Skip to main content

ഉടമസ്ഥന്‍

കള്ളത്താക്കോലിട്ട് വീട് തുറക്കണമെന്ന് മധുര മണി കരുതിയതല്ല. കള്ളത്താക്കോലോ! ശ്ശെ, ശരിക്കുള്ള താക്കോല്‍!

രാവിലെ പതിവുപോലെ പതിനഞ്ച് മിനിട്ട് നടന്ന് വഴിച്ചന്തയില്‍ പോയി പെടപ്പിച്ച് കാണിച്ച കുറച്ച് മീനും വാങ്ങി വരുന്ന വഴി ആ വീടിന് മുന്നിലെത്തിയപ്പോള്‍ മണി നിന്നു. അങ്ങനെ ഇതുവരെ സംഭവിച്ചിട്ടില്ല. അന്നെന്തോ! അതിനുശേഷമുള്ള വഴി മറന്നതുപോലെ അയാള്‍ ഗേറ്റിനടുത്തു ചെന്ന് അകത്തേക്ക് എത്തിനോക്കി. വീതിയില്‍ തറയോട് പാകിയ വഴിക്കിരുവശവും ചെടികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു. നിത്യപരിചിതമായ ഒരിടം കണ്ടതുപോലെ മണി പുഞ്ചിരിച്ചു. ഇളം പെയിന്റടിച്ച ഇരുനില വീടിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ തൂക്കിയിട്ടിരുന്ന കിളിക്കൂടിലേക്ക് അയാളുടെ നോട്ടം സ്വാഭാവികമായി എത്തി. അന്നുവരെ ഒന്നും കഷ്ടപ്പെട്ട് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാത്ത അയാള്‍ കിളിയുടെ പേര് പലപ്രാവശ്യം ഓര്‍മ്മയില്‍ തിരഞ്ഞു. അത്രയ്ക്കറിയാവുന്ന ആ പേര് അയാളുടെ നാക്കിന്‍ തുമ്പില്‍ ഇക്കിളി പോലെ കുത്തുന്നുണ്ടായിരുന്നു.

കൈയിലുള്ള താക്കോല്‍ ഒറ്റത്തവണ തിരിച്ച് ഗേറ്റ് തുറന്നു! സ്വന്തം വീട്ടിലേക്കെന്ന പോലെ ചെടികളെ തലോടി തലോടി മണി അകത്തേക്ക് നടന്നു. സന്തോഷത്തിന്റേതായ ഒരു വിങ്ങല്‍ അനുഭവിക്കുന്നു എന്ന് അയാളുടെ മുഖം വിളിച്ചുപറഞ്ഞു. പുരയിടത്തിന്റെ ഇരുവശത്തേക്കും അയാള്‍ നീളത്തില്‍ നോക്കി മാറ്റമൊന്നുമില്ല എന്ന് ആശ്വസിച്ചു. കാര്‍ പോര്‍ച്ചില്‍ പലയിടത്തായി കിടന്നിരുന്ന ചെരിപ്പുകള്‍ പുറത്തെ സ്റ്റാന്‍ഡില്‍ വൃത്തിയായി അടുക്കിവെച്ചു. കാലങ്ങള്‍ക്കു ശേഷം സ്വന്തം വീട് കാണുന്ന മുഖഭാവമായിരുന്നു അപ്പോള്‍ അയാള്‍ക്ക്.

കൃത്യം! താക്കോല്‍ ഒറ്റത്തവണ തിരിച്ചപ്പോള്‍ പ്രധാന വാതിലും തുറന്നു! ഇതാണ് തന്റെ വീടെന്ന് മണി ഉറപ്പിച്ചു. ഇതുവരെ പോയിരുന്നത് ശരിയായ വീട്ടിലേക്കായിരുന്നില്ല. പരിചയമില്ലാത്ത ഒരാളോടെന്ന പോലെയാണ് അവിടെയുള്ളവര്‍ തന്നോട് പെരുമാറിയിരുന്നത്. മുറ്റത്ത് കെട്ടിയിരുന്ന കുഞ്ഞന്‍ പട്ടി തന്നെ കാണുമ്പോള്‍ മാത്രം ഒച്ചയില്‍ കുരയ്ക്കുമായിരുന്നു. ഓര്‍മ്മ തെളിച്ചെടുത്തപ്പോള്‍ ഇടയ്ക്കിടയ്ക്ക് മധുരയ്ക്ക് പോകുന്ന അയാള്‍ അവിടെ നിന്ന് കൊണ്ടുവന്ന കിളിയാണ് ബാല്‍ക്കണിയില്‍ തൂങ്ങുന്ന കൂട്ടിലുള്ളതെന്ന് തിരിച്ചറിഞ്ഞു. അന്നയാള്‍ അതിനെ വിളിച്ച പേര് മാന്‍മിഴി എന്നാണെന്ന് മനസ്സിലായപ്പോള്‍ രോമാഞ്ചം കൊണ്ട് ശരീരം ആകാശത്തിലേക്കുയരുന്ന അനുഭവമുണ്ടായി. മാന്‍മിഴീ… മണി ഉച്ചത്തില്‍ വിളിച്ചു. ചിറകടിയൊച്ച അയാള്‍ തലയ്ക്ക് മീതെ നിന്ന് കേട്ടു.

വാങ്ങിയ മീന്‍ ഫ്രിഡ്ജിനുള്ളിലേക്ക് വെച്ച് ചുവന്ന വിരിയിട്ട നീളന്‍ സെറ്റിയില്‍ മണി വന്നുകിടന്നു. നേരത്തേ ആരോ അവശേഷിപ്പിച്ച പരിചിതമായ മണം ശ്വസിച്ച് അയാളുടെ ഓര്‍മ്മകള്‍ക്ക് തിടംവച്ചു. ഉറക്കത്തിന്റെ പടവുകള്‍ കയറാന്‍ തുടങ്ങിയ ആ നിമിഷത്തില്‍ അതൊരു സ്ത്രീയുടെ മണമാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.

പെണ്ണ് ചിരിക്കുകയായിരുന്നു. മുഖം വ്യക്തമല്ല. മൂടല്‍മഞ്ഞിന്റെ ഒരു ചേല അവള്‍ മുഖത്ത് ചുറ്റിയിരിക്കുന്നതു പോലെ തോന്നി. അതേ ബാല്‍ക്കണി. പക്ഷേ കിളി കൂട്ടിലല്ല. പുറത്ത് അയാളുടെ മടിയില്‍ ചിറക് കുടഞ്ഞു പതുങ്ങിയിരിക്കുന്നു. ബാല്‍ക്കണിയില്‍ നിന്ന് നോക്കുമ്പോള്‍ ഒന്നും കാണുന്നില്ല. പൂന്തോട്ടവും വീതിയുള്ള വഴിയും ഗേറ്റും ഒന്നും. അട്ടിയട്ടിയായി മഞ്ഞ് വന്നുനിറയുന്നു. സൂചി കൊണ്ട് കുത്തുന്ന പോലെ തണുപ്പ് അയാളില്‍ പരിശ്രമിക്കുന്നു. അവളുടെ മുഖമൊന്നു കാണാന്‍ അയാള്‍ കണ്ണുകള്‍ അടച്ച് തുറിച്ചു തുറന്നു. അറിയാന്‍ വയ്യ. മഞ്ഞ് കനം കൂട്ടി അയാളോട് മത്സരിച്ചു. ശരീരം ശരിക്കു കാണാം എന്നതാണ് ഒരാശ്വാസമായി അയാളില്‍ കത്തിയത്. അഴകളവുകളെ തെറ്റിക്കുന്നതെങ്കിലും ആ ശരീരം അയാള്‍ക്ക് അതിസുന്ദരമായി തോന്നി. ‘മാന്‍മിഴീ… ‘ അയാള്‍ നീട്ടി വിളിച്ചു. കിളി ചിറക് കുടഞ്ഞു. അവള്‍ അടക്കിച്ചിരിച്ചു. തണുപ്പിന്റെ പരിശ്രമത്തെ വെല്ലാന്‍ അവളെ അയാള്‍ മടിയിലേക്ക് പിടിച്ചിരുത്തി. നീരസത്തോടെ ചിറകടിച്ച് കിളി മറ്റൊരിടത്തേക്ക് മാറി. ശരീരങ്ങള്‍ കൂട്ടിയുരുമ്മി ചൂടുണ്ടാക്കാനുള്ള വ്യഗ്രതയില്‍ അയാള്‍ അവളെ കഴിയുന്നിടത്തോളം ഇറുക്കിപ്പിടിച്ചു. അവളുടെ ചിരി വരുന്നയിടം കണക്കാക്കി മഞ്ഞിന്റെ മുഖമറയിലേക്ക് ചുണ്ടുകള്‍ വേഗത്തിലിറക്കി. ഹൗ! തീ കത്തിപ്പിടിച്ചതു പോലെ അയാള്‍ക്ക് പൊള്ളി! മധുര മണിക്ക് ഉറക്കം ഞെട്ടി.

‘ഹയ്യോ! മണിയണ്ണാ… നിങ്ങള്‍ വന്നോ… ‘

കരച്ചിലും ചിരിയും കലര്‍ന്ന ഒച്ചയിലേക്കാണ് മണി ചാടിയെഴുന്നേറ്റത്. സെറ്റിക്ക് അഭിമുഖമായി നില്‍ക്കുന്ന സ്ത്രീയുടെ മുഖം അതിശയം കൊണ്ട് തുടിക്കുന്നതു പോലെ തോന്നി. ആ സമയം മഞ്ഞുമറ മാറി മുഖം ലഭിച്ച പെണ്ണിനെ മണി അവളില്‍ കണ്ടു. അയാള്‍ക്ക് അസ്വസ്ഥത തോന്നി. അതല്ല അവളുടെ മുഖമെന്ന് ഈര്‍ഷ്യയോടെ അയാള്‍ ഉറപ്പിച്ചു.

‘നോക്ക്… നോക്ക്…’

അതിശയം ആവും വിധം പ്രസരിപ്പിച്ച് വാതില്‍ കടന്നുവരുന്ന മറ്റുള്ളവരോട് ആ സ്ത്രീ ഒച്ചയിട്ടു.

‘മണിയണ്ണനെ കണ്ടോ…’

മധ്യവയസ്‌കനും യുവാവും യുവതിയും രണ്ടുകുട്ടികളും അവരുടെ അത്ഭുതവലയത്തിലേക്ക് മന:പൂര്‍വം കടന്നുനിന്നു.

‘ഇത്രയും നാള്‍ എവിടെയായിരുന്നു മണിയണ്ണാ…?’

സ്ത്രീയ്ക്ക് ഒച്ച കൂടുകയായിരുന്നു. അവള്‍ അധികാരഭാവത്തില്‍ അയാളുടെ അടുത്തേക്കുവന്നു.

ആ നിമിഷത്തില്‍ അതുവരെ കണ്ട പരിചിതമായതെല്ലാം മധുര മണിയില്‍ നിന്ന് ആവിയായി പോയി. അപരിചിതമായ ഒരിടത്ത് ഒറ്റപ്പെട്ടവന്റെ വെപ്രാളം അയാളെ കീഴടക്കി. അടിമുടി കത്തിപ്പിടിച്ച ഒരാള്‍ വെള്ളത്തില്‍ ചാടാന്‍ ഓടുന്നതു പോലെ മണി പുറത്തേക്ക് കുതിച്ചു. കാര്‍പോര്‍ച്ചിലെത്തിയ അയാള്‍ വീടിന്റെ മറ്റൊരു വശത്തേക്കു പാഞ്ഞു. വഴിയറിയാതെ ചുറ്റി. മതിലിലേക്ക് വലിഞ്ഞുകയറുമ്പോള്‍ വാങ്ങിവന്ന മീന്‍ നഷ്ടപ്പെട്ട കാര്യം മാത്രം അയാള്‍ ഓര്‍ത്തു.

മാന്‍മിഴി എന്നൊരു വാക്കുള്ളതായിപ്പോലും അറിയാത്ത അവസ്ഥയിലേക്ക് മതില്‍ ചാടുമ്പോഴേക്കും മണി എത്തിയിരുന്നു.

ഇനിയൊരു കാര്യം പറയാം.

ശരിക്കും ആ വീടിന്റെ ബാല്‍ക്കണിയില്‍ കിളിക്കൂട് ഉണ്ടായിരുന്നില്ല; കിളിയും.


വിനോദ് വിയാർ

കൊല്ലം സ്വദേശി. കേരള ഗ്രാമീണ ബാങ്ക് ജീവനക്കാരൻ. ദലമർമ്മരങ്ങൾ എന്ന കവിതാ സമാഹാരത്തിലേക്ക് ആറ് കവിതകൾ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇരിപ്പിടമില്ലാത്ത കവിതകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.