അവന്റെ ഓർമ്മദിനത്തിൽ
ഒന്നും ചെയ്യാനില്ലാതിരുന്നിട്ടും
ഞാൻ കുളിച്ച് തയ്യാറായി നിന്നു
ആശുപത്രിമണമുള്ളൊരു കാറ്റ്
വീടിന്റെ വരാന്തയിൽ തങ്ങിനിൽക്കുന്നുണ്ട്
മുറ്റത്ത് ഒരു മഴയും ഒരു വെയിലും
ധൃതിയിൽ പരസ്പരം വസ്ത്രങ്ങൾ
വെച്ചുമാറുന്നു
സോഫയിൽ ഉറങ്ങുകയായിരുന്ന എന്റെ പൂച്ചക്കുഞ്ഞ്
പണ്ടെന്നെ കാണാൻ വന്നിരുന്നപ്പോഴൊക്കെയും അവൻ കൊണ്ടുവരാറുള്ള ഇളംമധുരമുള്ള
റൊട്ടിയും കാത്ത് പലവട്ടം അക്ഷമയോടെ മൂരിനിവർന്നു
“മരണാസന്നനായിട്ടും എന്നെ കാത്തിരുന്നില്ലല്ലോ നീ”
എന്ന പരിഭവമവനോടു പറഞ്ഞ് ഇന്നലെയും ഞങ്ങൾ കലഹിച്ചിരുന്നതായൊരോർമ്മ
എന്നന്നത്തേയും പോലെ ഇന്നും ഞങ്ങളെവിടേക്കോ പോകാനിരുന്നതാണ്
പക്ഷെ ഓർക്കാൻ ശ്രമിക്കുന്ന ചിന്തകളെ
ഇടക്കിടെ ആരോ അപായച്ചങ്ങല വലിച്ച് നിർത്തുന്നു
പ്ലാറ്റ്ഫോമുകളില്ലാത്ത സ്റ്റേഷനുകളിൽ നിരന്തരം
ഇറങ്ങിപോകുകയും തിരികെവരികയും ചെയ്യുന്ന ഒരവനെ കണ്ടു
അവൻവരുമ്പോൾ വിളിക്കണം
എന്നമ്മയോട് പറഞ്ഞ് ഞാനൊന്നു
കിടക്കാൻ പോയതായിരുന്നു
മയക്കത്തിൽ ആരോ,
“ഇന്നല്ലല്ലൊ അവന്റെ ഓർമ്മദിനം”
എന്ന് എന്നോട് കയർത്തശേഷം തിരിച്ചുപോകുന്നു
ഡ്രൈവിംങ്ങ് സീറ്റ് ഒഴിച്ചിട്ട ഒരു ചുവന്ന
കാർ ഗെയ്റ്റിനുപുറത്ത് ഹോണടിക്കുന്നു
എന്നുപറഞ്ഞ് അമ്മ വാതിലിൽ മുട്ടുന്നുണ്ട്
വരാന്തയിലെ ഭ്രാന്തനായ കാറ്റ് പൊടുന്നനെ,
എന്നും അവന്റെ ഓർമ്മ ദിനമാണെടോ എന്നു ഞാൻ
എപ്പഴും പറയാൻ മറന്നുപോയിരുന്ന വാചകവുമായി
സ്വപ്നത്തിലെന്നെ ശകാരിച്ചയാളിന്റെ പിറകേ പായുന്നു
ഞങ്ങൾ ഡ്രൈവിംങ്ങ് സീറ്റ് ഒഴിഞ്ഞുകിടക്കുന്ന
അവന്റെ ചുവന്ന കാറിൽ എവിടേക്കോ
എന്റെ കാൽവണ്ണയിലെ മുറിവുകളിൽ
അമ്മയിപ്പോൾ മരുന്ന് പുരട്ടുന്നു.
***







No Comments yet!