Skip to main content

ഹംസവും, വാസുകിയും

ഹംസവും, വാസുകിയും പകരംവെക്കാനില്ലാത്ത രണ്ടു സംഗീതജ്ഞരായിരുന്നു. വയലിനുമായി അവര്‍ വേദിയില്‍ കയറിവരുന്നതുമാത്രമേ കേള്‍വിക്കാര്‍ കാണുക പതിവുള്ളൂ. അവരുടെ ബോ തന്ത്രികളില്‍ വന്നുതൊടുന്നതോടെ അവിടെ കൂടിയവര്‍ ഒന്നടങ്കം ആകാശത്തെത്തും. വയലിനില്‍ നിരന്തരവും നിതാന്തവുമായി പാടുന്ന ഹംസത്തേയും, വാസുകിയേയും വേദിയില്‍ അവര്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ല. പകരം അവര്‍ കണ്ടത് തങ്ങളേത്തെന്നയാണ്. ആകാശത്ത് സ്വയം കണ്ടുമുട്ടാനുള്ള ഒരെളുപ്പവഴിയായിരുന്നു കേള്‍വിക്കാര്‍ക്ക് അവരുടെ സംഗീതം.
ഒരിക്കലും ഈ രണ്ട് അനുഗ്രഹീതരും ഒരുമിച്ച് വയലിന്‍ വായിച്ചിട്ടില്ല. അതിനൊരു കാരണമുണ്ട്. ഹംസം കേള്‍വിക്കാരനെ ആകാശത്തെത്തിക്കുന്നത്, തന്റെ ജീവാഭിമുഖമായ രാഗങ്ങള്‍കൊണ്ടാണ്. തങ്ങളുടെ പിഞ്ചു കൈകാലുകളെയാണ് കേള്‍വിക്കാരന്‍ അയാള്‍ മുഖേന ആകാശത്ത് കണ്ടുമുട്ടുക. അയാളുടെ സംഗീതത്തിലൂടെ അവരെല്ലാം ജീവന്റെ നിരവധിയായ ഘട്ടങ്ങള്‍ മറികടന്ന്, വളര്‍ച്ച പൂര്‍ത്തിയാക്കും.

”ഹാ, ജീവിതം!”

അവര്‍ വിസ്മയിക്കും. പ്രഹര്‍ഷത്തിലാവും. മറിച്ചാണ് വാസുകിയുടെ സംഗീതം. അത് തുടങ്ങുന്നതുതന്നെ വാര്‍ദ്ധക്യത്തിന്റെ അസ്ഥിരവും, മടുപ്പിക്കുന്നതുമായ അലംഭാവത്തിലായിരിക്കും. ക്രമേണ കേള്‍വിക്കാര്‍ക്ക് വാസുകി സംഗീതത്തിന്റെ ആകാശത്ത് ജന്മത്തിന്റെ അവസാനം കാണിച്ചുകൊടുക്കുന്നു. അതോടെയാണ് അത്ഭുതമെന്താണെന്ന് കേള്‍വിക്കാര്‍ അറിഞ്ഞുതുടങ്ങുന്നത്. ക്ലേശത്തിന്റെ ഭൂവിഭാഗം തരണംചെയ്ത അവര്‍ അടുത്ത കാല്‍വെപ്പുനടത്തുന്നത് അതിമധുരമായ നിത്യതയിലേക്കാണ്.

ഒരാള്‍ കേള്‍വിക്കാരെ കുഞ്ഞാക്കിമാറ്റുമ്പോള്‍, രണ്ടാമന്‍ അവരെ ജന്മത്തിനപ്പുറം കടത്തിവിടുന്നു.
അങ്ങനെയൊരുനാള്‍, ഇരുവര്‍ക്കുമിയില്‍ പരിഭവം പൊട്ടിമുളച്ചു. വൈകാതെ അത് പ്രകടമായ ശണ്ഠയായി രൂപമെടുക്കുകയും, അങ്ങനെ രണ്ടില്‍ ആരാണ് കേമനെന്നപേരിലൊരു തര്‍ക്കം കയറിവരികയുംചെയ്തു. കാണികളെ ഒഴിവാക്കി നടത്തപ്പെട്ട വിചിത്രവും ഐതിഹാസികവുമായ ഒരു മത്സരത്തിലാണ് അത് ചെന്നൊടുങ്ങിയത്. എന്നാല്‍, അവരെ വിധിക്കാനുള്ള വൈഭവം ആര്‍ക്കുണ്ട്? അതുകൊണ്ട് മത്സരാര്‍ത്ഥികളും വിധികര്‍ത്താക്കളുമെല്ലാം അവര്‍തന്നെയായിരുന്നു.

രണ്ടുപേരും വേദിയില്‍ അടുത്തടുത്തിരുന്നുകൊണ്ട്, സാക്ഷികളില്ലാത്ത മത്സരം തുടങ്ങിവെച്ചു. ഹംസം സംഗീതം തുടങ്ങിവെച്ചതും പിഞ്ചുകാലുകള്‍ക്ക് മുളപൊട്ടി. അത് വളര്‍ന്ന്, പ്രഫുല്ലനം നേടാന്‍തുടങ്ങുന്നതോടെ, ഹംസം സ്വന്തം ഉടലില്‍നിന്ന് ഊര്‍ന്നുവീഴാനാരംഭിച്ചു. ശബ്ദംവഴി ഉടലിനെ പൊഴിച്ചുകൊണ്ട് ഹംസം തന്റെ സംഗീതം തുടര്‍ന്നു. അത് മൃദുവായി അവസാനിക്കുന്ന അതേ വേഗതയില്‍ ഹംസം വായുവിലേക്കങ്ങ് വിലയംകൊണ്ടു… വേദിയില്‍ ഹംസത്തിന്റെ വയലിന്‍ മാത്രമാണ് അവശേഷിച്ചത്.

അടുത്ത അവസരം വാസുകിക്കായിരുന്നു. അയാള്‍ വയലിന്‍ കൈയിലെടുത്ത് തന്റെ സംഗീതം തുടങ്ങിവെച്ചു. മരണത്തില്‍നിന്നും തുടങ്ങി, ജീവശൂന്യമായ അപാരതുറസ്സിലൂടെ അതങ്ങനെ തുടര്‍ന്നുപോയി. ക്ലേശത്തിന്റെ ഭൂവിഭാഗങ്ങള്‍ മറികടന്ന്, അത് നിത്യതയുടെ വാതിലോളമെത്തി. അവസാനത്തെ വാതില്‍ കടക്കാനിരിക്കെ സംഗീതത്തിന് സംഭവിച്ചത് വയലിനെ നഷടപ്പെടുകയായിരുന്നു… അവിടെ, വാസുകി മാത്രം അവശേഷിച്ചു.
ഹംസമില്ലാത്ത അയാളുടെ വയലിനും, വയലിനില്ലാത്ത വാസുകിയും പരസ്പരം അഭിമുഖമായിവന്നു.
കാണികളോ, വിധികര്‍ത്താക്കളോ ഇല്ലാത്ത മത്സരം അവസാനിക്കുന്നതിന്റെ മുന്നോടിയായി വയലിന്‍ കൈവശമില്ലാത്ത വാസുകി, അലിഞ്ഞില്ലാതായ ഹംസത്തിനു സ്വന്തമായ വയലിന്‍ കൈയിലെടുത്ത്, ഈണമിടാനാരംഭിച്ചു. കാണികളോരോരുത്തരായി സദസ്സിലേക്ക് കയറിവരാനാരംഭിച്ചു.
സംഗീതം തുടരുകതന്നെയാണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.