Skip to main content

ഫോട്ടോഗ്രാഫ് – നഗരത്തിൻ്റെയും പ്രണയത്തിൻ്റെയും വിഷ്വൽ പോയട്രി

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടത്തിയ സോളോ ട്രാവലുകളിൽ എന്നെ ഏറ്റവും കൂടുതൽ പിടിച്ചുകുലുക്കിയത് തമിഴ്നാട്ടിലെ, ഇപ്പോൾ പേര് ഓർമ്മയില്ലാത്ത ഒരു ഉൾനാടൻ കടലോര ഗ്രാമത്തിലേക്കുള്ള യാത്രയായിരുന്നു. കടലിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു ഘട്ടം കഴിഞ്ഞാൽ കര മറഞ്ഞ് ചുറ്റും കടൽ മാത്രം അവശേഷിക്കുന്നതുപോലെ, നാം നിലകൊള്ളുന്ന ലോകം പിന്നിലാക്കി മറ്റൊരു ലോകത്തിലേക്ക് കടന്നുചെല്ലുന്ന അനുഭവമായിരുന്നു ആ ഗ്രാമത്തിലേക്കുള്ള യാത്ര. ആ കടലോര ഗ്രാമത്തിന്റെ തീരമാകെ ഉണക്കമീൻ കച്ചവടക്കാരുടെ ശബ്ദങ്ങളും മണവും തിരക്കുകളും നിറഞ്ഞിരുന്നു. ഏതാണ്ട് അതുപോലെ എന്നെ സ്പർശിച്ച മറ്റൊരു ഏകാന്തയാത്ര കന്യാകുമാരിയിലേക്കുള്ളതായിരുന്നു.

Photograph' movie review: A fuzzy tale of sun and shade

അവിടെയാണ് ആ തമിഴ് സംസാരിക്കുന്ന ഫോട്ടോഗ്രാഫർ ചേട്ടനെ ഞാൻ പരിചയപ്പെടുന്നത്. നൂറ് രൂപ കൊടുത്തപ്പോൾ അദ്ദേഹം എനിക്ക് അഞ്ച് ഫോട്ടോകൾ എടുത്തുതന്നു. ഒരു ഉത്തരേന്ത്യൻ പെൺകുട്ടിയുമായി ഇരിപ്പിടത്തെ ചൊല്ലി ചെറിയൊരു തർക്കമുണ്ടായപ്പോൾ പോലും അയാൾ എന്റെ കൂടെ നിന്നു. യാത്രയുടെ അവസാനം അദ്ദേഹം പറഞ്ഞ ഒരു ഡയലോഗാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്:

“സാർ… ഇവിടെ പലരും വരും… നിങ്ങളെ പോലെ തനിയെ വരുന്നവരും ജാസ്തി…”

“ഫോട്ടോഗ്രാഫ്” എന്ന സിനിമ കണ്ടപ്പോൾ ആദ്യം ഓർമ്മവന്നത് ആ ഫോട്ടോഗ്രാഫറെയായിരുന്നു. പിന്നെ ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. നമ്പർ ഇപ്പോഴും എന്റെ കയ്യിലുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ പേര് ഓർമ്മയില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് സെൽഫികളില്ലാത്ത ഫോട്ടോകൾ ലഭിക്കാൻ മറ്റൊരു മനുഷ്യന്റെ സഹായം അനിവാര്യമാണ്. ആ ആവശ്യത്തെ തന്നെ ജീവിതമാർഗമാക്കി മാറ്റിയവരാണ് അത്തരം ഫോട്ടോഗ്രാഫർമാർ. “ഫോട്ടോഗ്രാഫ്” എന്ന സിനിമയിലെ ഫോട്ടോഗ്രാഫർ കഥാപാത്രവും അങ്ങനെ തന്നെയാണ് ജീവിക്കുന്നത്.

മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ വെച്ചാണ് റാഫി എന്ന നവാസുദ്ദീൻ സിദ്ദിക്കിഖിയുടെ ഫോട്ടോഗ്രാഫർ ആ പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലെ ആ പെൺകുട്ടിയെ കണ്ടപ്പോൾ എനിക്ക് ഓർമ്മവന്നത് കന്യാകുമാരിയിലെ എന്നെത്തന്നെയായിരുന്നു. അത്രയും വലിയ ആൾക്കൂട്ടത്തിനിടയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഒരു പെൺകുട്ടി. ചുറ്റും നിരവധി ഫോട്ടോഗ്രാഫർമാർ. അവർ ഫോട്ടോകൾ എടുക്കുന്നു. ആ പെൺകുട്ടിയും സിദ്ദിഖിയുടെ കഥാപാത്രത്തെ കൊണ്ട് ഒരു ഫോട്ടോ എടുപ്പിക്കുന്നു.

Photograph - London Indian Film Festival

ഒരു പ്രിന്റിംഗ് മെഷീൻ എങ്ങനെയാണ് രണ്ട് മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്നത് എന്നത് എത്ര മനോഹരമായിട്ടാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. എനിക്ക് ആ ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങൾ വൈ-ഫൈ വഴി വാട്സ്ആപ്പിൽ അയച്ചുതരികയായിരുന്നു. എന്നാൽ രണ്ടായിരത്തി പത്തിന് മുമ്പുള്ള ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലെ ഫോട്ടോഗ്രാഫർമാർ ഒരു ചെറിയ പ്രിന്റിംഗ് മെഷീനും കൊണ്ടുനടന്നിരുന്നു. ഫോട്ടോ എടുത്ത ഉടൻ അതിന്റെ പ്രിന്റ് എടുത്ത് അമ്പത് രൂപയ്ക്ക് കൈമാറും.

സിനിമയിൽ ഒരു ഫോട്ടോയുടെ പ്രിന്റ് എടുത്തശേഷം മെഷീൻ ബാഗിലേക്ക് വെക്കാൻ കുനിയുന്ന ആ നിമിഷത്തിനിടയിൽ തന്നെ ആ പെൺകുട്ടി അപ്രത്യക്ഷയാകുന്നു. പിന്നീട് അവളെ അന്വേഷിച്ച് അയാൾ മുംബൈ നഗരത്തിലൂടെ നടക്കുകയാണ്. ഒരു സാങ്കേതിക ഉപകരണം, മനുഷ്യർ നിറഞ്ഞ ഒരു മഹാനഗരത്തിനിടയിൽ, രണ്ട് അപരിചിതരെ തമ്മിൽ അതിമനോഹരമായി ബന്ധിപ്പിക്കുന്നു. പിന്നീട് ഒരു സി.എ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരസ്യബോർഡിൽ അവളുടെ ചിത്രം കണ്ടാണ് അയാൾ അവളെ തിരിച്ചറിയുകയും കണ്ടെത്തുകയും ചെയ്യുന്നത്. മോഡേണിറ്റിയുടെ സാങ്കേതിക ഉപകരണങ്ങളും പരസ്യബോർഡുകളും നഗരത്തിന്റെ ദൃശ്യഭാഷയും ചേർന്ന് എത്ര മനോഹരമായ ഒരു പ്രണയസാധ്യതയെ രൂപപ്പെടുത്തുന്നു എന്നത് ഈ സിനിമ അതിസൂക്ഷ്മമായി കാണിച്ചുതരുന്നു.

ചേരികളും നഗരവീഥികളും മറൈൻ ഡ്രൈവും ആൾക്കൂട്ടങ്ങളും കുൽഫിയും ടാക്സി ഡ്രൈവർമാരും ഗലികളും റെയിൽവേ സ്റ്റേഷനുകളും നിറഞ്ഞ ഒരു നഗരത്തിലൂടെ ഈ രണ്ട് മനുഷ്യർ — ആ ഫോട്ടോഗ്രാഫറും ആ പെൺകുട്ടിയും — ജീവിച്ചുപോകുമ്പോൾ, അവരുടെ ലോകം സിനിമയുടെ ഫ്രെയിമുകളിൽ അതിമനോഹരമായി വിരിയുന്നു. അവരുടെ സംഭാഷണങ്ങളും നിശബ്ദതകളും പലപ്പോഴും രൂപംകൊള്ളുന്നത് അവർ സഞ്ചരിക്കുന്ന മഞ്ഞനിറമുള്ള ടാക്സിക്കുള്ളിലാണ്.

ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ “ലവ് ഇൻ ദി ടൈം ഓഫ് കോളറ”യിലെ പ്രണയികൾക്ക് മാത്രമുള്ള സ്വകാര്യതയുടെ മഞ്ഞക്കൊടി ഉയർത്തിയ കപ്പലിനെപ്പോലെ, ആ മഞ്ഞയും കറുപ്പും നിറമുള്ള ടാക്സികളും ചിലപ്പോൾ തോന്നും. സിനിമയുടെ ഫ്രെയിമുകളിലൂടെ അത്തരം നിരവധി ടാക്സികൾ കടന്നുപോകുന്നു. നഗരം കടന്നുപോകുന്നു. ജീവിതം കടന്നുപോകുന്നു.

നഗരം എന്ന ഇടവും, ഫോട്ടോഗ്രാഫി എന്ന തൊഴിലും, ആ തൊഴിലിന്റെ സാങ്കേതികതയും, മനുഷ്യർ തമ്മിൽ ഇടപെടുന്ന തെരുവുകളും, അവയിൽ ജീവിക്കുന്ന നിശബ്ദതകളും — ഇവയെല്ലാം കഥാപാത്രങ്ങളായി മാറുന്ന അതിമനോഹരമായ ഒരു വിഷ്വൽ പോയട്രി യാണ് “ഫോട്ടോഗ്രാഫ്”. ഈ സിനിമ കാണുമ്പോഴൊക്കെയാണ് “ഈ ലോകം എത്ര മനോഹരമാണ്” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്, എത്ര ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും നടുവിലായാലും, നമുക്ക് നമ്മളെത്തന്നെ നോക്കി ഒന്ന് ചിരിക്കാനാകുന്നത്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.