മുറ്റത്തെ മൈലാഞ്ചിച്ചെടി
ഇപ്പോഴും ഇല നീട്ടി നിൽപ്പുണ്ട്.
ഒരിക്കൽ
എന്റെ കൈകളിൽ നിറം പിടിപ്പിക്കാൻ
നീ നുള്ളിത്തന്നിരുന്ന
അതേ ഇലകൾ,
അതിന്റെ അരികിൽ
നീ നട്ടുവളർത്തിയ ചെമ്പരത്തി
ഇപ്പോഴും ചുവന്നുപൂക്കുന്നു.
മൈലാഞ്ചിയുടെ പച്ചയിൽ
എന്റെ കൈകൾ തേടിയിരുന്ന നീ,
ഇപ്പോൾ ആ ചെമ്പരത്തിയുടെ ചുവപ്പായി
ഒരു പിടി മണ്ണിനടിയിൽ കിടക്കുന്നു.
‘അവനില്ലാതെ പറ്റുന്നില്ല മോളേ…’
എന്ന് നിന്റെ ഉമ്മ
നെഞ്ച് പൊട്ടുന്നു.
‘ഈ വീട് പെരുമഴയിലായല്ലോ’
എന്ന് നിന്റെ വല്ലിമ്മ
കണ്ണ് കലക്കുന്നു.
‘ന്റെ കുട്ടീന്റെ വണ്ടി നനയുന്നല്ലോ’
എന്ന് നിന്റെ ബാപ്പയുടെ
കൈ വിറയ്ക്കുന്നു.
‘ഇക്കാക്കാന്റെ കൂടെയേ ഉറങ്ങൂ’
എന്ന് പനിച്ചുവിറയ്ക്കുന്ന ചുണ്ട്
വാതിൽപ്പടിയിൽ വന്ന് വിതുമ്പുന്നു.
‘ആകെ ഉണ്ടായിരുന്ന
ആൺതരിയായിരുന്നല്ലോ’
എന്ന് മൂത്തമ്മ
മൂക്ക് പിഴിയുന്നു.
അവരുടെയൊക്കെ
കരച്ചിലിനിടയിൽ
നീയില്ലായ്മ
മൈലാഞ്ചിയിലകളിൽ വന്ന്
കറുപ്പ് പിടിക്കുന്നു.
ചെമ്പരത്തിപ്പൂവിൽ
ചുവന്നുപടരുന്നു.
ഒടുവിൽ
ഒരു പിടി മണ്ണായി
എന്റെ കൈകളിൽ വീഴുന്നു.
എനിക്കന്നങ്ങനെ നിന്നോട് പറയാൻ തോന്നാതിരുന്നെങ്കിലെന്ന്
മൺതരിയെന്നോണം
നെഞ്ചിൽ ഞെരിഞ്ഞമരുന്നു.
ഖബറിന് മുകളിൽ
മൈലാഞ്ചി വീണ്ടും തളിർക്കുന്നു,
ചെമ്പരത്തി വീണ്ടും പൂക്കുന്നു,
മണ്ണിൽ വീണ്ടും മഴ പെയ്യുന്നു.
പക്ഷെ….
ഞാനിനി അങ്ങനെ പറയുകയേയില്ലെന്ന്
എത്ര ഉറപ്പ് തന്നാലും
നിനക്കിനി
തിരിച്ചു വരാനാവില്ലല്ലോ…
***







No Comments yet!