Skip to main content

പ്രതിമകള്‍ തകരും; ചിന്തകള്‍ അമരമാണ്

രാഹുല്‍ സാംകൃത്യായന്റെ പ്രതിമ തകര്‍ക്കാം; ആശയങ്ങളെ തകര്‍ക്കാനാവില്ല. ഒരു പ്രതിമ തകര്‍ക്കുന്നത് വെറും കല്ലോ ലോഹമോ നശിപ്പിക്കുന്ന പ്രവൃത്തിയല്ല. അത് ഒരു സമൂഹത്തിന്റെ ഓര്‍മ്മയെയും, ചരിത്രത്തെയും, മനസ്സാക്ഷിയേയും, ചിന്തയെയും ആക്രമിക്കാനുള്ള തുടര്‍ച്ചായായ ശ്രമമാണ്. എന്നാല്‍, ചരിത്രം വീണ്ടും വീണ്ടും തെളിയിച്ച ഒരു സത്യമുണ്ട് -പ്രതിമകള്‍ ഉടയ്ക്കാനാകും; ആശയങ്ങളെ നശിപ്പിക്കാനാവില്ല.

പശ്ചിമ ബംഗാളിലെ റാണിഗഞ്ചില്‍ മഹാപണ്ഡിതന്‍ രാഹുല്‍ സാംകൃത്യായന്റെ പ്രതിമ ഈ വര്‍ഷം ജൂലൈ 14-ന് തകര്‍ക്കപ്പെട്ട സംഭവം, ലെനിന്റെ പ്രതിമ തകര്‍ത്തതിന്റെ തുടര്‍ച്ചയായി, ഇന്ത്യയുടെ പുരോഗമന സാഹിത്യ-സാംസ്‌കാരിക ലോകത്തെ നടുക്കിയിരിക്കുകയാണ്. ഇത് ഒരു ഒറ്റപ്പെട്ട നശീകരണസംഭവമല്ല; ഇന്ത്യയുടെ ബൗദ്ധിക പൈതൃകത്തിനും, ജനാധിപത്യ മൂല്യങ്ങള്‍ക്കും , യുക്തിചിന്തയ്ക്കുമെതിരായ ഗുരുതരമായ രാഷ്ട്രീയ ആക്രമണമായാണ് കാണേണ്ടത്. ഈ ആക്രമണത്തിന് പിന്നില്‍ അന്ധകാര ശക്തികളായ ബിജെപി – സംഘപരിവാര്‍ പ്രതിലോമ ശക്തികളുമാണെന്നത് വ്യക്തമായിട്ടുണ്ട്. പ്രതിമകളെ ലക്ഷ്യമിടുന്ന ഇത്തരം ആക്രമണങ്ങള്‍ വെറും വസ്തു നശീകരണമല്ല മറിച്ച് ആശയങ്ങളെ നേരിടാന്‍ കഴിയാത്ത അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിന്റെ പ്രകടനമാണ്.

ഗോവിന്ദ് പന്‍സാരെ, എം. എം. കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ്, നരേന്ദ്ര ദബോല്‍ക്കര്‍ എന്നിവരെ വധിച്ച അതേ രാഷ്ട്രീയ സംസ്‌കാരം, ഇപ്പോള്‍ മരണപ്പെട്ട ചിന്തകരുടെ ഓര്‍മ്മകളെപ്പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന ആശങ്ക ഇത് ഉയര്‍ത്തുന്നു.

രാഹുല്‍ സാംകൃത്യായന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് 1994-ലാണ് റാണിഗഞ്ചില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചത്. മൂന്ന് പതിറ്റാണ്ടോളം അത് ഇന്ത്യയുടെ മഹത്തായ ബൗദ്ധിക പാരമ്പര്യത്തിന്റെ പ്രതീകമായി നിലകൊണ്ടു. എന്നാല്‍ ആശയങ്ങളെ നേരിടാന്‍ കഴിയാത്തവര്‍ ഒടുവില്‍ പ്രതിമയെയാണ് ലക്ഷ്യമിട്ടത്.

1893 ഏപ്രില്‍ 9-ന് കേദാര്‍നാഥ് പാണ്ഡെ എന്ന പേരില്‍ ജനിച്ച രാഹുല്‍ സാംകൃത്യായന്‍ (1893-1963), ഇന്ത്യ കണ്ട ഏറ്റവും മഹത്തായ ബഹുമുഖ പ്രതിഭകളില്‍ ഒരാളായിരുന്നു. എഴുത്തുകാരന്‍, ചരിത്രകാരന്‍, തത്ത്വചിന്തകന്‍, ഭാഷാശാസ്ത്രജ്ഞന്‍, ബൗദ്ധപണ്ഡിതന്‍, സ്വാതന്ത്ര്യസമര സേനാനി, മാര്‍ക്‌സിസ്റ്റ് ചിന്തകന്‍-ഇങ്ങനെ നിരവധി മേഖലകളില്‍ അദ്ദേഹം മായാത്ത മുദ്ര പതിപ്പിച്ചു. ഹിന്ദി യാത്രാസാഹിത്യത്തിന് ആധുനിക സാഹിത്യരൂപം നല്‍കിയതിനാല്‍ അദ്ദേഹത്തെ ‘ഹിന്ദി യാത്രാസാഹിത്യത്തിന്റെ പിതാവ്’ എന്നും വിശേഷിപ്പിക്കുന്നു.

റഷ്യ, ടിബറ്റ്, ചൈന, മധ്യേഷ്യ എന്നിവിടങ്ങളിലൂടെ വര്‍ഷങ്ങളോളം സഞ്ചരിച്ച് അദ്ദേഹം ശേഖരിച്ച അറിവ് ഇന്ത്യന്‍ ബൗദ്ധികലോകത്തെ അസാധാരണമായി സമ്പന്നമാക്കി. ചരിത്രം, മതം, തത്ത്വചിന്ത, സംസ്‌കാരം, സാഹിത്യം, യാത്രാവിവരണം തുടങ്ങി വിവിധ വിഷയങ്ങളില്‍ 120-ലധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിക്കുകയോ വിവര്‍ത്തനം ചെയ്യുകയോ ചെയ്തു.

വോള്‍ഗ സേ ഗംഗ, മധ്യേഷ്യ കാ ഇതിഹാസ്, മേരി ജീവന്‍ യാത്ര, ഘുമക്കാട് ശാസ്ത്ര എന്നിവ ഇന്നും ഇന്ത്യന്‍ ബൗദ്ധിക പൈതൃകത്തിലെ അമൂല്യ സംഭാവനകളാണ്. 1958-ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരവും 1963-ല്‍ പത്മഭൂഷണ്‍ ബഹുമതിയും ലഭിച്ചെങ്കിലും, അദ്ദേഹത്തിന്റെ ഏറ്റവും വലിയ അംഗീകാരം പുരസ്‌കാരങ്ങളല്ല. തലമുറകളുടെ ചിന്തയെ സ്വാധീനിച്ച അദ്ദേഹത്തിന്റെ ബൗദ്ധിക പാരമ്പര്യമാണ്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയതിനാല്‍ അദ്ദേഹം പലതവണ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു.
യുക്തിവാദം, ശാസ്ത്രീയ മനോഭാവം, സാമൂഹിക സമത്വം എന്നിവയായിരുന്നു രാഹുല്‍ സാംകൃത്യായന്റെ ചിന്തയുടെ കാതല്‍. ബുദ്ധമതത്തിന്റെ മാനവികതയും മാര്‍ക്‌സിസത്തിന്റെ സാമൂഹിക വിശകലനവും പരസ്പരം പൂരകമാണെന്ന് അദ്ദേഹം വാദിച്ചു. അന്ധവിശ്വാസത്തിനും വര്‍ഗചൂഷണത്തിനും ജാതിവ്യവസ്ഥയ്ക്കും മതവിദ്വേഷത്തിനുമെതിരെ അദ്ദേഹം ജീവിതകാലം മുഴുവന്‍ ശബ്ദമുയര്‍ത്തി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രതിമ ആക്രമിക്കപ്പെട്ടത് യാദൃശ്ചികമല്ല. ചരിത്രത്തെ ശാസ്ത്രീയമായി പഠിച്ചവരെയും യുക്തിചിന്തയെ ഉയര്‍ത്തിപ്പിടിച്ചവരെയും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കുമായി പോരാടിയവരെയും ലക്ഷ്യമിടുന്ന രാഷ്ട്രീയത്തിന്റെ സ്വാഭാവിക തുടര്‍ച്ചയാണ് ഇത്.

പുസ്തകങ്ങളെ ഭയപ്പെടുന്നവര്‍, ഒടുവില്‍ പുസ്തകമെഴുതിയവരുടെ പ്രതിമകളെയും ഭയപ്പെടുന്നു. പക്ഷേ, ചരിത്രം മറ്റൊരു സത്യവും പഠിപ്പിക്കുന്നു. പ്രതിമകള്‍ തകര്‍ക്കാം; ആശയങ്ങളെ തകര്‍ക്കാനാവില്ല.
പുസ്തകങ്ങള്‍ കത്തിക്കാം; ചിന്തയെ കത്തിക്കാനാവില്ല. എഴുത്തുകാരെ വധിക്കാം; ചരിത്രത്തെ ഇല്ലാതാക്കാനാവില്ല.
രാഹുല്‍ സാംകൃത്യായന്റെ ചിന്തകള്‍ ഇന്നും ഇന്ത്യയിലെ ജനാധിപത്യവിശ്വാസികളെയും പുരോഗമന പ്രസ്ഥാനങ്ങളെയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.

അദ്ദേഹത്തിന്റെ പ്രതിമ തകര്‍ത്തവര്‍ ചരിത്രത്തില്‍ നാശത്തിന്റെ പ്രതീകങ്ങളായി മാത്രം ഓര്‍ക്കപ്പെടും; രാഹുല്‍ സാംകൃത്യായന്‍ വിജ്ഞാനത്തിന്റെയും യുക്തിയുടെയും മനുഷ്യ വിമോചനത്തിന്റെയും പ്രതീകമായി തുടരും.
അതുകൊണ്ട് ഈ സംഭവത്തെ അപലപിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രം അല്ല. എഴുത്തുകാരും ചരിത്രകാരന്മാരും അധ്യാപകരും വിദ്യാര്‍ത്ഥികളും സാംസ്‌കാരിക പ്രവര്‍ത്തകരും ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഓരോ പൗരനും ഒരേ ശബ്ദത്തില്‍ പ്രഖ്യാപിക്കണം:
ഇന്ത്യയുടെ ബൗദ്ധിക പൈതൃകം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല.

മഹാപണ്ഡിതന്‍ രാഹുല്‍ സാംകൃത്യായന്റെ പ്രതിമ വീഴ്ത്താന്‍ കഴിഞ്ഞേക്കാം; പക്ഷേ അദ്ദേഹത്തിന്റെ ആശയങ്ങള്‍ തലമുറകളെ പ്രകാശിപ്പിച്ചുകൊണ്ടേയിരിക്കും. കാരണം, കല്ലില്‍ കൊത്തിയ പ്രതിമയെക്കാള്‍ ശക്തമാണ് മനുഷ്യ മനസ്സില്‍ ആലേഖനം ചെയ്ത ആശയങ്ങള്‍.
People follow traditions simply because they don’t have enough examples of those who break them.-Rahul Sakirityan

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.