Skip to main content

മൊറാലിറ്റിയെ, കടപ്പാടുകളെ അമ്മാനമാടുന്ന അമ്പിളി രാജു

ഒരുപക്ഷേ, മലയാള ദൃശ്യതയിലെ ഏറ്റവും ക്രൂരനും കണ്ണിങ്ങും ആയ ഒരു കഥാപാത്രമായിരിക്കും സി.പി.ഒ അമ്പിളി രാജു. ‘കടപ്പാട്’ എന്ന ഈ സമൂഹത്തിന്റെ ഒരു മോറല്‍ മൂല്യവ്യവസ്ഥ എങ്ങനെ അതിവിദഗ്ധമായി ചൂഷണം ചെയ്യാം എന്ന് റിസര്‍ച്ച് ചെയ്ത വ്യക്തി. ഒരൊറ്റ ഗുണ്ടയില്‍ നിന്നും പൈസ വാങ്ങിക്കാതെ, കൈക്കൂലി വാങ്ങിക്കാതെ അവരെ വെച്ച് തനിക്ക് ആവശ്യമുള്ളവരെ ഇടിച്ചു ഊപ്പാടിളക്കുന്ന പോലീസ് സൈക്കോ.

കടപ്പാടില്‍ നിലനില്‍ക്കുന്ന (”ഇത്രയും കാലം നിന്നെ ഞാന്‍ നോക്കിയില്ലേ? ഇനി ഞങ്ങളെ നീ നോക്ക്” എന്ന് മാതാപിതാക്കള്‍ പറയുന്ന) – ഈ കുടുംബ വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍/കേരള സമൂഹത്തെ പോലും അമ്പിളി രാജു നല്ല ഭേഷമായിട്ടാണ് തന്റെ ഏകസെന്റ്രിക് വീക്ഷണത്തിലൂടെ നടു വിരല്‍ കാണിക്കുന്നത്. അതേ സമയം അയാള്‍ കുടുംബത്തെ സ്‌നേഹിക്കുന്നു എന്ന രീതിയില്‍ ബുദ്ധിപൂര്‍വം ബിഹേവ് ചെയ്യുകയും ചെയ്യുന്നു. പക്ഷേ അയാളുടെ ജീവിതത്തിന്റെ ലഹരി മനുഷ്യരുടെ മോറല്‍ വ്യവസ്ഥിതികളെ ശരീകളെ വെച്ചു ഏണിയും പാമ്പും കളിക്കുക എന്നതാണ്. അയാളുടെ കുടുംബജീവിതത്തിന്റെ പരിണാമങ്ങള്‍ തന്നെ സൂക്ഷ്മമായി പരിശോധിച്ചാല്‍, ഒരുപക്ഷേ അയാള്‍ ‘കുടുംബം’ എന്ന വ്യവസ്ഥയെ തന്നെ ട്രോള്‍ ചെയ്ത് ഇളക്കുന്നതായി തോന്നാം അജ്ജാതി ‘സൈക്കോ’യായ കഥാപാത്രം.

അധോലോകങ്ങളുടെ ഏത് മോറല്‍ വീക് പോയിന്റില്‍ തൊട്ടാല്‍ തനിക്ക് ഗുണം ചെയ്യും എന്നു ഇന്ദ്രന്‍സിന്റെ അമ്പിളി രാജു എന്ന പോലീസ് ഓഫീസര്‍ക്കറിയാം. കുറ്റവാളികള്‍, ഗുണ്ടാക്കള്‍, അധോലോകങ്ങള്‍ എന്നിവയുടെ ഒരു മോറല്‍ ഫിലോസഫിയായി കണക്കാക്കപ്പെടുന്ന നന്ദി, കടപ്പാട് തുടങ്ങിയ ഘടകങ്ങളെ അതീവ ബുദ്ധിയോടെ സ്വന്തം ജീവിതത്തിനു വേണ്ടി മാസ്റ്റര്‍മൈന്‍ഡ് തന്ത്രങ്ങളോടെ അമ്പിളി രാജു ഉപയോഗപ്പെടുത്തുകയാണ്. ക്ലാസിക്കല്‍ പോലീസ് കഥാപാത്രങ്ങള്‍ക്കുള്ള അധികാരം, ഭീഷണി, ബ്ലാക്ക്‌മെയില്‍, കൈക്കൂലി തുടങ്ങിയ തുറുപ്പുകള്‍ ഉപയോഗിക്കുകയല്ല അമ്പിളി രാജു ചെയ്യുന്നത്. ‘കുറ്റവാളി സമൂഹങ്ങളുടെ’ മോറല്‍ വീക്‌നസ്സിലാണ് അയാള്‍ കൈ വെക്കുന്നത്. ഇന്ത്യന്‍ വിഷ്വാലിറ്റിയിലെ അപാരമായ ബുദ്ധിയുള്ള സൈക്കോ കഥാപാത്രത്തെ ഇന്ദ്രന്‍സ് തന്റെ ബോഡിയിലേക്ക് പകര്‍ന്നുവെച്ചത് കാണുമ്പോള്‍ ഞെട്ടിപ്പോകും.

ക്രൈമിന്റെ ജീവിതം ഏറെകാലം ജീവിച്ച് ‘റിട്ടയര്‍ഡ്’ ആയ അയ്യപ്പന്‍ എന്ന കള്ളനെ അതിവിദഗ്ധമായി ‘പൂട്ടി’, ഒരു പട്ടിയെപോലെ അനുസരിപ്പിക്കുന്നതും അമ്പിളി രാജുവിന്റെ അവനവന് ലഹരി ഉണ്ടാക്കുന്ന വയലന്‍സിന്റെ ഭാഗമാണ്. (പട്ടികള്‍ അവ നിര്‍മ്മിക്കുന്ന ഫിലോസഫി ഈ സീരീസിന്റെ ഭാഗവുമാണ്). തന്റെ ആദ്യഭാര്യയെ അയ്യപ്പന് കല്യാണം കഴിച്ചു കൊടുക്കുന്നത് പോലുള്ള ‘പൂട്ടുകള്‍’ മുഖേനയാണ് ആ പോലീസുകാരന്‍ അയ്യപ്പനെ തന്റെ അധികാരത്തിലേക്ക് കുടുക്കുന്നത്. അങ്ങനെ ഈ ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അയ്യപ്പന് കഴിയുന്നില്ല. സഹിക്കാന്‍ കഴിയാതെ അയ്യപ്പന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാലും അമ്പിളി രാജു കല്യാണം കഴിച്ചു കൊടുത്ത ഭാര്യ അതിന് സമ്മതിക്കാറില്ല. ‘കടപ്പാട്’ എന്നത് ഒരു മൊറല്‍ ചിഹ്നമായി കാണിച്ച് ചതിക്കപ്പെടുന്നതും അതേ സമയം ‘ചതി’ എന്നത് ജീവിക്കാനുള്ള, ജീവിതത്തിലേക്ക് രക്ഷപ്പെടാനുള്ള ഒരു മൊറാലിറ്റി ആയി അയ്യപ്പന്‍ ഉപയോഗിക്കുന്നതും ഈ ചുഴിയില്‍ നിന്നും രക്ഷപ്പെടാനാകാതെ മരണത്തേക്കാള്‍ വലിയ വേദനയിലേക്ക് എത്തിക്കുന്നതുമായ ഒരു അതിഭീകരമായ ഫിലോസഫിക്കല്‍ കോണ്‍ഫ്‌ലിക്റ്റായി ഈ വെബ് സീരീസില്‍ ഉയരുന്നു – അതിന്റെ കേന്ദ്രത്തില്‍ ആണ് ഇന്ദ്രന്‍സിന്റെ അമ്പിളി രാജു എന്ന പോലീസ് കഥാപാത്രം നില്‍ക്കുന്നത്.

ഒരുപക്ഷേ, ഇന്ദ്രന്‍സിന്റെ മലയാളത്തിലെ ഏറ്റവും ഞെട്ടിച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും സി.പി.ഒ. അമ്പിളി രാജു. ഒരു രക്ഷയില്ലാതെ കടപ്പാട് പോലുള്ള സമൂഹത്തിന്റെ മോറല്‍ സെലിബ്രേഷനെ കളിയാക്കി എടുത്ത് തൊട്ടില്‍ തന്നെ എറിയുന്ന അപാരമായ മനുഷ്യന്‍ – സി.പി.ഒ അമ്പിളി രാജു.

No Comments yet!

Your Email address will not be published.