അമ്മ ഒറ്റയ്ക്കായി പോയിരിക്കുന്നു
വെറുതേയിരിക്കും നേരങ്ങളില്‍
ബട്ടനുകള്‍ കൊണ്ടു കളിക്കുന്നു
പഴയ ഉടുപ്പുകളില്‍ നിന്നും
എപ്പോഴെങ്കിലും ഉപയോഗിക്കാമെന്നു കരുതി
എടുത്തുവയ്ക്കാറുണ്ടായിരുന്ന ബട്ടനുകള്‍
ഓരോ ബട്ടനെയും തൊടുന്നു
അതിന്റെ രൂപത്തെ തൊട്ടനുഭവിക്കുന്നു
ആ ബട്ടന് ഭാഗമായിരുന്ന ഉടുപ്പ്
ആ ഉടുപ്പണിഞ്ഞ മനുഷ്യര്‍
അവരോടുള്ള അടുപ്പം
അവരുടെ വേര്‍പിരിയല്‍
ഒക്കെയും ഓര്‍മ്മിക്കുന്നു
എല്ലാ നിറങ്ങളിലുമുള്ള
എല്ലാ ആകൃതികളിലുമുള്ള
എല്ലാ തരങ്ങളിലുമുള്ള
ആ ബട്ടനുകള്‍
അവളുടെ ആറാം പിറന്നാളിന്റെ ചുവന്ന ഫ്രോക്കില്‍
എത്ര ചേര്ച്ചയുണ്ടായിരുന്നുവല്ലേ…
മുത്തുകളാല്‍ അലങ്കരിച്ച ഈ ബട്ടന്
അദ്ദേഹത്തിന്റെ സില്‍ക്ക് കുര്‍ത്തയിലെ ഈ ബട്ടന്
ബിട്ടുവിന്റെ പാന്റിന്റെ ഈ ബട്ടന്
ചിലപ്പോള്‍ പത്രത്താളിന്മേല് അലങ്കരിച്ചുവയ്ക്കും
ചിലപ്പോഴോ കൈവെള്ളയില്‍ വച്ചു കളിക്കും
കാളിയമ്പലത്തിന്നരികെ, ആര്യവേപ്പിന്കീഴില്
പകിട കളിക്കുന്നതും ഗോട്ടി കളിക്കുന്നതും
ഓര്‍മ്മ വരും
പിന്നെയോ, അവര്‍ക്കോര്‍മ്മ വരും
അവരുടെ അമ്മയുടെ ബ്ളൌസിന്റെ ബട്ടനുകള്‍;
ഹുക്കുണ്ടായിരുന്നില്ല
വയസ്സായ കണ്ണിനു ബട്ടന് ഹോളുകള്‍ പരതി കണ്ടെത്താം
പക്ഷേ, ഹുക്ക് കുടുക്കിലാക്കാന്‍ കഴിയില്ലല്ലോ:
അമ്മ പറയാറുണ്ടായിരുന്നു
അച്ഛന്റെ ഖാദി കുര്‍ത്തയുടെ ബട്ടന്
ഇവിടെയെവിടെയോ ഉണ്ടെന്നവര്‍
ദിവസം മുഴുവന്‍ തിരഞ്ഞുകൊണ്ടേയിരുന്നു
സ്വന്തം ആള്ക്കാരെക്കുറിച്ചോര്ക്കാന് മറന്ന്
ദിവസം കഴിച്ചുകൂട്ടിക്കൊണ്ടിരിക്കുന്നൂ ബട്ടന്
ഒറ്റപ്പെടല്‍ പങ്കിട്ടു കൊണ്ടേയിരിക്കുന്നൂ ബട്ടന്.
***
കവിപരിചയം:

ഡോ. അനാമിക അനു
ബിഹാറിലെ മുസാഫർപൂരിൽ ജനിച്ച് തിരുവനന്തപുരത്തു ജീവിക്കുന്ന ഹിന്ദി കവിയും എഴുത്തുകാരിയും. ഇഞ്ചിക്കറി എന്നപേരിൽ ആദ്യഹിന്ദി കവിതാസമാഹാരം. പ്രശസ്ത കവി സച്ചിദാനന്ദന്റെ കവിതകൾ സിദ്ധാർഥ് ഔർ ഗിൽഹരി എന്ന പേരിൽ ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. അവരുടെ ഏറ്റവും പുതിയ കവിതാസമാഹാരമാണ് മേം ദീവാരോം പർ ഖിഡ്കിയാം ലിഖ് രഹി ഹും. അനാമിക അനുവിന്റെ കവിതകൾ അനേകം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
വിവര്‍ത്തക പരിചയം

കെ. വിനോദ് കുമാർ
എഴുത്തുകാരൻ. കവിതകൾ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും ഹിന്ദിയിലേക്കും തിരിച്ചും തർജ്ജമ ചെയ്യാറുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോടിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയി ജോലി ചെയ്യുന്നു.







No Comments yet!