Skip to main content

വീട് വിട്ടിറങ്ങുന്നവർ

 

ഇന്നലെ രാത്രി മഴ പെയ്തിരുന്നു എന്നു തോന്നിപ്പിക്കാത്ത വിധം വെയിൽ പരന്നൊഴുകി. മഴ പോയോ…അടുക്കള ജനലിലൂടെ പുറത്തേക്ക് നോക്കി വേണി ആത്മഗതം നടത്തിയ അതെ നേരത്താണ് മൊബൈലിൽ പാടിയിരുന്ന വിഷ്ണു സഹസ്രനാമം തീർന്നതും കുക്കർ ഏഴാമത്തെ വിസിൽ അടിച്ചതും. ആവിയിൽ ഇരുന്നു ഒന്നൂടി വെന്താലേ കടല രുചി കൂടു. കുക്കർ ഗ്യാസിൽ നിന്നിറക്കിവെച്ച് വേണി ടെറസിലേക്ക് നടന്നു. ഓൺലൈൻ യോഗ ക്ലാസ്സ്‌ ആണ്. ആദ്യം ഹാജർ പറയണമെന്ന് വേണിക്കാണ് നിർബന്ധം. അഞ്ചു പേരുകൂടി ജോയിൻ ആയിട്ട് നമുക്ക് ആരംഭിക്കാമെന്നായി ടീച്ചർ. അത് പതിവാണ്. മനസ് റിലാക്സ് ആക്കി കണ്ണടച്ചിരിക്കു വേണി എന്നായി പിന്നെ.. കണ്ണടച്ചിരിക്കുമ്പോഴും നയന ഉണർന്നു കാണുമോ, ഇന്നുമവൾ സ്കൂളിൽ പോകാൻ വൈകുമോ എന്ന ചിന്തകൾ തന്നെ മനസ്സിൽ. മഹാമാരിക്കപ്പുറം സ്കൂൾ തുറന്നിട്ടും അവൾ ഇപ്പോഴും അടച്ചിരിപ്പു കാലത്തിലെ പോലെ ഫോണിൽ കുത്തി പാതിരാക്ക് ഉറങ്ങിവൈകി ഉണരുന്നത് ആണ് വേണിയുടെ വലിയ തലവേദന.
പ്രാണയാമം ചെയ്യുമ്പോഴാണ് തൈറോയ്ഡ് ഗുളിക വെറുംവയറ്റിൽ കഴിച്ചില്ലല്ലോ എന്നോർത്തത്.. നൂറു ചിന്തകളിൽ മനസ്സ് കുടുക്കിയിട്ട് ഓരോ ആസനവും ചെയ്തു. ക്ലാസ്സ്‌ കഴിഞ്ഞു എഴുന്നേൽക്കുമ്പോഴേക്കും ടെറസിൽ വെയിൽ ആധിപത്യം സ്ഥാപിച്ചിരുന്നു.
ഫിൽറ്റർ കോഫീ ഒരു കൈയിൽ പിടിച്ചു പത്രം മറിച്ചു നോക്കുമ്പോഴാണ് സരള വന്നത്. വന്നപാടെ മുറ്റം തൂക്കാൻ ഇറങ്ങി. തലേന്ന് തകർത്തു വീശിപോയ കാറ്റ് എത്ര ഇലകളെ ആണ് മരക്കൊമ്പിൽ നിന്നടർത്തിയിട്ടത്. ജനിച്ച വീടുവിട്ടു മണ്ണിൽ പറ്റിച്ചേർന്ന ചില ജന്മങ്ങൾ പോലെ എന്ന് വേണിക്ക് തോന്നി.

“ഏഴു മണിടെ പതിവു ബസ് കിട്ടീല്ല ചേച്ചി… ഇന്നലത്തെ മഴേല് കൊറേ ചോർന്നു. അകത്തൊക്കെ വെള്ളേർന്നു. അതൊക്കെ തുടച്ച് അടുക്കളയിൽ കേറി വന്നപ്പോ നേരം തെറ്റി.. പിന്നെ അതിയാൻ ഓട്ടോയിൽ കൊണ്ടു വിട്ടതോണ്ടാ ഇപ്പോളെലും എത്തിത്..” നിലത്തുനോക്കി സരള പറഞ്ഞോണ്ടിരുന്നു..
എന്തേ വൈകിയതെന്നു താൻ ചോദിച്ചില്ലല്ലോ വേണി ആകുലയായി. ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടിട്ടാകും അവൾ തുടർന്നു.. ‘നാളെ നേർത്തെ വന്നൊണ്ട്ട്ട.’

ഇത്ര രാവിലെ വീടുവിട്ടിറങ്ങുമ്പോൾ അവൾ എന്തൊക്കെ ചെയ്ത് തീർത്തിരിക്കും.. എപ്പോൾ ഉണർന്നിരിക്കും… രാത്രി മഴയുടെ തണുപ്പ് നുകർന്ന് ഉറങ്ങണ്ട നേരത്ത് വീടിനകത്തെ വെള്ളം തുടച്ചു കളയാൻ പാടുപ്പെട്ടവൾ എന്നെല്ലാമായിരുന്നു വേണി അപ്പോൾ ചിന്തിച്ചുകൊണ്ടിരുന്നത്. തന്റെ മൗനം കോപമായി സരള ധരിച്ചുവോ?. അല്ലെങ്കിലും തന്റെ ഭാവങ്ങൾ എന്നും തെറ്റിദ്ധരിക്കപ്പെട്ടിട്ടേയുള്ളുവെന്നു നിരാശയോടെ വേണി വിലയിരുത്തി.
വിയർത്ത് കുളിച്ചു വന്നപാടെ സിദ്ധു ദിവാനിൽ ഇരുന്നു. ഫാൻ ഇട്ടു. നടക്കാൻ പോകാൻ തുടങിയത് വർക്ക്‌ ഫ്രം ഹോം ആയപ്പോഴാണ്. ഇപ്പോൾ അത് ശീലമാക്കിയിരിക്കുന്നു. ലെമൺ ടീ കൊടുക്കുമ്പോൾ വേണി അയാളെ ശാസിച്ചു. ഇങ്ങനെ വിയർത്തിട്ടാണോ ഫാനിന്റെ ചോട്ടിലിരിക്കണത്.
അയാൾ മറുപടി ഒന്നും പറഞ്ഞില്ല. സത്യത്തിൽ രാവിലെകളിലെ അടുക്കള ബഹളങ്ങളിൽ നിന്നും ഒരു ഒളിച്ചോട്ടം..അതിനാണ് അയാൾ നടക്കാൻ പോകുന്നത് എന്നു വേണിക്കറിയാം ഒരു പണിയിലും സഹായിക്കേണ്ടല്ലോ. എന്നിട്ടോ മനസിന് ഒരു പുതുമ നൽകാൻ രാവിലെകളിലെ നടത്തം ബെസ്റ്റാണ് എന്ന് അയാൾ എല്ലാ ഗ്രൂപ്പിലും സെൽഫി സഹിതം പോസ്റ്റ്‌ ചെയ്യാറുണ്ട്. വേണിക്ക് സഹതാപം തോന്നി.
സരള അമ്മയുടെ റൂമിൽ ആണ്. രാത്രി ഡയപ്പർ കെട്ടികൊടുത്തതാണ്. അത് മാറ്റുക സരള വന്നിട്ടാണ്.. ഒരു കുഞ്ഞുജനൽ ഉള്ള മുറി മാത്രം ലോകമായി തീർന്നിരിക്കുന്നു അമ്മക്ക്. സരള വരുന്നത് നോക്കി സമയം തിട്ടപ്പെടുത്തുന്ന ഒരേയൊരാൾ അമ്മ മാത്രം..വീട് വിരൽ തുമ്പിൽ കൊണ്ടു നടന്ന ഒരുവളാണ് ഇങ്ങനെ കിടക്കുന്നത് എന്നു വിശ്വസിക്കാൻ പാടാണ്. കുറച്ചു വർഷങ്ങൾക്കപ്പുറം താനും ഇങ്ങനെ ഒരു ജാലക പഴുതിലെ വെട്ടം നോക്കി കിടക്കേണ്ടി വരുമോ എന്ന് വേണി ആകുലപ്പെട്ടു.

കിളികൾ കലപില കൂട്ടുന്ന ഇരുമ്പൻ പുളിയിലെ ഇലകളെ തഴുകി ജനലിലൂടെ കാറ്റ് വേണിയെ പൊതിഞ്ഞു. അടുക്കളയിൽ നിന്നുഅവസാനത്തെ ചപ്പാത്തി ചുട്ടെടുക്കുകയായിരുന്നു അവൾ. കടല കറിയും ചപ്പാത്തിയും പാത്രത്തിലാക്കി നയനയെ പാളി നോക്കി. മുഖത്ത്‌ നിർവികാരത. മൊബൈലിൽ ഗെയിം കളിക്കുന്നതിനെ പറ്റി ഒരാഴ്ച്ച മുൻപേ തുടങ്ങിയ ഉടക്ക് ഇപ്പോഴും അവൾ വിട്ടിട്ടില്ല.
സാധാരണ മുട്ടക്കറി ഇല്ലേ ചപ്പാത്തിക്ക്…ചായക്ക് മധുരം ഇല്ലല്ലോ.. ഇന്നും ദോശ ഉണ്ടാക്കിയില്ല അല്ലെ, എന്നു തുടങ്ങി എന്തിനെങ്കിലും ബഹളം വെക്കുന്നവളാണ്. മിണ്ടാതെ നടക്കുന്നതിനു എന്തിനു വിഷമിക്കണം. പറയാതെ വയ്യാലോ. അമ്മയായ ഞാൻ എന്തിനു താഴണം. വേണിയും മുഖത്തു ഗൗരവം വരുത്തി നിന്നു. പതിവിലും ശാന്തയായി നയന ടിഫിൻ ബോക്സ്‌ ബാഗിൽ വെച്ചു. വേണിയെ നോക്കാതെ ഇറങ്ങി.
ബാഗുമായി പോകുന്ന നയനയെ നോക്കി നില്ക്കുന്നു സരള…എന്താ സരളേ ഒരാലോചന?

“അത് ചേച്ചി, നയന കുഞ്ഞിനെ കണ്ടപ്പോൾ ഞാൻ ന്റെ മോളെ കുറിച്ചോർത്തു. ഇന്നും ഉപ്പുമാവാണ് ഉണ്ടാക്കി വെച്ചത്. മാളൂട്ടി കഴിക്കോ ആവോ.

സത്യത്തിൽ ശരീരം മാത്രേ വീട്ടിൽ നിന്നിറങ്ങിയിട്ടുള്ളു, മനസ്സ് വീട്ടിൽ ചുറ്റിതിരിയേണ്..” പുറത്തിറങ്ങി പണിക്കു പോണ എല്ലാ പെണ്ണുങ്ങൾക്കും അങ്ങനെ തന്നെ ആകണം. സ്വയം ആശ്വസിപ്പിക്കാനെന്നോണം സരള പറഞ്ഞു. എന്നിട്ട് അമ്മക്കുള്ള പതിവു റാഗി കഞ്ഞിയുമെടുത്തുനടന്നു. ഒപ്പം അവളുടെ കുഞ്ഞുവീടും ഉണ്ടായിരിക്കണം.!

ഇന്ന് മൂന്നു കേക്ക് ആണ് ഓർഡർ. വേണി ഡയറി നോക്കി ഉറപ്പാക്കി. വീടുവിട്ട് ഒരു ജോലി ഒരിക്കലും സാധിക്കില്ല എന്നു ബോധ്യം വന്ന ദിവസം സർട്ടിഫിക്കറ്റ് എല്ലാം ഒന്നൂടി നോക്കി..തലോടി.. അലമാരയിലെ കല്യാണസാരിക്ക് ഒപ്പം വെച്ചു.. എംഎസ്സി മാത്സ് റാങ്ക് ഹോൾഡർ.. വേണി നിശ്വസിച്ചു.. ചിലന്തി വലയ്ക്കുള്ളിൽ പെട്ട പ്രാണിയായവളെ സങ്കല്പിച്ചു. ഈ വീട് ശരിക്കുമൊരു വലയാണ്. ഒരിക്കലും പുറത്തിറങ്ങി പോയി ഒന്നുമാകാൻ പറ്റാത്തവണ്ണം ഒരു നൂലിൽ നിന്നും മറ്റൊരു നൂലിൽ ഒട്ടി അവൾ തളർന്നിരുന്നു. നയനയുടെ പഠിത്തം. സിദ്ധുവിന്റെ ജോലി തിരക്ക്. അമ്മയുടെ ആശുപത്രി സന്ദർശനങ്ങൾ. വേണിയുടെ സമയങ്ങൾ നേരത്തെ ചാർട്ട് ചെയ്യപ്പെട്ടിരുന്നു. തോൽക്കാൻ തോന്നിയില്ല. കേക്ക് ബേക്കിങ് പഠിച്ചു. ആദ്യം ബന്ധുക്കൾ.. പിന്നെ കൂട്ടുകാർ… പിറന്നാൾ, വിവാഹവാർഷികം… ആവശ്യങ്ങൾ വരുമ്പോൾ എല്ലാം വേണിയെ ഓർത്തു.. വേണിസ് കേക്ക് വേൾഡ് അങ്ങനെ പിറന്നു.

ഡെലിവറി ചെയ്യാൻ ഒരാളെ ഒപ്പിച്ചു തന്നത് സരളയാണ്. വീട് വിട്ടിറങ്ങാതെ തൊഴിൽ ദാതാവായ അഭിമാനം. സ്വന്തം ആവശ്യങ്ങൾക്ക് ആരോടും കൈനീട്ടേണ്ട എന്ന ആശ്വാസം ഒരുപാട് കഷ്ടപ്പെട്ട് 4 വർഷം കൊണ്ട് എത്തിപിടിച്ചതാണ്. എല്ലാം ഇന്നലെയെന്ന പോലെ. ഒരു മൂളിപ്പാട്ട് പാടി അവൾ കേക്ക് ഒരുക്കി.

നയന തീരുമാനിച്ചുറപ്പിച്ചാണ് വീട്ടിൽ നിന്നിറങ്ങിയത്. “ഒരു സ്വാതന്ത്ര്യമില്ല ആ വീട്ടിൽ. ഒന്നു സ്വസ്ഥം ആയി ഗെയിം കളിക്കാൻ പോലും. ഒമ്പതില്‍ പഠിക്കണ കുട്ടിയാണെന്ന് എന്താണ് അമ്മ മനസിലാക്കാത്തെ. എപ്പോഴും പൊന്നുന്ന് വിളിച്ചു പിറകെ തന്നെ. സിസിടിവി ക്യാമറ പോലെ നിരീക്ഷിച്ച്. ഇനി അങ്ങോട്ടു പോണില്ല. എവിടെയെങ്കിലും പോയി ഗെയിം കളിച്ച് ജീവിക്കണം. അമ്മയുടെ പേഴ്സ് തുറന്നു 2000 എടുത്തിട്ടുണ്ട്. പിന്നെ മാല വിൽക്കാം. അർജുൻ. സായ. ജെഫ്രി. മിലൻ. അവരും ഒപ്പം കൂടാമെന്നു ഏറ്റിട്ടുണ്ട്. ഒരേ ഗെയിം ടീം ആണ് അവർ. അവരുടെ വീട്ടിലും ഉണ്ട് ഈ ഉപദേശവും നിരീക്ഷണവും. മടുത്തു അവർക്കും. എന്തെങ്കിലും ജോബ് ചെയ്തു വീട്ടുകാരുടെ ശല്യം ഇല്ലാതെ ജീവിക്കണം” എന്നു ഇന്നലെ ക്ലബ്‌ ഹൗസ് ചർച്ച റൂമിൽ അവർ എല്ലാരുംകൂടി തീരുമാനിച്ചതാണ്. കൂസലും സംശയവും ഇല്ലാതെ അവർക്കൊപ്പം അവൾ ട്രെയിൻ കയറി. ഇനി വീട്ടിലേക്ക് ഇല്ല എന്ന്ഉറപ്പിച്ച് !.

നയന വന്നിട്ടില്ല. മൊബൈൽ ഓഫ്‌. ആർത്തലച്ചു പെയ്യാൻ നിൽക്കുന്ന മഴമേഘം പോലെ വേണി നിന്നു. പിന്നെ സ്കൂളിൽ വിളിച്ചു. നയന ഇന്ന് സ്കൂളിൽ എത്തിയിട്ടില്ല.
ഉടൻ സിദ്ധുവിനെ വിളിച്ചു …കേട്ടതും അയാൾ പൂക്കുല പോലെ വിറച്ചു..വാക്കുകൾ ഉലഞ്ഞു
സിദ്ധൂ, എനിക്ക് പല പല വാർത്തകൾ തലയിലൂടെ പായുന്നപോലെ.. തട്ടി കൊണ്ടുപോയോ…ഇനി പീഡനം എന്തെങ്കിലും..വയ്യ..
പോലീസ്.. നാട്ടുകാർ…പല കഥകൾ..എന്നാലും ജീവനോടെ ഒന്നു കാണാൻ സാധിച്ചിരുന്നേല് എന്നു മാത്രമേ എനിക്കിപ്പോ ഉള്ളു..എനിക്ക് അവളില്ലാതെ വയ്യാ വേണി ആർത്തലച്ചു.
മണി 8 ആയിട്ടും സരള പോയിട്ടില്ല. ഇത്തരം ഒരവസ്ഥയിൽ എങ്ങനെ ചേച്ചിയെ തനിച്ചു വിട്ടുപോകും എന്ന് അവൾ പലയാവർത്തി പറയുന്നുണ്ട്.

രാവിലെ ഉണരും എന്നുറപ്പില്ലാത്ത മനുഷ്യർ അലാറം വെച്ചു ഉറങ്ങുന്ന പോലെയാണ് വീട്ടിൽ തിരിച്ചെത്തുമെന്നു ഉറപ്പില്ലാതെ ഇപ്പോൾ വരാമെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങുന്നവർ. വേണി സ്വയം പിറുപിറുത്തു..

ഇഷ്ടള്ള ഫുഡ്, ഡ്രസ്, മികച്ച സ്കൂളിലെ പഠിത്തം ലാളന ഒക്കെ ഇണ്ടായിട്ടും വീടു വിട്ടിറങ്ങി നയന. എന്തിനാകും?? തോറ്റിരിക്കുന്നു.അമ്മയെന്ന നിലയിലെ തോൽവി.
പോലീസ് തേടിപിടിച്ചു കണ്ടെത്തുമ്പോൾ നയന വീട്ടിൽ നിന്നും ഇറങ്ങിയിട്ട് ദിവസം നാല് പിന്നിട്ടിരുന്നു. നാല് യുഗങ്ങൾ പോലെ ആയിരുന്നു വേണിക്കത്.. പരിഹാസം.. കുറ്റപ്പെടുത്തലുകൾ…കുഞ്ഞിനെ കാണാത്ത ആധി.. അതൊക്കെ കൊണ്ടാകണം നയനയെ കണ്ടിട്ടും നിർവികാരത തന്നെ…
ഇനി വീടുവിട്ടു പോയവൾ എന്ന അലങ്കാരത്തിൽ ഇല്ലാതായി പോയേക്കും നയന എന്ന് വേണിയുടെ മനസ്സ് പറഞ്ഞു. അപ്പോൾ പുറത്ത് വെയിലായിരുന്നു. പൊള്ളുന്ന വെയിൽ….ഇനി ഒരു ജീവിതം മുഴുവൻ പൊരിവെയിലത്തു നിൽക്കേണ്ടി വരുമെന്ന തിരിച്ചറിവില്ലാതെ ഗെയിം കളിക്കാൻ എന്തു ചെയ്യണം എന്ന വേവലാതിപ്പെടുന്ന നയനയെ സഹതാപത്തോടെ നോക്കി വേണി.
പോലീസ് കണ്ടെത്തുമെന്നു കരുതിയതേ ഉണ്ടാകില്ല. ആരുടെയും മുഖത്തു നോക്കാതെ തല കുമ്പിട്ടു നിൽക്കുന്നു അവൾ…കുഞ്ഞിൽ മുനയൊടിച്ച പെൻസിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ച് താനത് കണ്ടെത്തുമ്പോൾ ഉള്ള അതെ നിൽപ്പ്

ചാനലുകളിൽ വീടുവിട്ടിറങ്ങിയ കുട്ടികളെ കണ്ടെത്തി എന്നു ബ്രേക്കിങ് ന്യൂസ്‌ മിന്നി മറിഞ്ഞു.. “വീട് വീട്ടിറങ്ങിയ കുട്ടി കമിതാക്കളെ കണ്ടെത്തി. ഗെയിം കളിക്കാൻ വേണ്ടി വീട് വിട്ടെന്ന് സൂചന”…അതെ വാർത്ത സമൂഹ മാധ്യമങ്ങളിൽ പടർന്നു പന്തലിച്ചു..അതിന് താഴെ വരുന്ന കമന്റുകൾ വായിക്കാൻ ആകാതെ വേണി ഫോൺ ഓഫ്‌ ചെയ്തു…ഏതോ ആഘോഷത്തിന്നു വേണ്ടിഅവൾ പാതി ഒരുക്കിയ കേക്കിൽ പൂപ്പൽ വരാൻ തുടങ്ങിയിരുന്നു.

 

—-

One Reply to “വീട് വിട്ടിറങ്ങുന്നവർ”

  1. ജീവിതം തിരക്കുകളിൽ മുന്നോട്ട്. ഒന്നു കൂടി നോക്കൂ, ശരിക്കും മുന്നോട്ടു തന്നെയാണോ? മാറുന്ന കാലത്തെ അടയാളപ്പെടുത്തുന്ന കഥ.🙏

Your Email address will not be published.