Skip to main content

ഏറെക്കാലമായി ഓര്‍മ്മയില്ലാത്തൊരു ലോകത്തുനിന്ന് പ്രിയപ്പെട്ട എൻ.ആര്‍.എസ് ബാബുസാര്‍ യാത്രയായി

ജീവിതത്തില്‍ ആദ്യമായി ഞാൻ നേരിട്ടറിഞ്ഞ് രണ്ടുവര്‍ഷത്തോളം അടുത്തിടപഴകിയ പത്രാധിപര്‍. കലാകൗമുദി ആഴ്ച്ചപ്പതിപ്പില്‍ സബ് എഡിറ്റര്‍ ആയി ഞാൻ ചെന്നുകയറിയത് 1998ലെ പുതുവത്സരനാളുകളില്‍ ഒന്നിലായിരുന്നു. തിരുവനന്തപുരം പേട്ടയിലെ കേരളകൗമുദി പത്രത്തിൻ്റെ വലിയ ഓഫീസ് കെട്ടിടത്തിലെ റിസപ്ഷനോട് ചേര്‍ന്ന ശീതീകരിക്കപ്പെട്ട ചെറിയ മുറിയിലേയ്ക്ക് ഞാൻ ചെന്നു.

എൻ.ആര്‍.എസ് ബാബു

കര്‍ക്കശമായ മുഖത്ത് വല്ലപ്പോഴും മാത്രം വിരിയുന്ന പുഞ്ചിരിയും വട്ടക്കണ്ണുമായി എൻ ആര്‍ എസ് എന്നെ നോക്കി. എംടിയുടെയും സേതുവിൻ്റെയുമൊക്കെ കയ്യെഴുത്തു പ്രതികളുടെ ഇടയില്‍ നിന്ന്, ആകെ വിലയിരുത്തിയുള്ള ഒരു ചുഴിഞ്ഞുനോട്ടം.

28 വര്‍ഷം മുമ്പ് എറണാകുളത്തെ കേരള പ്രസ് അക്കാദമിയില്‍ നിന്ന് ജേണലിസം കോഴ്സ് കഴിഞ്ഞുനില്‍ക്കുകയായിരുന്ന എന്നെ ആ നാളുകളില്‍ തന്നെ ടെലിവിഷൻ ക്യാമറയുടെ മുമ്പിലേക്ക് കൊണ്ടുവന്നത് എൻ.ആര്‍.എസ് ബാബു സാറായിരുന്നു. അതും അന്നത്തെ ഏഷ്യാനെറ്റിൻ്റെ ക്യാമറയ്ക്ക് മുന്നില്‍. അന്ന് ഞാൻ നടത്തിയ ആദ്യത്തെ ആ സുദീര്‍ഘമായ ഇൻ്റര്‍വ്യൂ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് ബില്‍ ക്ലിൻ്റൻ്റെ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ഒരാളുമായിട്ടായിരുന്നു.

ഏഷ്യാനെറ്റിന് വേണ്ടി ആ ഇൻ്റര്‍വ്യൂ പരമ്പര തയ്യാറാക്കിയ പ്രൊഡ്യൂസര്‍ പ്രശസ്ത ഡോക്യുമെൻ്ററി സംവിധായിക ഷൈനി ജേക്കബ് ബെഞ്ചമിനാണ്. ഷൈനിക്ക് എന്നെ റഫര്‍ ചെയ്തത് എൻ ആര്‍ എസ് ആയിരുന്നു. അതിനുംമുന്നേ കലാകൗമുദി ആഴ്ച്ചപ്പതിപ്പില്‍ തൃശ്ശൂരില്‍ നിന്നും കോഴിക്കോട്ടുനിന്നും എറണാകുളത്തു നിന്നും ഞാൻ തയ്യാറാക്കി അയച്ചിരുന്ന ഫീച്ചറുകള്‍ പലപ്പോഴും കവര്‍ സ്റ്റോറികളായിത്തന്നെ നല്കുകയും ചെയ്തിരുന്നു അദ്ദേഹം.

From left – S ജയചന്ദ്രൻ നായർ, എംഎസ് മണി, എൻആർ എസ് ബാബു

എസ് ജയചന്ദ്രൻനായര്‍ കലാകൗമുദിയില്‍ നിന്ന് ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് ഇറങ്ങിയ ഉടനായിരുന്നു എറണാകുളത്ത് നിന്ന് എൻ്റെ ഗുരുക്കളിലൊരാളായ ശ്രീ പി. സുജാതൻ വഴി എൻ ആര്‍ എസിനെ കാണാൻ പോയതും അന്നുതന്നെ എഡിറ്റോറിയല്‍ ടീമിൽ അംഗമായി ചേര്‍ന്നതും. ആ എഡിറ്റോറിയല്‍ ടീം എന്നത് അഭിമാനകരമായ ഒരു കൂട്ടായ്മയായിരുന്നു. സാരഥിയായി എൻആര്‍എസ് ബാബു, ചലച്ചിത്ര നിരൂപകനും പത്രപ്രവര്‍ത്തകനുമായ കള്ളിക്കാട് രാമചന്ദ്രൻ, കഥാകൃത്ത് ഇ.വി ശ്രീധരൻ, വിജു വി നായര്‍, കവിയും ഇപ്പോള്‍ കേരള സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ടികെ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍..

സാമൂഹ്യപ്രശ്നങ്ങള്‍, മനുഷ്യാവകാശ ധ്വംസനങ്ങൾ, ജനകീയസമരങ്ങള്‍ തുടങ്ങി എത്രയെങ്കിലും വിഷയങ്ങളെ എനിക്ക് എൻ്റേതുമാത്രമായ ഗദ്യത്തില്‍ എഴുതാൻ അന്ന് എൻ ആര്‍ എസ് അവസരം നല്കി. തിരുവനന്തപുരത്തെ പേട്ടയിലെ കലാകൗമുദി ഓഫീസില്‍, ഇടതുഭാഗത്ത് ഇവി ശ്രീധരനും വലതുഭാഗത്ത് കള്ളിക്കാട് രാമചന്ദ്രനും ഇരുന്നിരുന്ന കസേരകള്‍ക്കിടയിലെ സ്റ്റൂളിലിരുന്ന് കേരള കൗമുദി പത്രത്തിലെ ബാക്കിവന്ന കടലാസില്‍ പേനകൊണ്ടെഴുതിയ കാലം.

Get digital access to Kalakaumudi Trivandrum - April 19, 2026 issue |  Magzter.com

പിന്നീട്, നിരന്തരമായി ചലച്ചിത്ര നിരൂപണങ്ങളിലേക്ക് എൻ ആര്‍ എസ് എനിക്ക് അവസരങ്ങൾ തന്നുകൊണ്ടേയിരുന്നു. ആഴ്ച തോറും പുതിയ പുതിയ സിനിമകളുടെ പ്രിവ്യൂകള്‍ കാണുക, അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ആദ്യമേ ചലച്ചിത്ര അക്കാദമിയില്‍ കയറി ചിത്രങ്ങളുടെ ഫോട്ടോകള്‍ ശേഖരിച്ചും ഇൻ്റര്‍വ്യൂകള്‍ എടുത്തും സിനിമകള്‍ കണ്ടും റിപ്പോര്‍ട്ടുകൾ തയ്യാറാക്കുക എന്നിങ്ങനെ.

അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുമ്പോഴും കാരണമെന്തെന്ന് വ്യക്തമാക്കാത്ത രീതിയില്‍ ചില ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാതെ മാറ്റിവച്ചതിൻ്റെ ഓര്‍മ്മകളും ഇപ്പോഴുണ്ട്. കോവിലനുമായും ബാലചന്ദ്രൻ ചുള്ളിക്കാടുമായും 99ല്‍ നടത്തിയ സുദീര്‍ഘമായ ഇൻ്റര്‍വ്യൂകള്‍ അച്ചടിക്കപ്പെട്ടില്ല. അത്തരം ദിവസങ്ങളില്‍ അതേക്കുറിച്ച് ഞാൻ ചോദിക്കില്ല. പ്രസിദ്ധീകരിക്കപ്പെടാത്ത ദിവസങ്ങളില്‍ ഇരുപതുരൂപയോ മറ്റോ നല്കിയിട്ട് എന്നോട് പുറത്തെ കടയിൽ നിന്ന് കപ്പലണ്ടി മിഠായി വാങ്ങി വരാൻ പറയും. അതുംവാങ്ങി
ഞാൻ വന്നുകഴിയുമ്പോൾ പകുതി എനിക്ക് തന്നിട്ട് അവിടെയിരുന്ന് കറുമുറെ ശബ്ദത്തിൽ കഴിക്കും. അനിഷ്ടകരമായ എന്തെങ്കിലും കാര്യം ചെയ്താല്‍ പുരികം വില്ലുപോലെ വളച്ച് രൂക്ഷവും ചുഴിയുന്നതുമായ ഒരു നോട്ടം നോക്കും.

എൻആർ എസ് ബാബു

ചില വൈകുന്നേരങ്ങളിൽ അദ്ദേഹത്തിൻ്റെ പുത്തൻ സാൻട്രോ കാറിൽ എന്നെയും കൂട്ടി ശംഖുമുഖത്തെ ഒരു ക്ലബ്ബിലേയ്ക്ക് പോകും. വയര്‍ നിറയെ ഭക്ഷണം വാങ്ങിത്തരും. പ്രസിദ്ധീകരിക്കപ്പെടാത്ത ലേഖനങ്ങളുടെ മറുപുറമായിരുന്നോ അതെന്ന് ഇപ്പോൾ ആലോചിച്ചുപോകുന്നു.

അന്ന് ഞാൻ കവിതകളും ലേഖനങ്ങളുമെല്ലാം എഴുതിയിരുന്നത് ബനേഷ് കൊടുങ്ങല്ലൂര്‍ എന്ന പേരിലായിരുന്നു. കലാകൗമുദിയിലെ പ്രധാന ലേഖനങ്ങളെല്ലാം ഇതേ പേരിലായിരുന്നു. ഒരുദിവസം എൻ ആര്‍ എസ് എന്നെ മുറിയിലേക്ക് വിളിപ്പിച്ചു. ഒരു കഷണം കപ്പലണ്ടി മിഠായി തന്നിട്ട് ചോദിച്ചു, ‘നമുക്ക് കൊടുങ്ങല്ലൂരിനെ കൊന്നാലോ?’ എനിക്കാദ്യം മനസ്സിലായില്ല. അദ്ദേഹം പറഞ്ഞു, ‘ഈ സ്ഥലപ്പേരൊക്കെ സ്വന്തം പേരിൻ്റെ
കൂടെ ചേര്‍ക്കുന്നത് ഔട്ട് ഓഫ് ഫാഷനാണ്. ആനകള്‍ക്കും കഥാപ്രാസംഗികര്‍ക്കും മാത്രമേ ഇപ്പോള്‍ സ്ഥലപ്പേര് വാലായുള്ളൂ’.

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലടക്കം അക്കാലത്ത് എൻ്റെ കവിതകള്‍
ബനേഷ് കൊടുങ്ങല്ലൂര്‍ എന്ന പേരില്‍ വന്നിരുന്നു. എങ്കിലും എൻ്റെ പേര് മാറ്റാൻ വേണ്ടി മാത്രം മുറിയിലേക്ക് വിളിച്ചുവരുത്തി ഇങ്ങനെ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കില്‍ അത് എന്നോടും എൻ്റെ എഴുത്തിനോടുമുള്ള മമതകൊണ്ടാകും എന്ന് ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെ എൻആര്‍എസ് ബാബു തിരുത്തി: എം.എസ്. ബനേഷ്. എത്ര വലിയ ഔചിത്യപൂര്‍വ്വമായ തിരുത്തായിരുന്നു അത് എന്ന് ഇപ്പോൾ തിരിച്ചറിയുന്നു.

1990 ഡിസംബറിലെ തണുപ്പുള്ള ഒരു പ്രഭാതത്തില്‍ കലാകൗമുദി ഓഫീസിലെ എൻ ആര്‍ എസ് ബാബുസാറിൻ്റെ മുറിയിലേക്ക് ചെന്ന് ഞാൻ പറഞ്ഞു, സര്‍, എനിക്ക് അല്പം വയ്യായ്ക പോലെ, ഒന്ന് ഡോക്ടറെ കണ്ട് ഉടന്‍
വരാം. അദ്ദേഹം സമ്മതിച്ചു. ഞാൻ നേരേ ബസ് കയറിപ്പോയത്, അന്ന് മലയാളം ടിവി എന്ന പേരില്‍ തുടങ്ങാനിരുന്ന കൈരളി ടിവിയിലേക്കുള്ള ഇൻ്റര്‍വ്യൂവില്‍ പങ്കെടുക്കാനായിരുന്നു. പി. ഗോവിന്ദപ്പിള്ള ചെയര്‍മാനായുള്ള ആ ഇൻ്റര്‍വ്യൂ ബോര്‍ഡ് ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി ഊണു കഴിക്കാതെ നേരേ കലാകൗമുദി ഓഫീസിലേക്ക് മടങ്ങിയെത്തിയ എനിക്ക് ഒന്നുമറിയാത്ത പോലെ എൻ ആര്‍ എസ് കപ്പലണ്ടി മിഠായി പൊട്ടിച്ചുതന്നു. ഞാൻ ഇവിയ്ക്കും കള്ളിക്കാടിനുമിടയിലുള്ള സ്റ്റൂളിലേയ്ക്ക് പമ്മി.

എൻആർ എസ് ബാബു

കൈരളി ടിവിയില്‍ ജോലി കിട്ടിയ കാര്യം പറയാൻ അടുത്ത മാസം അദ്ദേഹത്തിൻ്റെ മുറിയിലേക്ക് കയറിയപ്പോള്‍ എൻ ആര്‍ എസ് പുഞ്ചിരിയോടെ പറഞ്ഞു, ‘ബനേഷ് ഡോക്ടറെ കാണാൻ പോകുന്നു എന്നു പറയുന്നതിന് മുന്നേ എനിക്കറിയാമായിരുന്നു ഇൻ്റര്‍വ്യൂവില്‍ പങ്കെടുക്കാൻ പോവുകയായിരുന്നുവെന്ന്’.

എന്തായാലും സ്നേഹത്തോടെയാണ് കലാകൗമുദിയില്‍ നിന്ന് പിരിഞ്ഞത്. കൈരളിയില്‍ ജോലി ചെയ്യുന്നതിനിടെ എൻ ആര്‍ എസ് മൂന്നുതവണ കൂടി ചില അസൈൻമെൻ്റുകള്‍ തന്നു. അതു ചെയ്യാൻ കൈരളിയില്‍ നിന്ന് അനുവാദം കൂടി അദ്ദേഹം വാങ്ങിത്തന്നു. ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളുടെ ദുരിതാവസ്ഥകളെക്കുറിച്ച് ചെയ്ത ‘കരിവീരന്മാരുടെ കലികാലം’ ആയിരുന്നു അതിലൊന്ന്. മറ്റൊന്ന് പ്രശസ്ത കൂടിയാട്ടം കലാകാരി കപിലയെക്കുറിച്ച് ചെയ്ത ഫീച്ചര്‍. അതു വന്നപ്പോള്‍ എൻ ആര്‍ എസ് എനിക്കയച്ച കത്താണ് താഴെയുള്ളത്. ഇങ്ങനെയായിരുന്നു അതിലെ വരികള്‍.

May be an image of text

‘ പ്രിയ ബനേഷ്, കപില അച്ചടിച്ച് വന്നു. സന്തോഷമായി. ബനേഷിനെ കൈരളിയിലോട്ട് വിടേണ്ടായിരുന്നു എന്ന് പിന്നെയും തോന്നി. Byline ബനേഷ് കൊടുങ്ങല്ലൂര്‍ എന്ന പഴയ വരി മതിയോ? അല്ലെങ്കില്‍ കുഞ്ഞിക്കുട്ടൻ തമ്പുരാൻ? വേണ്ട, മറ്റെന്തെങ്കിലും ആക്കാം. സൗഖ്യം അല്ലേ?

സ്വന്തം
എൻ ആര്‍ എസ്.

പിന്നീട് കാലമേറെ കഴിഞ്ഞ് അറിഞ്ഞു, എൻ ആര്‍ എസിന് ഓര്‍മ്മനഷ്ടമാണെന്ന്. താൻ ആരെന്ന് പോലും അറിയാത്ത സ്മൃതിനഷ്ടം. ‘ആരാ’ എന്ന് പുരികം ചുളിച്ച് ചോദിക്കാനുള്ള ചോദ്യം പോലും മറന്ന ഒരു മനുഷ്യനെ അസ്വസ്ഥനാക്കാൻ പോകരുതെന്ന് ഞാൻ മനസ്സാക്ഷിയോട് പറഞ്ഞിരുന്നു. സ്മൃതിവിനാശത്തേക്കാള്‍ വലിയ മൃതി മറ്റൊന്നില്ലല്ലോ.

ആദരം ബഹുമാന്യനായ പ്രിയ പത്രാധിപര്‍….

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.