മഹാനായ പ്രഭു കടന്നുപോകുമ്പോള്‍ ജ്ഞാനിയായ കര്‍ഷകന്‍ ഭൂമിയോളം വളഞ്ഞു വണങ്ങും. നിശ്ശബ്ദമായി അധോവായു വിടും.
-എത്യോപ്യന്‍ പഴഞ്ചൊല്ല്
ജൂലൈ 25-ന് ധര്‍മേന്ദ്ര പ്രധാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവച്ചു. പതിറ്റാണ്ടിലേറെയായി അധികാരത്തിലുള്ള നരേന്ദ്ര മോദി സര്‍ക്കാരില്‍ നിന്ന് ഒരു ജനകീയപ്രസ്ഥാനം പിടിച്ചെടുത്ത ആദ്യത്തെ ഇത്തരമൊരു രാഷ്ട്രീയ ബലിയായിരുന്നു അത്. ഈ സര്‍ക്കാര്‍ നേരിട്ടതും അതിജീവിച്ചതുമായ മറ്റുള്ളവയില്‍ നിന്നു വ്യത്യസ്തമായി ഈ പ്രസ്ഥാനത്തിനു മാത്രം വിജയം ലഭിച്ചതെന്തുകൊണ്ടെന്നു ചോദിക്കേണ്ടതുണ്ട്. അതിനുള്ള ഉത്തരത്തിന്റെ ഒരു ഭാഗം, വിചിത്രമായൊരു മടിയോടെ ഇന്ത്യയിലെ നിരൂപകലോകം തുറന്നുപറയാന്‍ വിസമ്മതിച്ച ഒരു സത്യത്തിലാണ്. പാറ്റകള്‍/കൂറകള്‍ വിജയിച്ചത്തിനു ഭാഗികമായ ഒരു കാരണം അവര്‍ മര്യാദയില്ലാത്തവരായിരുന്നു എന്നതിനാലാണ്.
ഓരോ തലമുറയും സ്വന്തം ഭാഷ സൃഷ്ടിക്കുന്നു. ജെന്‍ സി എന്നു വിളിക്കപ്പെടുന്ന തലമുറയുടെ ഭാഷയാകട്ടെ, തെറിവാക്കുകളുള്ളതും, പരിഹാസം നിറഞ്ഞതും, അങ്ങനെ സംസാരിക്കാന്‍ ആരുടെയും അനുമതി ചോദിക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്തതുമാണ്. ജന്തര്‍ മന്തറിലെ പോസ്റ്ററുകളും, ഇന്‍സ്റ്റഗ്രാം റീലുകളും, വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്കു പുറത്തുയര്‍ത്തിയ പ്ലക്കാര്‍ഡുകളും, ഇന്ത്യയിലെ പഴയ പ്രതിഷേധപാരമ്പര്യത്തിന്റെ ആത്മാര്‍ത്ഥവും ധാര്‍മ്മികഗൗരവം നിറഞ്ഞതുമായ ബാനറുകളെപ്പോലെയായിരുന്നില്ല. അവ നവ മാധ്യമങ്ങളിലെ സംഘം ചേര്‍ന്നുള്ള ‘ചാറ്റു’കളെപ്പോലെയായിരുന്നു. അധിക്ഷേപം നിറഞ്ഞതും, അശ്ലീലവും, അസംബന്ധവും, ഉല്ലാസഭരിതമായി തെറിവിളിക്കുന്നതുമായവ. അത് ആരെയാണോ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചത്, അവരെ തന്നെയാണ് വേദനിപ്പിച്ചത്. ആര്‍.എസ്.എസ്. എന്ന വ്യവസ്ഥയുടെ സ്വയം പ്രഖ്യാപിത സാംസ്‌കാരിക വിശ്വാസികളെയും, നേതാവിനോടുള്ള ഭക്തിയെ ഏതാണ്ട് ഒരു പൗരമതമായി കാണുന്ന ഭക്തന്മാരെയും. ആ വേദന ഈ രൂപകല്‍പനയിലെ ഒരു പിഴവായിരുന്നില്ല. അതായിരുന്നു അതിന്റെ മുഴുവന്‍ ലക്ഷ്യം. ഈ പ്രസ്ഥാനം വിജയിച്ചതിന്റെ കാരണങ്ങളിലൊന്നായി അതിനെ അംഗീകരിക്കപ്പെടുകയും വേണം. കാരണം, വിശുദ്ധമെന്നു കരുതപ്പെടുന്ന അധികാരത്തിനെതിരെ ബോധപൂര്‍വം പ്രയോഗിക്കപ്പെടുന്ന അശ്ലീലതയ്ക്ക്, മാന്യമായ നിരൂപണലോകം സമ്മതിക്കാന്‍ തയ്യാറാകുന്നതിനേക്കാള്‍ വളരെ പഴക്കമുള്ളതും വളരെ വിജയകരവുമായ ഒരു രാഷ്ട്രീയചരിത്രമുണ്ട്.
അപമാനമായി തുടരാന്‍ വിസമ്മതിച്ച ഒരു അപമാനം
ഈ പ്രസ്ഥാനത്തിന്റെ പേര് തന്നെ അതിന്റെ തന്ത്രത്തെ ചെറുരൂപത്തില്‍ രേഖപ്പെടുത്തുന്നു. മേയ് 15-ന്, വ്യാജ നിയമയോഗ്യതകളെക്കുറിച്ചുള്ള ഒരു കേസ് പരിഗണിക്കവെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചില്‍ നിന്ന് നിരീക്ഷിച്ചത്, തൊഴില്‍രഹിതരായ യുവാക്കള്‍ ‘കൂറകള്‍ പോലെയാണ്’ എന്നും, ‘തൊഴില്‍മേഖലയില്‍ ഇടമില്ലാത്തതിനാല്‍’ അവര്‍ സാമൂഹികമാധ്യമങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും തിരിഞ്ഞ് ‘എല്ലാവരെയും ആക്രമിക്കുന്നു’ എന്നുമായിരുന്നു. അത് ഒരു തള്ളിക്കളയലായിരുന്നു. ഇന്ത്യക്കാര്‍ പരാതിയില്ലാതെ ഉള്‍ക്കൊള്ളാന്‍ പഠിച്ചുപോയ ഒരു സ്ഥാപനത്തിന്റെ ആകസ്മികമായ അവജ്ഞ.

ഒരു ദിവസത്തിനുള്ളില്‍ തന്നെ, ബോസ്റ്റണിലെ വിദ്യാര്‍ഥിയായ അഭിജീത് ദിപ്‌കെ, ‘പുറത്തുള്ള എല്ലാ കൂറകള്‍ക്കും’ വേണ്ടിയുള്ള ഒരു വേദി ആരംഭിച്ചു. അതിലേക്കുള്ള യോഗ്യതകള്‍, പകുതി തമാശയായിട്ടെങ്കിലും, ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു: ‘തൊഴില്‍രഹിതന്‍, മടിയന്‍, സ്ഥിരമായി ഓണ്‍ലൈനിലുള്ളവന്‍, പ്രൊഫഷണല്‍ നിലവാരത്തില്‍ രോഷപ്രകടനം നടത്താന്‍ കഴിവുള്ളവന്‍.’ എഴുപത്തിയെട്ട് മണിക്കൂറിനുള്ളില്‍ അതിന് മുപ്പത് ലക്ഷം അനുയായികളായി. അഞ്ച് ദിവസത്തിനുള്ളില്‍ ഒരു കോടി. ഭരണകക്ഷിയുടെ ഔദ്യോഗിക അക്കൗണ്ടുകളേക്കാള്‍ കൂടുതല്‍. ഒരു തലമുറയെ മുഴുവന്‍ നിശ്ശബ്ദതയിലേക്ക് നാണംകെടുത്താന്‍ ഉദ്ദേശിച്ച ഒരു അപമാനം, ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ, ആര്‍ക്കും മായ്‌ച്ചെടുക്കാനാകാത്ത ഒരു തിരിച്ചറിയല്‍ചിഹ്നമായി മാറിയിരുന്നു.
ഇത് പുനര്‍സ്വായത്തമാക്കലെന്ന രാഷ്ട്രീയതന്ത്രത്തിന്റെ ഒരു ക്ലാസിക് ഉദാഹരണമാണ്. അധികാരത്തിലുള്ളവര്‍ സൃഷ്ടിച്ച ഒരു അപമാനപദം ഒരു പ്രസ്ഥാനം സ്വന്തമാക്കുകയും അതിനെ കൂട്ടായ സ്വത്വത്തിന്റെ അടയാളമാക്കി മാറ്റുകയും ചെയ്യുക. ചരിത്രത്തില്‍ ഇത് നമ്മള്‍ കണ്ടിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവകാലത്തെ ‘സാന്‍സ്-കുലോട്ടുകള്‍’, ബ്ലാക്ക് പവര്‍ പ്രസ്ഥാനത്തിലെ ‘ബ്ലാക്ക്’, എല്‍ജിബിടിക്യു രാഷ്ട്രീയത്തിലെ ‘ക്വിയര്‍’, മറ്റൊരു സാഹചര്യത്തില്‍, ദളിത് പ്രസ്ഥാനം ‘ദളിത്’ എന്ന പദത്തെ തന്നെ തിരിച്ചുപിടിച്ചതുമെല്ലാം ഇന്ന് ചരിത്രത്തിന്റെ ഭാഗമാണല്ലോ. ‘എല്ലാ കൂറകളും ഒന്നിച്ചുകൂടിയാല്‍ എന്താകും?’ എന്ന മുദ്രാവാക്യം ശക്തമായിരുന്നത് അത് അശ്ലീലമായിരുന്നതുകൊണ്ടല്ല. അപമാനത്തെ അത് കൂട്ടായ പ്രവര്‍ത്തനശേഷിയാക്കി മാറ്റിയതുകൊണ്ടാണ്. അതിനെ ചുറ്റിപ്പറ്റിയിരുന്ന അവിനീതവും അനാദരവുമായ ഭാഷയും അതേ രാഷ്ട്രീയ തലകീഴ്മറിച്ചിലിന്റെ ഭാഗമായിരുന്നു. യഥാര്‍ഥത്തില്‍, അശ്ലീലഭാഷയെ അതിന്റെ പേരില്‍ മാത്രം പ്രതിരോധിക്കുന്നതിനേക്കാള്‍ ശക്തമായ വാദമാണിത്. പരുക്കന്‍ രീതികളും തന്ത്രങ്ങളും പലപ്പോഴും ഒരേ കാര്യമാകുന്നതെന്തു കൊണ്ടാണെന്ന് ഇത് കാണിച്ചുതരുന്നു.
അതിനു ശേഷം നടന്നതെല്ലാം അതേ സഹജവാസനയുടെ വിപുലീകരണമായിരുന്നു. ‘ചോര്‍ച്ചകള്‍ അടയ്ക്കാന്‍’ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് അയച്ച ഡയപ്പറുകള്‍, ഒരു പത്രത്തിനും പൂര്‍ണമായി അച്ചടിക്കാനാകാത്ത പ്ലക്കാര്‍ഡുകള്‍, യാതൊരു ജാള്യതയുമില്ലാതെ തന്നെ, ‘മടിയന്മാരുടെയും തൊഴില്‍രഹിതരുടെയും ശബ്ദം’ എന്ന് സ്വയം പ്രഖ്യാപിച്ച ഒരു മുദ്രാവാക്യം എന്നിങ്ങനെ എല്ലാം. പഴയ തലമുറയിലെ നിരൂപകരും, നല്ല ഉദ്ദേശ്യമുള്ള ഒട്ടേറെ ലിബറലുകളും, ഇതെല്ലാം കണ്ട് നേടി ചുളിച്ചു, സ്വയം ചുരുണ്ടു മടങ്ങി. ഇതിനെ ബാലിശമെന്ന് വിളിച്ചു. അത് പരുക്കനാണെന്ന അവരുടെ വാക്കുകള്‍ തെറ്റല്ല. എന്നാല്‍ ഈ പരുഷ രീതികളും രാഷ്ട്രീയഗൗരവവും ഒരുമിച്ച് നിലനില്‍ക്കില്ലെന്ന് കരുതിയതിലാണ് അവര്‍ക്കു തെറ്റിയത്.

പ്രത്യക്ഷത്തിലില്ലാത്ത പാഠം പൊതുചത്വരത്തിലേക്ക് കടക്കുന്നു
ഓരോ ആധിപത്യക്രമവും അവര്‍ക്ക് സ്വീകാര്യമായ രാഷ്ട്രീയാഭിപ്രായങ്ങള്‍ മാത്രമല്ല, സ്വീകാര്യമായ രാഷ്ട്രീയഭാഷയും സ്ഥാപിക്കുന്നു. സഭ്യതയും, മാന്യതയും, മര്യാദയും അധികാരതിനോടുള്ള വിയോജിപ്പിനെ നിയന്ത്രിക്കുന്ന അച്ചടക്കത്തിന്റെ ഭാഗമാകുന്നു. പ്രതിഷേധക്കാര്‍ അനീതിക്കെതിരെ പ്രതിഷേധിക്കുമ്പോഴും മര്യാദ പാലിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ചരിത്രം സൂചിപ്പിക്കുന്നത്, പൊട്ടിത്തെറികള്‍ സാധാരണയായി ആരംഭിക്കുന്നത് ഈ ഭാഷാപരമായ മര്യാദലംഘനത്തിലൂടെയാണെന്നാണ്. കലാപത്തിന്റെ ഭാഷ അപൂര്‍വമായേ പാര്‍ലമെന്ററി ഭാഷയായിരിക്കൂ. അത് അളന്നുമുറിച്ചുള്ളതിനെക്കാള്‍ വൈകാരികമാണ്. വിധേയത്വത്തേക്കാള്‍ പരിഹാസപൂര്‍ണമാണ്. പലപ്പോഴും മനഃപൂര്‍വം അതിരുകള്‍ ലംഘിക്കുന്നതുമാണ്. അധികാരസ്ഥാപനത്തിന് അശ്ലീലമായി തോന്നുന്നത്, പലപ്പോഴും ദീര്‍ഘകാലത്തില്‍ ഒന്നുകൂടിയ അപമാനത്തിന്റെയും രോഷത്തിന്റെയും ആദ്യത്തെ പരസ്യപ്രകടനമായിരിക്കും.

ആധിപത്യത്തെയും പ്രതിരോധത്തെയും കുറിച്ചുള്ള തന്റെ പഠനത്തില്‍ രാഷ്ട്രീയസൈദ്ധാന്തികനായ ജെയിംസ് സി. സ്‌കോട്ട് [James C. Scott, Domination and the Arts of Resistance: Hidden Transcripts, Yale University Press, New Haven and London, 1990] ഇവിടെ സംഭവിച്ചതിനെ കൃത്യമായി പിടിച്ചെടുക്കുന്ന ഒരു വ്യാഖ്യാനമവതരിപ്പിച്ചിട്ടുണ്ട്. അധികാരത്തിനു മുന്നില്‍ കീഴാളവിഭാഗങ്ങള്‍ അവതരിപ്പിക്കുന്ന വിധേയത്വത്തിന്റെ ‘പരസ്യപാഠം’ എന്നൊന്നുണ്ട്. അതില്‍ നിന്ന് വേറിട്ടതാണ് ‘പ്രത്യക്ഷത്തിലില്ലാത്ത പാഠം’. അതിലുള്ളത് പരിഹാസവും, തമാശകളും, അവജ്ഞയുമാണ്. സാധാരണ അവര്‍ സ്വകാര്യമായി മാത്രം സൂക്ഷിക്കുന്നവ. സ്‌കോട്ടിന്റെ വിവരണത്തില്‍, കലാപം എന്നത് ആ പ്രത്യക്ഷത്തിലില്ലാത്ത പാഠം പൊതുചത്വരത്തിലേക്ക് നടന്നുകയറുന്ന നിമിഷമാണ്. മാന്യതയില്‍ വിശ്വസിച്ച സമൂഹത്തെ കോക്രോച്ച് പ്രസ്ഥാനം യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് അതിന്റെ ഭാഷാ അശ്ലീലതയാലല്ല, എല്ലായ്‌പ്പോഴും ഉണ്ടായിരുന്ന വികാരങ്ങള്‍ പെട്ടെന്ന്, യാതൊരു അനുമതിയുമില്ലാതെ, പരസ്യമായി പ്രഖ്യാപിക്കപ്പെട്ടത്തിലൂടെയായിരുന്നു. ഭരണകൂടങ്ങള്‍ കേള്‍ക്കാത്തിടത്തും ടെലിവിഷന്‍ അവതാരകര്‍ കേള്‍ക്കാത്തിടത്തും മാത്രമേ ഇതുവരെ അവ നിലനിന്നിരുന്നുളളു.

സാംസ്‌കാരിക സൈദ്ധാന്തികനായ മിഖായേല്‍ ബക്തിന്‍ [Bakhtin, Mikhail. Rabelais and His World. Helene Iswolsky പരിഭാഷ. ബ്ലൂമിങ്ടണ്‍: ഇന്‍ഡിയാന യൂണിവേഴ്‌സിറ്റി പ്രസ്സ്, 1984 (ആദ്യ റഷ്യന്‍ പതിപ്പ്, 1965)] ഈ പരസ്യവല്‍ക്കരണം എന്തുകൊണ്ടാണ് ഇത്ര അസ്ഥിരത സൃഷ്ടിക്കുന്നതെന്ന് വിശദീകരിക്കുന്ന മറ്റൊരു ആശയം മുന്നോട്ടുവച്ചിട്ടുണ്ട്. ആധുനികതയുടെ ആദ്യഘട്ട യൂറോപ്പിലെ കാര്‍ണിവല്‍ പാരമ്പര്യങ്ങളെക്കുറിച്ച് എഴുതുമ്പോള്‍ അദ്ദേഹം ‘കാര്‍ണിവലീയത’യെ വിവരിച്ചു. വിരൂപവും, ശരീരപരവും, വിസര്‍ജ്യവുമായി ബന്ധപ്പെട്ടതുമായ ഘടകങ്ങള്‍ ഔദ്യോഗിക ശ്രേണിവ്യവസ്ഥയെ തലകീഴാക്കാനായി മനഃപൂര്‍വം ഉപയോഗിക്കപ്പെടുന്ന നിമിഷങ്ങള്‍. രാജാക്കന്മാര്‍ പരിഹാസത്തോടെ കിരീടമണിയപ്പെടുന്ന നിമിഷങ്ങള്‍. വിശുദ്ധമായി കരുതപ്പെടുന്ന കാര്യങ്ങള്‍ ശരീരത്തിന്റെയും അതിന്റെ അപമാനങ്ങളുടെയും തലത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന നിമിഷങ്ങള്‍. ചിരി നിലനില്‍ക്കുന്നിടത്തോളം കാലം ലോകത്തിന്റെ യഥാര്‍ത്ഥ ഭരണാധികാരികള്‍, പ്രതീകാത്മകമായെങ്കിലും, ചെറുതാക്കപ്പെടുന്നു. ബക്തിന്റെ വാദം, ഈ ചിരി ഒരിക്കലും വെറും വിനോദമല്ല എന്നതാണ്. അത് യാഥാര്‍ത്ഥ്യമായ ഒരു ഇടവേളയാണ്. താല്‍ക്കാലികമാണെങ്കിലും. തനിക്കു കീഴിലുള്ളവരുടെ മനസ്സിന്മേല്‍ ശ്രേണിവ്യവസ്ഥ ചെലുത്തുന്ന മാനസിക ആധിപത്യത്തിന്റെ ഒരു യഥാര്‍ത്ഥ താല്‍ക്കാലിക സ്തംഭനം. തന്നെ പരിപൂര്‍ണ ഗൗരവത്തോടെ മാത്രം കാണണമെന്ന് ആവശ്യപ്പെടുന്ന ഭരണകൂടങ്ങളോട് അതേ ഭാഷയില്‍ തിരിച്ചുപറഞ്ഞ് അതിനെ മാന്യത നല്‍കാനാവാത്ത ഒരു ഭാഷയില്‍ പരിഹസിക്കപ്പെടുമ്പോള്‍, ചരിത്രത്തില്‍ ഒരിക്കലും ദീര്‍ഘകാലം നിലനില്‍ക്കുന്ന ഒരു മറുപടി ഉണ്ടായിട്ടില്ല.

ഒരു രാജാവിനോട് ലിബെലുകള്‍ ചെയ്തത്
ബാസ്റ്റീലിന്റെ ഒരു കല്ലുപോലും വീഴുന്നതിനും ഒരു പതിറ്റാണ്ടിലേറെ മുമ്പ്, 1770-കളോടെ, ഫ്രഞ്ച് രാജവാഴ്ചയ്ക്ക് എളുപ്പത്തില്‍ തിരിച്ചുപിടിക്കാനാകാത്ത വിധം അതിന്റെ പ്രഭാവലയം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. അതിന്റെ സൈന്യങ്ങളോ ഖജനാവോ സിംഹാസനം തന്നെയുമോ അല്ല, സാധാരണ രാഷ്ട്രീയത്തിന് സ്പര്‍ശിക്കാനാവാത്ത അധികാരം അവകാശപ്പെടാന്‍ ഫ്രഞ്ച് രാജാക്കന്മാരെ പ്രാപ്തരാക്കിയ അര്‍ദ്ധവിശുദ്ധമായ ആ നിഗൂഢപ്രഭ. ചരിത്രകാരന്മാര്‍ വാദിക്കുന്നത്, ആ പ്രഭാവലയം ക്ഷയിപ്പിച്ചത് പ്രധാനമായും പ്രബോധനകാല ചിന്തകരുടെ യുക്തിസഹമായ, ഭരണഘടനാപരമായ, വാദങ്ങളായിരുന്നില്ല എന്നാണ്. അവ വിദ്യാഭ്യാസമുള്ള വരേണ്യവര്‍ഗത്തിനിടയില്‍ പ്രചരിച്ചിരുന്നുവെങ്കിലും അവയായിരുന്നില്ല മുഖ്യ കാരണം എന്ന്. അതിനെ ക്ഷയിപ്പിച്ചത് അതിലും പരുക്കനും അതിലും വ്യാപകമായി വായിക്കപ്പെട്ടതുമായ മറ്റൊന്നായിരുന്നു. ലിബെലുകള്‍. നിയമവിരുദ്ധവും, അശ്ലീലവും, അപവാദം നിറഞ്ഞതുമായ ചെറുപുസ്തകങ്ങള്‍. വിദേശത്ത് അച്ചടിച്ചതോ രഹസ്യമായി കടത്തിക്കൊണ്ടുവന്നതോ ആയവ. രഹസ്യമായോ അല്ലാതേയോ കൈമാറി വായിക്കപ്പെട്ടവ. അവയുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യം രാജ്ഞിയായിരുന്നു.
അത്തരം കൊച്ചു പുസ്തകങ്ങള്‍ ഒന്നൊന്നായി മാരി ആന്ത്വനെറ്റിനെ സങ്കല്‍പ്പിക്കാനാകുന്ന എല്ലാ തരം അധഃപതനങ്ങള്‍ക്കും കുറ്റപ്പെടുത്തി. രാജാവിനെ തന്നെ ലൈംഗികശേഷിയില്ലാത്തവനായും പരിഹാസ്യനായും ചിത്രീകരിച്ചു. തനിക്ക് താങ്ങാനാവാത്തയത്ര ഭാരമുള്ള ഒരു കിരീടം ധരിച്ച ദുര്‍ബലനായ മനുഷ്യനായി. ഇതൊന്നും അളന്നുമുറിച്ചുള്ള വാദമായിരുന്നില്ല. അതില്‍ പലതും സത്യമല്ലായിരുന്നു. എന്നാല്‍ ‘പഴയ ഭരണക്രമത്തിന്റെ സാഹിത്യഭൂഗര്‍ഭലോകം’ സംബന്ധിച്ച തന്റെ പഠനങ്ങളില്‍ ചരിത്രകാരനായ റോബര്‍ട്ട് ഡാര്‍ന്റണ്‍ [Darnton, Robert. The Literary Underground of the Old Regime. Cambridge, MA: Harvard University Press, 1982.] കാണിച്ചുതരുന്നതുപോലെ, പ്രബോധനചിന്തകരുടെ ഗ്രന്ഥങ്ങള്‍ക്ക് ഒരിക്കലും ഒറ്റയ്ക്ക് സാധിക്കാത്ത ഒരു കാര്യം ലിബെലുകള്‍ ചെയ്തു. അഴുക്കുനിറഞ്ഞ ഭാഷയില്‍ പറയാവുന്ന ഒന്നാക്കി മാറ്റി രാജവാഴ്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍. ഒരു രാജാവിനെയും രാജ്ഞിയെയും സാധാരണ വായനക്കാര്‍ക്ക് ചിരിയുടെ വിഷയമാക്കാനും അശ്ലീലവിശദാംശങ്ങളോടെ സങ്കല്‍പ്പിക്കാനും കഴിഞ്ഞ നിമിഷം തന്നെ, സമ്പൂര്‍ണ രാജാധികാരം യഥാര്‍ഥത്തില്‍ ആശ്രയിച്ചിരുന്ന ഏക കാര്യം അവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. അത്തരം സംസാരങ്ങള്‍ക്കവര്‍ അതീതരാണ് എന്ന മുന്‍ ധാരണ തകരുകയായിരുന്നു.
ഡാര്‍ന്റണും, പിന്നീട് വിപ്ലവകാലത്തെ ലൈംഗികസാഹിത്യത്തെക്കുറിച്ചുള്ള തന്റെ പഠനത്തില്‍ ലിന്‍ ഹണ്ടും [Hunt, Lynn. Politics, Culture, and Class in the French Revolution. Berkeley: University of California Press, 1984.] ഇതിനെ രാജവാഴ്ചയുടെ വിശുദ്ധവല്‍ക്കരണം അഴിച്ചുമാറ്റുന്ന ഒരു പ്രക്രിയയായി വിവരിക്കുന്നു. 1789-ന് വളരെ മുമ്പുതന്നെ അത് മിക്കവാറും പൂര്‍ത്തിയായിരുന്നുവെന്നും അവര്‍ പറയുന്നു. എസ്റ്റേറ്റ്‌സ്-ജനറല്‍ സമ്മേളിച്ചപ്പോഴേക്കും, ലൂയി പതിനാറാമന്‍ ധരിച്ചിരുന്ന കിരീടത്തില്‍ നിന്ന്, ഒരുകാലത്ത് അതിനെ സംരക്ഷിക്കാന്‍ മരണമേറ്റുവാങ്ങുന്നതുപോലും മൂല്യമുള്ളതാക്കി തീര്‍ത്തിരുന്ന ആ നിഗൂഢപ്രഭ, നിശ്ശബ്ദമായി ഒഴിഞ്ഞുപോയിരുന്നു.
വിപ്ലവം ആരംഭിച്ചശേഷവും ഈ ആയുധം ഉപേക്ഷിക്കപ്പെട്ടില്ല. അതിനെ കൂടുതല്‍ സംഘടിതവും പ്രൊഫഷണല്‍ സ്വഭാവമുള്ളതുമാക്കി. വിപ്ലവകാലത്തെ ഏറ്റവും സ്വാധീനശേഷിയുള്ള പ്രസിദ്ധീകരണങ്ങളിലൊന്നായി ജാക്ക് എബേറിന്റെ പത്രമായ ലെ പെര്‍ ദുഷേന്‍ മാറിയത്, മാന്യമായ ലഘുലേഖാരചനയുടെ എല്ലാ മര്യാദകളെയും അത് നിരസിച്ചതുകൊണ്ടാണ്. അതിന്റെ ആഖ്യാതാവ്, അടുപ്പ് നിര്‍മ്മിക്കുന്ന ഒരു സാങ്കല്‍പിക തൊഴിലാളി, പാരീസിലെ തെരുവുഭാഷയില്‍ നിരന്തരം തെറിവിളിച്ചു. ബോധ്യപ്പെടുത്തേണ്ട പൗരന്മാരായല്ല, ഇതിനകം തന്നെ തമാശയുടെ ഉള്‍വശത്തുള്ള സഹയാത്രികരായാണ് അദ്ദേഹം വായനക്കാരെ അഭിസംബോധന ചെയ്തത്. അത് ബോധപൂര്‍വ്വമായിരുന്നു. പരുക്കനായിരുന്നു. കാരണം, പഴയ വ്യവസ്ഥയ്ക്ക് സ്വന്തം മാന്യത നഷ്ടപ്പെടുത്താതെ മറുപടി പറയാന്‍ കഴിയാത്ത ഒരു ശബ്ദത്തില്‍ സംസാരിക്കുക എന്നതായിരുന്നു അതിന്റെ രാഷ്ട്രീയധര്‍മ്മം.
വിപ്ലവത്തിന്റെ ജനകീയ അടിത്തറയെ നിര്‍വചിച്ച തിരിച്ചറിയലായ സാന്‍സ്-കുലോട്ടുകള്‍, അക്ഷരാര്‍ത്ഥത്തില്‍, ‘മുട്ടുവരെയുള്ള ബ്രീച്ചസ് ധരിക്കാത്തവര്‍’, ആദ്യമായി ജനിച്ചത്, അദ്ധ്വാനിക്കുന്ന ദരിദ്രര്‍ ധരിച്ചിരുന്ന പരുക്കന്‍ കാലുറകളെ പരിഹസിച്ച ഒരു പ്രഭുവര്‍ഗീയ അവഹേളനമായിട്ടായിരുന്നു. തൊഴിലില്ലാത്ത യുവാക്കളെ സൂര്യകാന്ത് ‘കൂറകള്‍’ എന്ന് പരിഹസിച്ചതുപോലെ തന്നെ. രണ്ടര നൂറ്റാണ്ടുകള്‍ക്കുശേഷം കോക്രോച്ചുകള്‍ ചെയ്ത അതേ കാര്യമാണ് പാരീസിലെ ജനക്കൂട്ടങ്ങളും ചെയ്തത്. അവര്‍ ആ അപമാനപദം എടുത്തു. അതിനെ സ്വന്തം പേരായി ധരിച്ചു. പിന്നെ അത് സൃഷ്ടിച്ചവര്‍ക്കു നേരെ തന്നെ ആ പരിഹാസം തിരിച്ചെറിഞ്ഞു.
ഇത്രയും പറഞ്ഞത് അശ്ലീല ലഘുലേഖകളാണ് ഫ്രഞ്ച് വിപ്ലവത്തിന് കാരണമായതെന്ന് അവകാശപ്പെടാനല്ല. അതുപോലെ തന്നെ, ഡയപ്പറുകള്‍ തപാലില്‍ അയച്ചത് മാത്രമാണ് ഒരു ഇന്ത്യന്‍ വിദ്യാഭ്യാസമന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കിയതെന്ന അവകാശവാദവുമില്ല. അപ്പത്തിന്റെ വിലക്കയറ്റവും, യുദ്ധക്കടവും, പ്രവര്‍ത്തനശേഷി നഷ്ടപ്പെട്ട ഒരു രാഷ്ട്രീയസംവിധാനവും ആയിരുന്നു, രണ്ടു സാഹചര്യങ്ങളിലും, കൂടുതല്‍ ഭാരമുള്ള ഘടനാപരമായ പ്രവര്‍ത്തനം നിര്‍വഹിച്ചത്. എന്നാല്‍ ലിബെലുകള്‍ വ്യക്തമാക്കുന്നത്, പരുക്കന്‍ ഭാഷയും രാഷ്ട്രീയവും എന്തുകൊണ്ടാണ് ഇത്രയധികം സന്ദര്‍ഭങ്ങളില്‍ ഒരേ ആയുധമായി മാറുന്നതെന്നതാണ്. ഉറച്ചുവേരൂന്നിയ അധികാരത്തെ ആശ്രയിച്ചിരിക്കുന്ന ആദരവിന്റെ ആവരണത്തെ അവ അഴിച്ചുമാറ്റുന്നു.
സ്വന്തം നാട്ടിനോട് കൂടുതല്‍ അടുത്ത ഒരു പാരമ്പര്യം
ഇന്ത്യയ്ക്കും ഈ ചരിത്രത്തിന്റെ സ്വന്തം രൂപമുണ്ട്. അത് 1970-കളുടെ തുടക്കത്തിലേതാണ്. നാംദേവ് ധസലിന്റെ കവിതകള്‍ അവയിലെ അശ്ലീലഭാഷയും പരുക്കന്‍ സ്വഭാവവുംകൊണ്ട് സാഹിത്യലോകത്തെ ഞെട്ടിച്ചു. എന്നാല്‍ ‘ഗോല്‍പീഠ’ മദ്ധ്യ വര്‍ഗ്ഗത്തിന്റെ ശുദ്ധീകരിക്കപ്പെട്ട മറാഠിയില്‍ ഒരിക്കലും എഴുതാനാകുമായിരുന്നില്ല. അതിന്റെ ഭാഷ, അത് പ്രതിനിധാനം ചെയ്തിരുന്ന ക്രൂരമായ സാമൂഹിക യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വേര്‍പെടുത്താനാവാത്തതായിരുന്നു. ബ്ലാക്ക് പ്രതിഷേധസാഹിത്യം, പങ്ക് സംഗീതം, റാപ്പ്, ഫെമിനിസ്റ്റ് മുദ്രാവാക്യങ്ങള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ എണ്ണമറ്റ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ ഇതുതന്നെ പറയാം. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഭാഷ, അവര്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്തുന്നവരുടെ മാനദണ്ഡങ്ങളോട് അപൂര്‍വമായേ യോജിച്ചിട്ടുള്ളൂ.
ഇത് അധിക്ഷേപഭാഷയുടെ ഒരു പ്രണയഗീതമല്ല. താഴേക്കുള്ള അധിക്ഷേപവും മുകളിലേക്കുള്ള അശ്ലീലഭാഷയും തമ്മില്‍ നിര്‍ണായകമായ ഒരു വ്യത്യാസമുണ്ട്. സ്ത്രീകള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും, അല്ലെങ്കില്‍ മറ്റ് ദുര്‍ബലവിഭാഗങ്ങള്‍ക്കും നേരെ താഴേക്കു പ്രയോഗിക്കപ്പെടുന്ന അധിക്ഷേപം, ആധിപത്യത്തിന്റെ ഘടനകളെ പുനരുത്പാദിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ ഉറച്ചുവേരൂന്നിയ അധികാരസ്ഥാപനങ്ങള്‍ക്കു നേരെ മുകളിലേക്കു പ്രയോഗിക്കപ്പെടുന്ന അശ്ലീലഭാഷ അങ്ങനെയല്ല. കോക്രോച്ചുകളുടെ ഭാഷാപ്രയോഗം, അതിന്റെ ലിബറല്‍ വിമര്‍ശകര്‍ എന്തു കരുതിയി എന്ന വ്യത്യാസമില്ലാതെ, വ്യക്തമായി ലക്ഷ്യമിട്ടിരുന്നത് രണ്ടാമത്തേതിനെയായിരുന്നു. ഒരു ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനെ. ഒരു മന്ത്രിയുടെ ഓഫീസിനെ. ഒരു രാഷ്ട്രീയകക്ഷിയുടെ യന്ത്രസംഹിതയേയും ഒരു വ്യവസ്ഥയുടെ ശിക്ഷാഭയമില്ലായ്മയെയും. മുകളിലേക്കു തിരിയുമ്പോള്‍, അതിരുകള്‍ ലംഘിക്കുന്ന ഭാഷ പ്രതീകാത്മകമായ അനുസരണക്കേടിന്റെ ഒരു പ്രവൃത്തിയായി മാറുന്നു. അധികാശക്തിയുടെ വലിയൊരു ഭാഗം ആശ്രയിച്ചിരിക്കുന്ന ആദരവിനെ അതഴിച്ചുമാറ്റുന്നു. ഈ രീതിയില്‍ നോക്കുമ്പോള്‍, ഈ പ്രക്ഷോഭത്തിലെ ജെന്‍ സി ഭാഷ യുവത്വത്തിന്റെ അനാദരവില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. തൊഴിലില്ലായ്മയോടും പരീക്ഷാത്തട്ടിപ്പുകളോടും ഒരു തലമുറയില്‍ അടിഞ്ഞുകൂടിയ നിരാശയുടെ പ്രകടനമായിരുന്നു അത്. ആവശ്യങ്ങള്‍ മാത്രമല്ല, വികാരങ്ങളും അതിലൂടെ ആശയവിനിമയം ചെയ്യപ്പെട്ടു. മാന്യമായ ഭാഷയ്ക്ക് അപൂര്‍വമായി മാത്രം സാധിക്കാറുള്ള വിധത്തില്‍, പ്രസ്ഥാനവും അതിന്റെ സാമൂഹിക അടിത്തറയും തമ്മിലുള്ള അകലം അതു കുറയ്ക്കുകയും ചെയ്തു.
പ്രധാനിന്റെ രാജിയേക്കാള്‍, മോദിയുടെ പ്രതിച്ഛായയ്ക്ക് ഇത് എന്തുകൊണ്ട് പ്രധാനമാണ്
ദുര്‍ബലമായ പക്ഷം ശക്തമായ പക്ഷത്തെ എങ്ങനെ തോല്‍പ്പിക്കുന്നു എന്നതിന് ഒരു പഴയ, ഏതാണ്ട് സൈനികമായ, ഒരു യുക്തിയുണ്ട്. എതിരാളിയുടെ സങ്കല്‍പ്പശേഷിയെ വെല്ലുവിളിച്ചുകൊണ്ടാണത് വിജയം നേടുക. അവര്‍ക്ക് മറുപടി പറയാന്‍ പരിശീലനമില്ലാത്ത ഒരു ഭാഷാപ്രദേശത്ത് പോരാടിക്കൊണ്ടാണ് അത് സാധ്യമാകുന്നത്. ഈ സര്‍ക്കാര്‍ ആധിപത്യം കെട്ടിപ്പടുത്തത് നയങ്ങളുടെ നേട്ടങ്ങളെക്കാള്‍ അധികം സൂക്ഷ്മമായി നിര്‍മ്മിച്ചെടുത്ത ഒരു പ്രതിച്ഛായയുടെ മേലാണ്. അച്ചടക്കമുള്ളത്. അന്തസ്സുള്ളത്. ഏതാണ്ട് ഒരു പുരോഹിതസമാനമായത്. വിമര്‍ശനത്തിനും, തീര്‍ച്ചയായും പരിഹാസത്തിനും അതീതനായി നില്‍ക്കുന്ന ഒരു നേതാവ്. ഒരു പതിറ്റാണ്ടോളം സൗഹൃദപരമായ ടെലിവിഷന്‍ അവതാരകരാലും, വേദിയൊരുക്കിയ റാലികളാലും, ഈ വര്‍ഷംവരെ സ്വന്തം രംഗത്ത് യഥാര്‍ത്ഥമായ ഒരു എതിരാളിയെയും നേരിടേണ്ടിവന്നിട്ടില്ലാത്ത ഒരു സാമൂഹികമാധ്യമ യന്ത്രത്താലും നിലനിര്‍ത്തപ്പെട്ട പ്രതിച്ഛായ. 1770-കളില്‍ ലൂയി പതിനാറാമന്റെ ചുറ്റും, എത്ര ജീര്‍ണിച്ചിരുന്നാലും, നിലനിന്നിരുന്ന വിശുദ്ധപ്രഭയുടെ ആധുനികവും മതേതരവുമായ സമാനതയാണ് ഈ പ്രതിച്ഛായ. അക്ഷരാര്‍ത്ഥത്തിലുള്ള ദൈവികതയല്ല അത്. സ്പര്‍ശിക്കാനാവാത്തവനാണെന്നു കരുതിപ്പോരുന്ന, ശ്രദ്ധാപൂര്‍വം വളര്‍ത്തിയെടുത്ത ഒരു മുന്‍ധാരണ.
മുദ്രാവാക്യങ്ങള്‍ക്കും, നിവേദനങ്ങള്‍ക്കും, പത്രാഭിപ്രായലേഖനങ്ങള്‍ക്കും ഈ ഭരണകൂടത്തിനൊരു തിരക്കഥയുണ്ടായിരുന്നു. ഇന്ത്യന്‍ വിയോജിപ്പിന്റെ പതിവ് വ്യാകരണം പത്ത് വര്‍ഷത്തെ ഭരണത്തിനിടയില്‍ ഉച്ചത്തിലാര്‍ത്ത് കുഴിച്ചുമൂടാനും, പണത്തിന്റെ ബലത്തില്‍ മറികടക്കാനും, അല്ലെങ്കില്‍ സമയം കഴിയുംവരെ കാത്തിരുന്ന് നിര്‍വീര്യമാക്കാനും അത് പഠിച്ചിരുന്നു. എന്നാല്‍ പരിഹാസത്തിന്റെ വിഷയമാകുന്നതിന് അതിന്റെ കൈവശം ഒരു തിരക്കഥയും ഉണ്ടായിരുന്നില്ല. അശ്ലീലഭാഷയും പരിഹാസവും അന്തസ്സിനോട് ഒരു കൂടിക്കാഴ്ച അഭ്യര്‍ത്ഥിക്കുന്നില്ല. അതിന് അന്തസ് നല്‍കാന്‍ തന്നെ അവ വിസമ്മതിക്കുന്നു. പൂര്‍ണഗൗരവത്തോടെ തന്നെ കാണപ്പെടുന്നതിലാണ് സര്‍ക്കാരിന്റെ അധികാരം അധിഷ്ഠിതമായിരിക്കുന്നത്. എന്നാല്‍ അതിനെ പരിഹാസ്യമായി മാറ്റുന്നതിനെതിരെ അതിനു യാതൊരു പ്രതിരോധവുമില്ല. കനത്ത ചെലവില്‍ പണിതുയര്‍ത്തിയ ഒരു പ്രതിച്ഛായയ്ക്ക് ഒരു മാസം മുഴുവന്‍ സംഭവിച്ചത് അതുതന്നെയായിരുന്നു. ഒരു എതിരാളി രാഷ്ട്രീയനേതാവിന്റെ പ്രസംഗം കൊണ്ടല്ല അതില്‍ വിള്ളല്‍ വീണത്. രണ്ടര നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഒരു ഫ്രഞ്ച് രാജസിംഹാസനത്തിന്റെ നിഗൂഢപ്രഭയെ ശൂന്യമാക്കാന്‍ സഹായിച്ച അതേ അടിസ്ഥാനയുക്തി ഉപയോഗിച്ചുകൊണ്ട് ഒരു മീം അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന കൗമാരക്കാരാണ് അത് കുത്തിത്തുറന്നത്.
അതുകൊണ്ടാണ് രാജിയേക്കാള്‍, അതിനെ സാധ്യമാക്കിയ കാര്യം പ്രധാനമാകുന്നത്. ഒരു പതിറ്റാണ്ടിലേറെയായി, ഈ ഭരണക്രമത്തെ ഇളക്കിമാറ്റാനാവില്ല എന്ന നിശ്ശബ്ദമായ ഒരു ധാരണയുടെ കീഴിലായിരുന്നു ഇന്ത്യക്കാര്‍. പാര്‍ലമെന്റ് കഠിനമായ ചോദ്യങ്ങള്‍ ചോദിക്കില്ല. കോടതികള്‍ വേഗത്തില്‍ ഇടപെടില്ല. പ്രതിഷേധങ്ങള്‍ ഒരു മാറ്റവും വരുത്തില്ല. അധികാരത്തോടുള്ള ഏക യുക്തിസഹമായ നിലപാട്, ക്ഷമ എന്ന പേരില്‍ അലങ്കരിച്ച കീഴടങ്ങലാണ്. ഒരു ‘ഗൗരവമുള്ള’ പ്രസ്ഥാനത്തിന് ചേരാത്തതാണെന്ന് എല്ലാവരും പറഞ്ഞ അതേ ആയുധം ഉപയോഗിച്ചാണ് കോക്രോച്ചുകള്‍ ആ മന്ത്രവാദം തകര്‍ത്തത്. പടുത്തുയര്‍ത്തിയ പ്രത്യാശകള്‍ക്ക് ഒരിക്കല്‍ ദ്വാരങ്ങല്‍ വീണാല്‍ പിന്നെ അതിനെ തിരിച്ചുപിടിക്കുക എന്നത് ചെറിയൊരു കാര്യമല്ല, എളുപ്പം ചെയ്യാവുന്നതല്ല. അതിനുശേഷം വരുന്ന എല്ലാറ്റിന്റെയും മുന്‍വ്യവസ്ഥയാകുമാത്. ഒരു തരം മാര്‍ഗ്ഗദര്‍ശനം. വളരെ വ്യത്യസ്തമായ മറ്റൊരു നൂറ്റാണ്ടില്‍, ഒരു രാജാവിനെ പരിഹസിക്കാനും പ്രതിരോധിക്കാനും കഴിയുമെന്ന് തിരിച്ചറിഞ്ഞ ജനക്കൂട്ടങ്ങള്‍ക്ക് അത് എങ്ങനെയായിരുന്നോ, അതുപോലെ.

പഴയ സഹജപ്രതികരണം വീണ്ടും തലപൊക്കുന്നു
ഇതിനുശേഷം മറ്റെന്തെങ്കിലും സംഭവിക്കേണ്ടിവരും. കാരണം, തങ്ങള്‍ ഉണ്ടാക്കിയ ധാരണയെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ എന്താണ് ഈ സര്‍ക്കാര്‍ കരുതുന്നതെന്ന് കാണിക്കാന്‍ അത് ഒട്ടും സമയം പാഴാക്കിയിട്ടില്ല. കോക്രോച്ച് ജനത പാര്‍ട്ടി പ്രതിഷേധം അവസാനിപ്പിച്ചത് ‘വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍’ ആയിരുന്നു. യാതൊരു ശിക്ഷാനടപടിയും ഉണ്ടാകില്ല എന്ന ധാരണയിലായിരുന്നു അത്. ചര്‍ച്ചകള്‍ നടത്തിയ മന്ത്രിമാര്‍ പൊതുവേദിയില്‍ തന്നെ അത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ, സി.ജെ.പി. വക്താവായ ആശുതോഷ് രങ്ക, കേന്ദ്രമന്ത്രിമാരായ ജെ. പി. നദ്ദയ്ക്കും ജിതേന്ദ്ര സിങ്ങിനും അയച്ച, അദ്ദേഹം പരസ്യമാക്കിയ, ഒരു സന്ദേശത്തില്‍ ‘ബിഹാറിലും ബംഗാളിലും നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരിക്കുന്നു’ എന്ന് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ നൂറുകണക്കിന് പേരെ ‘നിരീക്ഷിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു’ എന്നും. സഹായിച്ചിരുന്ന സന്നദ്ധപ്രവര്‍ത്തകരെ പോലും നിശ്ശബ്ദമായി കസ്റ്റഡിയിലെടുക്കുകയാണെന്നും. പ്രസ്ഥാനത്തിന്റെ സ്വന്തം കണക്കുപ്രകാരം, പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിന്റെ നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ തന്നെ നൂറിലധികം വിദ്യാര്‍ഥികളെ തടങ്കലിലാക്കിയിരുന്നു. അതേസമയം, ഡല്‍ഹി പൊലീസ് ഏതാണ്ട് മൂവായിരം ‘പതിവ് കുറ്റവാളികള്‍’ ഈ പ്രതിഷേധങ്ങളില്‍ നുഴഞ്ഞുകയറിയിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരു റിപ്പോര്‍ട്ട് പ്രചരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ക്യാമറകള്‍ ഒന്നു മറ്റിടങ്ങളിലേക്ക് തിരിഞ്ഞുകഴിഞ്ഞാലുടന്‍, ഒരു പൗരപ്രസ്ഥാനത്തെ നിയമ-സമാധാന പ്രശ്‌നമായി പുനര്‍നിര്‍വചിക്കാന്‍ ഒരുങ്ങുന്ന ഒരു ഭരണകൂടത്തിന്റെ പരിചിതമായ ആദ്യനീക്കമാണത്. വാദിച്ചുതോല്‍പ്പിക്കാന്‍ കഴിയാത്ത പരിഹാസത്തിന് പതിനെട്ടാം നൂറ്റാണ്ടിലെ സമ്പൂര്‍ണ രാജാധികാരവും മറുപടി നല്‍കിയിരുന്നത് ഇതേ സഹജപ്രതികരണത്തിലൂടെയായിരുന്നു. ലെത്ര് ദെ കാഷെ. നിശ്ശബ്ദമായ അറസ്റ്റ്. പരിഹാസത്തെ അവഗണിച്ച് തള്ളിക്കളയാന്‍ കഴിയാതായപ്പോള്‍, വിചാരണപോലുമില്ലാതെ ലഘുലേഖാകര്‍ത്താക്കളെ ബാസ്റ്റീലിലേക്ക് അപ്രത്യക്ഷരാക്കല്‍.
ഇതിലൊന്നും, ഈ സര്‍ക്കാര്‍ മുമ്പ് വിയോജിപ്പുകളെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് കണ്ടിട്ടുള്ള ആര്‍ക്കും അത്ഭുതമുണ്ടാകില്ല. ഒരു ഇളവ് നല്‍കേണ്ടിവന്നതിലൂടെ നാണംകെട്ടു എന്നതുകൊണ്ട് മാത്രം ഒരു ഭരണകൂടം ശിക്ഷിക്കാനുള്ള തന്റെ സഹജവാസന ഉപേക്ഷിക്കുകയില്ല. സാധാരണയായി അത് കൂടുതല്‍ നിശ്ശബ്ദമായാണ് ശിക്ഷിക്കുന്നത്. ടെലിവിഷന്‍ സംഘങ്ങള്‍ ക്യാമറകള്‍ പൂട്ടിപ്പോയതിനുശേഷം. കോക്രോച്ചുകള്‍ ഈ അപകടസാധ്യത തുടക്കം മുതലേ മനസ്സിലാക്കിയിരുന്നോ എന്നത് ഇപ്പോള്‍ വലിയ കാര്യമല്ല. അവരുടെ ആദ്യ പോരാട്ടം ജയിച്ചുകൊടുത്ത അതേ അനാദരവോടെ അവര്‍ ഇതിനെ നേരിടുമോ എന്നതാണ് പ്രധാനം. ചിരിയുടെ ശക്തി തിരിച്ചറിഞ്ഞശേഷം അതിനെക്കുറിച്ച് ലജ്ജിക്കാന്‍ തുടങ്ങുന്ന പ്രസ്ഥാനങ്ങള്‍, വിമര്‍ശകര്‍ എപ്പോഴും ആവശ്യപ്പെട്ടിരുന്ന മാന്യമായ ഭാഷയ്ക്കുവേണ്ടി സ്വന്തം അശ്ലീലഭാഷ ഉപേക്ഷിക്കുന്ന പ്രസ്ഥാനങ്ങള്‍, അവയെ അപകടകരമാക്കിയിരുന്ന അതേ മുന്‍തൂക്കം തന്നെയാണ് സാധാരണ നഷ്ടപ്പെടുത്തുന്നത്. പതിനെട്ടാം നൂറ്റാണ്ടും നല്‍കുന്ന ഒരു പാഠമാണിത്. വിപ്ലവത്തിലെ ഏറ്റവും പരുക്കനും ഏറ്റവും ജനകീയവുമായ ശബ്ദങ്ങള്‍, എബേറിന്റേത് ഉള്‍പ്പെടെ, പ്രസ്ഥാനത്തിനുള്ളില്‍ നിന്നുതന്നെ നിശ്ശബ്ദമാക്കപ്പെട്ടപ്പോഴാണ് അതിനെ ജനിപ്പിച്ച തെരുവുകളുമായുള്ള അതിന്റെ ബന്ധം അഴിയാന്‍ തുടങ്ങിയത്.
ഒരു ശ്രേണിവ്യവസ്ഥയുമില്ലാത്ത, ഒരു ആസ്ഥാനവുമില്ലാത്ത, വിളിച്ചുവരുത്തി ചര്‍ച്ച നടത്തി നിര്‍വീര്യമാക്കാന്‍ കഴിയുന്ന ഒരൊറ്റ നേതാവുപോലുമില്ലാത്ത ഒരു പ്രസ്ഥാനം, വിജയത്തിന്റെ ആവേശം കെട്ടടങ്ങിക്കഴിഞ്ഞാല്‍ സ്വയം ക്ഷീണിച്ചുപോകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഈ തലമുറയെക്കുറിച്ചുള്ള ആ കണക്കുകൂട്ടല്‍ അത് ഇതിനകം ഒരിക്കല്‍ തെറ്റിച്ചിട്ടുണ്ട്. ബിഹാറിലും ബംഗാളിലും അറസ്റ്റുകളുടെ എണ്ണം കണക്കെടുക്കുന്നവരുടേതല്ല ഈ രാജ്യം. ചുരുങ്ങിയത് ദീര്‍ഘവും അപ്രതീക്ഷിതവുമായ ഒരു മാസക്കാലത്തേക്കെങ്കിലും, അത് കോക്രോച്ചുകളുടേതായിരുന്നു. ക്യാമറകള്‍ മറ്റിടങ്ങളിലേക്കു തിരിഞ്ഞുതുടങ്ങിയിട്ടും, അവര്‍ നിശ്ശബ്ദരും മര്യാദക്കാരും എളുപ്പം മറക്കാവുന്നവരുമായി മാറാന്‍ വിസമ്മതിക്കുന്നിടത്തോളം കാലം, ഈ രാജ്യം അവരുടേതായി തുടരും. 1770-കളിലെ ലിബെലുകളില്‍ നിന്ന് ജന്തര്‍ മന്തറിലെ പ്ലക്കാര്‍ഡുകളിലേക്കു നീളുന്ന ചരിത്രം, ഏറെ സ്ഥിരതയുള്ള ഒരു പാഠമാണ് മുന്നോട്ടുവയ്ക്കുന്നത്. തന്നെ ഗൗരവത്തോടെ മാത്രം കാണണമെന്ന് നിര്‍ബന്ധിക്കുന്ന അധികാരം, തന്നെ ദീര്‍ഘകാലം പരിഹസിക്കപ്പെടുന്നത് അപൂര്‍വമായേ അതിജീവിക്കാറുള്ളൂ. എന്നാല്‍, പരിഹാസം തങ്ങള്‍ക്ക് യോജിച്ചതല്ലെന്ന് എതിരാളികള്‍ തന്നെ തീരുമാനിക്കുന്ന നിമിഷം, അതിനെ അതിജീവിക്കുക അധികാരത്തിന് എളുപ്പമാകുന്നു. പ്രത്യാശയുണ്ട്. കോക്രോച്ചുകള്‍ കേള്‍ക്കുന്നുണ്ട്.
എഴുത്തുകാരനും പൗരാവകാശ പ്രവര്‍ത്തകനുമാണ് ആനന്ദ് ടെല്‍തുംബ്ദെ.







No Comments yet!