Skip to main content

പുലിക്കോടന്മാരും ഭഗവദ്ഗീതയും

അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്തിന് അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ T V ഈച്ചരവാരിയര്‍ എന്ന അച്ഛന്റെ സ്മരണകള്‍ക്കു മുന്നില്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു…

 

1
മഴവെച്ചുപോയ മിഴികള്‍
നിറവയറുണ്ടിട്ടും നിറയാത്ത മനസ്സുമായ്
തിരഞ്ഞിറങ്ങുകയാണ് മകനെ,
ഉള്ളം കാലുകള്‍ക്കിടയില്‍
എന്തോ വലിക്കുന്ന പോല്‍,

നടന്നാലും എത്താത്ത പാതതേടി
മകന്‍ അടിയൊഴുക്കിന്റെ
അപാരതയില്‍ എന്നറിയാതെ,

അറിഞ്ഞിട്ടും അറിയാത്ത പോല്‍ നടക്കുന്നു,
കാഴ്ചയില്‍ കടല്‍ കലങ്ങിയ ഒരച്ഛന്‍!

2
കാണാനില്ലെന്ന പത്രവാര്‍ത്തയില്‍ കുരുങ്ങിയ
ഇരവുപകലുകള്‍ക്കു ശേഷം
അലമുറകള്‍ വലിച്ചെടുത്ത്
തുരുമ്പിച്ച കക്കയം ക്യാമ്പ് !

ഉത്തരായനം കാത്ത് കിടന്ന
ഭീഷ്മരെ പോലെ,
ഊതിയൂതി കത്തിച്ച് ഉടലാകെ വേവിച്ച്
സൂര്യനെ നെഞ്ചിലെടുത്തുവെച്ചപോല്‍
മേശമേല്‍ മലര്‍ത്തി
കിടത്തിയിരിക്കുന്നു
ഒരു കുടുംബത്തിന്‍ പ്രതീക്ഷയെ!

കഴുക്കോലൊന്ന് ആഞ്ഞ് ശബ്ദിച്ചു,
ബൂട്ടുകളിലെ ചോരപ്പാടുകള്‍ ഭീകര ക്യാന്‍വാസുകളായി,

നിസ്സഹായതക്കുനേരെ
പുലിക്കോടന്‍മാര്‍ മീശ പിരിക്കുമ്പോള്‍ സഹനടന്മാരും ചേര്‍ന്ന്
ഉരുട്ടിയെടുത്ത് നാടകാന്തം
കുടലില്‍ മധുരം നിറച്ച്
തെളിവിന്മേല്‍ തെല്ലിപ്പൊടിയെറിയുന്നു

മറുപുറത്തൊരമ്മ
ആവലാതിയാല്‍ കണ്ണീര്‍ പാത്രം കഴുകി
ഒരുപിടി ചോറ് എല്ലാ രാവിലും

മകനായ് മാറ്റിവയ്ക്കുന്നു,
പാതിരായ്ക്കു പോലും താഴിടാനാവാതെ
വീടിന്റെ വരാന്തയില്‍ വിരിക്കണ്ണുമായി
മൂളുന്ന ടേപ്പ് റെക്കോര്‍ഡിനൊപ്പം കളഞ്ഞുപോയ
ശബ്ദവീചിയെ തൊട്ടുകൂട്ടുന്ന കാതുകളുമായി

ഒരച്ഛന്‍ കാത്തിരിക്കുന്നു.

3
അടിത്തറ ഇളക്കും വിധം
അമ്മേയെന്ന നിലവിളി
കക്കയത്ത് പൊങ്ങി താഴുമ്പോള്‍,
ഇരുട്ടിന്റെ ആത്മാക്കളാവായില്‍
തുണി തിരുകി കേറ്റുന്നു
ക്രൈം നമ്പര്‍ 86 /179-
പാടിയതിന്, എഴുതിയതിന്
വിരല്‍ ചൂണ്ടിയതിന്,
പെന്‍സില്‍ പ്രയോഗത്താല്‍
ഹേബിയസ് കോര്‍പ്പസ്
താളുകളില്‍ ആദ്യമായി
നിണമൊഴുകി;

പിന്നീടെപ്പൊഴോ
കക്കയം പുരാതനസ്മാരകമായി
ആ മകന്‍ ഇപ്പോഴും അവിടെയുണ്ടാവാം,
കൂമന്റെ മൂളലിനൊപ്പം
അവനും കരയുന്നുണ്ടാവാം,

വിശന്നിട്ടാവോ?

പുലിക്കോടന്മാര്‍
മുടി വളര്‍ത്തി
ശ്മശാനപ്പൊടി തൊട്ട്
ബുദ്ധന്‍ കണക്കെ
ഗീതയുറക്കെ പഠിപ്പിക്കുന്നു
‘കര്‍മ്മണ്യേവാധികാരസ്‌തേ
മ ഫലേഷു കദാചന’
കര്‍മ്മഫലത്തില്‍ അവകാശമില്ലാ-
യെന്ന് ചോരനിറത്താല്‍
അടിവരയിടാന്‍ പഠിപ്പിക്കുന്നു.

‘ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ’
ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍
വിതുമ്പി ചോദിക്കുന്നു –

‘മരിച്ചിട്ടും നിങ്ങളെന്റെ മകനെ
മഴയത്ത് നിര്‍ത്തുന്നതെന്തിന്?’

അസ്തമയം ചുംബിച്ച
ആകാശത്ത്
ഇല പൊഴിഞ്ഞ ശിഖരങ്ങള്‍ക്കിടയില്‍
ഒരൊറ്റ നക്ഷത്രം
കൂടെയുണ്ടെന്ന മട്ടില്‍
കണ്ണുചിമ്മി കണ്ണീര്‍ വാര്‍ക്കുന്നു,
അതെ ,
അതിന് അവന്റെ മുഖച്ഛായയാണ്,
രാജന്റെ!

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.