“അപ്പാ, അതെന്താണ് ഒരു വലിയ പക്ഷി?”
“അത് പക്ഷിയല്ല മോനേ, ഹെലികോപ്ടറാണ്,” വെങ്കയ്യ പറഞ്ഞു:
” ശവക്കൂമ്പാരവും പ്രളയജലവും കാണാൻവേണ്ടി എത്തിയ മന്ത്രിമാരാണ് അതിൽ.”
അപ്പാവുവിന്റെ ചോദ്യം തികച്ചും സ്വാഭാവികമായിരുന്നു.
” മന്ത്രിമാരും കഴുകന്മാരെപ്പോലെ ശവം തിന്നുന്നവരാണോ അപ്പാ?”
വെങ്കയ്യയുടെ ഹൃദയം പിന്നെയും വിറച്ചു.
(യു പി ജയരാജ് : യു പി ജയരാജിന്റെ കഥകൾ, സമ്പൂർണ്ണം)

*
ഇന്ന് യു പി ജയരാജിന്റെ ഓർമ്മ ദിവസമാണ്. 1999 ജൂലൈ 11 ന് ജയരാജ് അന്തരിച്ചു. ജനകീയ സാംസ്കാരിക വേദിയുടെ അന്തിക്കാട് കൺവെൻഷനിൽ വെച്ചാണ് ഞാൻ ജയരാജിനെ കാണുന്നത്. അതിന് മുമ്പ് കഥകളിലൂടെ അറിയാം. ജയരാജിന്റെ കഥകളൊക്കെ ഏതോ രീതിയിൽ വ്യക്തിപരമായി അഭിസംബോധന ചെയ്യുന്നു എന്ന് ആ കഥകൾ വായിക്കുമ്പോൾ തോന്നി. ധാരാളം കത്തുകൾ എഴുതുന്നയാളായിരുന്നു ജയരാജ് എന്ന് സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്. ലോകത്തിലെ നിരാശാഭരിതരും ചഞ്ചലചിത്തരുമായ അനേകം സുഹൃത്തുക്കൾക്ക് എഴുതിയ കത്തുകൾ എന്ന രീതിയിൽ ജയരാജിന്റെ കഥകൾ വായിച്ച ഒരു വായനക്കാരനാണ് ഞാൻ. ജയരാജ് മരിച്ചിട്ട് ഇരുപത്തിയേഴ് വർഷങ്ങളായി. ഇപ്പോഴും ആ കഥകൾ , അല്ല , കത്തുകൾ ഞാൻ ഇടക്കിടെ വായിക്കുന്നു.
രണ്ട് ഓർമ്മകളുണ്ട്. യു.പി.ജയരാജിന്റെ കഥകൾ അച്ചടിച്ചിരുന്ന തൃശ്ശൂരിലെ ഒരു പ്രസ്സിലേക്ക് അതിന്റെ പ്രൂഫ് നോക്കാൻ പ്രേരണ ഓഫീസിൽ നിന്ന് പോകുന്ന അത്ര നിരാശാഭരിതനല്ലാത്ത ഒരു സുഹൃത്തിനോടൊപ്പമുള്ള യാത്രകളാണ് ആദ്യത്തെ ഓർമ്മ. പിന്നെ കുറച്ചു വർഷങ്ങൾക്ക് മുമ്പ് ചില സുഹൃത്തുക്കളോടൊപ്പം തലശ്ശേരിക്കടുത്ത ജയരാജിന്റെ വീട്ടിലേക്ക് പോകാൻ ശ്രമിച്ചത്. വീട്ടിൽ ആരും ഇല്ല എന്നറിഞ്ഞ് ആ യാത്ര മുടങ്ങിപ്പോയത് . ജയരാജ് മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നു.
“നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത് “ എന്ന യു.പി.ജയരാജിന്റെ കഥയിലെ ഒരു വരി മനസ്സിൽ നിന്നു മായുന്നില്ല.
“എന്നിരിക്കെ, ബി എന്ന നഗരത്തിലെ ഇപ്പോൾ ചഞ്ചലചിത്തനും വിഷാദാത്മകനുമായിരിക്കുന്ന സി എന്ന സുഹൃത്തിന് ടി എന്ന നഗരത്തിൽ നിന്നും വി എഴുതുന്ന കത്ത് എന്തെന്നാൽ: ”
കഥയിലെ ചെറുപ്പക്കാരൻ പ്രാരംഭ നാളുകളിലെ ഉത്സാഹിയായ വിപ്ലവകാരി. തന്നെ ഏൽപ്പിച്ച പ്രധാനപ്പെട്ട ഒരു ദൗത്യം നിറവേറ്റിയ ശേഷം ആന്ധ്രയിലെ കൃഷ്ണാ നദിയുടെ ( ഇന്ത്യയിലെ ഏറ്റവും ചുവന്ന നദികളിൽ ഒന്ന്) കരയിലെ ഒരു കുടിലിൽ കുറച്ചു ദിവസം താമസിക്കേണ്ടി വരുന്നു. കുടിലിൽ ഒരു കിഴവി മാത്രം. വെയിലത്ത് ഒരു കീറപ്പായിൽ ചോളത്തിന് കാവലിരുന്ന് , തൊണ്ണു കാട്ടി ചിരിച്ചു കൊണ്ട് ആ മുത്തശ്ശി നീയെന്താ മോനേ ചിരിക്കാത്തെ എന്ന് ചെറുപ്പക്കാരനോട് ചോദിക്കുന്നു. ഭയങ്കരമായ ജീവിതാനുഭവങ്ങൾ ചിരിക്കാനുള്ള തന്റെ കഴിവിനെ നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നാണ് ചെറുപ്പക്കാരന്റെ മറുപടി. ഞങ്ങൾ അത്യധികം സാഹസികമായ നിലയിൽ ജീവിക്കുന്നു , ഭീകരമായത് കാണുന്നു, ഏത് നിമിഷവും നിലം പതിക്കാം എന്നായിട്ടും മുന്നോട്ടു പോകുന്നു.
എന്തിനാണ് ഒറ്റയ്ക്ക് താമസിക്കുന്നത് എന്ന് ചെറുപ്പക്കാരൻ കിഴവിയോട് ചോദിക്കുന്നു. ഭർത്താവ് ? മക്കൾ? എനിക്കാരുമില്ല, പക്ഷെ, എല്ലാവരുമുണ്ട്. തൊണ്ണു കാട്ടി ചിരിച്ച് വൃദ്ധ പറഞ്ഞു. നാൽപത്തി എട്ടിൽ തെലങ്കാനാ സമരത്തിൽ എന്റെ ഭർത്താവിനെ അവർ വെടിവെച്ചു കൊന്നു. ചെറുപ്പക്കാരൻ സ്തബ്ധനായി . മക്കൾ, മൂത്തവൻ ബസവയ്യ കഴിഞ്ഞ വർഷം പോലീസ് സ്റ്റേഷനിൽ വെച്ച് കൊല്ലപ്പെട്ടു. ഇളയവൻ നാഗയ്യ ജയിലിലുണ്ടെന്ന് ചിലർ പറയുന്നു, ഇല്ലെന്ന് ചിലർ പറയുന്നു. പിന്നെ വൃദ്ധ പറഞ്ഞു, മോനേ, ഞങ്ങളുടെ ജീവിതകാലം വലിയ കാര്യങ്ങളൊന്നും ചെയ്യാനാവാതെ ഞങ്ങളിങ്ങനെ പാഴാക്കി.
ഒരു കുറ്റവാളിയെ പോലെ ലജ്ജിതനും സ്വയം അപഹസിക്കപ്പെട്ടവനുമായി കുനിഞ്ഞ ശിരസ്സോടെ ചെറുപ്പക്കാരൻ ഇരുന്നു.
പിന്നെ ജയരാജ് എഴുതി —
വെയിൽ ചിന്നുന്നുണ്ട്,
ഓർമ്മകൾ ഉണരുന്നുണ്ട്.
കാക്കകൾ കരയുന്നുണ്ട്,
കാറ്റ് വീശുന്നുണ്ട്,
മരങ്ങൾ ഉലയുന്നുണ്ട് ,
കാടിളകുന്നുണ്ട്,
ചൂഷണം പെരുകുന്നുണ്ട്.
അതുകൊണ്ടു തന്നെ ……
*
എഴുപതുകളുടെ അവസാനത്തിൽ അല്ലെങ്കിൽ എൺപതുകളുടെ തുടക്കത്തിൽ ആയിരിക്കണം ഈ കഥ എഴുതപ്പെട്ടത്. ഇക്കാലത്ത് ഇത്തരം ഒരു കഥ എഴുതപ്പെടുകയില്ല. കൃഷ്ണാ നദി ഇപ്പോൾ ഒരു ചുവന്ന നദിയല്ല. ചില ആശകളിൽ നിന്ന് ലോകം മോചിക്കപ്പെട്ടു. ആശകളിൽ നിന്ന് മോചിതരായവർ നിരാശകളിൽ നിന്നും മുക്തരാകുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സാഫല്യം എന്താണെന്ന് മാർഗരറ്റ് താച്ചറോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ടോണി ബ്ലെയറും പുതിയ ലേബറും( New Labour) എന്നാണ്. ഞങ്ങളുടെ എതിരാളികളുടെ മനസ്സു മാറ്റാൻ ഞങ്ങളവരെ നിർബന്ധിതരാക്കി. മാർഗരറ്റ് താച്ചർക്കും ടോണി ബ്ലെയറിനും ഇന്ത്യൻ , കേരള സാഹചര്യങ്ങളിൽ നമുക്ക് പകരം പേരുകൾ നൽകാം. ആ ഉത്തരത്തിലെ ആശയം മാറുകയില്ല.
നമ്മുടെ കാലത്തെ മൂലധനവും വലതുപക്ഷ രാഷ്ട്രീയവും കൂടുതൽ തീവ്രവും ഹിംസാത്മകവുമായി മാറുമ്പോൾ അത് അതിൻ്റെ എതിരാളികളെ കൂടുതൽ വീര്യം കുറഞ്ഞവരും അനുസരണശീലമുള്ളവരുമാക്കി മാറ്റുന്നുണ്ട്. മാറിയ മനസ്സുകളെ സൃഷ്ടിക്കുന്നുണ്ട്. വിജയി സ്വന്തം വിജയം മാത്രമല്ല എടുക്കുന്നത്, പരാജിതനിൽ നിന്ന് അവൻ്റെ പരാജയവും അപഹരിക്കുന്നുണ്ട്. തോൽവിയറിയാതെ, തോറ്റ തലമുറകൾ ചരിത്രത്തിൽ ജീവിച്ചു പോകുന്നു.
ലോകത്തിൻ്റെ പദാവലികൾ മാറുന്നു. വിപ്ലവം എന്നത് കെട്ട വാക്കായി മാറി. സോഷ്യലിസം, ഇടതുപക്ഷം എന്തിന് മതേതരത്വം എന്നതു പോലും ഇന്ന് ശകാരപദമാണ്. കടൽ എന്നു കേൾക്കുമ്പോൾ തുറമുഖം എന്നു മാത്രം വായിക്കാനും കാട് എന്ന് കേൾക്കുമ്പോൾ തുരങ്കം എന്ന് സമ്മതിക്കാനും ഉള്ള സമവായം ശീലിക്കുന്നു.
നിരാശാഭരിതനായ ഒരു സുഹൃത്ത് എന്നത് ഇന്ന് ഗൃഹാതുരമായ ഒരു ഓർമ്മയാണ്. സാമൂഹ്യമായ നിരാശ എന്നതു പോലും അയാളിൽ ബാക്കി നിൽക്കുന്ന ചില സാമൂഹ്യമായ ആശകളുടെ ശേഷിപ്പുകളായി കരുതാമായിരുന്നു. എന്തായാലും ആ പുതിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാണാൻ ജയരാജ് ജീവിച്ചിരുന്നില്ല.
ജയരാജിൻ്റെ കഥയിലെ ആ മുത്തശ്ശിക്ക് മാത്രം പക്ഷേ മരണമില്ല.
ആ ദുരിതങ്ങൾക്കും ചിരിക്കും മരണമില്ല.
“ദൈവങ്ങൾ മരിച്ചാലും
വിപ്ലവങ്ങൾ മരിച്ചാലും
അവർ പിറ്റേന്നും പുലർച്ചെ എണീക്കുന്നു
ശവങ്ങളെ കുളിപ്പിക്കുന്നു
മരിച്ചവരെ മറവു ചെയ്യുന്നു
ശവക്കുഴികൾക്ക് മേൽ
പൂച്ചെടികൾ നടുന്നു.”
യു.പി. ജയരാജിന്റെ കഥകള്, സമ്പൂര്ണ്ണം
രചന : യു.പി. ജയരാജ്
പ്രസാധനം : ഡി.സി. ബുക്സ്
വില : 510 രൂപ







No Comments yet!