Skip to main content

ടര്‍ട്ടില്‍സ് കാന്‍ ഫ്‌ലൈ – യുദ്ധം കവര്‍ന്ന ബാല്യത്തിന്റെ സിനിമ

യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്. നിരവധി ചിത്രങ്ങള്‍ ഈ ഒരു വിഷയത്തെ കേന്ദ്രീകരിച്ച് സിനിമയായിട്ടുണ്ട്, ഇത് വളരെ വ്യക്തമായി ചിത്രീകരിക്കുന്ന സിനിമയാണ് കുര്‍ദിഷ് – ഇറാനിയന്‍ ചലച്ചിത്രകാരനായ ബഹ്‌മാന്‍ ഗൊബാദി (Bahman Ghobadi) സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘ടര്‍ട്ടില്‍സ് കാന്‍ ഫ്‌ലൈ (2004)’. സദ്ദാം ഹുസൈന്റെ ഭരണ പതനത്തിനു ശേഷം ഇറാഖില്‍ ചിത്രീകരിച്ച ആദ്യ ഫീച്ചര്‍ സിനിമ എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.

BAHMAN GHOBADI – MijFilm
Bahman Ghobadi

ഈ സിനിമയില്‍ അഭിനയിച്ചവരെല്ലാം തന്നെ, യുദ്ധത്തിന്റെ പരിണിത ഫലങ്ങള്‍ അനുഭവിച്ച ഒരു കൂട്ടം കുട്ടികള്‍ ആണ്. സദ്ദാം ഹുസൈന്റെ ഭരണവും, അതിന്റെ ഫലമായി ഉണ്ടായ സായുധ കലാപങ്ങളും കാരണം ജന്മദേശം വിട്ട് ക്യാമ്പില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഇവര്‍. പൊട്ടാത്ത ലാന്‍ഡ് മൈനുകള്‍ (കുഴി ബോംബ്) വളരെശ്രദ്ധയോടെ എടുത്ത് സൈനികര്‍ക്കോ, അതിന്റെ കച്ചവടക്കാര്‍ക്കോ നല്‍കി,അതില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ടാണ് അവര്‍ ജീവിക്കുന്നത്. കുഞ്ഞു കൈകളില്‍ പുസ്തകമെടുക്കേണ്ട പ്രായത്തില്‍ അവര്‍ക്ക് ലാന്‍ഡ് മൈനുകള്‍ എടുക്കേണ്ടി വരുന്ന സാഹചര്യം സംവിധയകന്‍ കൃത്യമായി പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നു. ഇത്തരം ലാന്‍ഡ് മൈനുകള്‍ ശേഖരിക്കുന്നതിനിടയില്‍ അത് പൊട്ടിത്തെറിച്ച് കൈ കാലുകള്‍ നഷ്ടപ്പെട്ട കുട്ടികളും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്, പ്രേക്ഷകര്‍ക്ക് യുദ്ധത്തിന്റെ ക്രൂര മുഖങ്ങള്‍ മനസ്സിലാക്കി കൊടുക്കാന്‍ ഇത് സഹായിക്കുന്നു.

ഈ ക്യാമ്പിലെ സാറ്റ് ലൈറ്റ് എന്ന വിളിപ്പേരുള്ള കഥാപാത്രം, ആഗ്രിന്‍, ആഗ്രിന്റെ മകന്‍, ആഗ്രിന്റെ സഹോദരനായ ഹെങ്കോവ് എന്നിവരുടെ ജീവിതത്തെ കേന്ദ്രികരിച്ചു കൊണ്ടാണ് സിനിമ മുന്നോട്ടു പോകുന്നത്. അമേരിക്കന്‍ അധിനിവേശം ഉണ്ടായാല്‍ തങ്ങളുടെ ജീവിതം പഴയ പോലെയാകുമെന്ന് കരുതി ജീവിക്കുന്ന കഥാപാത്രമാണ് സാറ്റ് ലൈറ്റ്, അവന്‍ കുട്ടികളുടെ സംഘത്തിന്റെ നേതാവും കൂടിയാണ്. റേഡിയോകളും മറ്റും വിറ്റ് വ്യാപാരികളില്‍ നിന്ന് അവനും സംഘവും വാര്‍ത്തകള്‍ അറിയാനായി വലിയ സാറ്റ് ലൈറ്റ് വാങ്ങി സെറ്റ് ചെയ്യുന്നുണ്ട്. ഇത്തരം രംഗങ്ങളെല്ലാം അവന്‍ എത്രത്തോളം മിടുക്കനാണ് എന്ന് കൂടി മനസ്സിലാക്കി തരുന്നുണ്ട്. ഇങ്ങനെ സെറ്റ് ചെയ്യാന്‍ അറിയുന്നത് കൊണ്ടാണ് അവന് സാറ്റ് ലൈറ്റ് എന്ന വിളിപ്പേര് വന്നത്. യുദ്ധക്കെടുതികളുടെ ആഴം പ്രേക്ഷകന് മനസ്സിലാക്കി തരുന്ന ജീവിതമാണ് മറ്റു മൂന്ന് പേരുടേത്. റെയ്ഡിന്റെ സമയത്ത് വെറും 14 വയസ്സ് പ്രായമുള്ള ആഗ്രിനെ ഇറാഖ് സൈനികര്‍ ക്രൂരമായി ബലാത്സംഗം ചെയ്യുന്നു.ലാന്‍ഡ് മൈന്‍ ശേഖരിക്കുന്നതിനിടെ ഇരു കൈകളും നഷ്ടപ്പെട്ട അവളുടെ സഹോദരന്‍ അതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സാഹയനായി നോക്കി നില്‍ക്കേണ്ടി വരുന്നു. അവരുടെ മാതാപിതാക്കളെയും സൈനികര്‍ കൊല്ലുന്നു. ആഗ്രിന് പിന്നീട് ജനിക്കുന്ന ആണ്‍കുട്ടിയാണ് റിഗ. ജന്മനാ കാഴ്ച്ച ശക്തിയില്ലാത്ത ആ കുരുന്ന് യുദ്ധ മുഖത്തെ ഭീകരാന്തരീക്ഷത്തെ ഉള്‍ കണ്ണു കൊണ്ടാണ് കാണുന്നത്. ഇങ്ങനെ എത്ര കുട്ടികള്‍ അന്നത്തെ സാഹചര്യത്തില്‍ യുദ്ധമുഖത്തിലേക്ക് ജനിച്ചു വീണിരിക്കാം, എത്ര പെണ്‍കുട്ടികള്‍ മാനഭംഗത്തിന് ഇരയായിരുന്നിരിക്കാം, എത്ര കുട്ടികള്‍ അനാഥരായിട്ടുണ്ടാകാം തുടങ്ങിയ ചോദ്യങ്ങള്‍ സംവിധായകന്‍ ഈ രംഗങ്ങളിലൂടെ ചോദിക്കുന്നു.

Bahman Ghobadi's Turtles Can Fly (2004) is a devastating yet life-affirming  portrait of Kurdish children surviving on the edge of war. Set in a refugee  camp on the Iraq–Turkey border, it captures

ഇത്തരം ഭീകരമായ അനുഭവങ്ങളെ തുടര്‍ന്ന് ആഗ്രിന് കടുത്ത പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറുണ്ട് (PTSD). റിഗ എന്ന കുഞ്ഞിനെ കാണുമ്പോള്‍ അവള്‍ക്ക് സംഭവിച്ച ഭീകരത നിറഞ്ഞ ഓര്‍മ്മകളെ അത് വീണ്ടും ഉണര്‍ത്തി വിടുകയാണ്. ഇത് കൊണ്ട് തന്നെ ആ കുട്ടിയോട് ലവലേശം സ്‌നേഹം പ്രകടിപ്പിക്കാന്‍ അവള്‍ക്കാവുന്നില്ല.
ഹെങ്കോവ് എന്ന ആഗ്രിന്റെ സഹോദരനാണ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം, മുന്‍പ് സൂചിപ്പിച്ച പോലെ ഇരു കൈകളും നഷ്ടപ്പെട്ട അവന്‍ കാലുകള്‍ കൊണ്ടാണ് ലാന്‍ഡ് മൈനുകള്‍ ശേഖരിക്കുന്നത്. മാത്രമല്ല ഈ കഥാപാത്രത്തിന് ഭാവി മുന്‍കൂട്ടി കാണാനുള്ള ശക്തിയുണ്ട്.ഇതൊരു’മാജിക്കല്‍റിയലിസമായി’ സംവിധായകന്‍ ഉപയോഗിച്ചിരിക്കുകയാണ്. ഒരു വാര്‍ – ഡ്രാമ ചിത്രത്തില്‍ ഫാന്റസിയുടെ ഒരു എലമെന്റ് സംവിധായകന്‍ ബോധപൂര്‍വ്വം കൂടിച്ചേര്‍ത്തിരിക്കുകയാണ്. ഇതിലൂടെ സാറ്റ് ലൈറ്റ്, ഹെങ്കോവ് എന്നീ കഥാപാത്രങ്ങളുടെ വ്യത്യസ്തതകള്‍ വരച്ചു കാണിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സാറ്റ് ലൈറ്റ് എന്ന കഥാപാത്രം വാര്‍ത്തയില്‍ നിന്നുള്ള വിവരങ്ങളില്‍ നിന്ന് അമേരിക്കന്‍ സൈനികരെത്തിയാല്‍ തങ്ങള്‍ക്ക് നല്ല നാളെയുണ്ടാകുമെന്ന് സ്വപ്നം കണ്ടു ജീവിക്കുകയും എന്നാല്‍ ഹെങ്കോവ് തന്റെ സ്വന്തം അനുഭവത്തില്‍ നിന്നും, തനിക്കുള്ള ഭാവി മുന്‍കൂട്ടി കാണാനുള്ള ശേഷിയില്‍ നിന്നും ഇവിടെ ഇതിലും ഭീകരമായ അവസ്ഥയാണ് വരാന്‍ പോകുന്നത് എന്ന സത്യത്തെ മനസ്സിലാക്കിയും ജീവിക്കുന്നു.

Turtles Can Fly | Rotten Tomatoes

ആഗ്രിന്റെ മകനായ റിഗോയെ ലാന്‍ഡ് മൈനില്‍ നിന്ന് രക്ഷിക്കുന്നതിനിടയില്‍ സാറ്റ് ലൈറ്റിന്റെ കാലിന് വലിയ പരിക്ക് സംഭവിക്കുന്നുണ്ട്. മുറിവുകള്‍ കെട്ടി വിശ്രമിക്കുന്ന സാറ്റ് ലൈറ്റിന് അവന്റെ സുഹൃത്ത്, ഒരു അമേരിക്കക്കാരന്‍ തന്നതാണെന്ന് പറഞ്ഞ് ചുവന്ന നിറത്തിലുള്ള അലങ്കാര മത്സ്യങ്ങളെ സാറ്റ് ലൈറ്റിന് നല്‍കുന്നുണ്ട്, അതിനെ പിടിച്ചു നോക്കുമ്പോള്‍ കവറിലെ വെള്ളത്തില്‍ മുഴുവന്‍ രക്തം കലരുന്നതായി കാണാം. ഇതിനെ നോക്കി സാറ്റ്‌ലൈറ്റ് ഭയപ്പെടുന്ന രംഗവും വളരെ മികച്ച രീതിയില്‍ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നു.ഇതൊരു പ്രതീകമായാണ് സിനിമയില്‍ പ്രവര്‍ത്തിക്കുന്നത്. വരാന്‍ പോകുന്ന അമേരിക്കന്‍ ഭരണവും ഹിംസാത്മകമായിരിക്കുമെന്ന് ഇതിലൂടെ സംവിധായകന് സൂചിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
സിനിമയുടെ അവസാന ഭാഗത്ത് ആഗ്രിന്‍ മകനായ റിഗോയെ കുളത്തിലേക്ക് കെട്ടി താഴ്ത്തുകയും, മറ്റൊരു ഭാഗത്ത് പോയി ചാടി ആത്മഹത്യ ചെയ്യുന്നതും കാണാം. കാലിന് പരിക്കേറ്റ സാറ്റ് ലൈറ്റ് കുളത്തിന്റെ അരികില്‍ നിസ്സഹായനായി ഇരിക്കുന്നതാണ് ഹെങ്കോവ് അവിടേക്ക് എത്തുമ്പോള്‍ കാണുന്നത്. കാലിന് പരിക്കേറ്റിലായിരുന്നുവെങ്കില്‍ സാറ്റ് ലൈറ്റിന് കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്നും, യുദ്ധത്തിലും, അഭയാര്‍ത്ഥി ക്യാമ്പിലും ഉണ്ടാകുന്ന പരിക്കുകള്‍ അത് എത്രത്തോളം മനുഷ്യരുടെ ശേഷിയെ ഇല്ലാതാക്കുന്നുവെന്ന് ഈ രംഗത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ഇതെല്ലാം മനസ്സില്‍ കണ്ടെങ്കില്‍ പോലും ഹെങ്കാവിനും ഇവിടെ നിസ്സഹായനായ നില്‍ക്കേണ്ടി വരുന്നതായി കാണാം. ഭാവി മുന്‍കൂട്ടി കണ്ടാല്‍ പോലും യുദ്ധങ്ങളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകില്ല എന്ന് ഈ രംഗം മനസ്സിലാക്കി തരുന്നു. അമേരിക്കന്‍ സൈനികര്‍ പരിക്കേറ്റ തന്നെയും സുഹൃത്തിനെയും ശ്രദ്ധിക്കാതെ ടാങ്കുകളില്‍ നിരത്തിലൂടെ സഞ്ചരിക്കുന്നതില്‍ വിഷമിച്ച് സാറ്റ് ലൈറ്റ് തിരിഞ്ഞു നില്‍ക്കുന്ന രംഗത്തിലാണ് സിനിമ അവസാനിക്കുന്നത്.അവന്റെ ആഗ്രഹങ്ങള്‍ ചിറകില്ലാതെ അറ്റുവീഴുന്നു.
ടര്‍ട്ടില്‍സ് കാന്‍ ഫ്‌ലൈ എന്ന പേരിലൂടെ ശക്തമായ ഒരു വിമര്‍ശനമാണ് സംവിധായകന്‍ മുന്നോട്ട് വയ്ക്കുന്നത്. ഇവിടെ ആമകള്‍ കുട്ടികളുടെ പ്രതീകമാണ്. ആമയുടെ പുറന്തോട്ട് അഭയാര്‍ത്ഥി ക്യാമ്പും . കലയിലും സര്‍ഗ്ഗാത്മകതയിലും മികവ് കാണിക്കുകയും ,പഠിച്ച് മുന്നേറുകയും ചെയ്യേണ്ടുന്ന പ്രായത്തില്‍ ആമ തോടാകുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ അവര്‍ കുടുങ്ങി കിടക്കുകയാണ്. അവരുടെ ജീവിതം അത് മന്ദഗതിയിലാക്കുന്നു. കുട്ടികളുടെ കണ്ണിലൂടെ അവതരിപ്പിക്കുന്ന ആഖ്യാനത്തിന് വളരെയധികം മേന്മകള്‍ സാഹിത്യത്തിലായാലും, സിനിമയിലായാലും ഉള്ളതായി കാണാന്‍ കഴിയും. ഈ ചിത്രത്തില്‍ യുദ്ധത്തിന്റെ ശാരീരിക-മാനസീക ആഘാതങ്ങള്‍ കുട്ടികളുടെ കണ്ണിലൂടെ യഥാര്‍ത്ഥമായ രീതിയില്‍ ഗൊബാദി അവതരിപ്പിച്ചിരിക്കുന്നു. ഹാന്‍ഡ് ഹെല്‍ഡ് ക്യാമറ ഉപയോഗിച്ചാണ് ചിത്രം മുഴുവനായി ചിത്രീകരിച്ചിട്ടുള്ളത് . ഇത് അഭയാര്‍ത്ഥി ക്യാമ്പിലെ സാഹചര്യങ്ങള്‍ കൃത്യമായി ഒപ്പിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതം വളരെ കുറച്ചു മാത്രമെ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളൂ. ക്യാമ്പിന്റെ നിശ്ശബ്ദത, യുദ്ധ വിമാനങ്ങളുടെ ശബദം എന്നിവ മികച്ച രീതിയില്‍ ശബ്ദ രചന ചെയ്തിരിക്കുന്നു. പ്രതീകങ്ങളിലൂടെ അവതരിപ്പിക്കുന്ന ദൃശ്യഭാഷയും എടുത്തു പറയേണ്ടതാണ്, ആമ, ചുവന്ന നിറത്തിലുള അലങ്കാര മത്സ്യം എന്നിവയെ പ്രതീകാത്മകമായി മികച്ച രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു.

Turtles Can Fly Movie Poster | Kitap duvar, Atiye netflix series,  Minimalist film posterleri

ചെറിയ ശബ്ദങ്ങള്‍ കേട്ടാലടക്കം ഞെട്ടുന്നവരാണ് കുട്ടികള്‍. യുദ്ധമുഖത്തിലെ വെടിയുണ്ടകളുടെ ഒച്ചയും, സ്‌ഫോടനങ്ങളുടെ ഒച്ചയും അവരെ ഞെട്ടിക്കാതെ ഇരിക്കണമെങ്കില്‍ അവരുടെ ജീവിതത്തിലെ പതിവായി അത് മാറിയിരിക്കണമെന്ന് മനസ്സിലാക്കാം, അതാണ് നമ്മളെ ഏറ്റവും കൂടുതല്‍ സങ്കടപ്പെടുത്തുന്നത്. വര്‍ത്തമാന കാലത്തിലും യുദ്ധങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്, ഗാസയിലെ അന്തരീക്ഷം ഉദാഹരണമാണ്. സാങ്കല്‍പ്പികമായി ഭൂമിയുടെ അതിര്‍ത്തികളെ സ്വയം നിര്‍മ്മിച്ച് അത് അധീനപ്പെടുത്താനായി മറ്റ് മനുഷ്യരെ ശത്രുക്കളാക്കി കൊന്നൊടുക്കുന്ന നമ്മള്‍, ഇത്തരമൊരു സിനിമ കണ്ടതുകൊണ്ട് മാത്രം സ്വയം തിരുത്തുമെന്ന് തോന്നുന്നില്ല. എങ്കിലും മനുഷ്യത്വം വറ്റാത്ത ഒരു പ്രേക്ഷകന് യുദ്ധ കെടുതികളുടെ തീവ്രത ഈ ചലച്ചിത്രം മനസ്സിലാക്കി കൊടുക്കുമെന്നത് തീര്‍ച്ചയാണ്. അത് ബഹ്‌മാന്‍ ഗൊബാദിയുടെ ‘ടര്‍ട്ടില്‍സ് കാന്‍ ഫ്‌ലൈ’ എന്ന ചിത്രത്തെ മികച്ച ”യുദ്ധവിരുദ്ധ” സിനിമകളിലൊന്നാക്കുന്നു.


ലേഖക പരിചയം

ഉബൈദ് പി. ബി.

ബി.എഡ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി
അലിഗഡ് മുസ്ലിം സര്‍വകലാശാല, മലപ്പുറം സെന്റര്‍

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.