Skip to main content

മുംബൈയുടെ ‘അതിജീവന’വും മുതലാളിത്തത്തിന്റെ ക്രൂരതകളും

Remember the 2005 floods? Can we prevent it happening again? - The ...

മഴയോ പ്രളയമോ ബോംബ് സ്‌ഫോടനങ്ങളോ ആകട്ടെ, എന്തു ദുരന്തം വിഴുങ്ങിയാലും അടുത്ത ദിവസം രാവിലെ തോളിലൊരു ബാഗുമിട്ട് മുംബൈ നഗരവാസികള്‍ ഓഫീസുകളിലേക്ക് പായും. മാധ്യമങ്ങള്‍ പലപ്പോഴും ഇതിനെ ‘മുംബൈയുടെ സ്പിരിറ്റ്’ (Spirit of Mumbai) എന്നും നഗരത്തിന്റെ ‘അതിജീവനശേഷി’ എന്നുമൊക്കെയാണ് പാടിപ്പുകഴ്ത്താറുള്ളത്. 2008-ല്‍ മുംബൈയിലെ താജ് ഹോട്ടലില്‍ ഭീകരരും കമാന്‍ഡോകളും തമ്മില്‍ പൊരിഞ്ഞ വെടിവെപ്പ് നടക്കുമ്പോഴും നഗരത്തിലെ ഭൂരിഭാഗം ഓഫീസുകളും കടകമ്പോളങ്ങളും പതിവുപോലെ തുറന്നുപ്രവര്‍ത്തിച്ചിരുന്നു. ശ്രീനിവാസന്‍ ഒരു സിനിമയില്‍ പറയുന്നതുപോലെ, ‘അവിടെ കല്യാണം, ഇവിടെ പാലുകാച്ചല്‍’ എന്ന മട്ടിലാണ് ഈ നഗരത്തിന്റെ പോക്ക്. എന്നാല്‍, ഈ കാണുന്ന ഓട്ടത്തിന് പിന്നില്‍ നഗരത്തിന്റെ മാഹാത്മ്യമല്ല, മറിച്ച് വയറ്റിപ്പിഴപ്പിനായി ഓടുന്ന പാവങ്ങളുടെ നിസ്സഹായാവസ്ഥയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
തൊഴിലാളികളുടെ ജീവിതം അപകടത്തിലാക്കുന്ന ചില ‘മേലാളന്മാരുടെ’ പിടിവാശികളാണ് കനത്ത പ്രതികൂല സാഹചര്യങ്ങളിലും സാധാരണക്കാരെ തൊഴിലിടങ്ങളിലേക്ക് ഇറക്കിവിടുന്നത്.

Flashback 26 July 2005: When Rains Made Mumbai Stop

 

പ്രകൃതിദുരന്തങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകയും വളരെ അത്യാവശ്യമില്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ നിയമങ്ങളും സുരക്ഷാ മുന്നറിയിപ്പുകളുമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് കോര്‍പ്പറേറ്റ് ലോകത്തെ ചില വിവരദോഷികളുടെ പെരുമാറ്റം. ഒടുവില്‍, അന്ന് ചെന്നില്ലെങ്കില്‍ ജോലി പോകുമെന്ന ഭയത്താല്‍, ‘വടക്കന്‍ വീരഗാഥ’യില്‍ ചന്തു പുഴ നീന്തി ഉണ്ണിയാര്‍ച്ചയെ കാണാന്‍ പോയതുപോലെ സാഹസികമായാണ് പലരും ഓഫീസുകളില്‍ ഹാജരാകുന്നത്.

കോവിഡ് മഹാമാരിയുടെ കാലത്ത് ഈ ക്രൂരത അതിന്റെ പൂര്‍ണ്ണരൂപത്തില്‍ നാം കണ്ടതാണ്. മിക്ക ഓഫീസുകളും ‘വര്‍ക്ക് ഫ്രം ഹോം’ (Work from Home) ആക്കിയ സമയത്ത് പോലും ആഴ്ചയില്‍ ഒരിക്കല്‍ ഓഫീസില്‍ എത്തണമെന്ന് നിര്‍ബന്ധം പിടിച്ച സ്ഥാപനങ്ങളുണ്ടായിരുന്നു. അക്കാലത്താകട്ടെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു; പിന്നീട് പുനരാരംഭിച്ചപ്പോള്‍ അത് അവശ്യ സര്‍വീസുകാര്‍ക്കായി പരിമിതപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലും ജോലി നഷ്ടപ്പെടുമെന്ന പേടിയില്‍ ടാക്‌സി വിളിച്ച് ഓഫീസിലെത്തിയ ജീവനക്കാരുണ്ട്. ദിവസം 500 രൂപ മാത്രം വേതനമുള്ള ഒരു തൊഴിലാളി, ഓഫീസിലെത്താന്‍ മാത്രം 3000 രൂപ ടാക്‌സിക്കൂലി കൊടുക്കേണ്ടി വരുന്ന അവസ്ഥ! കമ്പനി വക കാറും സൗജന്യ പെട്രോളും അനുഭവിക്കുന്ന ഏമാന്മാരാണ് എസി മുറിയിലിരുന്ന് ഇത്തരം തുഗ്ലക്ക് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത്.

Coronavirus: 57% in Mumbai slums had virus

കോവിഡ് കാലത്ത് ഇത്തരമൊരു അനുഭവം എനിക്കുമുണ്ടായി. വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന എന്നോട് ആഴ്ചയില്‍ ഒരിക്കല്‍ ഓഫീസില്‍ വരണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ‘മുതലാളി പറഞ്ഞാല്‍ പിന്നെ അപ്പീലില്ലല്ലോ”, വരാമെന്ന് ഞാനും സമ്മതിച്ചു. എന്നാല്‍ ലോക്കല്‍ ട്രെയിന്‍ ഇല്ലാത്ത സാഹചര്യത്തില്‍ ‘എങ്ങനെ വരും?’ എന്നായി കക്ഷിയുടെ ചോദ്യം. ‘വിമാനത്തില്‍ വരാമല്ലോ’ എന്ന് ഞാന്‍ മറുപടിയും നല്‍കി. (ഞാന്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് എല്ലാവര്‍ക്കുമായി പുനരാരംഭിക്കുന്നത് വരെ ആഴ്ചയിലൊരിക്കല്‍ ഓഫീസില്‍ പോയി ‘തൊട്ടുതൊഴാന്‍’ ഞാന്‍ തയ്യാറായില്ല.)
മാനേജ്‌മെന്റിന്റെ ധാര്‍മ്മികതയെക്കുറിച്ചും എന്റെ അവകാശങ്ങളെക്കുറിച്ചും കൃത്യമായ ബോധ്യമുള്ളതിനാലാണ് രണ്ടു വര്‍ഷത്തോളം ആ നിലപാടില്‍ ഉറച്ചുനില്‍ക്കാനും വീട്ടിലിരുന്ന് തന്നെ ജോലി തുടരാനും എനിക്ക് സാധിച്ചത്. എന്നാല്‍ എല്ലാ സ്ഥാപനങ്ങളിലും എല്ലാ ജീവനക്കാര്‍ക്കും ഇതിനുള്ള സാഹചര്യമുണ്ടാകണമെന്നില്ല.

India gives Pakistan Mumbai evidence

മാധ്യമങ്ങള്‍ ആഘോഷിക്കുന്ന മുംബൈയുടെ ഈ ‘അതിജീവനം’ യഥാര്‍ത്ഥത്തില്‍ ഒരു നഗരത്തിന്റെ കരുത്തല്ല. മറിച്ച്, ജീവനും തൊഴിലും നിലനിര്‍ത്താന്‍ കോര്‍പ്പറേറ്റ് അടിച്ചമര്‍ത്തലുകള്‍ക്ക് മുന്നില്‍ സാധാരണക്കാരന്‍ നടത്തുന്ന ജീവന്മരണ പോരാട്ടത്തിന്റെ നേര്‍ച്ചിത്രമാണ്. അത് മഹത്വവല്‍ക്കരിക്കപ്പെടേണ്ട ഒന്നല്ല, മറിച്ച് ചോദ്യം ചെയ്യപ്പെടേണ്ട കടുത്ത ചൂഷണമാണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.

No related posts found.