കൽ കൌൺസലിങ് തന്നെ പലപ്പോഴും ടോർച്ചറുകൾ ആണല്ലോ. ആ ഡിസ്കഷൻ റൂമിലെ ഈ സീരീസിന്റെ കാമറ പോലും ആ കുട്ടിയുടെ സംഘർഷം കാപ്ചർ ചെയ്യാൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് തോന്നിപ്പോകും. അത്രക്ക് ആഴത്തിലുള്ളതായിരിക്കാം അയാളുടെ ട്രോമ. പക്ഷേ അഡോളസന്റ് ആയ അയാൾ അയാളുടെ കുടുംബത്തെയും പിതാവിനെ പറ്റിയും ലൈംഗീകതയെ പറ്റിയും അയാളുടെ അടിസ്ഥാന ബോധത്തോട് കൂടി സംസാരിക്കുന്നുമുണ്ട്. അത്പോലെ incel ഐഡന്റിറ്റി ആ കുട്ടി സ്വയം ആരോപിക്കുകയും ചെയ്യുന്നു. എന്തു തന്നോടു സംസാരിക്കരുത് എന്നത് അടക്കം ആ പതിമൂന്ന് വയസ്സുകാരന് അയാളുടെ ധാരണയുണ്ട്. അപ്പോഴും അയാൾ പതർച്ചയുള്ളതും അയാളുടെ സംഘർഷങ്ങൾ പരിധി വിട്ടതുമാണ്.

ഒറ്റ ഷോട്ടിൽ (സീരീസിൽ ചില ഇടങ്ങളിൽ ഡ്രോൺ ഷോട്ടുകൾ) പിന്തുടരുന്ന കാമറയുടെ മുന്നിൽ ഒരു അഭിനേതാവ് എന്ന രീതിയിൽ ഓവൻ കൂപ്പർ എന്ന കുട്ടി എന്തു ബ്രില്ല്യന്റ് ആയാണ് പേർഫോം ചെയ്യുന്നത്. എത്ര ‘വികസിതമായ’ സൊസൈറ്റി ആയാലും ഒരു കുട്ടിയെ കുറ്റവാളിത്തത്തിന്റെ പ്രതിപ്പട്ടികയിലേക്ക് ചേർക്കുന്ന പൊലീസിങിന്റെ സോഫ്റ്റ് പ്രൊസസിങ് ചോദ്യം ചെയ്യൽ രീതി ഒക്കെ ഈ സീരീസ് ഷൂട്ട് ചെയ്തു വെച്ചിരിക്കുന്നത് വല്ലാത്ത ഉൾക്കിടിലം ഉണ്ടാക്കും. അഡോളസൻസ് എന്ന ലോകത്തെ പിന്തുടരുന്ന ഒരു ക്യാമറ ഒരു നിർണയം നടത്താതെ ഒരു തീയറെറ്റിക്കൽ ഫ്രെയിം വർക്ക് രൂപപ്പെടുത്താതെ സംഘർഷകമായി അന്തം വിട്ടു പോകുന്ന ഇടത്താണ് ഈ സീരീസ് ഒരു ആർട്ട് വർക്ക് എന്ന രീതിയിൽ എന്റെ ഉള്ളിലേക്ക് ഇരച്ചു കയറിയത്. ഇതൊക്കെ കാണുമ്പോഴാണ് പുതിയ മയക്കു മരുന്ന്/അക്രമം/സിനിമ എന്നിവ ഒക്കെ കൂട്ടി ചേർത്തു കുട്ടികൾ പിഴച്ചു പോകുന്നു എന്ന കേരള ചൂരൽ ചർച്ചിക്കലൊക്കെ കാണുമ്പോൾ സ്ലാപ്സ്റ്റിക് കോമഡി പോലെ ചിരിച്ചു പോകുന്നത് അഥവാ അതൊക്കെ എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത്.

 

******

 

No Comments yet!

Your Email address will not be published.