Skip to main content

എന്റെ മുംബൈ ജീവിതത്തിലെ ഒരു ചീന്ത്

”ഏക്, തീസ് റുപ്പയേ കാ ഹെ…’

‘ഏക്, തീസ് റുപ്പയേ കാ ഹെ, ദോ ലേനേ പര്‍ പച്ചാസ് റുപ്പയേ…’

കുഞ്ഞുവായില്‍ വലിയ സംസാരവുമായി, മുതിര്‍ന്നൊരു തെരുവുകച്ചവടക്കാരിയുടെ ചേഷ്ടകളും ആത്മവിശ്വാസവുമായി, മുംബൈ CST-യില്‍ നിന്ന് പന്‍വേലിലേക്കുള്ള ലോക്കല്‍ ട്രെയിനില്‍ ടിഷ്യു പേപ്പര്‍ കച്ചവടം തകൃതിയായി നടത്തുന്ന ഒരു കൊച്ചുമിടുക്കി.

കാഴ്ചയില്‍ അഞ്ചോ ആറോ വയസ്സിനപ്പുറം പ്രായം തോന്നിക്കാത്ത ആ കുഞ്ഞിന്റെ വാക്കുകളിലെ കച്ചവടച്ചാതുര്യം എന്നെ അത്ഭുതപ്പെടുത്തി. ഓരോ യാത്രക്കാരന്റെയും അടുത്തെത്തി, വില പറഞ്ഞും രണ്ടെണ്ണം വാങ്ങിയാല്‍ നല്‍കുന്ന ഇളവ് പറഞ്ഞും അവള്‍ തന്റെ ചെറിയ കച്ചവടം മുന്നോട്ടുകൊണ്ടുപോകുന്നു. ഇത്രയും ചെറിയ പ്രായത്തില്‍ സ്വന്തം ഉപജീവനത്തിനായി അവള്‍ പഠിച്ചെടുത്ത ആ ‘മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി’ കൗതുകകരമായിരുന്നു.
പക്ഷേ, അവളുടെ കൈയിലെ ടിഷ്യു പേപ്പറിനേക്കാള്‍ എന്റെ മനസ്സില്‍ തങ്ങിനിന്നത് മറ്റൊന്നായിരുന്നു.
ഈ കുഞ്ഞ് ഇവിടെ എങ്ങനെ എത്തി?

ആരാണ് അവളെ ദിവസവും ഈ ട്രെയിനിലേക്ക് അയയ്ക്കുന്നത്? അവള്‍ സ്‌കൂളില്‍ പോകുന്നുണ്ടോ? അവള്‍ക്ക് വീടുണ്ടോ? അവളുടെ ദിവസത്തെ വരുമാനം ആരുടെ കൈകളിലേക്കാണ് എത്തുന്നത്? അവള്‍ക്ക് അസുഖം വന്നാല്‍ ആരാണ് നോക്കുന്നത്? ആറു വയസ്സുകാരിയുടെ ലോകത്ത് ‘ഉപജീവനം’ എന്ന വാക്ക് എങ്ങനെയാണ് ഇത്ര നേരത്തെ കടന്നുവന്നത്? ചോദ്യങ്ങള്‍ ഒന്നിനുപിറകെ ഒന്നായി മനസ്സില്‍ വന്നു. വല്ലപ്പോഴും മാത്രം നാടുകാണാനിറങ്ങുന്ന ഒരു ഗൃഹസ്ഥയായ എനിക്ക്, ദിനംപ്രതി ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ മുഖഭാവങ്ങളും സ്വാഭാവികമായ ചേഷ്ടകളും അത്ര പരിചിതമല്ല. അതുകൊണ്ടുതന്നെ ഇത്തരം കാഴ്ചകള്‍ മുന്നില്‍ വരുമ്പോള്‍, അവരുടെ അവസ്ഥയോടുള്ള സഹതാപം മുഖത്ത് എഴുതിവെച്ചതുപോലെ തെളിഞ്ഞുവരും. അതു മനസ്സിലാക്കിയിട്ടാകും അവള്‍ എന്റെ അടുത്ത് പറ്റിക്കൂടിയത്.

എന്നാല്‍ പഠനാവശ്യങ്ങള്‍ക്കായി ദിനംപ്രതി യാത്ര ചെയ്യുന്ന എന്റെ മകള്‍ ഉള്‍പ്പെടെയുള്ള മറ്റു യാത്രക്കാര്‍ക്ക് ഇതൊരു പതിവുകാഴ്ച മാത്രമായിരുന്നു. അവളുടെ നിഷ്‌കളങ്കമായ ചിരിയിലും സംസാരത്തിലും മയങ്ങിയ ഞാന്‍, ആവശ്യമില്ലെങ്കിലും മുപ്പതു രൂപയ്ക്ക് ഒരു പാക്കറ്റ് വാങ്ങാന്‍ തയ്യാറായി.
ചില്ലറയായി പണം കൈയില്‍ ഇല്ലാതിരുന്നതിനാല്‍ അന്‍പതു രൂപയുടെ ഒറ്റനോട്ട് നല്‍കി ബാക്കി തുകയ്ക്കായി കൈ നീട്ടുമ്പോള്‍, എന്നെ മയക്കുന്ന മറ്റൊരു ചിരിയുമായി ആ കുഞ്ഞുമിടുക്കി വീണ്ടും…

Chhatrapati Shivaji Terminus - Wikipedia

”പച്ചാസ് റുപ്പയേ മേം ദോ ലേഗാ, ഭുവാ ജീ? ബാക്കി ദേനേ കേലിയേ പൈസാ നഹീം ഹെ.”

എന്നൊരു പറച്ചിലോടെ തല ചെരിച്ചു ഒരു കള്ളക്കൊഞ്ചല്‍.

ഇത്തവണ അവളുടെ ആ പറച്ചില്‍ കേട്ട് അത്ഭുതംകൂറി എന്റെ മകള്‍ എന്നെ നോക്കി, വാത്സല്യം കലര്‍ന്ന ഒരു ചിരിയോടെ, അമ്മയ്ക്ക് മതിയായില്ലേ എന്നൊരു ചോദ്യവും.
അവള്‍ ചോദിച്ച അതേ താളത്തില്‍, അവളെ കൊഞ്ചിച്ചുകൊണ്ട്,

‘ഇരുപതു രൂപ തിരിച്ചു തരാനില്ലെങ്കില്‍ ആ അന്‍പതു രൂപ ആന്റിക്ക് തിരികെ തന്നോളൂ, മകളേ’ എന്ന് ഞാന്‍ തിരിച്ചു പറഞ്ഞു. അപ്പോള്‍ ഒരു കള്ളച്ചിരിയോടെ, ‘ആ, ഒരു ഇരുപതു രൂപാ നോട്ട് ഉണ്ട്, ആന്റി’ എന്ന് പറഞ്ഞുകൊണ്ട് അവള്‍ എനിക്ക് പണം തിരികെ തന്നു. അവളുടെ വില്‍പ്പനയിലെ മിടുക്കുകള്‍ എല്ലാവരിലും ചിരി ഉണര്‍ത്തി.
അവളുടെ അടുത്തുകൂടി ആളുകള്‍ കടന്നുപോയി.

ചിലര്‍ വാങ്ങി. ചിലര്‍ നിരസിച്ചു. ചിലര്‍ അവളെ നോക്കിയതേയില്ല. ട്രെയിന്‍ മുന്നോട്ടുപോയി. അവള്‍ അടുത്ത ബോഗിയിലേക്ക് നടന്നു.
ട്രെയിന്‍ വീണ്ടും ഒരു സ്റ്റേഷനില്‍ നിര്‍ത്തി.

”ഏക്, തീസ് റുപ്പയേ കാ ഹെ…’

അതേ ശബ്ദം. അതേ ചിരി. അതേ കച്ചവടം. അവള്‍ക്ക് അതൊരു സാധാരണ ദിവസമായിരിക്കാം. എന്നാല്‍ എനിക്ക് അതൊരു ചോദ്യമായി മാറിയ ദിവസമായിരുന്നു. നമ്മള്‍ യാത്ര ചെയ്യുന്ന ഓരോ ലോക്കല്‍ ട്രെയിനും എത്രയോ കഥകള്‍ വഹിച്ചുകൊണ്ടാണ് കടന്നുപോകുന്നത്. ചില കഥകള്‍ ടിക്കറ്റ് വാങ്ങി യാത്ര ചെയ്യുന്നവരുടേത്. ചിലത് ടിക്കറ്റ് പോലും വാങ്ങാന്‍ കഴിയാത്തവരുടേത്. നൂറു രൂപയില്‍ താഴെ ദിവസക്കൂലിക്ക് അസംഘടിത മേഖലകളില്‍ പണിയെടുക്കുന്ന എത്രയോ പാവപ്പെട്ടവരും ഈ മഹാനഗരത്തിന്റെ ഭാഗമാണ്. യാതൊരു സുരക്ഷാസംവിധാനങ്ങളുടെയും സഹായമില്ലാതെ പൊരിവെയിലില്‍ ആകാശഗോപുരങ്ങള്‍ക്കു മുകളില്‍ പണിയെടുക്കുന്നവര്‍. അരയില്‍ കെട്ടിയ ഒറ്റക്കയറിന്റെ പിന്‍ബലത്തില്‍, അല്ലെങ്കില്‍ ഒരു കയറിന്റെ അറ്റത്ത് ഇരിക്കാനായി ഒരുക്കിയ ചെറിയൊരു തടിക്കഷ്ണത്തിന്റെ ധൈര്യത്തില്‍, നിര്‍മ്മാണത്തൊഴിലാളികളും കെട്ടിടങ്ങള്‍ക്ക് നിറം പൂശുന്നവരും ജീവിതത്തിന്റെ ഞാണില്‍ തൂങ്ങിയാടുന്നതും അരച്ചാണ്‍ വയറിന്റെ വിശപ്പടക്കാന്‍ വേണ്ടിയല്ലേ? അത്തരം ആളുകളുടെ സുരക്ഷയെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത രീതിയിലാണ് ഇവിടെ കാര്യങ്ങള്‍ നടന്നുപോകുന്നത്.
ഒരിക്കല്‍ എന്റെ കാല്‍ സ്‌കാന്‍ ചെയ്യുന്നതിനായി ഒരു കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജില്‍ സ്‌കാനിങ് റൂമിനു വെളിയില്‍ ഊഴവും കാത്തിരിക്കുകയായിരുന്നു. അവിടെ എന്റെ മുന്നില്‍ നടന്നൊരു സംഭവം വല്ലാതെ ഉള്ളുലയ്ക്കുന്നതായിരുന്നു.

ഏതോ നിര്‍മ്മാണസ്ഥലത്തുവെച്ച് അപകടം പറ്റിയ ഒരു ചെറുപ്പക്കാരനെ കൈകാലുകള്‍ ചോരയില്‍ കുളിച്ച നിലയില്‍ കൊണ്ടുവന്നിരിക്കുന്നു. ദേഹവും വസ്ത്രവും മുഴുവനും സിമന്റിന്റെ പൊടിയാണ്. അയാള്‍ ഞെരങ്ങുകയും ഇടയ്ക്കിടയ്ക്ക് ചെറുതായി കരയുകയും ചെയ്യുന്നുണ്ട്. ആ ഒരവസ്ഥയിലും അയാളെ സ്‌കാനിങ് റൂമിനു പുറത്ത് സ്‌ട്രെച്ചറില്‍ കിടത്തി കാത്തിരുത്തുന്ന മനുഷ്യത്വരഹിതമായ കാഴ്ച!
എന്റെ പേരു വിളിച്ച് അകത്തേക്ക് കയറ്റുമ്പോള്‍, എനിക്ക് സാവകാശം മതി, ആദ്യം അയാളുടെ സ്‌കാന്‍ ചെയ്തുകൊള്ളൂ എന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചു. അവിടെയുള്ളവര്‍ അത് ചെവിക്കൊള്ളാന്‍ തയ്യാറാകാതെ എന്നെ അയാള്‍ക്കു മുന്‍പേ സ്‌കാന്‍ ചെയ്ത് വിട്ടു. ഞാന്‍ പുറത്തിറങ്ങിപ്പോരുമ്പോഴും ആ മനുഷ്യന്‍ തന്റെ ഊഴം കാത്ത് കിടക്കുന്നത് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.

Mumbai local compartments to be painted saffron? Here's what Railway is planning to keep women safe - India News | The Financial Express

വളരെ സാധാരണക്കാരായ മനുഷ്യരോടുള്ള സമൂഹത്തിന്റെ മനുഷ്യത്വരഹിതമായ നിലപാട് ഇത്തരത്തിലുള്ളതാണ്. ഈ ലോകം പണമുള്ളവരുടേത് മാത്രമാണോ? നാനാവിധമായ മേഖലകളില്‍ വിയര്‍പ്പൊഴുക്കി രാജ്യത്തിനുവേണ്ടി, നാടിനുവേണ്ടി പണിയെടുക്കുന്ന സാധാരണക്കാരന്റേതുകൂടിയല്ലേ?
ഞാന്‍ ട്രെയിനില്‍ കണ്ട ആ കുട്ടി അവിടെത്തന്നെ ഉണ്ടായിരുന്നു. പക്ഷേ, അതേ പ്രായത്തിലുള്ള എത്ര കുട്ടികളെയാണ് നമ്മള്‍ കാണാതെ കടന്നുപോകുന്നത്? അവിടെയാണ് ഈ ചെറിയ കാഴ്ച മറ്റൊരു വലിയ ചോദ്യമായി മാറുന്നത്. ട്രെയിനില്‍ കാണുന്ന കുട്ടിയില്‍ നിന്ന് കാണാതെ പോകുന്ന കുട്ടികളിലേക്ക്…

ഒരു കുട്ടിയെ കാണാതാകുമ്പോള്‍, സാധാരണയായി നമ്മള്‍ ആദ്യം ചിന്തിക്കുന്നത് അവന്റെ അല്ലെങ്കില്‍ അവളുടെ കുടുംബത്തെക്കുറിച്ചാണ്. എന്നാല്‍ ഒരു കുട്ടി കുടുംബത്തില്‍ നിന്ന് അകന്നുപോകാനുള്ള കാരണങ്ങള്‍ പലതായിരിക്കാം. സ്‌നേഹം നഷ്ടപ്പെടല്‍, വീട്ടില്‍നിന്ന് ഒളിച്ചോടല്‍, തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, ഉപേക്ഷിക്കപ്പെടല്‍ തുടങ്ങി വിവിധ സാഹചര്യങ്ങള്‍ ‘missing child’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ബസ് സ്റ്റോപ്പുകളിലും തെരുവുകളിലും കണ്ടെത്തപ്പെടുന്ന കുട്ടികളും ഈ സംവിധാനത്തിന്റെ പരിധിയില്‍ വരുന്നു.

അതായത്, ‘കാണാതായ കുട്ടി’ എന്നത് ഒരു വീട്ടില്‍നിന്ന് അപ്രത്യക്ഷമായ കുട്ടി മാത്രമല്ല. തെരുവില്‍ കഴിയുന്ന കുട്ടികള്‍ സമൂഹത്തിന്റെ തിരക്കിനിടയില്‍ കുടുംബത്തിന്റെ കണ്ണില്‍നിന്നും സംവിധാനത്തിന്റെ ശ്രദ്ധയില്‍നിന്നും ചിലപ്പോള്‍ നമ്മുടെ തന്നെ കാഴ്ചയില്‍നിന്നും അപ്രത്യക്ഷരാകുന്നുണ്ട്.
2023-ലെ NCRB Crime in India കണക്കുകളില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളെ സംബന്ധിച്ച ‘missing and traced’ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ തയ്യാറാക്കുന്നത്. അതിനാല്‍ ഇവയെ രാജ്യത്തെ ഓരോ ദിവസത്തെയും യഥാര്‍ത്ഥ സംഭവങ്ങളുടെ പൂര്‍ണ്ണചിത്രം എന്നതിലുപരി, ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ രേഖയായി മാത്രം കാണാം. പൂര്‍ണ്ണമായ വിവരങ്ങള്‍ അതിലും എത്രയോ ഭീകരമായിരിക്കാം.
കണക്കുകള്‍ നമ്മെ ഞെട്ടിപ്പിക്കാനല്ല.

ഒരു കുട്ടിയുടെ പേര് ഒരു കണക്കായി മാറുന്നതിനുമുമ്പ്, അവന്‍ ആരുടെയോ ലോകത്തിന്റെ കേന്ദ്രമായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കാനാണ്. മുംബൈ പോലൊരു നഗരത്തില്‍ പലപ്പോഴും പലയിടത്തായി നമ്മള്‍ കുട്ടികളെ കാണുന്നു.
റെയില്‍വേ സ്റ്റേഷനുകളില്‍. ലോക്കല്‍ ട്രെയിനുകളില്‍. സിഗ്‌നലുകള്‍ക്കരികില്‍. ഹോട്ടലുകള്‍ക്ക് മുന്നില്‍. പാതയോരങ്ങളില്‍.

കൈയില്‍ പൂക്കളുമായും കളിപ്പാട്ടങ്ങളുമായും ടിഷ്യു പേപ്പറുമായും അവര്‍ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു.
നമ്മള്‍ അവരെ കാണുന്നു. പക്ഷേ, അവരുടെ ജീവിതം കാണുന്നില്ല. അവരുടെ മുഖം ഓര്‍ക്കുന്നില്ല.
അവരുടെ പേര് ചോദിക്കുന്നില്ല. അവര്‍ അടുത്ത ദിവസവും അതേ സ്ഥലത്ത് ഉണ്ടാകുമോ എന്നും ചിന്തിക്കുന്നില്ല.
ഒരു കുട്ടിയെ കാണാതാകുമ്പോള്‍ മാത്രം ‘കുട്ടികള്‍ എവിടെ പോകുന്നു?’ എന്ന ചോദ്യം നമ്മള്‍ ചോദിക്കുന്നു.
പക്ഷേ, അതിനുമുമ്പ് ഒരിക്കല്‍ പോലും,

‘ഈ കുട്ടി ഇവിടെ എന്തിനാണ്?’ എന്ന് ചോദിക്കാറില്ല.

ഒരു കുട്ടിയെ കാണാതാകുന്നത് എപ്പോള്‍? വീട്ടില്‍നിന്ന് കാണാതായ ദിവസം മാത്രമാണോ?
സ്‌കൂളില്‍ പോകേണ്ട പ്രായത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങുന്ന ദിവസം മുതല്‍ തന്നെ അവന്റെ ബാല്യം കുറേശ്ശെ കാണാതാകുകയല്ലേ? കളിക്കേണ്ട കൈകളില്‍ കച്ചവടച്ചാക്ക് എത്തുമ്പോള്‍? പഠിക്കേണ്ട സമയത്ത് ട്രെയിനില്‍ കച്ചവടം നടത്തുമ്പോള്‍? ഒരു കുട്ടിയുടെ സ്വപ്നങ്ങളെക്കുറിച്ച് ചോദിക്കാന്‍ പോലും ആരുമില്ലാതാകുമ്പോള്‍?
ഇവയ്ക്ക് നിയമപരമായ ‘missing child’ എന്ന നിര്‍വചനവുമായി ഒരേ അര്‍ത്ഥമില്ല. എന്നാല്‍ ഒരു സാമൂഹിക യാഥാര്‍ഥ്യം എന്ന നിലയില്‍ അവ നമ്മെ മറ്റ് പല ചോദ്യങ്ങളിലേക്കും നയിക്കേണ്ടതുണ്ട്.
ആരാണ് കുട്ടികളുടെ ഈ ദുരവസ്ഥയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്? ഈ കുട്ടികളെ സംരക്ഷിക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്?

Western Railway Finally Modernises Ladies Coach Logo. Now Women Wear Suits Not Sarees! | WhatsHot Mumbai

നമ്മുടെ കണ്‍മുന്നിലുള്ള കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത ഒരു സമൂഹം, കാണാതായ കുട്ടികളെ എങ്ങനെ കണ്ടെത്തും? കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായി രാജ്യത്ത് വിവിധ സംവിധാനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്. ഔദ്യോഗികമായി Track Child സംവിധാനം കാണാതായതും കണ്ടെത്തപ്പെട്ടതുമായ കുട്ടികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപപ്പെടുത്തിയതായിരുന്നു. ഈ സേവനങ്ങള്‍ പിന്നീട് Mission Vatsalya സംവിധാനത്തിലേക്ക് മാറ്റുന്ന നടപടിയും സര്‍ക്കാര്‍ പോര്‍ട്ടല്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ ഒരു സംവിധാനത്തിന്റെ നിലനില്‍പ്പുകൊണ്ടു മാത്രം മതിയാകില്ല.
ഒരു കുട്ടിയെ കാണുമ്പോള്‍ നമുക്ക് അവനെ മനുഷ്യനായി കാണാനുള്ള മനസ്സുണ്ടാകണം.
മുംബൈ നഗരത്തില്‍ ട്രെയിനുകള്‍ ഇടതടവില്ലാതെ യാത്ര തുടരുന്നു.
ചിലര്‍ പല സ്റ്റേഷനുകളിലായി ഇറങ്ങുന്നു. ചിലര്‍ അടുത്ത ട്രെയിനില്‍ കയറുന്നു. ചിലര്‍ വീട്ടിലെത്തുന്നു. ചിലര്‍ എവിടെയോ എത്തിപ്പെടുന്നു. ചിലര്‍ മാത്രം… പിന്നെ ഒരിക്കലും കാണുന്നില്ല.

അന്ന് ആ കൊച്ചുമിടുക്കി വില്‍ക്കാന്‍ കൊണ്ടുവന്നത് ടിഷ്യു പേപ്പറുകളായിരുന്നു.
പക്ഷേ, അവള്‍ അറിയാതെ എന്റെ മുന്നില്‍ തുറന്നുവെച്ചത് ഒരു വലിയ ചോദ്യമായിരുന്നു.
നമ്മുടെ നഗരത്തിന്റെ തിരക്കിനിടയില്‍, നമ്മള്‍ ദിവസവും കാണാതെ പോകുന്ന എത്രയോ കുട്ടികളുണ്ട്.
ഒരു ദിവസം ഒരു കുട്ടിയുടെ ചിത്രം ‘കാണാതായവര്‍’ എന്ന പോസ്റ്ററില്‍ പതിയുമ്പോഴല്ല, അവന്‍ നമ്മുടെ കണ്‍മുന്നിലൂടെ കടന്നുപോകുന്ന ഓരോ ദിവസവും നമ്മള്‍ അവനെ കാണേണ്ടതുണ്ട്.
കാരണം, ചില കുട്ടികള്‍ കാണാതാകുന്നത് ഒരുദിവസം പെട്ടെന്നല്ല.

അവരെ കാണാതെ പോകുന്ന നമ്മുടെ ശീലങ്ങളില്‍ നിന്നാണ് ചില അപ്രത്യക്ഷമാകലുകള്‍ തുടങ്ങുന്നത്.
ഇവിടെ ‘ദിവസവും ഇത്ര കുട്ടികള്‍ കാണാതാകുന്നു’ എന്നൊരു കൃത്യമായ സംഖ്യ ഞാന്‍ മനഃപൂര്‍വം ചേര്‍ത്തിട്ടില്ല. ലഭ്യമായ ഔദ്യോഗിക കണക്കുകള്‍ വര്‍ഷം, സംസ്ഥാനം, റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ എന്ന രീതിയിലാണ്. അതിനാല്‍ അതിനെ ‘ദിവസവും’ എന്ന കണക്കാക്കി മാറ്റുന്നത് തെറ്റിദ്ധരിപ്പിക്കാം. മാത്രവുമല്ല, അത്തരം കണക്കുകള്‍ വായനക്കാരനു മുന്നില്‍ നിരത്തുക എന്ന ഉദ്ദേശമല്ല ഇവിടെ എനിക്കുള്ളത്. എന്റെ 23 വര്‍ഷത്തെ മുംബൈ ജീവിതത്തിലെ നഗരക്കാഴ്ചകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും എന്റെ മനസ്സിനെ സ്വാധീനിച്ച ഒരു ചീന്ത് ഇവിടെ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

ഈ മഹാനഗരം എനിക്ക് ഒരുപാട് ഭ്രമിപ്പിക്കുന്ന കാഴ്ചകള്‍ കാട്ടിത്തന്നു. സന്തോഷങ്ങള്‍ സമ്മാനിച്ചു, ഒപ്പം ചില കൊച്ചുനൊമ്പരക്കാഴ്ചകളും. ഒന്നു മാത്രം പറയാം. ഇന്ത്യാ മഹാരാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം വലിയ കോര്‍പ്പറേറ്റുകളെ മാത്രമല്ല, കൊച്ചുകൊച്ചു ജീവിതങ്ങളെയും പരിപാലിക്കുന്നു.

ശില്‍പ എസ്.

”ആംച്ചി മുംബൈ” (Aamchi Mumbai / आमची मुंबई) എന്ന മറാത്തി പ്രയോഗം ഇവിടെ ജീവിക്കുന്ന ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ നിന്നുതന്നെയാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെയാണ് ഇത് മുംബൈയോടുള്ള അഭിമാനം, സ്വന്തമെന്ന തോന്നല്‍, നഗരത്തോടുള്ള വൈകാരികബന്ധം എന്നിവ പ്രകടിപ്പിക്കുന്ന ഒരു ജനപ്രിയ മുദ്രാവാക്യമായി മാറിയത്.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.