Skip to main content

ചൈത്രവിപഞ്ചിക മൂകമായ്…

വയലാര്‍ രാമവര്‍മ്മ മണ്‍മറഞ്ഞത്, വിണ്‍മറഞ്ഞത് ഒരു ഒക്ടോബര്‍ 27ന്. കവിതയ്‌ക്കൊപ്പമോ അതിനുമപ്പുറമോ പാട്ട് ഒപ്പമുണ്ട് വയലാറിന്. വെടിയുണ്ടകൊണ്ട തെങ്ങുകളുടെ മണ്ണില്‍നിന്ന്, ഭൂമിയിലേക്കുവന്ന് ചന്ദനമാളിക തീര്‍ക്കുന്ന ഗന്ധര്‍വന്മാരുടെ ആകാശചാരുതയിലേക്ക് പടരാന്‍ വെമ്പും വയലാര്‍. തെങ്ങിനൊപ്പം കാളിദാസനെയും ചങ്ങമ്പുഴയെയും തന്റെ സ്വപ്നത്തിനരികിലിരുത്തിയ ഉള്‍പ്രക്ഷോഭകാരി.

ഉത്തരായനക്കിളിക്കും കൃഷ്ണപക്ഷക്കിളിക്കും സീതപ്പക്ഷിക്കുമൊപ്പം കവിതയുടെ നീലാംബരസഞ്ചാരം മതിയാകാതെ, മടങ്ങിപ്പോവാതെനില്‍ക്കും കവിതാകാലചിരഞ്ജീവി. വാടാമല്ലിയെ കാറ്റുണര്‍ത്തുമ്പോള്‍ വയലാറിന് അനക്കംവെയ്ക്കും. വെണ്‍ചിറകൊതുക്കും പ്രാവുകളുമൊത്ത് ഭൂമി കാണ്മാനിറങ്ങും. ശ്രാവണചന്ദ്രിക വന്ന് പൂ ചൂടിക്കും. ശാപമേറ്റ ആതിരചന്ദ്രനെ നിത്യകാമുകിയുടെ ചെമ്പകമുഖശ്രീയില്‍ ഒളിക്കാന്‍ കൂട്ടുനില്‍ക്കും. വന്നു, കണ്ടു, കീഴടക്കിയെന്ന ആരവത്തില്‍ വില്യം ഷേക്‌സ്പിയറാവും.

ഇരമ്പിവരും സ്മരണകള്‍ക്കു മുകളിലേറിനിന്ന് മാറ്റത്തിന്റെ കൊടിയുയര്‍ത്തും. കള്ളനെപ്പോലെ പതുങ്ങിവന്ന കാറ്റിനൊപ്പം പ്രണയലേഖനം പകുത്തുവായിക്കും. ഭൂമിയില്‍ ഞങ്ങള്‍ക്ക് ദുഃഖങ്ങള്‍ നല്‍കിയ ദൈവത്തെ കണ്ണീരിവിടെ കടലായെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും. ഒളികണ്മുനയാല്‍ കുളിരമ്പെയ്യുന്ന മുഴുവന്‍ ജന്മങ്ങളുടെയും ആര്‍ദ്രമാനസമാവും. ചന്ദ്രകളഭത്തില്‍നിന്നും കണ്ണെടുക്കുന്നതേയില്ല. പിന്നെയുമൊഴുകും…

No Comments yet!

Your Email address will not be published.