Skip to main content

നവോത്ഥാന മൂല്യങ്ങൾക്ക് എന്താണ് സംഭവിച്ചത് ?

 

കേരളീയ നവോത്ഥാനത്തിന്റെ മൂല്യങ്ങളും ചരിത്രവും ഗൗരവതരമായ പ്രശ്‌നീകരണങ്ങൾക്കു നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലയളവിലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. നവോത്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേരിടുന്ന തിരിച്ചടിയും നിരാകരണവുമായി, അതിന്റെ സിദ്ധാന്തത്തോടും ആദർശത്തോടും പ്രകടിപ്പിക്കുന്ന സംശയവും അവിശ്വാസവുമായി, ദൗർബ്ബല്യങ്ങളെ കുറിച്ചുള്ള വിമർശനമായി ഇതു പുറമേയ്ക്കു പ്രകടമാകുന്നു. പകലേ നമ്മൾ വെട്ടിയ നീളം മുഴുവനുമൊരു വലിയാൽ പുറകോട്ടാക്കുന്ന പിതൃരൂപങ്ങൾ കുഴിമാടങ്ങളിൽനിന്നും എഴുന്നേറ്റുവരികയും നമ്മുടെ കഴുത്തിൽ മുറുകെ ഞെക്കുകയും ചെയ്യുന്നുവെന്ന വളരെ പ്രതിലോമകരമായ സമകാലപ്രവണതയെ ഏറ്റവും ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. നാംവളരെ മുമ്പേ പിന്നിലേക്കു തള്ളിയിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളീയ പൊതുസമൂഹത്തിൽ വീണ്ടും പിടിമുറുക്കുകയാണ്. എൺപതുകൾക്കു ശേഷം ഈ പ്രവണത കൂടുതൽ ശക്തിയാർജ്ജിച്ചിട്ടുണ്ട്. വളരെ ഹീനമായ ഒരു മതാത്മകബോധം സമൂഹത്തെ കീഴടക്കുകയും മനുഷ്യദൈവങ്ങളുടെ പടപ്പുറപ്പാടുകൾ, ചിതാഭസ്മ നിമജ്ജനങ്ങൾ, കരിസ്മാറ്റിക് ധ്യാനങ്ങൾ, പ്രശ്നം, യാഗം, ഹോമം, കലശം, കാര്യസാദ്ധ്യത്തിനുളള നേർച്ചകൾ എന്നിങ്ങനെയുള്ള എല്ലാ അന്ധവിശ്വാസങ്ങൾക്കും കേരളജനത വഴിപ്പെടുകയും ചെയ്യുന്നു. ശാസ്ത്രബോധവും മതനിരപേക്ഷതയും പ്രചരിപ്പിക്കാൻ ഭരണഘടനാപരമായി ബാദ്ധ്യസ്ഥരായഭരണകൂടങ്ങൾപോലും അന്ധവിശ്വാസങ്ങൾ നിലനിർത്തുന്ന ചടങ്ങുകൾക്ക് അനുവാദം നല്കുന്നു. അടുത്തകാലത്ത് ശബരിമലയിലെ പുല്ലുമേട്ടിൽ ഉണ്ടായ ദുരന്തത്തോട് വ്യവസ്ഥാപിത രാഷ്ട്രീയപ്രസ്ഥാനങ്ങളും ഭരണകൂടവും സ്വീകരിച്ച സമീപനം നമ്മുടെ സമൂഹത്തെ ബാധിച്ചുകഴിഞ്ഞിരിക്കുന്ന വലിയ രോഗത്തിന്റെ ലക്ഷണമാണ്. ഐഹികതയുടെ മൂല്യങ്ങളോട് ഏതെങ്കിലും വിധത്തിൽ പ്രതിജ്ഞാബദ്ധമായ ഒരു ഭരണകൂടത്തിന് ഈ വിഷയത്തിൽ ഇത്രമേൽ നിസ്സംഗമാകാൻ കഴിയുമായിരുന്നില്ല. സർക്കാർ നിയോഗിക്കുന്നവർ കൊളുത്തുന്ന ഒരു ജ്യോതിയുടെ ദൈവികപരിവേഷത്തെ വിശ്വാസത്തിന്റെ പ്രശ്നമാണെന്നു പറഞ്ഞു ന്യായീകരിക്കുന്നവർ, അമ്പലങ്ങൾക്കു തീ കൊളുത്തുവാനും ഒരു അമ്പലം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയുമെന്നും മറ്റും പറഞ്ഞവരിൽ നിന്നും എത്രമാത്രം അകലെയാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

മതാത്മകതയുടെയും നാടുവാഴിത്ത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പുനരുജ്ജീവനത്തിനായി നടക്കുന്ന വലിയ ശ്രമങ്ങളായിരിക്കും സമകാല കേരളത്തിന്റെ സാംസ്‌കാരിക രംഗത്തേക്ക് കണ്ണുതുറക്കുന്നവരുടെ ആദ്യ ശ്രദ്ധയിൽ വരുന്നത്. നവോത്ഥാനമൂല്യങ്ങളുടെ സ്വാംശീകരണത്തിലൂടെ കേരളജനത ഭൂതകാലത്ത് പുറന്തള്ളിയ പഴഞ്ചൻ ആചാരങ്ങളെ പുനരാനയിക്കുന്നതോടൊപ്പം തന്നെ, അന്യസംസ്ഥാനങ്ങളിൽ നിന്ന് കടംകൊളളുന്ന ആചാരങ്ങളോ ചിഹ്നങ്ങളോ മതാത്മകതയുടെ പുനരുജ്ജീവനയജ്ഞത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും കാണാം. പഴഞ്ചൻ ആചാരങ്ങൾ പുനരുജ്ജീവിക്കപ്പെടുന്നത് പുതിയ രാഷ്ട്രീയ അർത്ഥങ്ങളെയും താല്പര്യങ്ങളെയും ഉത്പാദിപ്പിക്കുന്നുവെന്നു കൂടി പറയണം. ഈ ആചാരങ്ങളിലൂടെ പഴയ സമൂഹം പുനർജ്ജനിക്കുകയോ പഴയ കാലത്ത് അതു നിവർത്തിച്ചിരുന്ന ദൗത്യങ്ങളെ അതേപടി ഏറ്റെടുക്കുകയോ ചെയ്യുന്നില്ല. രാമജന്മഭൂമി വിവാദവുമായി ബന്ധപ്പെട്ട് ഹിന്ദുത്വശക്തികളുടെ നേതൃത്വത്തിൽ പുനരവതരിപ്പിക്കപ്പെട്ട ശ്രീരാമൻ ത്രേതായുഗത്തിലെ ജനക്ഷേമതല്പരനായ രാജാവായിരുന്നില്ലല്ലോ? മറിച്ച്, ഹിന്ദുത്വശക്തികളുടെ രാഷ്ട്രീയാധികാര ആരോഹണത്തിനായി ഉപയോഗിക്കാവുന്ന ഒരു നല്ല ഉപകരണവും പ്രതീകവുമായിരുന്നു അത്. നവോത്ഥാനമൂല്യങ്ങൾ ഇപ്പോൾ നേരിടുന്ന നിരാസവും വെല്ലുവിളിയും അർത്ഥശാസ്ത്രപരമായ പുതിയ താല്പര്യങ്ങളെ ഉൾവഹിക്കുന്നുണ്ടെന്ന അറിവിലേക്കാണ് നാം നയിക്കപ്പെടുന്നത്. അവയെ തിരിച്ചറിയുകയെന്നത് സമൂഹത്തിന്റെ ബലതന്ത്രത്തെ മനസ്സിലാക്കുന്നതിൽ പ്രധാനമാണ്. എന്നാൽ, സമൂഹത്തിന്റെ ബലതന്ത്രത്തെ നിർണ്ണയിക്കുന്ന അനേകം പ്രവണതകളിൽ ഒന്നു മാത്രമാണ് പുനരുജ്ജീവന വാദമെന്നു തീർച്ച. പുനരുജ്ജീവന വാദത്തോടു കൂട്ടുചേരുകയും ചില പൊതുവായ ലക്ഷ്യങ്ങളെയെങ്കിലും പങ്കു വയ്ക്കുകയും ചെയ്യുന്ന മറ്റു പ്രധാന പ്രവണതകളെ ഇതോടൊപ്പം ചേർത്തുവായിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെയൊരു വായനയുടെ തുടക്കമെന്ന നിലക്ക് മതാത്മകതയുടെ പുതിയ രൂപങ്ങൾ എങ്ങനെയെല്ലാമാണ് നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതെന്നു ആദ്യമേ കാണുക!.

മതാത്മകതയുടെ മൂല്യങ്ങളെ വീണ്ടും കുടിയിരുത്തുന്ന നമ്മുടെ സമൂഹം ദൈവവിശ്വാസത്തെ പുനരാനയിക്കുകയാണെന്നും നമ്മുടെ സമൂഹത്തിൽ ദൈവവിശ്വാസം വർദ്ധമാനമായിക്കൊണ്ടിരി ക്കുന്നുവെന്നും അതു നല്ല ലക്ഷണമാണെന്നും വാദിക്കുന്നവരുണ്ട്. ദേവാരാധനക്കായി ക്ഷേത്രങ്ങളിലേക്കും പള്ളികളിലേക്കും എത്തിച്ചേരുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുന്നുണ്ട്.മക്കയിലെയും തിരുപ്പതിയിലെയും ശബരിമലയിലെയും വേളാങ്കണ്ണിയിലെയും പ്രാർത്ഥനാകേന്ദ്രങ്ങളിലേക്കെത്തുന്ന ദൈവവിശ്വാസികളുടെ എണ്ണം പരിശോധിച്ചാൽ ഇതു ബോദ്ധ്യമാകും. പുനരുജ്ജീവന വാദത്തിന്റെ ചിഹ്നങ്ങൾ അണിയുന്നവരായി നാം വായിച്ചെടുത്തവരിൽ ഈ ദൈവഭക്തന്മാരും ഉൾപ്പെടും. പുതിയ ഭക്തന്മാർ അവരുടെ ഭക്തിയുടെയും വിശ്വാസത്തിന്റെയും ചിഹ്നങ്ങൾ പുറത്തേക്കു പ്രദർശിപ്പിക്കുന്നവരാണ്. ദേവാലയങ്ങളിലെ ഭണ്ഡാരങ്ങളിൽ നിക്ഷേപിക്കപ്പെടുന്ന പണക്കെട്ടുകളുടെയും സ്വർണ്ണാഭരണങ്ങളുടെയും ഇതര കാഴ്ചദ്രവ്യങ്ങളുടെയും അളവിൽ വർഷംതോറും വലിയ വർദ്ധനവുണ്ടാകുന്നുണ്ട്. ആചാരപരമായ ദേവക്രിയകൾ ചെയ്യുന്ന പുരോഹിതന്മാർക്ക് ദക്ഷിണയായും കൂലിയായും സംഭാവനയായും വലിയ തുകകൾ ലഭിക്കുന്നുണ്ട്. ഇവരുടെ ജീവിതം സമ്പദ്‌സമൃദ്ധമാകുന്നതും കാണാം. വിശ്വാസികളാലോ മതസംഘടനകളാലോ പരിരക്ഷിക്കപ്പെടാത്ത ദേവാലയങ്ങൾ ഇല്ലെന്നുതന്നെ പറയാം. വിളക്കു കത്തിക്കാൻ എണ്ണയില്ലാത്ത അവസ്ഥ എവിടെയും നിലനിൽക്കുന്നില്ല. ആദിവാസികൾ ഉൾപ്പെടെ സമൂഹത്തിലെ വലിയ ഒരു വിഭാഗം ജനത ഇപ്പോഴും പട്ടിണിയിലും ചൂഷണത്തിലും തുടരുന്നുവെങ്കിലും അവർ അഭയമായി കണ്ട് പ്രാർത്ഥിച്ചിരുന്ന ദൈവങ്ങൾ ദുഃസ്ഥിതിയിൽ നിന്നു മാറിത്തീർന്നിട്ടുണ്ട്. ആദിവാസികളുടെയും ദളിതരുടെയും അധഃസ്ഥിതരുടെയും ദൈവങ്ങൾ വരേണ്യവത്കരിക്കപ്പെട്ടിരിക്കുന്നു. മദ്യവും ഇറച്ചിയും സേവിച്ചിരുന്ന ഈ ദൈവങ്ങൾ പാലും തേനും പഞ്ചാമൃതവും മാത്രം കഴിക്കുന്ന ശുദ്ധന്മാരായി മാറിയിരിക്കുന്നു. ഈ ദൈവങ്ങളുടെ തറകൾ ക്ഷേത്രങ്ങളായി പുഃനനിർമ്മിക്കപ്പെടുകയും അവിടെ നിന്നും നാരായണീയത്തിന്റെ സി. ഡി. പാടിത്തുടങ്ങുകയും ചെയ്യുന്നു.

ദേവാലയങ്ങളുടെ എണ്ണം സ്‌കൂളുകളുടെയോ ആതുരശുശ്രൂഷാ സ്ഥാപനങ്ങളുടെയോ മറ്റുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വലുതാണെന്നു കാണാം. വലിയ വ്യവസ്ഥാപിത കേന്ദ്രങ്ങളായി മാറിത്തീർന്നിരിക്കുന്ന ദേവാലയങ്ങൾ വ്യക്തിയുടെ ദൈവവിശ്വാസത്തെ കേന്ദ്രീകരിച്ചുകൊണ്ടുളള പ്രവർത്തനങ്ങൾക്കപ്പുറത്തേക്കും കടക്കുന്നുണ്ട്. മതസ്ഥാപനങ്ങളോ സാംസ്‌കാരിക സംഘടനകളുടെ മുഖംമൂടിയണിഞ്ഞ മതസംഘടനകളോ നയിക്കുന്ന കേന്ദ്രങ്ങളായി ദേവാലയങ്ങൾ മാറുകയും വ്യാവസായികവും വാണിജ്യപരവുമായ സ്ഥാപനങ്ങൾ നടത്തുന്നതിന് ദേവാലയങ്ങൾ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം വാണിജ്യസ്ഥാപനങ്ങൾക്ക് ദൈവദാസന്മാരായ മതപുരോഹിതന്മാരും ആത്മീയനേതാക്കളും നേതൃത്വം നൽകുന്നു. മതപുരോഹിതന്മാർ പുരോഹിതന്മാർ മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിൻസിപ്പൽമാരും ആശുപത്രികളുടെ മാനേജർമാരും ഡയറക്ടർമാരും ഈ പുരോഹിതന്മാരാണ്. ഇങ്ങനെ, ദൈവവിശ്വാസത്തെ ആധാരമാക്കുന്ന പ്രവർത്തനങ്ങൾ വിപുലവും ശക്തവുമായിരിക്കുന്നുവെങ്കിലും പുരോഹിതന്മാരും മതസംഘടനകളും സാമൂഹികസേവന രംഗത്തുപോലും കാര്യമായി ഇടപെടുന്നുവെങ്കിലും ദൈവചിന്ത മനുഷ്യരിലേക്കു പകരാൻ ആഗ്രഹിക്കുന്ന സ്‌നേഹത്തിന്റെയും സത്യത്തിന്റെയും കരുണയുടെയും മൂല്യങ്ങൾക്ക് സമൂഹത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ധാർമ്മികമെന്ന് ദൈവചിന്ത നിഷ്‌കർഷിക്കുന്ന മൂല്യങ്ങളല്ല; മറിച്ച്, അസത്യവും അഴിമതിയുംനൃശംസതയും നെറികേടുകളുമാണ് സമൂഹജീവിതത്തെ അടക്കി ഭരിക്കുന്നത് സമൂഹജീവിതം അധോലോക മാഫിയകളുടെ പ്രവർത്തന ലോകമായി മാറുന്നു. വ്യക്തിജീവിതത്തിലേക്കും തിന്മ കടന്നുകയറുന്നു. പുറമേക്ക് മതചിഹ്നങ്ങളും ഭക്തിയുമായി പ്രത്യക്ഷപ്പെടുന്ന ആളുകൾക്കുപോലും അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നതിനോ കൈക്കൂലി വാങ്ങുന്നതിനോ യാതൊരു മന:ക്ലേശവുമില്ല. മതപുരോഹിതന്മാരും ദൈവചിന്തയുടെ വക്താക്കളും നടത്തുന്ന സ്ഥാപനങ്ങളിൽ സാമൂഹിക നീതിയെ കുറിച്ചുള്ള സങ്കൽപനങ്ങൾക്ക് യാതൊരു മൂല്യവുമില്ല. മാത്രമല്ല. അവ മിക്കവാറും വാണിജ്യക്കൊളളയുടെയും മെറിറ്റും ആദർശവും തീണ്ടാത്ത സ്വന്തം കാര്യസാദ്ധ്യതയുള്ള പ്രവർത്തനങ്ങളുടെയും കേന്ദ്രങ്ങളായി പരിവർത്തിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ, യേശുദേവൻ വീണ്ടും അവതരിക്കുകയും നമ്മുടെ ദേവാലയങ്ങൾ സന്ദർശിക്കുകയും ചെയ്താൽ അവയ്ക്കുളളിൽ സ്ഥാപിതമായിരിക്കുന്ന പുതിയ കച്ചവടകേന്ദ്രങ്ങളെ തന്റെ കൈകൾ കൊണ്ടും വാളുകൊണ്ടും തട്ടിമറിക്കാൻ കഴിയാതെ വിഷമിക്കുമെന്നു തീർച്ച. ദേവാലയങ്ങളിലെ വാണിജ്യകേന്ദ്രങ്ങളെ തകർക്കാൻ യേശുദേവന് ഒരു പുതിയ പ്രസ്ഥാനത്തെ സൃഷ്ടിക്കേണ്ടിവരും നമ്മുടെ ദൈവവിശ്വാസം ദൈവചിന്തയുടെ പഴയ ആധാരങ്ങളിലല്ല നിലനിൽക്കുന്നതെന്നും അതിന്റെ ലക്ഷ്യങ്ങൾ വ്യത്യസ്തമാണെന്നും ഉറപ്പിക്കാവുന്ന അനുഭവങ്ങളാണിത്.

സമകാല സമൂഹം ആരാധിക്കുന്ന ദൈവം അക്കമഹാദേവിയുടെയോ മീരയുടെയോ സെന്റ് ഫ്രാൻസിസിന്റെയോ ദൈവമല്ല. നാം ഭജിക്കുന്നതും നമിക്കുന്നതും ദൈവത്തിന്റെ വിവിധ രൂപങ്ങൾക്കും സങ്കൽപനങ്ങൾക്കും മൂന്നിലാണെങ്കിലും അതിന്റെ ഏകരൂപം പണത്തിന്റെതു മാത്രമാണ്. എല്ലാറ്റിനെയും കച്ചവടത്തിനുള്ള ചരക്കാക്കി മാറ്റുന്ന സമൂഹവ്യവസ്ഥ ദൈവത്തിനെയും ഒരു വാണിജ്യ ചരക്കാക്കി മാറ്റുന്നു. അത് ടൂറിസ്റ്റ് വ്യവസായത്തിന് സേവനമേഖലയിലെ ലാഭാധിഷ്ഠിതമായ ഇതരപ്രവർത്തനങ്ങൾക്ക് ത്വരകമാകാൻ കഴിവുള്ള ഒരു നല്ല ചരക്കാണ്. ദൈവത്തെ ചരക്കാക്കി മാറ്റുന്ന സമൂഹവ്യവസ്ഥ പണത്തെ ദൈവമായി കരുതുന്ന സമൂഹമാണ്. ദൈവചിന്തയിൽ നിന്ന് അകന്നുപോകുകയും ദൈവചിന്തക്ക് അന്യമായ പ്രവർത്തനങ്ങളിലേർപ്പെട്ടുകൊണ്ട് ദൈവത്തിനു വേണ്ടിയുള്ള ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവർ ഭജിക്കുന്നത് മൂലധനത്തിന്റെയും ലാഭത്തിന്റെയും ഒക്കെരൂപത്തിൽ വെളിപ്പെടുന്ന ഈ പുതിയ ദൈവത്തെയാണ്. ദൈവവിശ്വാസത്തിന്റെ പ്രശ്നം വ്യക്തികളുടെ പ്രശ്‌നമെന്നതിലുമുപരി,മതസമൂഹത്തിന്റെ പ്രശ്‌നമായി അവതരിപ്പിക്കുന്ന രീതി പ്രബലമായിട്ടുണ്ട്. അത് സംഘർഷ വർഗീയവത്കരണത്തിലേക്കു നയിക്കപ്പെടുന്നുണ്ട്. ദൈവങ്ങളെ കുറിച്ചോ പ്രവാചകന്മാരെ കുറിച്ചോ മതങ്ങളെ തന്നെയോ വിമർശനാത്മകമായി സമീപിക്കുന്ന ആഖ്യാനങ്ങളുടെയോ വ്യാഖ്യാനങ്ങളുടെയോ പേരിൽ മതവികാരം വ്രണപ്പെടുന്നതും അതു പൊട്ടിയൊലിക്കുന്നതും സാധാരണമായിട്ടുണ്ട്. വിമർശനങ്ങളോടുള്ള അസഹിഷ്ണുത കയ്യേറ്റങ്ങളിലേക്കും അക്രമങ്ങളിലേക്കും നയിക്കപ്പെടുന്ന സ്ഥിതിയുമുണ്ട്.

നാരായണ ഗുരു

ഈ മൂല്യത്തകർച്ച മതവിശ്വാസത്തിന്റെ മേഖലയിൽ മാത്രമായി ഒതുങ്ങിനില്ക്കുന്നില്ല. രാഷ്ട്രീയ പ്രവർത്തനത്തിന്റെ മണ്ഡലവും ഇതുപോലെയോ ഇതിനെക്കാളേറെയോ ജീർണ്ണിച്ചിട്ടുണ്ട്. ആചാര്യന്മാരുടെ വാക്കുകൾ തുടരെത്തുടരെ ഉദ്ധരിക്കപ്പെടുന്നുവെങ്കിലും അടിക്കടി ആദർശ പ്രസ്താവനകൾ ഉണ്ടാകുന്നുണ്ടെങ്കിലും നല്ല ലക്ഷ്യങ്ങളെ പ്രഖ്യാപിക്കുന്ന മാനിഫെസ്റ്റോകൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും രാഷ്ട്രീയം കൂടുതൽ കൂടുതൽ അപചയത്തിലേക്കാണ് നീങ്ങുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പ്രത്യയശാസ്ത്രചർച്ചകൾ അവസാനിപ്പിക്കുന്നതും വ്യവസ്ഥാപിതത്വത്തെ അതിവേഗം സ്വാംശീകരിക്കുന്നതും ചില പ്രത്യക്ഷലക്ഷണങ്ങളാണ്. രാഷ്ട്രീയപ്രസ്ഥാനങ്ങൾ വെളിച്ചം കടക്കാത്ത അടഞ്ഞ കൂടുകളായി മാറുകയും അവയ്ക്കിടയിൽ പാരസ്പര്യം ഒഴിഞ്ഞുപോകുന്ന അവസ്ഥകൾ സൃഷ്ടിക്കപ്പെടുകയും അധികാരത്തിനും മേൽക്കോയ്മയ്ക്കും വേണ്ടിയുള്ള വിഭാഗീയപ്രവണതകൾ ശക്തമാകുകയും ചെയ്തിരിക്കുന്നു. ഒരു കാലത്ത് നവോത്ഥാനത്തിന്റെ മൂല്യങ്ങളെ ഏറ്റെടുത്ത് മുന്നോട്ടു നടന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഇപ്പോൾ സ്വയം പിന്നോട്ടു നടക്കുകയാണ്. ജാതി, മതശക്തികളുടെ സമ്മർദ്ദ ഗ്രൂപ്പുകൾ മാത്രമായ രാഷ്ട്രീയ പാർട്ടികൾ ഉടലെടുക്കുന്നതും ഇവ രാഷ്ട്രീയമണ്ഡലത്തെ നിർണ്ണായകമായി സ്വാധീനിക്കുന്നതും ജാതി, മതാടിസ്ഥാനങ്ങളിലുള്ള വോട്ടുബാങ്കുകൾ സൃഷ്ടിക്കപ്പെടുന്നതും വ്യാപകമാണ്. ഇത്തരം വോട്ടുബാങ്കുകളുടെ സൃഷ്ടി ഒരു ജനാധിപത്യ സമൂഹത്തിന്റെ ലക്ഷണമല്ല. നമ്മുടെ സമൂഹം ആർജ്ജിച്ചെടുത്ത ലളിതമെങ്കിലും അവശ്യം ആവശ്യമായിരുന്ന ജനാധിപത്യവത്കരണ പ്രക്രിയ തന്നെ വെല്ലുവിളിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്. പൊതുസമൂഹത്തിന്റെ ജനാധിപത്യപരമായ ഇടപെടലുകളെ തടയുന്ന രീതിയിൽ കേരളജനതയെവോട്ടുബാങ്കുകളായി വിഭജിച്ചെടുക്കുന്നതിൽ ഇവിടെ വളർന്നുവന്ന മുന്നണി രാഷ്ട്രീയത്തിന് വലിയ പങ്കുണ്ട്.

ചരിത്രത്തിൽ ആധുനിക ജനാധിപത്യത്തെ കുറിച്ചുള്ള പ്രാഥമികസങ്കല്പനങ്ങൾ പിറന്നുവീണത് ഒറ്റക്കായിരുന്നില്ല. ആധുനിക ജനാധിപത്യ സങ്കല്പനങ്ങൾക്ക് ഐഹികതയുടെയും ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും മൂല്യങ്ങളോട് വലിയ ബന്ധമുണ്ടായിരുന്നു. സമൂഹത്തിന്റെ ജനാധിപത്യവത്കരണ പ്രക്രിയയെ ത്വരിപ്പിക്കുന്ന ഘടകങ്ങളായി ഇവ പ്രവർത്തിച്ചു. ഫ്യൂഡൽ ഉത്പാദനബന്ധങ്ങളെ തകർക്കുന്ന വിപ്ലവങ്ങളുമായി അതിനു ബന്ധമുണ്ടായിരുന്നു. പാട്ട വ്യവസ്ഥ അവസാനിപ്പിക്കുകയും സമഗ്രമായ ഭൂപരിഷ്‌കരണ നടപടികൾ ഏറ്റെടുക്കപ്പെടുകയും കൃഷിഭൂമി കർഷകനെന്ന മുദ്രാവാക്യം ഉച്ചത്തിൽ ഉയർത്തപ്പെടുകയും ചെയ്യുന്നസന്ദർഭമായിരുന്നു അത്. സമൂഹത്തിലെ ജനാധിപത്യവത്കരണത്തിന് ഭൂപരിഷ്‌കരണ പ്രവർത്തനങ്ങൾ ഒരു മുന്നുപാധിയായി നില്ക്കുന്നതു കാണാം. അതുകൊണ്ട് കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യം നക്‌സലൈറ്റുകളുടെയോ കമ്മ്യൂണിസ്റ്റു പാർട്ടികളുടെയോ മുദ്രാവാക്യമല്ല, ഏതൊരു ജനാധിപത്യവാദിയുടെയും മുദ്രാവാക്യമാണ്. അതുകൊണ്ട് ഈ മുദ്രാവാക്യത്തെ സ്വീകരിക്കാത്തവർ ഏതു കമ്മ്യൂണിസ്റ്റു ലേബലിൽ പ്രത്യക്ഷപ്പെട്ടാലും അയാൾ ജനാധിപത്യവാദിയല്ല.

കേരളത്തിൽ നടപ്പിലാക്കപ്പെട്ട ഭൂപരിഷ്‌കരണം ഭാഗികമായിരുന്നുവെന്നും ഇതിന്റെ പാർശ്വഫലങ്ങൾ അപകടകരമാണെന്നും തിരിച്ചറിയാത്തവർക്ക് കേരളസമൂഹത്തിലെ ജനാധിപത്യവത്കരണ പ്രക്രിയക്ക് തടസ്സമായി ഭവിക്കുന്ന പ്രതിലോമശക്തികളെ തിരിച്ചറിയാനോ അവയെ ചരിത്രത്തിൽ നിന്നും തൂത്തെറിയുന്ന പ്രക്ഷോഭങ്ങൾക്ക് നേതൃശക്തിയാകാനോ കഴിയില്ല. സമൂഹത്തിലെ ജനാധിപത്യവത്കരണ പ്രക്രിയക്ക് ഉത്പാദനബന്ധങ്ങളിലെ നിർണായകമായ സ്ഥാനം ഉറപ്പിക്കപ്പെടേണ്ടതുണ്ടെന്നാണ് ഇതിന്നർത്ഥം. എന്നാൽ, മിക്കവാറും പരമ്പരാഗത ഉല്പാദന വ്യവസ്ഥകളെല്ലാം തന്നെ തകർച്ചയെ നേരിടുകയും വികസനമെന്നാൽ സേവനമേഖലയുടെ വികാസമാണെന്ന രീതിയിൽ ഐ ടി, ടൂറിസം തുടങ്ങിയ വ്യവസായങ്ങൾ മാത്രം പ്രോത്സാഹിപ്പിക്കപ്പെടുകയും ഇവയാകട്ടെ ആഗോളീകരണപ്രവണതകളുടെ കടന്നുകയറ്റത്തിൽ അഴിമതിയുടെയും വലിയ ചൂഷണത്തിന്റെയുംകേന്ദ്രങ്ങളായി മാറുകയും വികസനത്തിന് രാഷ്ട്രീയവുമായുള്ള ബന്ധം നിഷേധിക്കപ്പെടുകയും ചെയ്യുന്ന സന്ദർഭത്തിൽ ജനാധിപത്യവത്കരണത്തിന്റെ മൂല്യങ്ങൾക്ക് സ്ഥാനമുണ്ടാകുക അസാദ്ധ്യമാണ്.

സമൂഹത്തിന്റെ ഉപരിഘടനയിൽ ജനാധിപത്യ ധ്വംസന പ്രവർത്തനങ്ങൾ അരങ്ങേറുന്നത് ജനാധിപത്യ സംസ്‌കാരമില്ലാത്ത സമൂഹത്തെയാണ് കാണിച്ചുതരുന്നത്. സാമൂഹിക ജീവിതത്തിന്റെ മിക്ക മണ്ഡലങ്ങളെയും നാടുവാഴിത്ത മൂല്യങ്ങൾ തന്നെയാണ് ഇപ്പോഴും ഭരിക്കുന്നതെന്നു സൂചിപ്പിച്ചുവല്ലോ. ഇവിടെ, ആചാരേതരമോ ജാതിവിരുദ്ധമോ ആയ വിവാഹങ്ങൾപോലും നിഷിദ്ധമാകുകയും ഏറ്റവും യാഥാസ്ഥിതികമായ സ്ത്രീപുരുഷബന്ധങ്ങൾ കാത്തുസൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യാവകാശങ്ങൾ നിരന്തരം ലംഘിക്കപ്പെടുന്നു. സ്ത്രീകളും കുട്ടികളും അധഃസ്ഥിത ജനവിഭാഗങ്ങളും ആക്രമിക്കപ്പെടുന്നു. അഴിമതിയും അസത്യവും സാമൂഹിക ജീവിതത്തെ ഭരിക്കുന്നു. സാമൂഹികനീതിയുടെ പ്രാഥമിക സങ്കല്പനങ്ങൾപോലും തുടച്ചുനീക്കപ്പെടുന്നു. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നത് വർഗീയതക്ക് ത്വരകമാണെന്നതിന്റെ ഉദാഹരണവും കേരളമാണ്. ആധുനിക കേരളം ആദ്യമായി ശക്തമായ വർഗീയവത്കരണത്തിന് കീഴ്‌പെടുന്നത് കേരളത്തിലെ ആദ്യത്തെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച വിമോചന സമരത്തെ തുടർന്നാണ്. നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയും ദേശീയ സമര പ്രസ്ഥാനത്തിലൂടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളിലൂടെയും മലയാളികൾ അന്നേവരെ ആർജ്ജിച്ചെടുത്ത ജനാധിപത്യപരമായ പൊതുമണ്ഡലത്തെ പിളർക്കുകയായിരുന്നു വിമോചനസമരം ചെയ്തത്. വിമോചനസമരം സൃഷ്ടിച്ച അനന്തരഫലങ്ങൾ അതീവ ഗുരുതരമായിരുന്നു. ആധുനിക കേരളം ആദ്യമായി ശക്തമായ വർഗീയവത്കരണത്തിന് കീഴ്‌പ്പെടുകയായിരുന്നു. നവോത്ഥാന മൂല്യങ്ങളുടെ പാതയിൽ സഞ്ചരിച്ചിരുന്ന ജാതി, മത പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനങ്ങളെല്ലാം വിമോചനസമരത്തിന് നേതൃത്വം കൊടുത്ത വരേണ്യവിഭാഗങ്ങൾ കൈയ്യടക്കുകയും ഇവരുടെ ആധിപത്യത്തിൻ കീഴിൽ മൂല്യബോധം നഷ്ടപ്പെട്ട സംഘടനകളെല്ലാം തന്നെ കേവലം ജാതി, മത സമ്മർദ്ദ ഗ്രൂപ്പുകളായി മാറിത്തീരുകയും ചെയ്തു. സാമൂഹിക, പൊതുജീവിത മണ്ഡലങ്ങളിൽ മലയാളികൾ അപ്പോഴേക്കും നേടിയെടുത്തു കഴിഞ്ഞിരുന്ന ലഘുവെങ്കിലുമായ ജനാധിപത്യപരമായ അന്തരീക്ഷത്തെ വിമോചനസമരം അട്ടിമറിക്കുക തന്നെ ചെയ്തു. വിമോചന സമരത്തിലൂടെ കേരള രാഷ്ട്രീയത്തിന്റെ നേതൃത്വത്തിലേക്കു വന്ന ജാതി, മത സമ്മർദ്ദ ഗ്രൂപ്പുകൾ കാർഷിക വിദ്യാഭ്യാസ മേഖലകളിൽ തങ്ങളുടെ പിടിമുറുക്കി ഇത്തരം സമ്മർദ്ദ ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസ് പോലുള്ള രാഷ്ട്രീയപാർട്ടികൾ രൂപം കൊണ്ടും അധികാരത്തിനും വ്യക്തിപരമായ താത്പര്യങ്ങൾക്കും വേണ്ടി പല കഷണങ്ങളായി മുറിയുകയും പ്രതിസന്ധി ഘട്ടങ്ങളിൽ ഒരുമിച്ചു കൂടുകയും മതാധീശ്വത്വത്തിന്റെ താല്പര്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ഇത്തരം രാഷ്ട്രീയപാർട്ടികൾ രാഷ്ട്രീയത്തിലെ മൂല്യവിചാരങ്ങൾക്ക് വലിയ കോട്ടമാണ് വരുത്തിയത്.

എന്നാൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ കൂടുതൽ ഗുരുതരമായ രീതിയിൽ നമ്മുടെ സാമൂഹിക അവസ്ഥയെ ബാധിച്ചിട്ടുണ്ട്. സ്വയം വിമർശിക്കാനും സ്വയം നവീകരിക്കാനും ഉള്ള മാർക്‌സിസത്തിന്റെ ശേഷി മാർക്‌സിസ്റ്റ് ലേബലുകളുള്ള നമ്മുടെ പ്രസ്ഥാനങ്ങളൊന്നും തന്നെ പ്രകടിപ്പിക്കുന്നില്ല. വ്യവസ്ഥാപിതത്വത്തിന് കീഴടങ്ങാൻ വിസമ്മതിക്കുന്ന പ്രസ്ഥാനങ്ങൾപോലും വരട്ടുതത്വവാദപരമായ കേവല സമീപനങ്ങളാണ്‌ സ്വീകരിക്കുന്നത്. ലെനിനിസ്റ്റുകളോ സ്റ്റാലിനിസ്റ്റുകളോ മാവോയിസ്റ്റുകളോ ആകാനുള്ള തിരക്കിൽ അവർ കമ്മ്യൂണിസ്റ്റുകൾ ആകാതിരിക്കുന്നു. ബാഹ്യ ഇടപെടലുകളെയും ഗൂഢാലോചന സിദ്ധാന്തത്തെയും അവസരത്തിലും അനവസരത്തിലും കാരണങ്ങളായി കണ്ടെത്തുന്നവർ സ്വയം ഉള്ളിലേക്ക് നോക്കാനും ആന്തരിക പ്രശ്‌നങ്ങളെ മാർക്‌സിസം വിശകലന രീതിയുടെ ശാസ്ത്രീയത കൊണ്ട് പരിശോധിക്കാനും സന്നദ്ധരാകുന്നില്ല. സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും മണ്ഡലങ്ങളിൽ ഉണ്ടാകേണ്ട മാറ്റങ്ങളെ കുറിച്ച് ഈ പ്രസ്ഥാനങ്ങൾ ഉത്സുകമാകുന്നില്ലെന്നു മാത്രമല്ല പഴയ കാര്യങ്ങൾ ചർവിതചർവണം ചെയ്യുന്നതിനപ്പുറത്തേക്ക് ചർച്ചകൾ ഒന്നും തന്നെ എത്തിച്ചേരുന്നില്ല. അധികാരപ്രസ്ഥാനങ്ങളെയും പ്രത്യയശാസ്ത്രത്തെയും കുറിച്ച് പുതിയ ഇടതുപക്ഷചിന്തകർ നൽകുന്ന ഉൾക്കാഴ്ചകൾക്കു മുഖം നൽകാതിരിക്കുകയും വർഗ സർവാധിപത്യത്തെക്കുറിച്ചുള്ള സങ്കൽപ്പന്നങ്ങളെയും ഭരണകൂടത്തെ കുറിച്ചുള്ള പഴയ നിർവചനങ്ങളെയുംഏകപക്ഷീയമായി പിൻപറ്റുന്നത് തുടരുകയും ചെയ്യുന്നു സാംസ്‌കാരിക രംഗത്തെ ഇടതുപക്ഷപ്രവർത്തനം ഇപ്പോഴും പ്രശ്‌നസങ്കീർണമായ മണ്ഡലമാണ്. ഷഡനോവും ലൈസങ്കോയും ഇപ്പോഴും ആദർശദൈവങ്ങളായി തുടരുന്നു. ഏതൊരു വ്യവഹാരത്തിനും ഇതരവ്യവഹാരങ്ങളിൽ നിന്ന് അതിനെ മാറ്റിനിർത്തുന്ന ചില സവിശേഷ മൂല്യങ്ങൾ ഉണ്ടെന്നും ഈ സവിശേഷ മൂല്യങ്ങളാണ് അവയെ പ്രതിവിതമാക്കുന്നത് എന്നും ഇത്തരം മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം ഓരോ വ്യവഹാരവും വിശകലനങ്ങൾക്കും വിധേയമാകേണ്ടതെന്നും ഉറപ്പിക്കാൻ ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തനത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.സാഹിത്യത്തെ സാഹിതീയ മൂല്യങ്ങൾകൊണ്ടും ശാസ്ത്രത്തെ അതിന്റെ തനതായ മൂല്യങ്ങൾ കൊണ്ടുമാണ് പരിശോധിക്കേണ്ടത്എന്നതാണ് ഇതിനർത്ഥം. ഇങ്ങനെ ഒരു സമീപനം സ്വീകരിക്കാൻ സാഹിത്യത്തിന്റെയോ ശാസ്ത്രത്തിന്റെയോ സാമൂഹികമായ മാനങ്ങളെ നിഷേധിക്കേണ്ടതുമില്ല മാർക്‌സിസത്തിന്റെ ശാസ്ത്രീയതയെ അല്ല പുസ്തകത്തിൽ എഴുതിയതിനെ യാന്ത്രികമായി ഉദ്ധരിക്കുന്ന മതാത്മകതയെ തന്നെയാണ് ഇടതുപക്ഷവും കൈയാളുന്നത് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. മുഖ്യ ഇടതുപക്ഷപ്രസ്ഥാനങ്ങളെന്നു വിവക്ഷിക്കപ്പെടുന്നവര്‍ എല്ലാം വ്യവസ്ഥാപിതത്വത്തിന് പൂർണ്ണമായും കീഴടങ്ങുകയും വ്യവസ്ഥാ വിരുദ്ധമായ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളെ സംശയദൃഷ്ടിയോടെയും ചിലപ്പോൾ ആക്രമണോത്സുകമായും നേരിടുന്ന സ്ഥിതിയും ഉണ്ട്.

നവോത്ഥാന മൂല്യങ്ങളുടെയും സാമ്രാജ്യത്വ വിരുദ്ധ സമരം നൽകിയ ആത്മവിശ്വാസത്തിന്റെയും അടിത്തറയിൽ കെട്ടിപ്പൊക്കിയ സാമൂഹിക സംവിധാനങ്ങളെ സമൂഹത്തിലെ ജനാധിപത്യവത്കരണ പ്രക്രിയക്കുണ്ടായ അപചയം ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വ്യവസ്ഥ, നീതിന്യായ വ്യവസ്ഥ, ചികിത്സാ സംവിധാനങ്ങൾ തുടങ്ങിയവ എല്ലാം ജനവിരുദ്ധമായ ദിശകളിലേക്ക് ചരിക്കുന്നത് നമുക്ക് നേരിട്ട് കാണാം. ഉദാഹരണത്തിന് വിദ്യാഭ്യാസ വ്യവസ്ഥയെ പരിശോധിക്കുക. അയിത്താചാരങ്ങളുടെ പേരിൽ ഭ്രാന്താലയം എന്ന് വിളിക്കപ്പെട്ട മലയാളനാട്ടിൽ എല്ലാ ജാതിമതസ്ഥരും ഒരുമിച്ചിരുന്നു പഠിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം ഏറ്റവും ഫലപ്രദമായ രീതിയിൽ സ്ഥാപിച്ചെടുക്കാൻ പിൽക്കാലത്ത് കേരളജനതയ്ക്ക് കഴിയുകയുണ്ടായി. കേരളസമൂഹത്തിൽനിലനിന്നിരുന്ന ജാതിവ്യവസ്ഥയും ഫ്യൂഡൽ മൂല്യങ്ങളും വരേണ്യവ്യവസ്ഥയും പൊതുവിദ്യാഭ്യാസത്തിന്റെ കടന്നുവരവിനെ തടഞ്ഞിരുന്നു. എങ്കിലും ഈ കടമകളെയെല്ലാം മറികടക്കുന്ന ധീരമായ ഒരു പുരോഗമന മനസ്സിനെ ആർജിച്ചുകൊണ്ടാണ് നമ്മുടെ ജനത ഒരു പൊതുവിദ്യാഭ്യാസ ക്രമത്തെ സൃഷ്ടിച്ചെടുത്തത്. ചരിത്രത്തിലെ അറിയുന്നതും അറിയപ്പെടാത്തതുമായ എത്രയോ വ്യക്തികളും പ്രസ്ഥാനങ്ങളും ഇതിനായി അനുഭവിച്ച ത്യാഗങ്ങളും യാതനകളും അളവറ്റതാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖല ഇപ്പോൾ ഈ പൊതുവിദ്യാഭ്യാസത്തിന്റെ തകർച്ചയെ അഭിമുഖീകരിക്കുകയാണ്. കേരളസമൂഹത്തിന്റെ ജനാധിപത്യവത്കരണ പ്രക്രിയയെ ത്വരിപ്പിച്ച ഒരു വലിയ ഘടകത്തിന്റെ നാശമാണിത്. അടിയന്തരാവസ്ഥ, കരിനിയമങ്ങളുടെ നിർമ്മാണവും നടപ്പാക്കലും, ആസൂത്രിതമായ വംശീയ കൂട്ടക്കൊലകൾ, ഏറ്റുമുട്ടൽ മരണങ്ങൾ, തടവറയിലെ മനുഷ്യാവകാശ പ്രവർത്തകർക്ക് നേരെയുള്ള ഭരണകൂടത്തിന്റെ കടന്നാക്രമണങ്ങളും പീഡന മുറകളും, പ്രതിരോധ സംഘങ്ങളെ നിരോധിക്കൽ തുടങ്ങി പുറമേക്കു പ്രത്യക്ഷമാകുന്ന എല്ലാ ജനാധിപത്യ ധ്വംസനങ്ങളെയും പ്രവർത്തനങ്ങളെയും സമാന സ്വഭാവമുള്ള ഇതര പ്രവണതകളെയും കുറിച്ചു പറയുന്നതിനപ്പുറം ഇതിന് അടിസ്ഥാനമായ സാമൂഹിക വ്യവസ്ഥയുടെ മൂല്യവ്യവസ്ഥയെ കുറിച്ചുള്ള സംവാദങ്ങൾക്ക് കൂടുതൽ പ്രസക്തിയുണ്ട്. ജനാധിപത്യം എന്നാൽ പാർലമെന്ററി വ്യവസ്ഥയാണെന്ന് ന്യൂനീകരണത്തിന് വലിയ ശ്രദ്ധ ലഭിക്കുന്ന ഒരു സന്ദർഭത്തിൽ എല്ലാ ജനാധിപത്യ വിരുദ്ധമായ പ്രവണതകളെയും ചെറുത്തുതോൽപ്പിക്കാൻ കഴിയുന്ന രീതിയിൽ ജനാധിപത്യത്തെകുറിച്ചുള്ള വളരെ വിശാലമായ നിർവചനങ്ങൾ പുനസ്ഥാപിക്കപ്പെടേണ്ടതാണ്. പാർലമെന്റ് ജനാധിപത്യത്തിന് പണാധിപത്യംആകാനും ക്രിമിനലുകളുടെ ആധിപത്യം ആകാനും ബഹുരാഷ്ട്ര കോർപ്പറേഷനുകളുടെയോ സാമ്രാജ്യത്വ കേന്ദ്രങ്ങളുടെയോ താൽപ്പര്യാനുസൃതമുള്ള ഭരണകൂടനിർമ്മാണത്തിനുള്ള മാർഗ്ഗം ആകാനും കഴിയുമെന്ന് ഇന്ത്യൻ അനുഭവങ്ങൾതന്നെ തെളിയിച്ചിട്ടുണ്ടല്ലോ. കൊട്ടിഘോഷിക്കപ്പെടുന്ന പാർലമെന്ററി ജനാധിപത്യത്തിന്റെ വിശുദ്ധി ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭകളെ കാലാവധി പൂർത്തിയാകുന്നതിനു മുൻപേ പിരിച്ചുവിട്ടുകൊണ്ടും മറ്റു ഇതര രീതികളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. ജനാധിപത്യം എന്നത് വർഗ്ഗനിരപേക്ഷമായ ഒരു പ്രശ്‌നമല്ല എന്ന് നമ്മെ വീണ്ടും ബോധ്യപ്പെടുത്തുന്ന സന്ദർഭം കൂടിയാണിത്.

നവോത്ഥാനമൂല്യങ്ങളുടെയും ജനാധിപത്യവത്കരണത്തിന്റെയും അപചയത്തിന് വർഗ്ഗപരമായ മാനങ്ങൾ ഉണ്ടെന്ന അറിവ് കേരള സമൂഹത്തിന്റെ വർഗാടിത്തറയിലുണ്ടായ വ്യത്യാസങ്ങളിലേക്ക് കണ്ണോടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ത്വരിതഗതിയിലുള്ള മധ്യവർഗ്ഗവത്കരണം സമീപ ഭൂതകാലത്ത് കേരളത്തിലെ പ്രധാന പ്രവണതയായിരുന്നു. വ്യവസ്ഥാപിത ഇടതുപ്രസ്ഥാനങ്ങളുടെ കീഴിൽ തൊഴിലാളിവർഗ്ഗം മധ്യവർഗ കാമനകൾ ആർജിക്കുന്നത് ഇതിന്റെ ലക്ഷണമായിരുന്നു. വ്യവസ്ഥാപിതത്വത്തിന് സ്ഥൈര്യം ഉറപ്പിക്കുന്ന ദൃഢതയുള്ള വർഗ്ഗം ആയിട്ടാണ് മധ്യവർഗ്ഗം ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. മുതലാളിത്ത പണ്ഡിതന്മാരുടെ വിശകലനങ്ങളിൽ ഒരു സമൂഹത്തിലെ മധ്യവർഗ്ഗത്തിന്റെ അധിക സാന്നിധ്യം വ്യവസ്ഥയുടെ ഉറപ്പിനും അതിജീവനത്തിനും ഉള്ള മുന്നുപാതിയാണ്. പുത്തൻ കൊളോണിയലിസത്തിന്റെയും ആഗോളീകരണത്തിന്റെയും എല്ലാ നൃശംസതകളെയും ഏറ്റെടുക്കാൻ ഈ വർഗ്ഗത്തിന് കഴിയുന്നു. മാതൃഭാഷ സംസാരിക്കുന്നത് അപമാനകരമാണെന്ന് മനോഭാവത്തിലൂടെ പുറത്തേക്ക് പ്രകടമാകുന്ന മധ്യവർഗത്തിന്റെ കൊളോണിയൽ ദാസ്യവും ആഗോളീകരണത്തിലൂടെ മൂർച്ഛിച്ച ഉപഭോഗത്വരയോടും കോർപ്പറേറ്റ് സംസ്‌കാരത്തോടും അതു കാണിക്കുന്ന പ്രതിജ്ഞാബദ്ധതയും സുരക്ഷിതത്വകാംക്ഷകളും ഈ വർഗ്ഗത്തിന്റെ പ്രതിലോമകരമായ ഇടപെടലുകൾക്കുള്ള തെളിവുകളാണ്. സമൂഹത്തിൽ ശക്തിയാർന്ന അരാഷ്ട്രീയവത്കരണത്തിന്റെ സന്ദേശവാഹകരും മധ്യവർഗ്ഗമാണ്. സമൂഹത്തെ അഴിമതിയിലേക്കും അസത്യത്തിലേക്കും നയിക്കുന്നതിൽ വർധിതമാനങ്ങൾ ആർജിക്കുന്ന കോർപ്പറേറ്റിസം സംസ്‌കാരത്തിന് വലിയ പങ്കുണ്ടെന്ന് കാര്യത്തിൽ ഇതോടൊപ്പം ചേർത്തുവയ്ക്കുക. പുനരുജ്ജീവനവാദ ശക്തികളുടെ ആധിപത്യവും സമൂഹത്തിൽ വർദ്ധിതമായി കൊണ്ടിരിക്കുന്ന മധ്യവർഗ്ഗവത്കരണവും അരാഷ്ട്രീയവത്കരണ പ്രവണതയും കോർപ്പറേറ്റ് സംസ്‌കാരവും കൊളോണിയൽ ദാസ്യവും ആന്തരികബന്ധങ്ങൾ ഉള്ളതും പരസ്പരം പോഷിപ്പിക്കുന്നതുമായ പ്രവണതകളാണ്. നവോത്ഥാന മൂല്യങ്ങളുടെ നിരാസവും ജനാധിപത്യവത്കരണ പ്രക്രിയയുടെ തകർച്ചയും ഈ പ്രതിലോമ പ്രവണതകളുടെ തുടർച്ചയും ഫലവുമാണ്.

നവോത്ഥാനത്തിന്റെ പ്രബുദ്ധ പാരമ്പര്യം സൃഷ്ടിച്ച ഫലങ്ങളെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഏറ്റെടുത്തതോടെയാണ് നവോത്ഥാനമൂല്യങ്ങൾ അപചയിക്കാൻ തുടങ്ങിയതെന്ന് വിലയിരുത്തലിന് ഈ ലേഖകൻ യാതൊരു സാംഗത്യവും കാണുന്നില്ല. രാഷ്ട്രീയപ്രസ്ഥാനങ്ങൾ അപചയിക്കാൻ തുടങ്ങുന്നതിനു മുന്നേ തന്നെ നവോത്ഥാനമൂല്യങ്ങളുടെ പാതയിൽ സഞ്ചരിച്ചിരുന്ന ജാതിമത പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനങ്ങളെല്ലാം അപചയിച്ചുകഴിഞ്ഞിരുന്നു. നവോത്ഥാനമൂല്യങ്ങളുടെ പാതയിൽ സഞ്ചരിച്ചുകൊണ്ട് കേരളത്തിലെ ഇടതു രാഷ്ട്രീയനേതൃത്വം പ്രകടിപ്പിക്കുന്ന ഇച്ഛാശക്തിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നത് കേവലം ജാതിമത സമ്മർദ്ദ ഗ്രൂപ്പുകളായി അപചയിച്ചവരുടെ നേതൃത്വത്തിൽ ആയിരുന്നു. കുപ്രസിദ്ധമായ വിമോചനസമരത്തെയാണ് ഉദ്ദേശിക്കുന്നത്. നവോത്ഥാന കേരളത്തിന്റെ തുടർച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെ ആയിത്തീർന്നതുകൊണ്ടല്ല; മറിച്ച് രാഷ്ട്രീയപ്രസ്ഥാനങ്ങളെ കൂടി ബാധിച്ച അരാഷ്ട്രീയ പ്രവണതകളാണ് നവോത്ഥാന മൂല്യങ്ങളെ അപചയത്തിലേക്ക് നയിച്ചത്. ഇടക്കാലത്ത് എഴുപതുകളിൽ കേരള സമൂഹത്തിൽ ഉണ്ടായ രാഷ്ട്രീയവത്കരണം നവോത്ഥാന മൂല്യങ്ങളെയും ജനാധിപത്യ പ്രവർത്തനങ്ങളെയും പ്രചോദിപ്പിക്കുകയുണ്ടായി എന്നും കാണുക. എന്നാൽ നവോത്ഥാനത്തിന്റെയും ആധുനികതയുടെയും ആശയലോകത്തിനെതിരെ ഘടനാവാദാനന്തര ചിന്തയും ഉത്തരാധുനികതയും കെട്ടഴിച്ചുവിട്ട വിമർശനങ്ങൾ പ്രതിലോമ കാലാവസ്ഥയെ പലപ്പോഴും ഉത്തേജിപ്പിക്കുകയാണ് ചെയ്തത്. ആധുനികതയുടെ സൈദ്ധാന്തികത്തിന്റെ പരിമിതികളെക്കുറിച്ച് മനസ്സിലാക്കാൻ വിമർശനങ്ങൾ വഴിവച്ചുവെങ്കിലും വികസിത മുതലാളിത്തത്തിന്റെ ഭൗതിക നിയാമകങ്ങളെ ന്യായീകരിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ആണ് അത് എത്തിച്ചേർന്നത്. മുതലാളിത്തത്തിന്റെ ആത്മീയ അടിസ്ഥാനങ്ങൾക്കെതിരെ ആക്രമണോത്സുകമായി അത് തിരയുന്നുണ്ടെങ്കിലും ജനജീവിതത്തിന്റെ യാഥാർത്ഥ്യത്തോടൊപ്പം നിൽക്കുന്നതിൽ അതു പരാജയപ്പെടുന്നു. മതമൗലികവാദികൾ ഉത്തരാധുനികരുടെ വാദഗതികളെ ഏറ്റെടുക്കുകയും ആധുനികതയ്‌ക്കെതിരെ അവർ മുന്നോട്ട് വെച്ച വിമർശനങ്ങൾ ശരിയാണെന്ന് സ്ഥാപിക്കാൻ ഇതിനെ ഉപയോഗിക്കുകയും ചെയ്യുന്നത് നല്ലൊരു ഉദാഹരണമാണ്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഗുരുവായ ശ്രീനാരായണനെതിരെ, ഉത്തരാധുനിക ചിന്തകളുടെ ആശയലോകത്തിൽ നിന്നുകൊണ്ട് ദളിതചിന്തകനായ കാഞ്ച ഐലയ്യ ഉന്നയിച്ച വിമർശനങ്ങൾ ഉത്തരാധുനികതയുടെ ലക്ഷ്യവേധിയല്ലാത്ത പ്രവർത്തനത്തിന്റെ മറ്റൊരു തെളിവായിരുന്നു.ശ്രീനാരായണൻ ഹിന്ദു മതത്തിനകത്താണ് സ്വയം സ്ഥാപിച്ചതെന്നും സമുദായത്തെ സ്ഥാപിച്ചതെന്നും കാഞ്ച ഐലയ്യ പറയുന്നു. ഹിന്ദുമതത്തിനു പുറത്തെ ആത്മീയ സംഘടനാരൂപങ്ങളെ ഒന്നും തന്നെ ഗുരു പരിഗണിച്ചില്ലെന്ന്, അദ്ദേഹത്തിന്റെ ഭാഷ സംസ്‌കൃതജഡിലമായിരുന്നെന്ന്, ദളിതരുടെ പ്രശ്‌നങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്തില്ലെന്ന്, രാമനെ ചോദ്യം ചെയ്തില്ലെന്ന് കാഞ്ച ഐലയ്യ ആരോപിക്കുന്നു. സാമൂഹിക യാഥാർത്ഥ്യത്തിൽനിന്ന് അടർത്തി മാറ്റപ്പെട്ട ആദർശവാദപരമായ ചിന്തയായി കാഞ്ചഐലയ്യയുടെ വാക്കുകൾ മാറിത്തീരുന്നു. ഗുരുവിനെ തങ്ങളുടെതു മാത്രമാക്കി മാറ്റാൻ ഹിന്ദുത്വവാദികൾ ഒരുങ്ങിയിരിക്കുന്ന സന്ദർഭത്തിലാണ് സൈദ്ധാന്തികനായ കാഞ്ച ഐലയ്യ തന്റെ വീക്ഷണങ്ങൾ അവതരിപ്പിക്കുന്നത്.

ഗുരുവിനെ ഹിന്ദുത്വവാദിയായി വ്യാഖ്യാനിച്ചെടുക്കുക എന്നത് തങ്ങളുടെ ലക്ഷ്യമായി ഹിന്ദുത്വവാദികൾ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. അവർ അതിനായി ഗുരുവിന്റെ ജീവിതത്തിൽ നിന്നും ചില കാര്യങ്ങൾ അടർത്തിമാറ്റി ഒറ്റപ്പെടുത്തി അവതരിപ്പിക്കുന്നു. ഇതേ കാര്യങ്ങൾ ഒരു സൈദ്ധാന്തികൻ നേരിട്ടു പറയുന്നതിലൂടെ ഹിന്ദുത്വവാദികളുടെ ആയുധങ്ങൾക്ക് മൂർച്ച കൂട്ടി നൽകുന്ന ദൗത്യമാണ് നിർവഹിച്ചത്. സാമൂഹിക യാഥാർത്ഥ്യത്തോട് കണ്ണു ചേർക്കാതിരിക്കുന്ന വിശകലനങ്ങൾ കേവല ജാതിമത വംശീയചിന്തകളായി അധഃപതിക്കുന്നതിനുള്ള തെളിവായിരുന്നു അത്. നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പരിമിതികളെ തിരിച്ചറിയുക എന്നത് പ്രധാനമാണ്. നാരായണഗുരുവും വിമർശനങ്ങളിലൂടെ കടന്നുപോകേണ്ടിവന്നേക്കും. എന്നാൽ ലക്ഷ്യവേധിയല്ലാത്ത ആക്രമണങ്ങളിലൂടെയല്ല അതു സാധ്യമാക്കേണ്ടത്.

(2012 ല്‍ ചെണ്ട മാസികയില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം)


No Comments yet!

Your Email address will not be published.