Skip to main content

വാക്കുകൾ, വസ്തുക്കൾ, നിറങ്ങൾ… വരികൾക്കിടയിലെ മിടിപ്പുകൾ…

വ്യക്തിഗതമായി എഴുതിയത് സമൂഹത്തിന്റെ അന്തർഗതമായി പരിണമിപ്പിക്കുന്ന രസവിദ്യയുണ്ട് കവിതയിൽ. കാലത്തേയും ലോകത്തേയും വാക്കുകൾ കൊണ്ട് വരച്ചിടുന്ന അസാധാരണമായ ഒരു ക്രമം നിശിതമായി പതിപ്പിച്ച് കവിത സ്വയം വെളിപ്പെടുകയാണ്. അധികാര വിമർശനവും സമൂഹ വിശകലനവും വാക്കുരുവങ്ങളിൽ സ്പന്ദിക്കുന്ന, തെറിച്ച് നിന്ന് മുന കൂർപ്പിക്കുന്ന ഉൾപ്പൊരുളായി മാറുന്നു. അലട്ടുന്ന അമൂർത്ത വിനിമയമായി കവിതകൾ വായനയിൽ മുഴങ്ങുന്നു. ഗദ്യവടിവിൽ ആന്തരികമായ താളം സൃഷ്ടിച്ച്, വാക്കൊതുക്കത്തിന്റെ ശക്തിയിൽ ബദൽ ദർശനമായി രൂപപ്പെടുകയാണ് പി.എ. ദിനുദാസിന്റെ കവിതകൾ.

ഭാവത്തെ പ്രതീകവൽക്കരിക്കുന്ന / പ്രതിനിധീകരിക്കുന്ന വാക്കുകളും വസ്തുക്കളും നിറങ്ങളും കൊണ്ടാണ് പല കവിതകളും സ്വയം നിർണയിക്കുന്നത്. ശരി തെറ്റുകളുടെ വാക്കുകൾ, ശാപവാക്കുകൾ, കുത്തുവാക്കുകൾ, പൊള്ളിക്കുന്ന വാക്കുകൾ, പതിഞ്ഞ വാക്കുകൾ പല മട്ടിൽ ജീവിത സന്ദർഭങ്ങളെ ആവിഷ്കരിക്കുന്നു.
മുറിവേറ്റ രക്തത്തിൽ കട്ട പിടിച്ചിരിക്കുന്ന വാക്ക് എന്നെഴുതുന്നതിൽ ജീവിതത്തിന്റെ തിണർപ്പുകൾ കാണാം. നുറുങ്ങുന്ന അസ്ഥികളിൽ രക്തം പുരട്ടി അസ്വസ്ഥമാക്കിയ പ്രണയത്തിന്റെ നിറഭേദങ്ങൾ, ഭാഷയുടെ പടവുകളിൽ ചോര ചവിട്ടി വീഴുന്ന ചില സന്ദർഭങ്ങൾ, കാപട്യത്തിന്റെ മുഖത്തേയ്ക്ക് കാർക്കിച്ച് തുപ്പുന്ന തെറിച്ച് വീണ വാക്കുകൾ, വാക്കുകൾക്ക് പകരം ഇടം നേടുന്ന ഇമോജികൾ, പദവിയില്ലാതെ സത്യമായി തെളിഞ്ഞു നിൽക്കുന്ന മരണമെന്ന വാക്ക്… ഇങ്ങനെ വാക്കിന്റെ പല വിതാനങ്ങൾ കൊണ്ട് ജീവിത പാരുഷ്യങ്ങളെ നേരിടുകയാണ് കവിത. വാക്കുകളടുക്കി സൃഷ്ടിക്കുന്ന വരികളും വരി തെറ്റലുകളും ഒപ്പം കാണാം.

ആത്മീയ നാട്യങ്ങളുടെ, ജീവിതാസക്തികളുടെ ദുഷിപ്പുകൾ ക്കെതിരെയും നിരാധാര ജീവിതങ്ങളുടെ, ഇരകളാക്കപ്പെട്ടവരുടെ സങ്കട വൃത്താന്തങ്ങൾക്കൊപ്പവും സഞ്ചരിക്കുന്ന വാക്കുകൾ വരികൾക്കിടയിൽ ധ്വനിയുടെ സമാന്തര പാത തുറക്കുന്നു. തെറി, ചെറ്റ എന്നീ വാക്കുകൾ സനാതന ധർമ്മ കവാടങ്ങളുടെ പൂമുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു. പ്രതിരോധ നിരയൊരുക്കുന്ന സർഗ ബോധ്യകലഹങ്ങളായി ആശയങ്ങൾ കവിതയ്ക്കകമേ മുനയെടുത്തു നിൽക്കുന്നു.

മുള്ള്, ചെരുപ്പ്, വിത്ത് എന്നീ വസ്തുക്കൾ രാഷ്ട്രീയ സാമൂഹ്യ ജീവിത സന്ദർഭങ്ങളെ പ്രതിനിധീകരിച്ച് കവിതയിൽ സാംസ്കാരിക വിമർശനത്തിന്റെ ഇടങ്ങൾ രൂപപ്പെടുത്തുന്നു. അതിർത്തി വരകളിൽ പതിഞ്ഞ മുളള് മുദ്രകൾ, അച്ചടക്കത്തിന്റെ വരികളെ കാൽ വെച്ച് വീഴ്ത്തി തെറിച്ച വീണ് മുളച്ച ചില വിത്തുകൾ, ചവിട്ടിയവന്റെ ഭാരം അളക്കുന്ന ചെരുപ്പുകൾ.

ഇങ്ങനെ കവിതയിൽ അടയാളപ്പെട്ട വസ്തു പ്രപഞ്ചമൊന്നാകെ സ്ഥിതി – പരിപാലന ദൗത്യ മേൽക്കോയ്മകളെ ലംഘിക്കുന്നു. വാക്കുകൾ കൊണ്ടും വസ്തുക്കൾ കൊണ്ടും കാവ്യഭാഷയിലും പ്രമേയത്തിലും ചില വിള്ളലുകൾ സൃഷ്ടിച്ച് കവിത വിധ്വംസകമായി ചലിക്കുകയാണ്.

കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങൾ വാക്കുകളിൽ പുരട്ടി മുഖ്യധാരാ സൗന്ദര്യ സങ്കല്പങ്ങളെ അട്ടിമറിക്കുന്ന ഒടിവിദ്യയും കവിതയിലുണ്ട്. സവർണ ഇംഗിതങ്ങളെ ഇരുട്ടുടുത്ത് നേരിടുന്നത്, ജാതിവെറികളെ വെളിച്ചത്ത് നിർത്തുന്നത് കറുപ്പിന്റെയും ചുവപ്പിന്റെയും പരുഷമായ പശ്ചാത്തലത്തിലാണ്.

വാക്കുകളും വസ്തുക്കളും നിറങ്ങളും കൊണ്ട് വ്യവസ്ഥാപിത സമൂഹഘടനയുടെ അനൈതികതയെ ശിഥിലമാക്കുന്ന അവാങ്-ഗാദ് (avant-garde ) ശില്പ – ചിത്രസന്നിവേശത്തിന്റെ പരുക്കൻ സർഗാത്മകതയോട് ചാർച്ചപ്പെടുന്നുണ്ട് പി.എ. ദിനുദാസിന്റെ കവിതകൾ. സൂക്ഷ്മമാവുമ്പോഴും അമൂർത്തമാകാനുള്ള വിധ്വംസകമായ സർറിയൽ വെമ്പൽ കവിതകൾക്കകമേ അനങ്ങുന്നുമുണ്ട്.


കലർപ്പ്

പി.എ ദിനുദാസ്

പ്രസാധനം : ബുക്കർ മീഡിയ പബ്ലിക്കേഷൻസ്, തൃശൂർ

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.