പ്രായോഗികതയിലേക്ക് നിരന്തരം പരാവർത്തനംചെയ്യപ്പെട്ട ധൈഷണിക ജീവിതമാണ് ഡോ.എം.പി.പരമേശ്വരന്റെ മരണത്തിലൂടെ ഇല്ലാതായിരിക്കുന്നത്. അവസാനിക്കാത്ത വിശേഷണങ്ങൾക്കുടമ. മാർക്സിസം മുതൽ പ്രകൃതി, പരിസ്ഥിതി തുടങ്ങി അണുശാസ്ത്രംവരെയുള്ള സർവവിജ്ഞാനങ്ങളിലും സൈദ്ധാന്തികവും പ്രായോഗികവുമായ അറിവിന്റെയും പ്രയോഗത്തിന്റെയും ആൾരൂപം. ലോകത്തെ വ്യാഖ്യാനിക്കുകയല്ല, മാറ്റിമറിക്കുകയാണ് കാര്യമെന്ന മാർക്സിന്റെ ചിതന്തകളുടെ കോറിനെ സ്വാംശീകരിച്ച മാർക്സിസ്റ്റ്. ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടേയും അധികാര വികേന്ദ്രീകരണത്തിന്റേയും ശാസ്ത്രപ്രചാരണത്തിന്റേയും എക്കാലത്തേയും മികച്ച ഇതിഹാസമായിരുന്നു പരമേശ്വരൻ.

വിടവുകളെന്ന സംജ്ഞ എഴുത്തുകാരൻ ആനന്ദ് ഇടയ്ക്കിടെ പ്രയോഗിക്കാറുണ്ട്. വാക്കും പ്രവൃത്തിയും തമ്മിലുള്ള വിടവുകൾ മാത്രമല്ല ചിന്തയും പ്രയോഗവും തമ്മിലുള്ള വിടവും ഉരുകിയില്ലാതായ സൗമ്യവും ദീപ്തവുമായ ജ്വാലയാണ് അണഞ്ഞുപോയിരിക്കുന്നത്. ഒരുപാടുകാലം ആ ചിന്തകൾ ധൈഷണിക കേരളത്തെ ചൂടാറാതെനിലനിർത്തിയിരുന്നു. പുതിയ ലോകവും പുതിയ ഇന്ത്യയും സംബന്ധിച്ച് പരമേശ്വരൻ എഴുതിയ പുസ്തകത്തെക്കുറിച്ച് ഇഎംഎസ് ഉയർത്തിയ എതിർവാദങ്ങളും സംവാദങ്ങളും പലരുടേയും ഓർമ്മകളിലുണ്ടാകും. ജനകീയജനാധിപത്യവിപ്ലവത്തിന്റെ മറ്റൊരു സാധ്യതയാണ് പരമേശ്വരൻ തുറക്കുന്നതെന്നും അത്തരത്തിലൊരു പുസ്തകം വായിക്കുകയെന്നത് വർഗസമരത്തിന്റെകൂടി ഭാഗമാണെന്നും പരമേശ്വരന്റെ വാദങ്ങളെ പിന്തുണച്ചുകൊണ്ട് പരിഷത്തിലും പാർട്ടിയിലും നടത്തിയ ചർച്ചകൾ ഓർമ്മയിലുണ്ട്. ചർച്ചകളെത്തുടർന്ന് രണ്ടാമതെഴുതിയ ചർച്ചകൾക്കൊരാമുഖമെന്ന പുസ്തകവും മാർക്സിസമുൾപ്പെടെയുള്ള അന്വേഷണങ്ങൾക്കും പുതിയ വായനകൾക്കും ഉതകുന്ന തരത്തിൽതന്നെയായിരുന്നു സംവിധാനം ചെയ്യപ്പെട്ടത്. അന്നുയർത്തിയ ആ ചിന്തകളുടെ സാരാംശങ്ങൾ ഇന്നും മനസ്സിലുണ്ട്.
എം.പി പരമേശ്വരൻ കേരളത്തിനെന്തായിരുന്നുവെന്ന് അറിയാനിരിക്കുന്നതേയുള്ളൂവെന്നൊരു ക്ലീഷേ വെറുതെ എഴുതിവെക്കാം. ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിൽ തിരുവന്തപുരം എഞ്ചിനിയറിങ്ങ് കോളേജിൽ നിന്ന് ബിരുദം, ആണവ എഞ്ചിനിയറിങ്ങിൽ മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പി എച്ച് ഡി അനേക വർഷം ഭാഭാ അറ്റോമിക് റിസർച്ച് സെൻറിൽ സെന്ററിൽ പഠനവും ഗവേഷണവുംചേർന്ന പ്രവർത്ത പരിചയത്തോടെയാണ് ജോലി രാജിവെച്ച് കമ്യൂണിസ്റ്റ് പാർട്ടിയിലേക്കും ജനകീയശാസ്ത്രപ്രസ്ഥാനത്തിലൂടെ പരിഷത്തിലേക്കും അതുവഴി സമ്പൂർണ സാക്ഷരത, ജനകീയാസൂത്രണം, കേരളത്തിന്റെ ഊർജ്ജമുൾപ്പെടെയുള്ള മേഖലകളിൽ യഥാർഥ ജനകീയ ശാസ്ത്രകാരനെന്ന നിലയിൽ എംപി പരമേശ്വരന്റെ നിശബ്ദമായ സഞ്ചാരം. പഠിച്ചതും അറിഞ്ഞതുമായ അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തിൽ ലോകപ്രശസ്ത ശാസ്ത്രജ്ഞനാകാനും അതുവഴി കൈവരുന്ന ഭൗതികനേട്ടങ്ങളും മാറ്റിവെച്ചാണ് ജനകീയശാസ്ത്രപ്രസ്ഥാനത്തിലേക്കും കമ്യൂണിസ്റ്റ് പാർട്ടിയിലേക്കും പരമേശ്വരൻ കടന്നുവരുന്നത്.

താനൊരു ഇക്കോളജിക്കൽ മാർക്സിസ്റ്റും സോഷ്യലിസ്റ്റും ഗാന്ധിയനുമാണെന്ന് പറച്ചിൽ പരമേശ്വരൻ ജീവിതംകൊണ്ട് തെളിയിച്ചിട്ടുണ്ട്. നേരത്തേ പറഞ്ഞ പുസ്തകങ്ങൾ ഉൾപ്പെടെ അത് തെളിയിക്കുന്നുണ്ട്. ഗാന്ധിയൻ ചിന്തകൾ എങ്ങനെയാണ് സമൂഹത്തെ പരുവപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്നതെന്ന വളരെ കൃത്യമായ ധാരണ ആ പുസ്തകങ്ങളിൽ പരമേശ്വരൻ പങ്കുവെക്കുന്നുണ്ട്. പരിഷത്ത് സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ ബഞ്ചിൽ കിടന്നുറങ്ങുന്ന പരമേശ്വരനേയും ഐജി ഭാസ്കരപ്പണിക്കരേയും കണ്ടിട്ടുണ്ട്. ഭക്ഷണത്തിന് മറ്റുള്ളവർക്കൊപ്പം ക്യൂനിന്ന് കഴിക്കുന്ന ഇവരൊക്കെ സജീവ മാർക്സിസത്തിന്റെ ജീവിക്കുന്ന ഇതിഹാസങ്ങളായിരുന്നു. മറ്റുള്ളവരേക്കാൾ ഒരു സൗകര്യവും അവരും ആവശ്യപ്പെട്ടില്ല. സാധാരണപ്രവർത്തകർക്കൊപ്പം ഉണ്ടു. അവർക്കൊപ്പം ഉറങ്ങി.

ഇന്ത്യൻ ആണപദ്ധതികളെക്കുറിച്ചും മാർക്സിസത്തെക്കുറിച്ചും ആധികാരികമായി പരമേശ്വരൻ സംസാരിച്ചു. ഇന്ന് കേരളത്തിൽ വ്യാപകമായ പുരപ്പുറ സോളാർപദ്ധതി, ഹൈഡ്രജൻ ഊർജ്ജത്തിന്റെ ഭാവിസാധ്യതകളുൾപ്പെടെയുള്ള പുത്തൻ വിജ്ഞാനങ്ങൾ ആദ്യം എംപിയിലൂടെകടന്നുപോയിരുന്നു. ഊർജ്ജപ്രശ്നം കേരളത്തിന്റെ പ്രശ്നമാണെന്നും അതിനുവേണ്ട ബദൽ സംവിധാനങ്ങളിൽ താപോർജ്ജംമുതൽ പരിഷത്തടുപ്പുവരെയുള്ള സംവിധാനങ്ങളുടെ പിന്നണിയിലെ ബുദ്ധികേന്ദ്രം പരമേശ്വരനായിരുന്നു. വൈവിധ്യമാർന്ന ഈ ചിന്തകളാണ് പാലക്കാടുള്ള ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ എന്ന സ്ഥാപനത്തിന്റെ പിറവിയിലേക്ക് നയിച്ചത്. വികസനജാഥ, അഖിലേന്ത്യാ ജ്ഞാൻവിഞ്ജാൻ സമിതി, വിഭവഭൂപട നിർമ്മാണം അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പദ്ധതികളുടെ പ്രയോക്താവും പ്രണേതാവുമായിരുന്നു എംപി.

സൈലന്റുവാലി ഇന്നും നിലനിൽക്കുന്നതിന്റെ മുഖ്യകാരണക്കാരിലൊരാൾ പരമേശ്വരൻതന്നെയാണ്. കേരളത്തിലെ ഊർജ്ജപ്രതിസന്ധികളെക്കുറിച്ചുള്ള പരമേശ്വരന്റെ ക്ലാസുകൾ അത്യുജ്വലങ്ങളായിരുന്നു. പരിഷത്ത് സമ്മേളനങ്ങളിൽ പരമേശ്വരൻറെ സാന്നിധ്യം പകർന്ന ബോധ്യങ്ങൾ മറ്റൊരു സമ്മേളനവേദികളിൽനിന്നും കിട്ടാത്തതുതന്നെയാണ്. കേരളത്തിലെ അധികാര വികേന്ദ്രീകരണ പ്രസ്ഥാനത്തിന് സൈദ്ധാന്തികതലത്തിൽ ഏറ്റവുമേറെ സംഭാവനകൾ നൽകിയ ഒന്നാം തലമുറയിലെ പ്രധാനികളായി ഇ എം എസ്, ഡോ. കെ എൻ രാജ്, ഡോ. എം പി പരമേശ്വരൻ എന്നിവരാണുണ്ടായിരുന്നത്. അധികാരവികേന്ദ്രീകരണം സംബന്ധിച്ച ചർച്ചകൾക്ക്, അദ്ദേഹം ശാസ്ത്ര സാഹിത്യ പരിഷത്തിൽ പ്രവേശിച്ച് ഏറെക്കഴിയും മുമ്പുതന്നെ തുടക്കംകുറിച്ചിരുന്നു.

കണ്ണൂർ ജില്ലയിലെ കുവേരിയിൽ ആരംഭിച്ച ഗ്രാമശാസ്ത്ര സമിതിമുതൽ ജനകീയാസൂത്രണംവരെയുള്ള പ്രവർത്തനങ്ങളുടെ സൈദ്ധാന്തികമായ ചട്ടക്കുട് നൽകുന്നതിൽ എം പി പരമേശ്വതന്റെ പങ്ക് നിസ്തുലമാണ്. തുടർന്ന് കേരളത്തിന്റെ സമ്പത്ത് സംബന്ധിച്ചും അതിലൂടെ കൈവരിക്കാവുന്ന കേരളീയ വികസനം സംബന്ധിച്ചുമുള്ള ചർച്ചകൾതന്നെയാണ് കല്യാശ്ശേരി , ഒഞ്ചിയം തുടങ്ങിയ മാതൃകകളിലൂടെ ജനകീയാസൂത്രണമായി പരിണമിക്കുന്നത്. ഇക്കാര്യത്തിൽ ഏതെങ്കിലും ഒരു വ്യക്തിക്കാണ് പ്രാധാന്യം നൽകുന്നതെങ്കിൽ അതിൽ രണ്ടാമതൊരാലോചനയില്ലാതെ തർക്കങ്ങൾക്കിടയില്ലാതെ പരമേശ്വരന്റെ പേര് മുന്നിൽവരും.

ഇന്നും മാർക്സിസ്റ്റ് പഠനത്തിൽ എക്കാലത്തേയും ബെസ്റ്റ് സെല്ലറുകളിലൊന്നായി എംപിയുടെ പുസ്തകം നിലനിൽക്കുന്നുണ്ട്. എണ്ണമറ്റ ശാസ്ത്രപുസ്തകങ്ങളാണ് എംപിയുടേതായി പുറത്തുവന്നത്. അതിനുപുറമെ വൈദേശിക ഗ്രന്ഥങ്ങളും എംപി തന്നെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മാർക്സിസത്തെ സംബന്ധിച്ച് പുതിയകാലത്തിറങ്ങുന്ന പലതരം പുസ്തകങ്ങളെക്കുറിച്ചും പരമേശ്വരൻ സംസാരിക്കാറുണ്ടായിരുന്നു. അത്തരത്തിലെഴുതിയ രണ്ട് പുസ്തകങ്ങൾ പരിഷത്ത് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുതിയലോകം പുതിയ ഇന്ത്യസംബന്ധിച്ച ചർച്ചകൾ നാലാംലോക സിദ്ധാന്തമെന്ന പേരിൽ പിൽക്കാലത്തും ഏറെ പ്രസിദ്ധമായിരുന്നു. അതിന്റെ പേരിൽത്തന്നെയാണ് എംപി പാർട്ടിയിൽനിന്നും പുറത്താക്കപ്പെടുന്നതും. നവതിയുടെ ഭാഗമായി പുറത്തിറക്കിയ ജീവചരിത്രത്തിന്റെ വായന പാതിവഴിയിലാണ്. വടകരയിൽ നടത്തിയ ആനന്ദ് സംവാദംപോലെ അടുത്തത് പരമേശ്വരനെക്കുറിച്ചായാലോയെന്ന ചർച്ചകൾ Pratap VK യുമൊത്ത് പങ്കുവെച്ചിരുന്നു. കേരളമുടനീളം അത്തരത്തിലുള്ള ചർച്ചകൾ അർഹിക്കുന്നുണ്ട്. പരമേശ്വരന്റെ ജീവിതത്തോടും ദർശനത്തോടും ചെയ്യാവുന്ന നീതിയാണത്.
പാരിഷത്തികാഭിവാദനങ്ങളോടെ….







No Comments yet!