ജീവിതത്തിൽ ആദ്യമായും അവസാനമായും സൈക്കിൾ യജ്ഞവും റിക്കാർഡ് ഡാൻസും ഞാൻ കാണുന്നത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ ഞങ്ങളുടെ നാട്ടിൽ വെച്ചാണ്. നാട് എന്ന് പറയുമ്പോൾ കേരളത്തിലെ ദേശസങ്കല്പത്തിൽ പിരിച്ച് പറയേണ്ട ആവശ്യമുണ്ട്. ഗ്രാമത്തിന്റെ മുഖ്യധാരയിൽ നിന്ന് വിട്ട് ഞങ്ങൾ താമസിച്ചിരുന്ന ദളിത് കോളനിയുടെ തൊട്ടടുത്തുള്ള വയലിൽ ഒരു വേനൽക്കാലത്താണ് ഈ റിക്കാർഡ് ഡാൻസും സൈക്കിൾ യജ്ഞവും ഒക്കെ അരങ്ങേറുന്നത്. അന്ന് രാത്രി ഏറെ വൈകുവോളം ഗ്രാമത്തിലെ മുഖ്യധാരയിൽ ജീവിക്കുന്നവരും അരികുകളിൽ കോളനികളിൽ ജീവിക്കുന്നവരും എല്ലാം ഈ റിക്കാർഡ് ഡാൻസ് കാണുവാൻ വരും. ഇതിവിടെ പറയുന്നത്, ഇത്തരം നൊമാഡിക് ആയ മനുഷ്യർ അവതരിപ്പിക്കുന്ന ആർട്ട് ഫോം പെർഫോം ചെയ്യാൻ തിരഞ്ഞെടുത്തത് ഗ്രാമങ്ങളിലെ അരികുകളിൽ ആയിരുന്നു എന്നതാണ്. സ്‌കൂളുകളിലോ സ്‌കൂൾ ഗ്രൗണ്ടുകളിലോ ക്ലബ്ബുകളിലോ മറ്റു സാംസ്കാരിക ഇടങ്ങളിലോ ഇത്തരം നൊമാഡിക് ആർട്ട് ഫോമുകൾ പെർഫോം ചെയ്യാൻ ഇടം കിട്ടിയിരുന്നില്ല എന്നതാണ്. ഫൂക്കോ (Michel Foucault) അധികാരത്തെ സ്ഥാപനങ്ങളിലൂടെയും അറിവിന്റെ ക്രമീകരണങ്ങളിലൂടെയും പ്രവർത്തിക്കുന്ന ഒന്നായി കാണുന്നുണ്ട്. ആ അർത്ഥത്തിൽ ഒരു കല എവിടെ അവതരിപ്പിക്കപ്പെടുന്നു എന്നതും എവിടെ അവതരിപ്പിക്കപ്പെടുന്നില്ല എന്നതും ഒരു സാംസ്കാരിക അധികാരത്തിന്റെ പ്രശ്നം തന്നെയാണ്. ഇടം ലഭിക്കാത്തത് വെറും സ്ഥലത്തിന്റെ അഭാവമല്ല; ഒരു കലാരൂപത്തിന് സമൂഹം നൽകുന്ന സാംസ്കാരിക അംഗീകാരത്തിന്റെ അഭാവം കൂടിയാണ്.

ഭൂമിയുടെ ഒരു സ്വഭാവവും ഇത്തരം ആർട്ട് ഫോമുകൾ അവതരിപ്പിക്കാനുള്ള സ്‌പേസും ഇവയുടെ അവതരണത്തിൽ പ്രധാനവുമാണ്. സൈക്കിൾ യജ്ഞക്കാരൊക്കെ കുളിക്കുന്നതൊക്കെ സൈക്കിളിൽ ആയിരിക്കും. ആർട്ട് പെർഫോം ചെയ്യുന്നതിനോടൊപ്പം തന്നെ അവരുടെ ജീവിതവും അവിടെ തന്നെ രൂപപ്പെട്ടിരുന്നു. അതായത് കലാകാരന്മാരുടെ താമസം, ഭക്ഷണം, പ്രാഥമിക കാര്യങ്ങൾ, അവരുടെ കൂടാരം കെട്ടലുകൾ എന്നിവയുടെ സൗകര്യങ്ങളും ഇത്തരം ആർട്ട് ഫോമുകളുടെ അവതരണത്തിന് വേണ്ടി പരിഗണിക്കേണ്ടതായി വരും. നൊമാഡിക് ആയ മനുഷ്യരുടെ, കീഴാളരായ മനുഷ്യരുടെ ജീവിതം ഗ്രാമത്തിലെ മുഖ്യധാരയ്ക്ക് ഉൾക്കൊള്ളാനും കഴിയുമായിരുന്നില്ല. സാമൂഹികമായി നിർമ്മിക്കപ്പെടുന്ന ഇടം (social production of space) എന്ന ആശയം ഇവിടെ പ്രസക്തമാണ്. ഭൂമി വെറുമൊരു ഭൂമിശാസ്ത്രപരമായ സ്ഥലം മാത്രമല്ല; ആരൊക്കെയാണ് ഒരു പ്രത്യേക ഭൂമിയിൽ വരേണ്ടത്, ആരാണ് അവിടെ പ്രകടനം നടത്തേണ്ടത്, ആരുടെയൊക്കെ ജീവിതമാണ് ആ ഇടത്തിന് സ്വാഭാവികമെന്ന് കരുതപ്പെടുന്നത് എന്നതെല്ലാം സാമൂഹികമായി നിർമ്മിക്കപ്പെടുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ ഈ കലാകാരന്മാരുടെ ടെന്റും വയലും വഴിയും സ്റ്റേജും എല്ലാം അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗങ്ങളായി മാറുന്നു.
അതുപോലെ തന്നെ ഈ പരിപാടികൾ കാണാൻ വരുന്ന കാണികളുമായുള്ള ഇടപെടലുകളും സൂക്ഷ്മപഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. നിലത്ത് ഇരുന്നു കാണുന്നവർ, പായ വിരിച്ച് കാണുന്നവർ, പരിപാടി കാണുമ്പോൾ പൈസ കൊടുക്കുന്നവർ—സിനിമാറ്റിക് ഡാൻസ്, റിക്കാർഡ് ഡാൻസ്, സൈക്കിൾ യജ്ഞം, അതിനോടനുബന്ധിച്ചുള്ള മറ്റു കോമഡി പരിപാടികൾ ഏറ്റവും കൂടുതൽ രസിച്ചതും സാധാരണക്കാരായിരുന്നു. കേരളത്തിൽ ഉത്തമ കലകൾ എന്ന് വാഴ്ത്തിപ്പാടുന്ന കലകളിൽ നിന്നും വ്യത്യസ്തമായി അടിത്തട്ടിലെ കല ആയിരുന്നു റിക്കാർഡ് ഡാൻസ്. അത്തരത്തിലുള്ള ഒരു അപരത്വം ഈ ആർട്ട് ഫോമിനുണ്ടായിരുന്നു. കേരളത്തിന്റെ സവർണമായ സ്‌പേസിൽ നിന്ന് പുറത്താക്കപ്പെട്ട പല കലകളെയും പോലുള്ള മറ്റൊരു കല ആയിരുന്നു റിക്കാർഡ് ഡാൻസ്. cultural capital എന്ന ആശയത്തിലൂടെ വിലയിരുത്തുമ്പോൾ, ഒരു സമൂഹം ‘നല്ല കല’ എന്ന് തീരുമാനിക്കുന്നതും അതിനെ ‘താഴ്ന്ന’ കലയിൽ നിന്ന് വേർതിരിക്കുന്നതും സ്വാഭാവികമായ ഒരു സൗന്ദര്യപരമായ വിധിനിർണ്ണയം (aesthetic judgement) അല്ല. അതിന് പിന്നിൽ വർഗ്ഗവും ജാതിയും വിദ്യാഭ്യാസവും സ്ഥാപനപരമായ അംഗീകാരവും ചേർന്ന ഒരു കൾച്ചറൽ ഹയറാർക്കി ഉണ്ട്. അതുകൊണ്ടുതന്നെ റിക്കാർഡ് ഡാൻസ് ജനപ്രിയമായിരുന്നിട്ടും ‘ഉത്തമ കല’ എന്ന ഔദ്യോഗിക പദവിയിലേക്ക് പ്രവേശിക്കാതെ നിന്നു.

ഇത്തരം ഒരു അപരസമൂഹത്തിന്റെ ഒരു നൊമാഡിക് ആർട്ട് പുതിയ കാലത്ത് വിഷ്വലൈസ് ചെയ്ത അന്താരാഷ്‌ട്ര നിലവാരമുള്ള ഡോക്യുമെന്ററിയാണ് ശിഹാബ് ഓങ്ങല്ലൂർ ക്യാമറയും സംവിധാനവും ചെയ്ത ‘റിക്കാർഡ് ഡാൻസ്’. നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ഈ ഡോക്യുമെന്ററി റിക്കാർഡ് ഡാൻസിനെ ചരിത്രവൽക്കരിക്കുന്ന അപാരമായ ഒരു വിഷ്വൽ ടെക്സ്റ്റ് തന്നെയാണ്. ആദ്യമായി ഈ ഡോക്യുമെന്ററി കാണുമ്പോൾ ഇപ്പോഴും റിക്കാർഡ് ഡാൻസ് എന്ന ഒരു പരിപാടി കേരളസമൂഹത്തിൽ നിലനിൽക്കുന്നു എന്ന ഒരു അത്ഭുതമാണ് തോന്നിയത്. ഈ ഡോക്യുമെന്ററിയിൽ സംസാരിക്കുന്ന മനുഷ്യർ ഒരു ഹ്യൂമൻ ലൈബ്രറി ആയി കൊണ്ട് അവരുടെ ജീവിതത്തിൽ റിക്കാർഡ് ഡാൻസ് എന്ന കലയുടെ, അവരുടെ ജീവിതത്തിൽ അവർ അവതരിപ്പിച്ചതും അതിൽ ജീവിച്ചതുമായ ചരിത്രം പുറത്തെടുത്തു പറയുകയാണ്. ഇവിടെ ഡോക്യുമെന്ററി ഒരു കലാരൂപത്തെ മാത്രം രേഖപ്പെടുത്തുന്നില്ല; ഔദ്യോഗിക ചരിത്രത്തിന്റെ പുറത്തു നിൽക്കുന്ന മനുഷ്യരുടെ ഓർമ്മയെ തന്നെ ഒരു ആർക്കൈവാക്കി മാറ്റുകയാണ്. ഈ ഡോക്യുമെന്ററി ചരിത്രത്തെ വിജയികളുടെ മാത്രം തുടർച്ചയായ രേഖയായി കാണുന്നതിനെ ചോദ്യം ചെയ്യുന്നുണ്ട്. അതുപോലെ റിക്കാർഡ് ഡാൻസിൽ ഇവിടെ ചരിത്രം ഒരു വലിയ സാംസ്കാരിക സ്ഥാപനത്തിൽ നിന്നല്ല വരുന്നത്; ഈ കലാകാരന്മാരുടെ ശരീരത്തിൽ നിന്നും ഓർമ്മയിൽ നിന്നും ജീവിതത്തിൽ നിന്നുമാണ് വരുന്നത്.

ഈ ഡോക്യുമെന്ററി കണ്ടുകഴിയുമ്പോൾ ഓർത്ത ഒരു കാര്യം, ഈ മനുഷ്യരൊക്കെ മാഞ്ഞുപോയാൽ ഈ ഒരു ആർട്ട് ഫോമിന് ഒരു ചരിത്രം രേഖപ്പെടുത്താൻ ഇനി ആൾക്കാർ ഉണ്ടാകുമോ എന്ന ഒരു കാര്യമാണ്. ഈ മനുഷ്യരുടെ മേൽപ്പറഞ്ഞ നൊമാഡിക് ജീവിതം തന്നെയാണ് ഈ ഡോക്യുമെന്ററി കാണിക്കുന്ന വിഷ്വാലിറ്റിയിലൂടെ ആദ്യം എനിക്ക് ദൃശ്യമായത്. അവർ ഒരു ദേശത്ത് റിക്കാർഡ് ഡാൻസ് അവതരിപ്പിക്കാനുള്ള ഇടം തിരഞ്ഞെടുക്കുന്നതിലൂടെ അവരുടെ പരിപാടികൾ ആരംഭിക്കുന്നു. ലോക്കൽ ഭരണകൂട ബോഡികളുടെയും അതുപോലെ പരിസരവാസികളുടെയും സമ്മതം വാങ്ങി അവർ അവിടെ ടെന്റ് അടിക്കുന്നു. അവിടെയാണ് അവർ പെർഫോമൻസ് തുടങ്ങുന്നത്. ഈ നൊമാഡിക് ജീവിതത്തെ ദെല്യൂസും ഗത്താരിയും (Deleuze and Guattari) പറയുന്ന nomadic space എന്ന ആശയത്തിലൂടെ കൂടി വായിക്കാം. സ്ഥിരമായ സ്ഥാപനങ്ങൾ നിർവചിക്കുന്ന സ്ഥിരതയുടെ ഇടങ്ങൾ (striated space)-ന് പുറത്തേക്ക് സഞ്ചരിക്കുന്ന ശരീരങ്ങളാണ് ഇവിടെ കാണപ്പെടുന്നത്. എന്നാൽ അവർ പൂർണ്ണമായും പുറത്തുള്ളവരല്ല; ഓരോ പുതിയ ഇടത്തേക്കും കടക്കുമ്പോഴും അനുമതിയും അംഗീകാരവും വാങ്ങേണ്ടി വരുന്നവരാണ്. അതുകൊണ്ടുതന്നെ ഈ നൊമാഡിക് ജീവിതം സ്വാതന്ത്ര്യത്തിന്റെയും നിയന്ത്രണത്തിന്റെയും ഇടയിൽ നിലകൊള്ളുന്ന ഒന്നാണ്. ഒരേ സമയം സമൂഹത്തിൽ അപരരായും അതേ സമൂഹത്തിന്റെ ഒരു സമയപരിധിക്കുള്ളിലെ ഭാഗമായും അവർ പ്രവർത്തിക്കുന്നു.
ഈ കലാരൂപം രൂപപ്പെടുന്നതിന്റെ മുഴുവൻ ടെക്നിക്കാലിറ്റിയും ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഡോക്യുമെന്ററിയിലൂടെ ദൃശ്യതപ്പെടുത്തുന്നു എന്നതാണ് ഈ വിഷ്വൽ ടെക്സ്റ്റിന്റെ ഒരു മനോഹാരിത. അവരുടെ വാഹനവും അവരുടെ എക്വിപ്‌മെന്റ്സും ആയി ഒരു നാട്ടിലേക്ക് വരുന്നു. അവർ സ്റ്റേജ് കെട്ടുന്നു. കോളാമ്പി കെട്ടുന്നു. മൈക്ക് ടെസ്റ്റ് ചെയ്യുന്നു. ലൈറ്റിങ് അഡ്ജസ്റ്റ് ചെയ്യുന്നു. ഡാൻസ് പെർഫോം ചെയ്യുമ്പോൾ സ്വിച്ച് കൊണ്ട് ലൈറ്റ് ഡിം ചെയ്യുന്നു, ശബ്ദം വെളിച്ചം കൂട്ടിക്കൊടുക്കുന്നു. അതിനോടൊപ്പം ഈ ആർട്ട് ഫോമിന്റെ പിന്നിലെ ടെക്നിക്കാലിറ്റികളുടെ ചരിത്രത്തിലെ മെറ്റാമോർഫോസിസ് ഒക്കെ ഈ സിനിമയിൽ ചരിത്രവൽക്കരിക്കുന്നു. ഒരു കലാരൂപത്തെ അതിന്റെ ഫലമായി മാത്രം കാണാതെ അതിന്റെ പ്രൊഡക്ഷൻ പ്രോസസ്സ് കൂടി കാണിക്കുന്നതിലാണ് ഈ സിനിമയുടെ പ്രധാനപ്പെട്ട രാഷ്ട്രീയമുള്ളത്. ഒരു കലാരൂപം സ്റ്റേജിൽ എത്തുന്നതിന് മുൻപ് അതിന് പിന്നിൽ ഒരു തൊഴിലും സാങ്കേതികവിദ്യയും ശരീരവും ജീവിതവുമുണ്ട്. ഒരു കലയുടെ സൗന്ദര്യത്തെ (aesthetic-)നെ മാത്രം കാണാതെ അതിന്റെ ഭൗതിക സാഹചര്യങ്ങളെ (material conditions) കാണുക എന്നത് തന്നെ ഒരു രാഷ്ട്രീയ വായനയായി മാറുന്നു.
ഒരു കലാകാരൻ പണ്ട് റിക്കാർഡ് ഡാൻസിന് വേണ്ട പാട്ടുകളുടെ റിക്കാർഡ് വാങ്ങിക്കുവാൻ ഒരു കാലത്ത് പൈസ ഉണ്ടായിരുന്നില്ല എന്ന് പറയുന്നു. അതേസമയം ഇന്ന് പാട്ടുകൾ ഒരു പെൻഡ്രൈവിലൂടെ പ്ലേ ചെയ്യുമ്പോഴുള്ള പരിണാമഗതികളെ കുറിച്ചും സംസാരിക്കുന്നു. കോളാമ്പി ഇല്ലെങ്കിൽ പ്രശ്നമാക്കുന്ന നാട്ടുകാരെ കുറിച്ചും പറയുന്നുണ്ട്. ഇവിടെ സാങ്കേതികവിദ്യയുടെ ചരിത്രം വലിയ സ്റ്റുഡിയോകളുടെയും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും ചരിത്രം മാത്രമല്ല. ഒരു പെൻഡ്രൈവിലേക്കും ഒരു കോളാമ്പിയിലേക്കും ഒരു മൈക്കിലേക്കും ഒരു ലൈറ്റ് സ്വിച്ചിലേക്കും ഇറങ്ങിവരുന്ന സാങ്കേതിക ചരിത്രം കൂടിയാണ്. അതായത് ടെക്നോളജി ഇവിടെ മനുഷ്യരുടെ ജീവിതത്തെ മാറ്റുന്ന ഒരു അമൂർത്തതയല്ല (abstract force) അല്ല; അവരുടെ ശരീരത്തോടും തൊഴിലിനോടും ഉപജീവനത്തോടും ചേർന്നുനിൽക്കുന്ന ഒരു മെറ്റീരിയൽ ഹിസ്റ്ററി ആണ്.

അതേസമയം പെൺവേഷം കെട്ടി ഡാൻസ് കളിക്കുന്ന കലാകാരന്റെ ജീവിതം അദ്ദേഹം തന്നെ പറയുന്നു. മണിരത്നം സംവിധാനം ചെയ്ത മൗനരാഗം എന്ന സിനിമയിലെ ‘ചിന്ന ചിന്ന അൻപുക്കാകെ’ എന്ന പാട്ട് പെൺവേഷം കെട്ടിയ ആൺനടൻ മോക്ക് ചെയ്ത് അവതരിപ്പിക്കുന്നത് ഒരു പാട്ടിനെ മോക്ക് ചെയ്യുകയും വീണ്ടും ഡീകൺസ്ട്രക്ട് ചെയ്യുകയുമാണ്. രേവതി എന്ന പൊതുബോധത്തിലെ അതിസുന്ദരിയായ ഒരു നടി ഊട്ടിയിലെ റൊമാന്റിക് അറ്റ്‌മോസ്ഫിയറിൽ ഒരു ഫോക് നൊസ്റ്റാൾജിക് മോഡിൽ അവതരിപ്പിച്ച ഒരു പാട്ട് ഒരു ഉൾനാടൻ ഗ്രാമത്തട്ടിലെ ഒരു അപാരമായ ഭൂമിശാസ്ത്രത്തിലെ സാധാരണക്കാരുടെ മുന്നിൽ ഒരു സ്റ്റേജ് കെട്ടി പുരുഷനായ ഒരാൾ പെൺവേഷം കെട്ടി അതേ റൊമാന്റിസിസം അവതരിപ്പിക്കുമ്പോൾ, ഒരു മോക്കിങ് ആക്ടിങ്ങിലൂടെ മനുഷ്യരുടെ സൗന്ദര്യസങ്കൽപത്തെയും സൗന്ദര്യ ആസ്വാദനത്തെയും അട്ടിമറിക്കുകയും ആണ്. പെൺവേഷം കെട്ടുന്ന ആൺനടൻ വെറും ഒരു സിനിമാനടിയെ അനുകരിക്കുന്നില്ല. സിനിമ നിർമിച്ച സ്ത്രീശരീരത്തിന്റെ സൗന്ദര്യസങ്കൽപത്തെ തന്നെ മറ്റൊരു പുരുഷശരീരത്തിലൂടെ വീണ്ടും പെർഫോം ചെയ്യുകയാണ്. അതിലൂടെ ലിംഗപരതയുടെ സ്ഥിരതയെ തന്നെ ഒരു തമാശയുടെയും പ്രകടനത്തിന്റെയും തലത്തിലേക്ക് മാറ്റുന്നു.
ആൺ പെണ്ണാകുമ്പോഴുള്ള ലിംഗരാഷ്ട്രീയത്തിന്റെ സമസ്യകളെ കുറിച്ച് സംസാരിക്കാതെ ആ മനുഷ്യൻ ഓരോ നടിമാരുടെയും ഡാൻസ് മൂവ്മെന്റുകളുടെ രീതികളെ കുറിച്ച് സംസാരിക്കുന്നു. ജയഭാരതിയുടെയും ഷീലയുടേയുമൊക്കെ ഡാൻസുകൾ പുനർനിർമ്മിക്കുമ്പോൾ പ്രത്യേക രീതികളിലുള്ള ചലനങ്ങൾ വേണമെന്ന ശാരീരിക പഠനങ്ങൾ ഇവർ നടത്തുന്നു. പുതിയ കാലത്ത് പുതിയ തലമുറയിലെ മനുഷ്യർക്ക് സിനിമാറ്റിക് ഡാൻസ് പോലുള്ള ആർട്ട് ഫോമുകൾ പെർഫോം ചെയ്യാൻ വേദികൾ പലതും രൂപപ്പെടുന്നുണ്ട്. പുതിയ സമൂഹത്തിൽ വേദികൾക്ക് പഞ്ഞമുണ്ടെന്ന് തോന്നുന്നില്ല. ടെലിവിഷൻ റിയാലിറ്റി ഷോകൾ മുതൽ ഇങ്ങ് കല്യാണവീടുകൾ വരെ ഒരുപക്ഷേ സിനിമാറ്റിക് ഡാൻസുകൾക്ക് ഇന്ന് സ്ഥാനമുണ്ട്. പക്ഷെ ഒരു കാലത്ത് ഇത്തരം ശരീരങ്ങൾക്കും അവരുടെ അവതരണത്തിനും ലഭിച്ചിരുന്ന ഇടം എവിടെയായിരുന്നു എന്ന ചോദ്യം ഇവിടെ വീണ്ടും തിരിച്ചുവരുന്നു. ശരീരം തന്നെ ഒരു കൾച്ചറൽ ടെക്സ്റ്റ് ആയി മാറുന്നിടത്താണ് ഈ ആർട്ട് ഫോമിന്റെ രാഷ്ട്രീയവും തുടങ്ങുന്നത്. സിനിമ സൃഷ്ടിച്ച ശരീരഭാഷയെ ഇവർ സ്വന്തമാക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്നു.
പക്ഷെ ഇതിലെ ചെറുപ്പക്കാരനായ ഒരു യുവാവ് ഈ റിക്കാർഡ് ഡാൻസ് എന്ന ഒരു ഇടത്ത് ‘പാടപ്പോറേൻ എന്ന പത്തി കേളുങ്കടാ വായ പൊത്തി’ എന്ന പാട്ടിന് ഡാൻസ് കളിക്കുകയാണ്. പുതിയ തലമുറയിലെ ഒരു മനുഷ്യൻ ചരിത്രത്തിൽ മാഞ്ഞുപോയേക്കാവുന്ന ഒരു കലയിലേക്കാണ് കാൽ എടുത്തുവെക്കുന്നത്. പ്രായമായവരിൽ നിന്ന് വ്യത്യസ്തമായി ചടുലമായ പല സ്റ്റെപ്പുകളും അയാൾ പെർഫോം ചെയ്യുകയും ചെയ്യുന്നു. ഈ ഡോക്യുമെന്ററിയിൽ അവതരിപ്പിക്കപ്പെടുന്ന മിക്കവാറും അറുപത് വയസ്സ് കഴിഞ്ഞവരും അതിനടുത്തുള്ളവരും ആകുമ്പോൾ ഈ യുവാവായ മനുഷ്യൻ ഈ കലയുമായി മുന്നോട്ടുപോകുമോ എന്ന ഒരു ചോദ്യം കൂടെ രൂപപ്പെടുന്നു. ഇവിടെ ഒരു കലാരൂപത്തിന്റെ സർവൈവൽ എന്നത് വെറും കലയുടെ സർവൈവൽ അല്ല. ഒരു ജീവിതരീതിയുടെയും ഒരു ശരീരഭാഷയുടെയും ഒരു ജനകീയ ഓർമ്മയുടെയും അതിജീവനം കൂടിയാണ്. മിഷേൽ ഫൂക്കോയുടെ ഭാഷയിൽ പറയുകയാണെങ്കിൽ, അധികാരത്തിന്റെ ഔദ്യോഗിക രേഖകളിൽ പ്രവേശിക്കാതെ പോകുന്ന അറിവുകൾക്ക് പോലും സ്വന്തം ചരിത്രമുണ്ട്. ഈ യുവാവിന്റെ ശരീരം ആ ചരിത്രത്തിന്റെ അടുത്ത വാഹകനാകുമോ എന്നതാണ് ഡോക്യുമെന്ററി നമുക്ക് മുന്നിൽ വയ്ക്കുന്ന മറ്റൊരു ചോദ്യം.

റിക്കാർഡ് ഡാൻസ് എന്ന ഈ ഡോക്യുമെന്ററി കാണുമ്പോൾ ഇത് കേരളീയ ഗ്രാമങ്ങളുടെ ജിയോഗ്രഫികളുടെ അപരമനുഷ്യരുടെ വ്യത്യസ്തങ്ങളായ വിഷ്വൽ ടെക്സ്റ്റ് ആയി മാറുന്നു. ഈ പരിപാടി അവതരിപ്പിക്കുന്ന മനുഷ്യരുടെ ക്ലോസ് അപ്പുകൾ, അവരുടെ ചരിത്രം റിക്കോർഡ് ചെയ്യുന്ന രീതി, അവരുടെ പരിപാടികളുടെ ലൈറ്റിങ് രീതികൾ, ടെക്നിക്കാലിറ്റികൾ തുടങ്ങിയവ എല്ലാം ഈ ഡോക്യുമെന്ററിയിൽ ദൃശ്യതപ്പെടുന്നു. അതിനോടൊപ്പം ഈ ടെക്നിക്കാലിറ്റിക്ക് അപ്പുറം അതീവമായ ആഴത്തിലുള്ള പാരിസ്ഥിതിക ബോധത്തിലൂടെ അപ്പുറത്തതോടെ പശുവിന്റെ കെട്ടഴിച്ച് പോകുന്ന സ്ത്രീയെയും, പട്ടിക്ക് ട്രൗസർ തയ്പ്പിച്ചു തരാമെന്ന് പറയുന്ന കലാകാരനെയും, നാട്ടിലൂടെ ഓടിനടക്കുന്ന പട്ടികളെയും സസ്യങ്ങളെയും ഒക്കെ കാണിക്കുന്ന അപാരമായ പാരിസ്ഥിതിക ബോധത്തോടെയാണ് ഈ ഡോക്യുമെന്ററി വിഷ്വലൈസ് ചെയ്യുന്നത്. അതേസമയം ഈ റിക്കാർഡ് ഡാൻസ് പരിപാടിയിലെ ഓരോ ഡാൻസും കോമഡിയും അഡ്വഞ്ചർ ആക്ടും ഒരു കാണിയെ പോലെ ഇതിന്റെ ക്യാമറ കൗതുകതയോടെ കാണുകയും ചെയ്യുന്നു. ഈ പരിപാടി കാണുന്ന ഓരോ മനുഷ്യരെയും ക്ലോസ് അപ്പിലൂടെ വിഷ്വലൈസ് ചെയ്യുകയും ചെയ്യുന്നു. സ്റ്റാറ്റിക് ഷോട്ടുകളിലൂടെ, മനുഷ്യരുടെ ക്ലോസ് അപ്പ് ഷോട്ടുകളിലൂടെ, ഉള്ള വർത്തമാനങ്ങളിലൂടെ, ഹ്യൂമൻ ലൈബ്രറികൾ ചരിത്രവൽക്കരിക്കുന്നതിലൂടെ ഈ മനുഷ്യരെ ഡോക്യുമെന്റ് ചെയ്യുന്നു. ഇവിടെ ക്യാമറ ഒരു പുറത്തുനിൽക്കുന്ന നിരീക്ഷകൻ മാത്രമല്ല; ഇതുവരെ സാംസ്കാരികമായി വീസിബിലിറ്റി ലഭിക്കാതിരുന്ന മനുഷ്യർക്ക് ഒരു വിഷ്വൽ പ്രെസൻസ് നൽകുന്ന ഉപാധിയായി മാറുന്നു. ഒരു മനുഷ്യൻ എങ്ങനെ പ്രതിനിധീകരിക്കപ്പെടുന്നു എന്നത് മാത്രമല്ല, ആരാണ് പ്രതിനിധീകരിക്കപ്പെടുന്നത്, ആരാണ് പ്രതിനിധാനത്തിൽ നിന്ന് പുറത്താക്കപ്പെടുന്നത് എന്നതുകൂടിയാണ് ചോദ്യം. ആ അർത്ഥത്തിൽ ഈ ഡോക്യുമെന്ററിയുടെ രാഷ്ട്രീയവും അതിലെ മനുഷ്യ ശരീരങ്ങളുടെ ദൃശ്യതയിലാണ്.
മലയാളത്തിൽ ഉണ്ടായിട്ടുള്ള ഒരു അന്താരാഷ്‌ട്ര നിലവാരമുള്ള പൊളിറ്റിക്കൽ ആയ ഒരു ഡോക്യുമെന്ററിയാണ് ‘റിക്കാർഡ് ഡാൻസ്’. എന്നാൽ അതിന്റെ രാഷ്ട്രീയം ഒരു മുദ്രാവാക്യത്തിലോ പ്രത്യക്ഷമായ രാഷ്ട്രീയ പ്രസ്താവനയിലോ മാത്രം നിലനിൽക്കുന്നില്ല. ഒരു കല എവിടെ നടക്കുന്നു, ആരാണ് അത് അവതരിപ്പിക്കുന്നത്, ആരാണ് അത് കാണുന്നത്, ഏത് ശരീരമാണ് അതിൽ പ്രത്യക്ഷപ്പെടുന്നത്, ഏത് സാങ്കേതികവിദ്യയാണ് അതിനെ നിലനിർത്തുന്നത്, ആരുടെ ഓർമ്മയാണ് അതിന്റെ ചരിത്രമായി മാറുന്നത് എന്നിങ്ങനെ വളരെ ചെറിയ കാര്യങ്ങളിലൂടെ തന്നെ അതിന്റെ രാഷ്ട്രീയം രൂപപ്പെടുന്നു. അതുകൊണ്ടുതന്നെ റിക്കാർഡ് ഡാൻസ് എന്ന ഡോക്യുമെന്ററി ഒരു കലാരൂപത്തിന്റെ ഡോക്യുമെന്റേഷൻ മാത്രമല്ല; കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ പുറത്താക്കപ്പെട്ട ഒരു വിഷ്വൽ കൾച്ചറിന്റെ ആർക്കൈവ് കൂടിയാണ്. ഒരു കാലത്ത് വയലിന്റെ അരികിലും കോളനിയുടെ അരികിലും ടെന്റിന്റെ അരികിലും നിന്നിരുന്ന ഒരു കലാരൂപം ക്യാമറയ്ക്കുള്ളിൽ പ്രവേശിക്കുമ്പോൾ, അത് വെറും രേഖപ്പെടുത്തപ്പെടുകയല്ല ചെയ്യുന്നത്; ചരിത്രത്തിന്റെ കേന്ദ്രത്തോട് തന്നെ ഒരു പുതിയ ചോദ്യം ചോദിക്കുകയാണ്.





No Comments yet!